Friday, May 31, 2013

നൃത്തം





തുള്ളിത്തുള്ളി, സംഗീതം മൂളി എൻറെ മനസ്സ് നിറച്ച്, പെയ്ത് ഒഴുകുകയാണ് മഴ. നാട്ടുവെളിച്ചത്തിൽ കാർമേഘങ്ങളുടെ നൃത്തം ചടുല മനോഹരം. 

Tuesday, May 28, 2013

ഒൻപതുകൾ

   


ഒൻപതാമത്തെ ഗോപുര വാതിലിനപ്പുറത്ത്
അദൃശ്യമായ അതിരുകൾ
നിർണ്ണയിക്കപ്പെടുന്നു.
അർത്ഥശൂന്യമായ ശീലുകളുടെ
ഈണങ്ങൾ പോലെ,
ചില സന്നിവേശങ്ങളുടെ പാരമ്യത
തിരിച്ചറിവ് അസാദ്ധ്യമാക്കിയേക്കാം.
ഉന്മാദം മറവിയുടെ ജാലകം
വെറുതെ കൊട്ടിയടക്കും.
ഝടുതിയിൽ തടവിലാക്കപ്പെട്ട കൗതുകങ്ങൾ
പൈയ്തൊഴിയാൻ വിസമ്മതിക്കുന്ന
കാമ്പില്ലാത്തൊരു കാർമേഘവും.  

Monday, May 27, 2013

ഇനി വയ്യ.



വയ്യൊരു  നീലക്കടലാവാൻ,
നീലാകാശം വാരിയണക്കുമ്പോൾ.
ഇനിയും കരിമഷി എഴുതേണ്ട 
കഥ പറയുന്നൊരു നീർമിഴിയിൽ.
ഗദ്ഗത ഗാനം മൂളേണ്ട 
പവിഴം പോലുള്ളധരത്താൽ.
ഒരു പുതു മഴയിൽ നനയേണ്ട
പൂ പോലുള്ളൊരു പാദങ്ങൾ.
അലയും ഓർമ്മകൾ മായുമ്പോൾ,
വെറുതെ മറവിയിലാഴ്ന്നമരാം. 
 

Wednesday, May 22, 2013

വെറുതെ.



നിശ്ശബ്ദതയുടെ മൗന സംഗീതം ശ്രവിച്ച് , കറുപ്പിൻറെ എഴഴക് വാരിയണിഞ്ഞ്, മുഖമില്ലാത്തൊരു ചിത്രമായി, പേരില്ലാത്ത ഞാനൊരു കവിതയായി,വെറുതേ.....

Monday, May 20, 2013

ചിലത്





ഓർമ്മപ്പുരക്ക് മൂന്ന് ചുമരുകൾ.
മേലാപ്പിന്റെ ശീലാന്തിയുടെ 
ഒരരികിലൂടെ നീണ്ടൊരു 
ചെറുവരപോലെ  നൊമ്പരം,
കാൽപ്പാടുകളൊക്കെ മാച്ചു മാച്ച് 
വിസ്‌മയം ചേർത്തു വച്ച്,
നഗ്നയായ് പുറത്തേക്കൊഴുകി.
ഞാത്തിയിട്ട കഥകൾക്കിപ്പോൾ 
സമചതുരത്തിന്റെ ചേല്. 

Friday, May 17, 2013

കഥാപാത്രങ്ങള്‍..




ജനല്‍പ്പാളികള്‍ പതുക്കെ തുറന്ന്,
ഈ തണുത്ത വെളുപ്പാന്‍ കാലത്ത് ,
അതി മൃദുലമായ  ശിഖരങ്ങള്‍ കൊണ്ട് തലോടിയിട്ടും
ഉണരാന്‍ ഇത്ര വൈമുഖ്യമെന്താണ് ? 
സ്മരണകളൊക്കെ പൊഴിച്ചു കളഞ്ഞ്,
തളിരിട്ട കിനാവുചൂടി,
പൂവിടാന്‍ വെമ്പിനില്‍ക്കുന്ന എനിക്ക്, 
നിന്റെ മനസ്സിന്റെ മോഹനമായ ആ വിഭ്രാന്തിയുടെ 
അനുരണനങ്ങള്‍ പങ്കുവക്കണം.
കഥക്കൂട്ടൊഴിയാത്ത ചിന്തകളെ ഏകോപിപ്പിച്ച്, 
അദൃശ്യമായ ചുറ്റുമതിലിനുള്ളില്‍ ബന്ധിച്ച് 
നൂതനമായ ചിത്രകഥയെഴുതണം.
 മുഖങ്ങള്‍ തേടുന്ന ഉടലുകളാവട്ടെ കഥാപാത്രങ്ങള്‍...

ഓർമ്മത്തെറ്റ്


ഒരു ഇമ്മിണി വല്ല്യ ഓർമ്മയും കൂടെ ഒരഞ്ചാറ് കുഞ്ഞു ഓർമ്മകളും ഒന്നിച്ച് വന്ന് ഓർമ്മത്തെറ്റ് വരുത്തിയപ്പോഴാണ്, നീലാകാശം മാഞ്ഞുപോയത്. ഇനി താക്കോലില്ലാതെ മനസ്സ് തുറക്കാം .


Sunday, May 12, 2013

''LOVE U MOM"



സ്നേഹം കൊണ്ട് പൊതിഞ്ഞ, അതിമനോഹരമായ ഒരു കുല പൂക്കളും ഒരു കുഞ്ഞു കേക്കും എന്നോട് പറഞ്ഞു,

''LOVE U MOM"

ഇപ്പോൾ എന്തിനാണ് മനസ്സ് വിതുമ്പുന്നത്?

Saturday, May 11, 2013

അമ്മ



ചുക്കിച്ചുളിഞ്ഞ മെലിഞ്ഞ ആ കൈവിരലുകൾ കൊണ്ട് കവിളത്ത് മൃദുലമായി തലോടി, ഇന്ന് പുലർച്ചെ നാല് മണിക്ക് എന്നെ ഉണർത്തി, അദൃശ്യതയിലേക്ക് മാഞ്ഞു പോയ വാത്സല്യം.........ഓർമ്മകൾക്ക് മുന്നിൽ രണ്ടിറ്റു കണ്ണീർ...........

Thursday, May 2, 2013

വേലി

ഇന്നലെ മുതലാണ്‌ മോഹത്തിന് ചുറ്റും വേലി കെട്ടാൻ ശ്രമം തുടങ്ങിയത്.നിരത്തി വച്ച  ഇല്ലിമുള്ളിനെ, മുല്ലപ്പൂ മാലകൊണ്ട് മൃദുലമായി  കോർത്ത്‌ വച്ചു .    .ഇടയ്ക്കിടയ്ക്ക് ഇടത്താവളങ്ങൾ പോലെ ഓർമ്മകളെ കുടുക്കിയിട്ടു. പിന്നെ ദുഖത്തിൻറെ മേലാപ്പിനെ മഴ നനയാൻ വിട്ട് ആരോ പടിയിറങ്ങിയത് കണ്ടെത്തിയപ്പോൾ  വെറുതെ ചിരിക്കാൻ, എനിക്കിഷ്ടം........