Tuesday, December 31, 2013

അറിയാന്‍.



പുറത്ത് ആര്‍ത്തുല്ലസിച്ച്, യുവത്വം ത്രസിക്കുകയാണ്. രണ്ടായിരത്തി പതിനാല്, എന്തൊക്കെ അത്ഭുതങ്ങളാവും ഒളിച്ചു വച്ചിരിക്കുക? ഞാനും കാത്തിരിക്കുന്നു.......

Friday, December 27, 2013

എന്തിന്

ഉപബോധമനസ്സിൻറെ ഉദ്ബോധനം,  മറഞ്ഞിരിക്കുന്ന ആകുലതകളകറ്റി ആശ്രയം നൽകുന്നു. ഉദിച്ചുയരുന്ന അർക്കനെപ്പോലെ, ചിന്തകളെ ഉദ്ദീപിപ്പിക്കുന്നു. പ്രലോഭനങ്ങൾക്ക് വശംവദമാകുന്ന മനസ്സിൽ, സ്ഥൈര്യം നിറക്കുന്നു. ഇലയുടെ പച്ചപ്പ്‌ ഒട്ടും അവശേഷിപ്പിക്കാതെ, ഒരു വിളിപ്പാടകലെ മരം പൂത്തുലഞ്ഞിരിക്കുന്നു. അന്തമില്ലാതെ അലയുന്ന മനസ്സേ, അർത്ഥരഹിതമായ മൗനത്തിൻറെ ഇരുട്ടുകൊണ്ട് സ്വയം പുതപ്പിക്കുന്നതെന്തിന്?

Monday, December 23, 2013

നവം.



ശ്രേഷ്ഠമായ ചിന്തകള്‍, ചിലപ്പോള്‍ ചില അതിരുകളില്‍ നാമാവശേഷമാകുമ്പോള്‍, മാനവീകതക്ക് മുറിവേല്‍ക്കുന്നു. കപടതയുടെ നിറക്കാഴ്ചകള്‍ വിഫലവും നിഷ്ഫലവും എന്നറിയുമ്പോള്‍, നേര്‍വഴികള്‍ തെളിയാന്‍ തുടങ്ങുന്നു. മറന്നു വച്ച, മങ്ങിത്തുടങ്ങിയ ഉള്‍വെളിച്ചം തെളിഞ്ഞു കത്തുമ്പോള്‍, മനുഷ്യത്വം മഹനീയമാകുന്നു.  

Thursday, December 19, 2013

പുതുമ.



ഇനിയും തെളിഞ്ഞു ശോഭിക്കാന്‍,
ആഴിയുടെ അപാരതയില്‍ ആണ്ടുമുങ്ങി,
പുതുമയുടെ മുഖപടമണിഞ്ഞ്,
വീണ്ടും സൂര്യനുദിക്കും.
നിറമുള്ള പുത്തനണിഞ്ഞ്,
തീവ്രമായ ഭാവവും
അഭിനിവേശങ്ങളും,
മഷിയെഴുതിയ മിഴികളുമായി
വെറുതെ കാത്തിരിക്കാന്‍,
ദൂരെ പ്രതീക്ഷയുടെ മോഹക്കൊട്ടാരം......


ചില വാതിലുകള്‍
പാതി ചാരിയത്, ആരാവും?

Monday, December 9, 2013

താലിയും സിന്ദൂരവും.

ഒരു താലിയിലോ, സിന്ദൂര രേഖയിലണിയുന്ന സിന്ദൂരത്തിലോ മാത്രമാണ് ഒരു വിവാഹം മാനിക്കപ്പെടെണ്ടതും സുരക്ഷിതവും എന്ന് തോന്നുന്നില്ല. സ്നേഹവും, വിട്ടുവീഴ്ചയും, ത്യാഗവും, പിന്നെ ഇത്തിരി പരസ്പര ബഹുമാനവും കരുതലും, പുതുതായി ജീവിതത്തിലേക്ക് കാലൂന്നുന്ന, രണ്ട് വ്യത്യസ്ത സാഹചര്യത്തില്‍ വളര്‍ന്ന വ്യക്തികളുടെ ജീവിതം ഊഷ്മളമാക്കാന്‍ ആവശ്യമായ സംഗതികളാണ്.

