Tuesday, August 23, 2022

 കുട.

വെയിലത്തും മഴയത്തും,രാത്രിയും പകലും, അദൃശ്യമായും ഗോപ്യമായും ഗോചരമായും,കവചമായി കുടചൂടണം.ചെറുമഴയിൽ നനയുന്ന,പെരുമഴയിൽ നിലക്കാതെ നീരൊഴുക്കുന്ന കുടയിൽ ചിലരാത്രികളിൽ നിലാവ് ഒളിച്ചിരിക്കും.ചിലപ്പോൾ വെയിൽവന്നു പാളിനോക്കി അമർത്തിച്ചിരിച്ച്‌ ഒപ്പംനടക്കും.കുടക്കീഴിൽ വിചിത്രമായ ചിന്തകളും,ഒരായിരം സ്വപ്നങ്ങൾ നിറഞ്ഞുകവിഞ്ഞ മനസ്സുമായി ഞാനുണ്ട്. കുടമടക്കാതെ,കാറ്റുലക്കാതെ വേഗം നടക്കണം. അങ്ങകലെ പ്രതീക്ഷയുടെ മുനമ്പിൽ ഒരുകൂട വാഗ്‌ദാനങ്ങൾ ആരോ കരുതിവച്ചിരിക്കും.

 സങ്കടങ്ങൾ.

കാറ്റ് വീശിയകറ്റുന്ന സങ്കടങ്ങൾ ചിലപ്പോൾ തിരിഞ്ഞുനിന്ന് സംവേദിക്കാറുണ്ട്.അതെനിക്ക് ഏറെ ഇഷ്ടവുമാണ്.കാരണം അവയിൽ നിറംകൊണ്ടൊരു ചുഴിയുണ്ട്.അപ്രതീക്ഷിതമായി വർണ്ണത്തിൽ കുളിച്ച്, മുങ്ങിയും പൊങ്ങിയും അതിൽനിന്ന് എത്തിനോക്കുന്ന, പകുത്തെറിയാനാവാത്ത എന്റെ അപരയുണ്ട്.കരയുന്ന എന്റെ മിഴികൾ മഴയത്ത് വച്ച് കുനിഞ്ഞിരുന്ന്,മണ്ണിൽ ഞാനൊരു ചിത്രം തിരഞ്ഞു.ഇനിയുമൊരു കാറ്റുവീശും...ഞാനെന്നെ തിരിച്ചറിയും.

 വിഷു.

ചിരിച്ചതുരത്തിൽ, ചായംപൂശിയ ചുണ്ടുകളാൽ പഴയൊരുപാട്ടിന്റെ വരികൾ കുറിച്ചിടുമ്പോഴാണ്,മൂളിക്കാറ്റ് വീശിയത്.ആടിയുലഞ്ഞും,സംശയിച്ചും,ഒപ്പംനടന്നും,മേനിയിലാകെ മുത്തംവയ്ച്ചും,
പിൻവിളിക്ക് കാതോർക്കാതെ അത് പിന്നെയും പ്രയാണംതുടർന്നു. പൂത്തുലഞ്ഞുകൊഴിഞ്ഞ കൊന്നപ്പൂക്കൾ വാരിവാരിയെടുത്ത് ഞാനപ്പോൾ, പരിചയമില്ലാത്ത ഒരുമുഖംവരച്ച്‌ വെറുതെ കാത്തുനിന്നു. ചാഞ്ഞുംചെരിഞ്ഞും ഒളിഞ്ഞുനോക്കി, വിഷുപ്പക്ഷി പാടിപ്പറന്നുപോയി.

 അക്ഷരങ്ങൾ.

