Thursday, May 29, 2014

കൌതുക ലോകം.




അപ്പോട്ടന്റമ്മേ, എപ്പളാ നമ്മള്‍ പോവ്വാ?
വെയിലൊന്ന് ചായട്ടെ, ന്നിട്ട് പുറപ്പെടാം ട്ടോ.

കുത്തനേള്ള കയറ്റാത്. ഞാന്‍ കൈയ്യ് പിടിക്കണോ?
വേണ്ടാ, ഞാന്‍ ഓടിക്കയറാം.

ഔ, ഇവടൊക്കെ നിറച്ചു മരൂം ചെടീം.
ഇതിനാ കാട് ന്ന് പറയാ.

ഈ വഴി എന്താ ത്ര ചെറുത്?
ഇതിലെ വാഹനങ്ങള്‍ ഒന്നും വരില്ല, അതോണ്ടാ.

ഹായ്, താ ഒരു മൊയല്, ന്നെന്നെ സൂക്ഷിച്ചു നോക്കുനു.
ഞാന്‍ അതിനെ പിടിക്കട്ടെ?
അസ്സലായി, അതിന്‍റെ കുട്ട്യോളുണ്ടാവും മടെല്.
ജീവ്വ്യോളെന്നും ഉപദ്രവിക്കാന്‍ പാടില്ല.

ഈ മരങ്ങളൊക്കെ എങ്ങനാ ഉണ്ടായേ?
മരത്തിലൊക്കെ കിളികളെ കണ്ടില്ലേ?
അവ പഴങ്ങളൊക്കെ കൊത്തിത്തിന്ന് വിത്ത് താഴെക്കിടും.
മഴ പെയ്യുമ്പോള്‍ അതൊക്കെ മുളക്കും.

മഴ പെയ്യുമ്പോള്‍ ജീവ്യോളക്കെ ന്താ ചെയ്യാ?
ചിലതൊക്കെ കൂടുണ്ടാക്കും.
പക്ഷികള്‍ ചിറകിലൊക്കെ ഒരെണ്ണ പുരട്ടി മരക്കൊമ്പില്‍ ഇരിക്കും.
അപ്പൊ നനയില്ല.

അവരെങ്ങനാ ചോറുണ്ണാ?
അവര്‍ക്കാവശ്യമുള്ളതൊക്കെ ഈ കാട് കൊടുക്കും.
കാടുണ്ടങ്കിലെ നാടുണ്ടാവൂ.

കുട്ടി നടന്ന് ക്ഷീണിച്ചോ,ത്തിരി നേരം ന്നാ ഈ പാറപ്പൊറത്തിരിക്കാം .
ഇതണ്ടോ, ഒരു ചെടീല് ചെറിയ പഴങ്ങള്‍.
ആ, അതിന് മുള്ളം പഴം ന്നാ പറയാ.
പൊട്ടിച്ചു തിന്നോളൂ ട്ടോ.
ദാ, ആ പാറയിടുക്കില്‍ കൂടി വെള്ളം വരുന്ന കണ്ടോ?
നമുക്ക് ഇത്തിരി കുടിക്കാം.

ബടെ പാമ്പുണ്ടാവോ?
ണ്ടാവും.ന്നാലും പേടിക്കണ്ട.
ചവിട്ടാതെ നോക്ക്യാ മതി.

താഴെ പാടം  കണ്ടോ?
അത് കടന്നാ നമ്മള് വീടെത്തും.

ന്താ ഈ വീടൊക്കെ ഇത്ര ചെറുത്?
പട്ട കൊണ്ടും വൈക്കോല്‍ കൊണ്ടും മേഞ്ഞ വീടാത്.
ന്താ വേലീലു വിരിച്ചിട്ടിരിക്കന്? ഈ മുണ്ട് പോലെ നിറല്ല്യല്ലോ?
അവടെ താമസിക്കണോരു പാടത്തു പണിയുന്നോരാ.
കീഴാന്നര് ന്ന് പറയും.അവര്‍ക്ക് അധികം തുണി ഒന്നും ഉണ്ടാവില്ല.
അവര് പണി കഴിഞ്ഞു വന്നു തിരുമ്പി തോരീട്ട മുണ്ടാ അത്.