മാറിയ ലോകത്ത്‌ സ്വന്തം ഇഷ്ടങ്ങള്‍ക്ക് ഇത്തിരിയെങ്കിലും വില കൊടുക്കാന്‍ ഓരോരുത്തര്‍ക്കും സാധ്യമാകട്ടെ. അണിയുന്നതിന്‍റെ ഇഷ്ടവും അവകാശവും സ്വയം നിര്‍ണ്ണയിക്കുന്നതാണ് അഭികാമ്യം.

Thursday, November 28, 2013

മുഖം മറക്കുന്നവര്‍.



അടര്‍ത്തിമാറ്റാന്‍ പാകത്തില്‍ മുഖംമൂടിയണിഞ്ഞ്, തഞ്ചത്തില്‍ വേഷപ്പകര്‍ച്ചയുടെ വൈദഗ്ദ്ധ്യവുമായി ചിലര്‍. ദ്വിമാന വ്യക്തിത്വത്തിന്‍റെ മച്ചില്‍  കുടിലതയോടെ ഒളിച്ചിരിക്കുന്നവര്‍.സ്ത്രീത്വത്തിനേയും ആത്മാഭിമാനത്തേയും, സുരക്ഷിതമാക്കാന്‍, മതിലുകള്‍ പണിയാതെ വയ്യ.      

Wednesday, November 27, 2013

മനക്കാഴ്ച്ചകള്‍



കിളിവാതിലില്‍ 
മിഴിയെറിഞ്ഞ് 
ചന്തത്തോടെ ചാഞ്ഞിരുന്നു.
പുറത്തൊരു തളിരില.
ഒരു പൂവന്‍ കോഴി.
പൂമ്പാറ്റ,പൂത്തുമ്പി. 
പൂച്ചക്കുട്ടി , പുളിമാങ്ങ 
കണ്ണന്‍റെ കൂക്കിവിളി.
റസാഖിന്‍റെ ഗോട്ടി കളി.
പശുക്കുട്ടിയുടെ നീലക്കണ്ണ്‍.
അഞ്ചാറ് വേലിപ്പൂക്കള്‍.
ആണ്ടി, പൂതന്‍, തിറ.
കുരക്കുന്ന നായ.
ഒരു വേതാളം
ഒരു കിണ്ടി വെള്ളം.
ഓടല്‍ക്കുഴല്‍ വിളി.
പാതിവിരിഞ്ഞ
പനിനീര്‍പ്പൂവ്.
ലക്ഷ്മിക്കുട്ടിയുടെ നാണം.
ഓര്‍മ്മപ്പുറ്റ്‌, കൊടിയടയാളം.
ഉത്സവകേളി.
കലപില കൂട്ടുന്ന
ചാണകക്കിളികള്‍.
ഉണക്കാനിട്ട ഒരുപറ നെല്ല്.
ചാത്തന്‍റെ കൈക്കോട്ട്.
ചെമ്പക മരത്തില്‍
ഒളിച്ചിരിക്കുന്ന ചെമ്പോത്ത്.
ഇത്തിരി ദൂരെ
ഒരു വരണ്ട പുഴ.
കാറ്റിലിത്തിരി സംഗീതം.
ആരവത്തോടെ ഒരു മഴച്ചാറല്‍.
പാടവരമ്പത്തെ കരിമിഴികള്‍.
ജനലഴിയിലൂടെ
നിന്‍റെ ഒളിഞ്ഞു നോട്ടം.
തുളുമ്പുന്ന ഒരു മനസ്സ്.

കിണറിന്‍റെ തിണ്ടില്‍
ഒരു കള്ളക്കാക്ക,
എന്നെക്കൊത്തിപ്പറന്നു.......

കുടുംബം.

 മൂല്യങ്ങള്‍ പകര്‍ന്നു നല്‍കാനും സമരസപ്പെട്ടു ജീവിക്കാനും വാത്സല്യം നുകരാനും വൃദ്ധസദനങ്ങളെ മാറ്റി നിര്‍ത്താനും, കൂട്ട് കുടുംബങ്ങള്‍ മഹത്തരം. തൊഴിലുതേടി പറന്നകലേണ്ടി വരുന്ന യുവത്വത്തിന് അണുകുടുംബത്തിന്‍റെ സാഹചര്യവുമായി സമരസപ്പെടുകയെ നിവര്‍ത്തിയുള്ളൂ. മാറിയ ഈ ലോകത്ത്‌ രണ്ടിനേയും നിരസിക്കുക പ്രയാസം.