കടലിലേക്കിറങ്ങാനുള്ള കുത്തനെയുള്ള വഴിയുടെ അരികിൽ, ആകാശം കാണാൻ ഒരായിരം അക്ഷരങ്ങൾ കാത്തിരുന്നു.വഴിക്കിത്തിരി വളവും തിരിവുമുണ്ട്. അവിചാരിതമായി കഥ തിരഞ്ഞുവന്ന എന്നെക്കണ്ട് അവ കൈകോർത്തു.പിന്നെ ഞാൻ ഒളിച്ചുവച്ച രഹസ്യങ്ങൾ വാചകങ്ങളാക്കി തിരമാലകൾക്ക്‌ സമ്മാനിച്ചു.നുരയും പതയും കലങ്ങിയ വെള്ളവും അതു വിശകലനം ചെയ്യുമ്പോൾ,ഞാൻ കടലിന്റെ ആഴമളക്കുന്ന മത്സ്യകന്യകയായി .ചിലതൊക്കെ അതിരുകൾക്കപ്പുറമാണ്.ദൂരം സങ്കൽപ്പവും.

 അമ്മ.

സ്വാർത്ഥകമായ 98 വർഷങ്ങൾ കഴിച്ചുകൂട്ടി മണ്മറഞ്ഞുപോയ സ്നേഹത്തിന്റെ പര്യായമാണ് എനിക്കമ്മ.ശിഖരങ്ങൾ വിടർത്തി പടർന്നു പന്തലിച്ചു നിൽക്കുന്ന അദൃശ്യ സാന്നിദ്ധ്യം. നിഴലായി എപ്പോഴും കൂടെ....പാതിസുഷുപ്തിയിൽ,ചുക്കിച്ചുളിഞ്ഞ കൈകളുടെ തലോടൽ മനസ്സിനെ ശാന്തമാക്കാറുണ്ട്.അമ്മമാർ എന്നെന്നേക്കുമായി യാത്ര പോകുന്നില്ല.....

 ഇല്ലാത്ത കാട്.

============
സ്നേഹത്തിലേക്കുള്ള
വഴിതേടി, കൊടുംകാട്ടിലേക്കെത്തിനോക്കി, വെറുതെ നിന്ന എന്നോട്,
പാതിയും ജീർണ്ണിച്ച
കരിയിലകൾ
സ്വകാര്യമായി
ചിലത് പറഞ്ഞു.
കേട്ടറിഞ്ഞപോലെ,
ഈ കാട്ടിൽ
ജീവജാലങ്ങളും,
പക്ഷിക്കൂടുകൾ തൂങ്ങിയാടുന്ന വൻവൃക്ഷങ്ങളും,
അഭൗമമായ നറുപുഷ്പങ്ങളും,
തെളിനീരരുവികളുമില്ല.
വെറും മായക്കാഴ്ചയാണത്.
മണ്ണിൽ എന്നോ വീണുടഞ്ഞ നെടുവീർപ്പുകളാണ്
മായാജാലമായി
കബളിപ്പിക്കുന്നത്.
നിന്നിൽവർണ്ണാഭവും,
അർത്ഥപൂർണ്ണവുമായ
പാതി നിനവുണ്ട്.
അതിൽതെളിച്ചംനിറക്കുക
തിരയുകയെന്നത് പാഴ്ശ്രമമാണ്.
പിന്നിലെ നീണ്ടവഴി
മറ്റാരോ
സ്വന്തമാക്കിയിരിക്കുന്നു....
ശരിയാണ്,
എന്റെ വഴിയുടെ അരികിൽ
ഒരുചെറിയ ജലാശയമുണ്ട്.
അതിന്റെ തിട്ടയിൽ, കാറ്റിലാടുന്ന
നിറയെ പച്ചിലകളുള്ള
ഒരു കുഞ്ഞുചെടിയുടെ ചില്ലയിൽ,
ഞാനൊരു പൂവ്വായി മയങ്ങി.
തികച്ചും
അപ്രതീക്ഷിതമായിരുന്നു
ആ രൂപാന്തരം .

 ചഞ്ചലം.