നമ്മള് വീടെത്തി.
ന്തിനാ ഈ ആടു കരേന്?
ഞാന്‍ പോരുമ്പ അതിന്‍റെ കുട്ട്യേ കൂട്ടിലാക്ക്യെര്‍ന്നു.
അതിനെ കാണാഞ്ഞിട്ട് കരയാ..

ആ, ങ്ങളു വന്നോ അമ്മൂട്ട്യമ്മേ?
ഞാന്‍ നാള്യാരൊക്കെ ഇട്ടു വച്ച് ട്ടോ.
ശരി, സൈതാല്യേ.
പിന്നേയ്, പോയിട്ട് ആമിനീം, റാഫീം ഇങ്ങട് പറഞ്ഞേക്കൂ ട്ടോ.
ഇവിടെ കുട്ടിക്ക് കളിക്കാന്‍ ആരൂല്യ.


അപ്പോട്ടന്റമ്മേ,
ന്താ കുട്ടി?
ഇബടെ സ്കൂള്‍ ണ്ടോ?
ണ്ടല്ലോ.
ക്ക് ബടെ പഠിച്ചാ മതി......

അവസാനിക്കാത്ത മധുരസ്മരണകള്‍.......എന്‍റെ സ്വന്തം.








സായന്തനം.



തേഞ്ഞ പാദുകം
കുരുക്കി മെല്ലവെ,
വലിഞ്ഞു നീങ്ങുന്ന
വിരസ വാര്‍ദ്ധക്യം.

പിടക്കുന്ന
നെഞ്ചിലൊതുക്കും-
സ്സങ്കടപ്പെരുമഴ
ഗര്‍ജ്ജിച്ചടുക്കുന്നു ദ്രുതം..

നാലുനാഴിക
അകലെയാണന്ന്,
മനസ്സുറപ്പിച്ച
അഗതി മന്ദിരം.

മിഴിവാര്‍ന്ന
ബാല്യവും,
തീക്ഷ്ണ യൌവ്വന
കുതൂഹലങ്ങളും,

തെളിഞ്ഞു പൂത്തൊരാ
നിറപ്പൊലിമയും,
വന്നണഞ്ഞ ജീവിത-
ജയാപജയങ്ങളും,

മറഞ്ഞു പോയരാ
മന്ദസ്മിതപ്പൊലിമയും.
കൊരുത്തിട്ടും,
കെട്ടു പിരിഞ്ഞ ഹാരവും.

കുനിഞ്ഞ തോളിലെ
പഴംസ്സഞ്ചിയിലൊട്ടാ-
ലസ്യങ്ങളെ
മടക്കിവച്ചു-
കൊണ്ടതിരുകള്‍
താണ്ടി നടന്നകലവെ,

ഊര്‍ന്നു വീഴുന്നു
നിരാശയാകവെ,
അടച്ചു വച്ചൊരു
വ്രണിത മാനസം.

കൊതിച്ചൊരു
മിഴിക്കടാക്ഷമാര്‍ദ്രമായ് ,
തുളുമ്പി വീഴുന്നു,
വഴിയിലെമ്പാടും.......

Tuesday, May 27, 2014

ഓര്‍മ്മകള്‍.



പത്തായപ്പുരയുടെ ഒന്നാം നിലയിലെ മുറിയിലാണ് ഉറങ്ങാറ്. പുറത്ത് പൂത്തുനില്‍ക്കുന്ന പാരിജാതത്തിന്‍റെ സുഗന്ധം, തുറന്നിട്ട ജാലകത്തിലൂടെ വന്നു നിറയും.രാത്രിയില്‍ ഉണര്‍ന്നാല്‍  പുറത്തേക്ക് നോക്കാന്‍ ഭയമായിരുന്നു. നാട്ടുവെളിച്ചത്തില്‍ പുറത്തുള്ള മരങ്ങളും ചെടികളും, കാറ്റിലാടുന്ന കവുങ്ങും വാഴയും,  എന്തൊക്കെയോ രൂപങ്ങളാണെന്ന് മനസ്സ് പറയും. പിന്നെ ആകാശത്തെ മേഘത്തുണ്ടുകളില്‍ സ്വയം നിര്‍ണ്ണയിക്കുന്ന  രൂപങ്ങളും. ബാല്യത്തിന്‍റെ ആ കുതൂഹലങ്ങള്‍ മാഞ്ഞുപോകാതെ, നോവിന്‍റെ മധുരമായി ഇന്നും.............. 