Sunday, November 24, 2013

വിരുന്ന്.




ഊർന്നുവീണുടയുമ്പോളും
പ്രകാശം പ്രസരിപ്പിക്കുന്ന
കണ്ണാടിപോലെ,
ഗോപ്യമാക്കി വക്കാത്ത
രഹസ്യം പോലെ ,
ഓർമ്മകളെ സ്വതന്ത്രമാക്കുന്നു.
പിന്നെയും കൂടണയുമെന്ന വ്യാമോഹം,
ബന്ധനമില്ലാത്ത അതിരുകൾ
ഭേദിച്ചു വിലയം പ്രാപിക്കുമ്പോൾ,
ഈ ഒറ്റമുറിക്കുടിലിൽ
നിഷ്ഫലമായ കാത്തിരിപ്പിൻറെ
മുനിഞ്ഞു കത്തുന്ന ഈ ചിമ്മിനി വിളക്ക്
ഊതിക്കെടുത്താൻ,
എപ്പോഴാണ് നീ വിരുന്നെത്തുക?
 



Friday, November 22, 2013

അകലുമ്പോള്‍.



നിറഞ്ഞൊരു മൌനത്തില്‍ ഇടം കണ്ടത്
ഒരില പൊഴിയും പോലെ.
നിറഞ്ഞ മിഴികള്‍
സമ്മതമില്ലാതെ വരച്ചെടുത്തത്,
ആ നിറ വേനലിലും.
ഉരുണ്ടുരുണ്ട്‌ ധാരയായി
പൈയ്ത് പൈയ്ത്,
ഇത്തിരി കുളിരുപോലും
അവശേഷിപ്പിക്കാതെ നടന്നകലാന്‍,
അനുരണത്തിന്‍റെ കെല്‍പ്പ് അധികപ്പറ്റായി.

അകന്നുപോയ ചില സ്വപ്‌നങ്ങള്‍ പോലെ,
പറന്നകലാന്‍, ഈ കുഞ്ഞു തൂവലുകള്‍
അനിവാര്യം.

Saturday, November 16, 2013

മകൾക്ക്.

മകൾക്ക്.

ഭൂമിയും ആകാശവും
വഴിപിരിയുന്ന തുരുത്തിൽ
നീയൊരു മുറി പണിയണം.
കരുത്താർന്ന മനസ്സുകൊണ്ട്
വാതായനം ദൃഡമാക്കണം.
തീക്ഷ്ണമായ നയനങ്ങളും
ചടുലമായ ചലനങ്ങളും
സഹാചാരികളാകട്ടെ.
മുള്ളുകൾ തൂത്തെറിയാൻ
മൃദുലമായ പാദങ്ങൾ മതി.
ജാലകക്കാഴ്ചകൾ തെളിയുമ്പോൾ
ശൂന്യതയുടെ മൈതാനത്ത്
വർണ്ണങ്ങൾ കൊണ്ട്
മതിലുയർത്തണം.

നടന്നുപോവുക നിർഭയയായി ......


സൂഷ്മമായ കരുതലിൻറെ
സ്നേഹകവചം, പാരിതോഷികമായി
മകളെ, നിനക്കായ് ഞാൻ
കാത്തുവക്കുന്നു. 



Friday, November 15, 2013

മരീചിക.



പടവുകള്‍ കയറി
മരത്തുഞ്ചത്തെ
പഞ്ചവര്‍ണ്ണക്കിളിയെ നോക്കി
ചിരിക്കാനാണെന്നും
 വെറുതെ    പറഞ്ഞ്,
ഇടുങ്ങിയ കിണറിലെ
പച്ചപ്പായല്‍ വകഞ്ഞുമാറ്റി
മുങ്ങാംകൂഴിയിട്ട്
ചില അര്‍ത്ഥങ്ങള്‍ ചികയാന്‍,
ഈ യാത്ര.

ഒരു നുള്ള് സ്നേഹം ഒളിച്ചുവക്കാന്‍
ഇത്തിരി ഇടം പോലും
അവശേഷിച്ചിട്ടില്ലെന്ന് മന്ത്രിച്ച്
മിന്നിമറഞ്ഞ കുസൃതി ചിന്ത ....