ദുർബലമായ
ചെറുമരച്ചില്ലയിൽ
പംഗംഒതുക്കി
ചടഞ്ഞിരിക്കുന്നു ഞാൻ.
എങ്ങോകളഞ്ഞുപോയ് എന്നുംതിരഞ്ഞിടും മങ്ങിമായുന്നൊരു
ഭാവഗാനങ്ങളെ.
വെണ്ണിലാചന്തവും, അഗ്നിയും
പാതിപകുത്തു
മിഴിയിൽ ഒതുക്കവേ,
കഥകൾ
പെയ്തുതുടങ്ങുന്നു
പാടുന്നു ഹൃത്തടം.
പറന്നുമറയുന്നു
മാനസമൈനകൾ.
ഈടുള്ളനൂലുകൾ കോർത്തൊറ്റയ്ക്ക്തുന്നിയ
തൂവെള്ളദാവണി,
പാതിവഴിയിൽ വീശിപ്പറത്തി ഞാൻ.
കാലം വിതയ്ക്കുന്ന വിത്തുകൾ ശാശ്വതചിന്തയായ്
പരിണമിയ്ക്കുന്നുവോ.
പണ്ടത്തെ കാന്തിവിളങ്ങുന്ന ഓർമ്മകൾ
ചന്തത്തിൽ ഒന്നിനി കോർത്തുവെച്ചീടട്ടെ.
കുളിരില്ലാക്കാറ്റിൽ ഉലഞ്ഞാടും മനസ്സുമായ്,
മുഖംമറക്കാനുള്ള
മങ്ങിയ കൈലേസു വീശിയുണക്കുവാൻ,
പൂമുഖത്തിണ്ണയിൽ
നൂറുനൂറായിരം
ഓർമ്മകൾ
നന്നായ് വിരിച്ചു
കാത്തിരുന്നു ഞാൻ.
വന്നുപോയ് സന്ധ്യയും സുപ്രഭാതങ്ങളും, നിശബ്ദമായ്
തമസ്സിന്റെ നേത്രവും.
ഇളകിയാടുന്ന
നെൽപ്പാടത്തിനക്കരെ
പൂത്തുലഞ്ഞോരാ
കദംബവൃക്ഷത്തിലെ,
പക്ഷി ത്യജിച്ചൊരു
മങ്ങിയതൂവലാൽ
എത്തിപ്പിടിക്കട്ടെ
അകലത്തെ ചിന്തയെ.
മാനസമാകവേ
പൂത്തുലഞ്ഞീടുവാൻ
കാതങ്ങൾ
എത്രതാണ്ടീടണം ഞാനിനി.
എന്നോ മറന്നുവച്ച തന്മാത്രയിൽ,
തേടിത്തളർന്നു ഞാൻ
എന്നിലെ എന്നെയും.

 അതിരില്ലാതെ.

