Monday, July 25, 2011

മരം

ഇന്നലെ സന്ധ്യക്കാണ്, നിറയെ മഞ്ഞ പൂക്കള്‍ ചൂടിനില്‍ക്കുന്ന മരം വല്ലാതെ തല ചെരിച്ച് എന്നെ ഉറ്റു നോക്കിയത്. മഴയില്ലാഞ്ഞിട്ടും, ഓരോ ഇല തുമ്പിലും നീര്‍മണികള്‍ തിളങ്ങി നിന്നതൊക്കെ പകര്‍ന്നെടുത്ത്‌ ഞാനൊരു മാല കോര്‍ത്തു. ഇനിയൊരു ചില്ല കൊമ്പില്‍ വിരല്‍ കോര്‍ത്തു ആകൃതിയില്ലാത്ത ചിത്രം വരക്കാം. നിറം വാരി പുതക്കാം, കാറ്റുതിരും വരെ.

Saturday, July 23, 2011

മഴ.....

എന്നെ മോഹിപ്പിച്ചു കൊണ്ട് , ഇപ്പൊ വരാം എന്നു പതുക്കെ മൊഴിഞ്ഞു, വേലിക്കപ്പുറത്ത്‌ വെറുതെ നില്‍ക്കുന്നു മഴ.....കുടചുടി അകറ്റാതെ, മഴത്തുള്ളികളിലലിഞ്ഞു ഒരു കാതം എനിക്കും യാത്ര പോണം......

Wednesday, July 20, 2011

മഴ പറഞ്ഞത്.

ജനലടക്കരുത്, മഴ പറഞ്ഞു.
ഒരു തുള്ളിയായി പറന്നിറങ്ങി
മനസ്സ് നനക്കാം.
പേമാരിയായി പെയ്തൊഴുകാന്‍
വാതിലും തുറന്നു വക്കുക.
ആകാശത്തിനരികിലോളം നിറയുമ്പോള്‍
കുമിളകള്‍ പുളയുമ്പോള്‍ പറയരുത്
ഇതൊരു നിരര്‍ത്ഥകമായ സങ്കല്‍പ്പമാണെന്ന്.
കാരണം കാത്തിരിപ്പിന്‍റെ നിഴലുകള്‍
പൊടുന്നനെ അനുപാതം തുല്യമാക്കി
അപ്രത്യക്ഷമായിരിക്കുന്നു.
നനഞ്ഞു കുതിര്‍ന്ന് ആരോ നടന്നടുക്കുന്നത്
വെറും കിനാവ്‌.
പുറത്ത് കത്തുന്ന വെയിലല്ലേ?

Saturday, July 16, 2011

വാതില്‍

ചാറ്റല്‍ മഴയില്‍ കുളിച്ച്‌ നഗരം സുന്ദരിയായിരിക്കുന്നു, കുളിരുള്ള കാറ്റിന്‍റെ മര്‍മരവും.ഇരുട്ടിലേക്ക് തുറക്കുന്ന വാതില്‍ അടക്കാന്‍ മറന്നതെങ്ങനെ?

Wednesday, July 13, 2011

ചങ്ങാത്തം

നിലാവ് പെയ്യുന്നുണ്ടായിരുന്നില്ല, എന്നിട്ടും പ്രതീക്ഷയുടെ ചിറകിലേറി ഒരു സ്വപ്നാടനത്തില്‍ മുഴുകിപ്പോയി ഞാന്‍.  ഒരു നക്ഷത്രത്തിന്‍റെ ഇറ്റു വെളിച്ചത്തില്‍ ഒരായിരം നിഴലുകളുമായി ചങ്ങാത്തം കൂടി ......ഇലപൊഴിക്കുന്ന മരച്ചുവട്ടില്‍.....

Sunday, July 10, 2011

എവിടെയോ

വര്‍ഷങ്ങള്‍ കുറച്ചായി. നഗരത്തിലെ പ്രശസ്തമായ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൂട്ടുകാരിയെ സന്ദര്‍ശ്ശിക്കാന്‍ എത്തിയതാണ് ഞാന്‍.ആശുപത്രിയുടെ അടുത്തുള്ള ടെലിഫോണ്‍ ബൂത്തിനടുത്തു വിവശനായിരിക്കുന്ന വായോധികനെ ശ്രദ്ധിച്ചിരുന്നു.ഒരു മണിക്കുറിനു ശേഷം തിരികെ വരുമ്പോളും അദ്ദേഹം അവിടെയുണ്ട്.ഇടയ്ക്കിടയ്ക്ക് ടെലിഫോണ്‍ ബൂത്തി നടുത്തെക്കു ചെല്ലുകയും, ദയനീയമായി എന്തോ പറയുന്നതും കണ്ടു.ബൂത്തിലെ ആള്‍ കന്നടയില്‍ ചീത്ത പറയുന്നുമുണ്ട്. പിന്നെ ആലോചിച്ചു നില്‍ക്കാന്‍ മനസ്സ് വന്നില്ല. അടുത്ത് ചെന്നു അന്വേഷിച്ചു. നാട്ടില്‍ നിന്നു മകളുടെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു. മലയാളം മാത്രമേ അറിയൂ.രണ്ട് ദിവസം മുന്‍പ് പുറത്തിറങ്ങിയപ്പോള്‍ വഴി തെറ്റി. കൈയ്യില്‍ അഡ്രസ്സും ഫോണ്‍ നമ്പറും ഇല്ല. മകളുടെ പേരു മാത്രം പറഞ്ഞു. വേഗം ടെലിഫോണ്‍ ഡിറകറ്റ്റി വാങ്ങി ആ പേരു തിരഞ്ഞു. നോക്കുമ്പോള്‍ ആ പേരുകള്‍ അനവധി.പിന്നെ ഒരത്ഭുതം പോലെ ഞാന്‍ വിളിച്ച നിരവധി നംബരുകളിലൊന്നില്‍ മകളെ കിട്ടുക തന്നെ ചെയ്തു. പതിനഞ്ചു നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ എത്തി ചേര്‍ന്നു. സന്തോഷത്തോടെ അവരോടൊപ്പം പോകും മുന്‍പ് എന്‍റെ കൈകള്‍ പിടിച്ചു പൊട്ടിക്കരഞ്ഞു.എന്‍റെ മനസ്സില്‍ നിറഞ്ഞ വികാരം പറഞ്ഞറിയിക്കാന്‍ ഞാന്‍ അശക്തയാണ്. അദ്ദേഹം ദീര്‍ഘായുസ്സോടെ ഇന്നും എവിടെയോ സന്തോഷമായി കഴിയുന്നുണ്ടാകും.