കാറ്റിനോട് കയര്‍ക്കാനും
കരിയിലകള്‍ തട്ടി നിരത്താനും
തീക്ഷ്ണ നോട്ടമെയ്ത്
തികട്ടി മറിയുന്ന മടുപ്പിനെ
രേഖയില്‍ തടഞ്ഞു നിര്‍ത്താനും,
ഒരു മനസ്സ് വില്‍പ്പനക്കുണ്ടെന്ന
വെറും വാക്കുകള്‍ നിരീച്ചും
വെറുതെ ആടിയാടി മയങ്ങിയപ്പോള്‍
നിറം മങ്ങിയ തൂവല്‍
പാറിവീണതെങ്ങിനെ?

സ്വപ്നങ്ങളൊക്കെ നിറച്ചു വെക്കാന്‍
ഈ പൂക്കുട മതിയാവില്ല.

നീലച്ചിറകുകള്‍ ത്യജിച്ച്,
ബ്രഹ്മമുഹൂര്‍ത്ഥത്തില്‍
എന്തിനാണ് നീ ഒരു നിഴലായത്?




Sunday, October 27, 2013

മാപ്പ്




ഇന്നലെ വരെ ജാലകച്ചില്ലുകളില്‍ ശാഖയുരുമ്മി എന്നെയുണര്‍ത്താനും, വേപഥുകളില്‍ ചെറു ശിഖരങ്ങളാല്‍ വീശിയുറക്കാനും, പിന്നെ പൂത്തുലഞ്ഞ് സുഗന്ധം പടര്‍ത്തി മോഹിപ്പിച്ചും എനിക്കൊപ്പം....എന്‍റെ ഭാവഹാവാതികളെ നിരീക്ഷിച്ചുകൊണ്ട് ചില നൃത്തച്ചുവടുകള്‍വച്ചും,ചെറുകുളിരുമായി ആടിയുലഞ്ഞും.......

ആ കാല്‍ക്കല്‍ ആദ്യത്തെ മുറിവേറ്റപ്പോള്‍ ഞാന്‍ മുഖം പൊത്തി. ശിഖരങ്ങള്‍ വിറച്ചപ്പോള്‍ എന്‍റെ മനസ്സുലഞ്ഞു.........

നിസ്സഹായയായി മുഖം തിരിച്ച എനിക്ക് മാപ്പ് തരാനാവും നിന്‍റെ തീരുമാനം. ഉറപ്പ് ......

Thursday, October 17, 2013

വിചാരങ്ങള്‍.



പൊറുതിയില്ലാതെ ഒഴുകി അലയുന്ന വിചാരങ്ങളെ, ഒരു ചില്ല് ഭരണിയില്‍ ഇടകലര്‍ത്തി അടുക്കിവക്കാന്‍, മോഹത്തിന്‍റെ ഒരു നുള്ള് തേടി അലയാന്‍, ഒരു കുഞ്ഞു നക്ഷത്രത്തിന്‍റെ സാമീപ്യം തേടി ഞാന്‍.
എവിടെയോ ഒരു പേരറിയാപ്പക്ഷി ഒളിച്ചിരുന്നു........

Saturday, October 12, 2013

മയങ്ങുമ്പോള്‍



സ്വപ്നം മയങ്ങുന്ന പാതിയടഞ്ഞ  മിഴികള്‍, നീലാകാശത്തേക്ക് ഇത്തിരി  തുറന്നു വച്ചു. വിസമ്മതിക്കുന്ന പ്രേരണയെ മിനുക്കിയെടുത്തു. തെളിഞ്ഞു കത്താന്‍, മോഹവിളക്ക് കൊളുത്തി. എന്നിട്ടും, വിചിത്രാകൃതിയുള്ള മതില്‍ എന്തിനാണ് വഴി മുടക്കിയത്?          

Wednesday, October 9, 2013

മൂന്ന് കാര്യങ്ങള്‍.




ഇത്തിരി നിലാവ്.
അടച്ചു കുറ്റിയിട്ട ഒരു ജാലകം.
മനസ്സ് നഷ്ടമായി അവളും.

Sunday, October 6, 2013

ചിത്രരേഖയുടെ ചില കണ്ടെത്തലുകള്‍.