വയസ്സ് പതിനെട്ടായില്ലേ.ഇനി കല്യാണം നോക്കാം.കാറ്റ് പറഞ്ഞു.പുഴകടന്ന് അതാവരുന്നു ഒരപരിചിതൻ.അന്തിച്ചുനിൽക്കുന്ന പെണ്കുട്ടിയുടെ കൈ പിടിക്കാതെ അയാൾ വണ്ടിയിൽ ചാടിക്കയറി.ശ്രമപ്പെട്ട് അവളും.നല്ല തണുപ്പുള്ള നഗരത്തിലെ, കുഞ്ഞുവീട്ടിൽ ശ്രദ്ധ ആകർഷിക്കുന്ന ഒന്നുമില്ല.ചെറുജാലകത്തിലൂടെ നിലാവിലേക്ക് ഉറ്റുനോക്കിയപ്പോൾ ഒന്ന് രണ്ട്‌ നക്ഷത്രങ്ങളെ കണ്ടെത്തി.മറന്നുപോയ നൃത്തച്ചുവടുകൾ ഓർമ്മയിൽ തിരയാൻ നോക്കിയപ്പോൾ,ജനലിൽ ഒരു നീലത്തിരശ്ശീല ഇളകിയാടി.ചന്ദ്രകാന്തം മറഞ്ഞുപോയി.
കഥകളിൽ പറയുംപോലെ,കുറച്ച് വർഷങ്ങൾക്ക് ശേഷം.....
കാറ്റ്‌ വീശുമ്പോൾ മഴപോലെ കഥകൾ പൈയ്തുതുടങ്ങും.
കൈചുരുട്ടി പരാജയങ്ങളുടെ ചെപ്പ് മുറുകെപ്പിടിച്ച്‌ കാട്ടുചോലയിലേക്ക് ധൃതിയിൽ നടന്ന കഥ.തെളിഞ്ഞ വെള്ളം തൊടണം.കൈകൾ വെള്ളത്തിൽ മുക്കിയാൽ നനഞ്ഞ് വികൃതമായ രൂപമായി മനസ്സ് സംവാദം തുടങ്ങും.രണ്ട്‌ മനസ്സുള്ള ശരീരത്തിന്റെ കുസൃതികൾ,ഈ കാടിനുപോലും രസിക്കില്ല.
പറയാതെ ഒളിച്ചുവച്ചതൊക്കെ ഗോചരമാകുമ്പോൾ, മുഖം മറയ്ക്കാതെ നീണ്ടു പോകുന്ന നേർവഴിയിലെ ചോദ്യചിഹ്നമായി ചിലത്.ഒരുമിഴി തുറന്ന് പിടിക്കണം.
പുറത്ത് എന്താണൊരു ബഹളം? ജനലിൽ കൂടി എത്തിനോക്കി.ഓ.... കുറച്ച് മഹിളാമണികൾ ആരോ തട്ടിയെടുത്ത അവരുടെ സ്വത്വം തിരിച്ചുപിടിക്കാൻ കുതിച്ചോടുകയാണ്.അടുത്തെത്തും തോറും അകലുന്ന തോന്നലുണ്ടാക്കുന്ന മരീചികപോലെ .എനിക്കുവയ്യ ആ സ്വപ്നം ഓടിപ്പിടിക്കാൻ.പ്രായം തളർത്തിയ കാലുകൾ വിസമ്മതിക്കുന്നു.
പുസ്തകപ്രകാശന വേദിയിൽ നിന്ന്, സ്വന്തം പുസ്തകത്തിന്റെ അറുപത്തഞ്ചാമത്തെ ഏട് തുറന്ന് കാണിച്ചുകൊണ്ട് അവൾപറഞ്ഞു.വകഞ്ഞുമാറ്റാൻ ശ്രമിച്ചതൊക്കെ പൂർവ്വാധികം ശക്തിപ്രാപിച്ച്‌ വലിയൊരു മതിലായിനിൽക്കുന്നു.പക്ഷേ, മൂർച്ചയുള്ള വാക്കുകളാൽ അതിലൊരു സുഷിരമിട്ടു.പെരുമഴയുംകാറ്റും,തിരമാലയും അതിലൂടെ വിരുന്നെത്തി.തീർത്തും സ്നേഹവായ്പോടെ അവപുണർന്നു.
ഓരോമാളത്തിനുമപ്പുറത്ത് വാതിലുണ്ട്.ജാഗ്രതയോടെ തള്ളിത്തുറന്ന്, ഒരായിരം സ്വപ്നങ്ങൾ വിലപേശി വാങ്ങണം.

 വിഭ്രമം.