Saturday, May 24, 2014

പരിണയം.



ചരടില്‍ കുരുക്കി
പടിയിറക്കി.
സ്നേഹം കൊണ്ടൊരു
വലകുരുക്കി.

ഈണം മൂളുന്നു,
പഞ്ചവര്‍ണ്ണക്കിളി.

Wednesday, May 21, 2014

പറയാന്‍.



നേര്‍വരയില്‍
അനന്തത തേടുന്ന
ഒറ്റക്കണ്ണ്‍.

വിലക്കുകളും
പാഴ്വാക്കുകളും
ജ്വലിക്കുന്നു.

കൂടണയാത്ത
അവിചാരിതമായ
നിശ്ചയങ്ങള്‍.

ആകസ്മികമായി
മുഴങ്ങുന്ന
വാചാലത.

രൂപാന്തരം പേറി
വ്യര്‍ത്ഥതയുടെ
നാനാര്‍ത്ഥങ്ങള്‍.

തിളങ്ങുന്ന സിന്ദൂരപ്പൊട്ടുള്ള
ചില പൈങ്കിളികള്‍,
പാടാറില്ല.

Monday, May 19, 2014

ഒറ്റയ്ക്ക്.



ഒരൊറ്റ മരം.
കാറ്റേറ്റ് ആടിയാടി
ഒരു പൂവ്വ്.

പാദങ്ങളില്ലാതെ
സഞ്ചരിക്കാന്‍,
പുറത്തേക്കൊരു വഴി?

Thursday, May 15, 2014

കടം.



നിബിഡ വനം പോലെ
ചിന്തകള്‍.
കടം വാങ്ങിയ
മൌനവുമായി
കാത്തിരിപ്പിന്‍റെ
കയത്തില്‍,
എപ്പോഴോ നഷ്ടമായ
ചിലമ്പൊലി.

കാരണങ്ങളെ
ഒരുക്കിയെടുത്ത്
വല നെയ്തുനെയ്ത്
നഷ്ടപ്പെടുത്താന്‍,
ഇനിയും മാച്ചെഴുതാം.....


എപ്പോഴാണി സങ്കടമഴക്ക്‌
ചിരി വന്നത്?

Thursday, May 8, 2014

അമ്മ മനസ്സ്.

മായാജാലങ്ങൾ, മാസ്മര ഭാവങ്ങൾ ഒക്കെ നിറച്ച് ചിലത് നമ്മെ മോഹിപ്പിക്കും.പവിത്രവും ആദ്രവുമായി, മാഞ്ഞുപോകാതെ പ്രയാണം തുടരും. ചില ബന്ധങ്ങൾ ചിലമ്പ്‌ കിലുക്കി മറഞ്ഞിരിക്കും.എന്നാലും അതിരുകൾ വെടിഞ്ഞ്, വാത്സല്യത്തണലൊരുക്കുന്നു  അമ്മ മനസ്സ്.   

നിഴല്‍.


മങ്ങിയ ചിത്രം പോലെ
കുതൂഹലമായി,    
ഒരു നിഴല്‍.


ഓടക്കുഴല്‍ പോലൊരു
മനസ്സുമായി,
ചിതറി ഓടാത്ത
രാഗങ്ങള്‍.


തീര്‍ത്ഥജലം തളിക്കാന്‍
ചേതനയുടെ മിഴിവുമായി,
അനാമിക.


കേള്‍ക്കാതിരിക്കാന്‍
ഉറക്കെപ്പറഞ്ഞതെന്താവും?  

Thursday, May 1, 2014

തീര്‍ച്ച.




വേലി തടസ്സമാകാതെ
തലനീട്ടി ഒരു കുഞ്ഞിപ്പൂ.

പാറിപ്പറന്ന് കുശലം ചോദിച്ച്
ഒരു കുഞ്ഞിക്കിളി.

കടം കഥ പറയാന്‍
അരൂപിയായി
നാളെ  ആരോ വിരുന്നെത്തും,
തീര്‍ച്ച.