ചിത്രരേഖയുടെ വിശാലമായ കിടപ്പുമുറിക്ക്, 
ചിത്രപ്പണിയുള്ള മരയഴികളുള്ള 
ഒരു കിളിവാതിലേ ഉള്ളു. 
എന്നിട്ടും ഒരുമാതിരി പുറം കാഴ്ചകളൊക്കെ
ആതുരതയോടെ വേര്‍തിരിച്ചെടുക്കാന്‍, 
ചെറിയൊരു ആയാസം പോലും ഇല്ലാതാവുന്നത് ,
ഇരുളിന്‍റെ തേര്‍വാഴ്ച അവള്‍ കടമെടുക്കുമ്പോളാവും. 
എന്നും ഇത്തിരി നിഴലും ഇരുട്ടും 
തോളത്തെ സഞ്ചിയില്‍ ഇടകലര്‍ത്തിയിട്ട്, 
നീണ്ടു പിരിഞ്ഞ് അസാരം നീളമുള്ള മുടി,
അലക്ഷ്യമായി വിടര്‍ത്തിയിട്ട്, 
കിളിവാതിലിന്റെ അഴികള്‍ക്കിടയിലൂടെ
നടന്ന്കയറിയ, ചെറിയൊരു പടവിന്റെ അറ്റത്ത്‌
അവളൊന്നും പ്രതീക്ഷിച്ചിരുന്നില്ല തന്നെ. 
എന്നിട്ടും നാലഞ്ച് വിചാരങ്ങള്‍ 
സഞ്ചിയില്‍ ചേക്കേരുകതന്നെ ചെയ്തു.
അതിശയങ്ങള്‍ക്ക് യൗവ്വനത്തിന്റെ തിളക്കം.
അഞ്ചാറടി വീതം നേരെയും തിരിച്ചും 
പാകമാകാത്ത പ്രാര്‍ത്ഥനകള്‍ 
പറന്നു പറന്നു വിലയം  പ്രാപിക്കുന്ന, 
അസ്വഭാവികമായ കാഴ്ച്ചയെ 
ഒട്ടും മിനക്കെടാതെ ത്യജിക്കാന്‍ 
രഹസ്യമായി നിര്‍ദ്ദേശിച്ചത് 
പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ഘനമുള്ള മേഘം തന്നെ.
പടര്‍ന്നു നിറയുന്ന ജലരേഖയില്‍ മുഖം താഴ്ത്തി
എന്തോ തിരയാന്‍ തുടങ്ങിയ ചിത്രരേഖക്ക് 
ഇപ്പോള്‍ കാഴ്ച്ചയുടെ ഇരുണ്ട തെളിച്ചം തെളിഞ്ഞു കിട്ടി.




Wednesday, September 25, 2013

ചില വൃത്തങ്ങള്‍.




ആള്‍ക്കൂട്ടത്തിന്റെ അതിരില്‍
ആവണിപ്പലകക്ക് മുന്നില്‍
അരിമാവ്‌ കൊണ്ടണിഞ്ഞ ശില്പത്തിന്
അന്യഗൃഹ ജീവിയുടെ സാദൃശ്യം.
അദൃശ്യത നിരൂപിക്കാന്‍
ത്രസിച്ചു നിന്ന ചേതനയെ
കണ്ണാടിച്ചെപ്പിലടക്കും മുന്‍പ്,
രണ്ടടി മുന്‍പിലായി
ഒരു വൃത്തം വരച്ചു.
എന്നിട്ടും വിരലുകളില്ലാത്ത
ഒരു പാദം ആഞ്ഞമര്‍ന്നപ്പോള്‍
അമര്‍ന്നുപോയ ഭാവത്തിന്,
കടുത്ത നിറം നഷ്ടമായിരുന്നില്ല.

Saturday, September 21, 2013

വിരസത



മൈതാനം പോലെ നിറഞ്ഞ
വിരസതയെ സുരക്ഷിതമാക്കാൻ,
മിനുസമുള്ള വേലിയാണ് നല്ലതെന്ന്
ഇത്തിരി മുൻപാണ് വെളിപാടുണ്ടായത്.
ഇടക്കിടക്ക്, ചന്തമേറിയ ചിന്തകളെ
ഒഴുക്കി നിരത്തി ഒന്ന് മിനുക്കിയെടുക്കാനും,
നിർന്നിമേഷഭാവം കൊണ്ട് ചിന്തേരിടാനും
മയങ്ങി വീഴാറായ ഈ സായംകാലം......