ഏഴരവെളുപ്പിന് ഉണരണം.എന്നാലേ ദിനചര്യകൾ പൂർത്തിയാക്കാൻ കഴിയൂ.ആറുമണികഴിഞ്ഞാൽ ചേതനയും,സാധാരണത്വവും,ചിന്തകളും വികലമായി അകന്ന് മാഞ്ഞുപോകും.പിന്നെ മനസ്സ് പരകായപ്രവേശം ചെയ്യും.അതിന് മുമ്പ് കുളിച്ചൊരുങ്ങി, വിശപ്പടക്കണം.
നേരംപുലർന്നാൽ അസ്ഥിത്വം നഷ്ടമായി അലയുകയേ ഗതിയുള്ളൂ.പാതയോരത്ത് നന്നായി അണിഞ്ഞൊരുങ്ങി,അർത്ഥമില്ലാതെ പിറുപിറുത്ത് ഇരിക്കുമ്പോൾ,ഭ്രാന്തിയെന്ന് ഉറപ്പിക്കാൻ മടിച്ച് അധികം ആളുകളും ആശയക്കുഴപ്പത്തിൽ അകപ്പെടും.ചിലർ പറയും ഇവൾ ഭ്രാന്തിയല്ല,മിടുക്കിയായ
നാട്യക്കാരിയാണ്.ഭ്രാന്തികൾ അണിഞ്ഞൊരുങ്ങാറുണ്ടോ? തികച്ചും ന്യായമായ ചോദ്യം.
ഭ്രാന്ത് ഒപ്പം നടക്കുന്ന നിഴലുപോലെ, ആത്മാവുള്ള ഒരു വിചാരവും ഭാവവുമാണ്.വെയിലാറുമ്പോൾ പടിയിറങ്ങും. അപ്പോൾ മനസ്സ് ശുദ്ധമായി തിരിച്ചെത്തും.നല്ലതും ചീത്തയുമായ ഓർമ്മകൾ മാലയാക്കി കഴുത്തിലണിയിക്കും.എല്ലാം മറക്കാൻ, ചേതനകൾ വിജനമാക്കാൻ,വീണ്ടും പ്രഭാതം സമ്മാനിക്കും.
രാത്രിയിൽ വിലപ്പെട്ട ചിലത് ഓർത്തെടുക്കാൻ മനസ്സ് നല്ലൊരു കൂട്ടുകാരിയായി കൂടെനിൽക്കും. നിശാഗന്ധികൾ വിടരും.കഥ പറയും.പഴയ പാട്ടുകൾ പാടും. ആകാശവും നക്ഷത്രങ്ങളും നിന്റേതാണെന്ന് മന്ത്രിക്കും.
രാത്രിക്കും പകലിനുമിടയിലുള്ള സന്ധ്യയെ എത്തിപ്പിടിക്കാൻ പറഞ്ഞാലും, ഞാൻ സമ്മതിക്കില്ല.കാരണം, ഭ്രാന്തിയുടെ സ്വപ്നങ്ങൾ അതിമനോഹരവും അതിരുകൾ ഇല്ലാത്തതുമാണ്.

 മനസ്സ്‌.

കാലത്തിലേക്ക് ചാഞ്ഞിരിക്കുമ്പോൾ,പിന്നിൽ ഇത്തിരി പച്ചപ്പും തണൽമരവും.അവിടെ നാനാവർണ്ണങ്ങളിലുള്ള ചിത്രശലഭങ്ങൾ പാറിപ്പറക്കുന്നുണ്ടോ എന്നറിയാൻ നിവൃത്തിയില്ല.കുഞ്ഞുകൂടാരവും, ചിരാതിലെ മങ്ങിക്കത്തുന്ന ചെറുനാളവും, മണ്ചുമരിലെ ചെറുസുഷിരത്തിലൂടെ അധിനിവേശം നടത്തുന്ന തെന്നലും, പിന്നെ തുറന്നിട്ട ഒരു മനസ്സും.
ചില്ലയിൽ കൂടുവയ്ക്കാൻ മറന്ന കുഞ്ഞിക്കിളികളെ കാത്തിരിക്കുന്ന,നിറയെ പൂത്തുലഞ്ഞുനിൽക്കുന്ന ഒറ്റമരമാകാനാണെനിക്കിഷ്ടം.

 എന്തോ പറയാനുണ്ട്.

ചുക്കിച്ചുളിഞ്ഞ മാർദ്ദവമില്ലാത്ത കൈകൾക്ക്,വാത്സല്യത്തിന്റെ ചൂടുണ്ട്.കഴുത്തിലെ വെള്ളക്കൽ പതക്കം വെട്ടിത്തിളങ്ങുന്നു.വലുതാക്കിയ കാതിൽ തോട ഊഞ്ഞാലാടുന്നു.ഒറ്റപ്പല്ലുമില്ലാത്ത മോണവിടർത്തി മനോഹരമായി പുഞ്ചിരിച്ചു.തൂവെള്ള ജാക്കറ്റും മുണ്ടും ഒട്ടും ചുളിഞ്ഞിട്ടില്ല.
ബ്രഹ്മമുഹൂർത്ഥത്തിലും ഉണർന്നിരിക്കുന്നതെന്താണ്? നോവുകളെ പടിക്കുപുറത്താക്കണമെന്നു പറഞ്ഞിട്ടില്ലേ.ശാന്തമായുറങ്ങി മനോഹരമായ പ്രഭാതത്തിലേയ്ക്ക് മിഴിതുറക്കുകയല്ലേ വേണ്ടത്.എന്നും നവീനമായ ഒന്ന്‌ നമ്മെ കാത്തിരിക്കുന്നുണ്ട്.അധികം തിരയാതെ കണ്ടെത്താവുന്ന ഒന്ന്.ഭാവങ്ങൾ നിറഞ്ഞ കണ്ണുകൾകൊണ്ട് സംവേദിക്കാനെ എനിക്കാവൂ.സങ്കടങ്ങളും,സന്തോഷങ്ങളും നിശ്ചയങ്ങളെ പ്രാവർത്തികമാക്കാനുള്ള വഴികാട്ടിയാണ്.അടച്ചിട്ട കോട്ടവാതിലുകൾ വഴിതടയരുത്. നീ നീതന്നെയായി നിലനിൽക്കുകയും അവശേഷിക്കുകയും വേണം.കാറ്റത്ത് പറന്ന് നീങ്ങുന്ന മേഘമാകണം.എവിടയോ ലക്ഷ്യമുണ്ടെന്നറിയണം.നടക്കും തോറും നീളുന്ന സമാന്തരപാതയാണ് ജീവിതം.പാലങ്ങൾ പലപ്പോഴും അപ്രസക്തമാകുന്നതും അങ്ങിനെ.നിറയെ ഇതളുള്ള, ഒരുപൂമാത്രമുള്ള പൂന്തോട്ടം തിരയുന്നത് അർത്ഥശൂന്യമാണ്......
പുലർക്കാലസ്വപ്നം കിടപ്പുമുറിയിൽ തിങ്ങിനിറയുന്നു.അവയെ തടങ്കലിലാക്കാൻ,ജാലകങ്ങൾ ചേർത്തടച്ച്‌ കണ്ണുകൾ പൊത്തി,ഞാനൊരു മായാജാലക്കാരിയായി.
(അമ്മയാണ് നിതാന്തസത്യം.)

 തുന്നിച്ചേർക്കാൻ അറിയാത്തവൾ .

ജീവിതം തുന്നിച്ചേർക്കാൻ ഒരുപാട് നിറങ്ങൾ വേണം. നെടുകേയും കുറുകേയും ചിന്തകളെ ചിത്രങ്ങളാക്കി ചേർത്തു വയ്ക്കണം.കറുപ്പും വെളുപ്പുമുള്ള നൂലുകൾകൊണ്ട് അതിരുകൾ നിശ്ചയിക്കണം. മൂർച്ചയുള്ള സൂചികൊണ്ട് മുറിവ്പറ്റാതെ നോക്കണം. ചിത്രങ്ങൾക്കും ആരും കാണാത്ത മനസ്സുണ്ട്.അതിൽ നവരസങ്ങൾ ഒളിച്ചുവച്ചിട്ടുണ്ട്.
ഇന്നലെ ഒറ്റക്കിരിക്കുമ്പോൾ, ഒരു കണ്ണുമാത്രം പാതിതുറന്ന് ഒരു ചിത്രം ചോദ്യമെറിഞ്ഞു. "ജീവിതം തുന്നാനറിയാത്ത നീ, എങ്ങിനെയാണ് ഒരു ചിത്രകാരിയായത്?"