മങ്ങിക്കത്തുന്ന ശരരാന്തലുകളിലൊന്നിൻറെ
തെളിഞ്ഞ ചില്ലിന് ഇപ്പോൾ
ഒരപരിചിതൻറെ, മന്ദഹാസത്തിന്റെ നിറവ്.
ഒഴിഞ്ഞ കിളിക്കൂടുപോലെ, ഒരു മനസ്സും



Wednesday, September 18, 2013

നനഞ്ഞ കുതിര.




പുറത്ത് കറുത്തിരുണ്ട്
മഴ പാടുകയാണ്.
ജനൽപ്പാളികളെ
തഞ്ചത്തിൽ നൃത്തം വെപ്പിച്ച്,
പുതുമണ്ണിൻറെ മണമുള്ള കാറ്റും.
അടർത്തിയെടുത്ത ചിന്തകളെ
മൃദുവായി നനയാൻ
അഴികൾക്കിടയിലൂടെ
അലയാൻ വിടുമ്പോൾ,
പെട്ടെന്ന് ഒറ്റക്കണ്ണുള്ള
നനഞ്ഞ കുതിര, ശരവേഗത്തിൽ
നെറ്റിയിലൂടെ അപ്രത്യക്ഷമായി.

വെയിൽ തെളിഞ്ഞതും,
കരയിലെ കടൽ
ക്ഷോഭി ക്കാൻ തുടങ്ങിയതും
ഇപ്പോൾ..............

Tuesday, September 17, 2013

നഷ്ടങ്ങൾ.



 ശ്രദ്ധയോടെ ഉണ്ടാക്കി, തണുപ്പിച്ചു ഭരണിയിലാക്കി വയക്കെട്ടി, വെള്ളം നിറച്ച പാത്രത്തിൽ ഇറക്കി വയ്ക്കുന്ന, മോരോഴിച്ച കൂട്ടാന്റെ വാസന.

ചേമ്പിൻ തണ്ടുകൊണ്ടുള്ള പുളിം കറിയുടെ സ്വാദ് ..........

വറുത്തരച്ച വെണ്ടക്കായ സാമ്പാറിന്റെ രുചിയൂറുന്ന മണം.

നാലുമണി പലഹാരമായി ചിലപ്പോൾ കിട്ടിയിരുന്ന നാളികേരപ്പൂളും വറുത്ത അരിമണിയും .

നിശ്ശബ്ദയായി, സ്നേഹം ചാലിച്ച് വിളമ്പി വച്ച്, വയറു നിറയെ ഊട്ടിയിരുന്ന ആ കൈകളെയാണ് ഇന്നലത്തെ വിഭവ സമൃദ്ധമായ ഓണസദ്യയിൽ, എത്ര തിരഞ്ഞിട്ടും എനിക്ക് കണ്ടെത്താനാവാഞ്ഞതും........

ആ അതിരുചിയുടെ ഗന്ധം, എന്നെന്നേക്കുമായി വിടപറഞ്ഞു പോയി........


Friday, September 13, 2013

ഓണം



സ്നേഹത്തിന്റെ ഒരു നുള്ള്,
മനുഷ്യത്വത്തിന്റെ കണിക, 
സന്തോഷത്തിന്റെ നുറുങ്ങുകള്‍, 
സമാധാനത്തിന്റെ മധുരം, 
പരസ്പര സ്നേഹത്തിന്റെ കെട്ടുറപ്പ്, 
നിഷേധിക്കാനാവാത്ത ഇത്തിരി ചവര്‍പ്പ്,
മറക്കാനാവാത്ത ചില കുസൃതികള്‍,
തൂശനിലയില്‍............. ഒക്കെ പകര്‍ന്നു വച്ച് 
ഏറെ നേരമായി ഒരു കാത്തിരിപ്പ്‌................

ഇത്തിരി തുമ്പപ്പൂവ്വും
തെളിയുന്ന ഓണനിലാവും
മേമ്പൊടി.........

അഭാവം



ചിലര്‍ അഭാവം കൊണ്ട് ശ്രദ്ധേയരാകുന്നു. തിരിച്ചറിവുകളും, ചില ചിന്തകളും ഫലവത്താകുന്ന സന്ദര്‍ഭ ങ്ങളില്‍, ജീവിതം അമൂല്യമെന്ന് തിരിച്ചറിയുന്നു.