 മഴയോട്‌.

പാട്ടുംപാടി ഒപ്പം നടന്നപ്പോളാണ്,
ഞാനൊന്നും പറയാതിരിക്കാൻ
കാറ്റിനെ കടക്കണ്ണാൽ തടുത്ത്‌,
നീ എന്റെമാത്രം ചെറുമഴയായത്.
പിന്നെ ഏറിയും കുറഞ്ഞും പെയ്തുപെയ്ത് പെരുമഴയായി,
എന്നെഅദൃശ്യയാക്കി.
അപ്പോൾ നൂറുനൂറു മഴത്തുള്ളികൾ കോർത്തുകോർത്ത്,
ഞാനൊരു രൂപംതീർത്തു.
പിരിയുന്ന വഴിയുടെ ഓരത്തെ കാത്തുനിൽപ്പിന്,
നനയാത്ത മഴയുടെ കുളിരാണ്.
നിനവിന്റെ പടവിൽ മുഖമില്ലാത്തൊരുചിത്രം കോറിയിടുമ്പോൾ,
മഷിപ്പച്ചയുടെ ചേലാണ് ഓർമ്മകൾക്ക് .
മഴ നനഞ്ഞെന്ന്
ആരോടും പറയരുത്. സ്വയംനനയാത്ത
ഒരു വർണ്ണമഴയാണ് ഞാൻ.

 മുള്ളുകൾ.

മുള്ളുകൾക്ക് സഹിഷ്ണുതയില്ല.
മൂർച്ചയുള്ള മുനകൾ
മിനുക്കിവച്ച്
പെട്ടെന്ന് അവ
യുദ്ധം പ്രഖ്യാപിക്കും.
പാദരക്ഷകളെ
എതിരാളികളായി
ഗൗനിക്കാതെ
ജാഗരൂഗരാകും.
ഇന്നലെ ഞാനവയോട്
ചങ്ങാത്തം കൂടാൻ
ശ്രമം നടത്തി.
എന്റെ കണ്ണുകൾ
ഒരുപാടിഷ്ടമാണെന്ന്
അവ സ്വകാര്യം പറഞ്ഞു.
ഏത്ര പെട്ടന്നാണെന്നോ
കാഴ്ചയുടെ ശീവേലി
ഒളിച്ചുവച്ച ഈ കണ്ണടചൂടി
ഞാൻ മറ്റൊരാളായത്.
എന്നിട്ടും ഒളിച്ചിരിക്കുന്ന
കാഴ്ചകൾ കാണാൻ
ഈ കണ്ണട മതിയാകില്ലെന്ന് കരുതി,
ഇത്തിരി മഷിയെഴുതി
ഞാനെന്റെ കണ്ണുകൾ ഒളിച്ചുവച്ചു.

 പുറകിലാരോ...

ഈ സ്വപ്‌നങ്ങൾ പാതിയും പുലരുമ്പോൾ ഒളിച്ചിരിക്കുന്നതെന്താണ്.
എത്ര ഇടവഴികളിലൂടെയാണ് ഒരു സ്വപ്നാടകയായി ഞാനലഞ്ഞത്.
പിന്നിലാരെങ്കിലും അനുധാവനം ചെയ്തെങ്കിലെന്ന്‌ കൊതിച്ച്
പതിയെ മൂളിയ
ഈരടികൾക്ക്, അക്ഷരങ്ങൾ ഇല്ലായിരുന്നു.
ഞാനൊരു മഞ്ഞച്ചിറകുള്ള കുഞ്ഞിപ്പക്ഷിയല്ല.
എനിക്ക് ചുവന്ന കണ്ണുകളുമില്ല.
പിൻവാങ്ങുന്ന സ്വപ്‌നങ്ങൾ
കൊണ്ടൊരു കല്ലുമാലയണിഞ്ഞ,
നക്ഷത്രങ്ങളെ പ്രണയിക്കുന്ന
നീലനിലാവാണ് ഞാൻ.