Monday, September 9, 2013

നേർവഴികൾ.




വഴിയുടെ നേർരേഖയിൽ
ആത്മരാഗത്തിൻറെ
ജലതരംഗം നിരത്തിവച്ചത്,
തിരസ്കരിക്കാതിരിക്കാൻ.

പടർന്നു മങ്ങിയ പാദമുദ്രകൾ
പിന്നെയും തെളിഞ്ഞു ജ്വലിക്കുമ്പോൾ
ഒരുവഴിയെ അകന്നു നീങ്ങിയത്,
നിരാകരിക്കാതിരിക്കാനും.

ചക്രവാളത്തിനുമകലത്തെ
ഒറ്റയടിപ്പാതയിൽ
ഇത്തിരി മോഹവെളിച്ചം വിതറി
എന്നെ ചേർത്തണച്ച അവ്യക്തത .

ഇപ്പോൾ വഴികളിൽ
സപ്ത സാഗരങ്ങളുടെ
നിശ്ശബ്ദത........





കണ്ണട



ചിലത് തെളിഞ്ഞു കാണാതിരിക്കാന്‍
ഈ കണ്ണട മതിയാവില്ല.
ഇന്നലെ മുഴുവന്‍ പെയ്തു പെയ്ത്
മനസ്സിലിടം തേടാതെ,
തീക്ഷ്ണമായ കാമനകള്‍
സൂഷ്മമായി വേര്‍പ്പെടുത്തി
പങ്കുവെക്കുമ്പോള്‍
പറയരുതേ.........
ഈ ശൂന്യതയുടെ നിറം
എന്‍റെയല്ലെന്ന്.

കാട് പൂക്കാന്‍, ഒരര്‍ദ്ധവിരാമം.

Sunday, September 8, 2013

ആഘോഷം.



പൂക്കളും, ഫലങ്ങളും, പുത്തനുടുപ്പും, ആഹ്ലാദവുമായി നഗരം തിളങ്ങുന്നു.

മഴയുടെ ചെറു കുളിരിനെ വരവേല്‍ക്കാന്‍, വാതിലടക്കാതെ ഞാനും.

Saturday, September 7, 2013

ചിലപ്പോള്‍..



മോളിലത്തെ വിശാലമായ മുറിയിലെ ആട്ടുകട്ടിലില്‍ , തുറന്നിട്ട ജാലകത്തിലൂടെ,  നനുത്ത കുളിരുമായി എപ്പോഴാണ് ഈ പാരിജാതപ്പൂക്കള്‍ വിരുന്നെത്തിയത്?

Tuesday, August 27, 2013

എന്‍റെ അമ്മ ..............

പൊഴിഞ്ഞു പോയ ഈ മുന്നൂറ്റി അറുപത്തഞ്ചു ദിനങ്ങളില്‍,          ഓര്‍മ്മിക്കാതെ ഒരു പുലരിയിലും ഉണര്‍ന്നിട്ടില്ല. നിറ സാന്നിദ്ധ്യമായി അരൂപിയായി എപ്പോഴും കൂടെയുണ്ടെന്ന് അനുഭവിച്ചറിഞ്ഞു.

നാളെ ആ വാത്സല്യത്തിന് സ്നേഹവും സങ്കടവും ചാലിച്ച തിലോദകം.

എന്‍റെ അമ്മ ..............

Friday, August 23, 2013

നീയെവിടെ?




പാതിയടഞ്ഞ ജാലകമില്ലാത്ത നിലവറയിൽ, പൊൻ വെളിച്ചം നിറക്കാൻ, ഒരു നുള്ള് നിലാവ് കടം ചോദിക്കാൻ ........ നീയെവിടെ?




ഊഞ്ഞാലാട്ടം.



ചേര്‍ത്ത് വച്ച എന്‍റെ സ്വപ്നങ്ങളെ,  ഈ കാറ്റ്, വീശി വീശി ആകെ പടര്‍ത്തുമ്പോള്‍, ആകുലതകളില്ലാതെ എന്‍റെ ഊഞ്ഞാലാട്ടം.

Thursday, August 15, 2013

ചിന്ത

ചിന്ത 

ആവരണങ്ങള്‍ പൊഴിച്ചു കളയുമ്പോള്‍ മുഖശ്രീ ഏറുന്ന ചിന്തകള്‍, സ്വന്തമാക്കാനുള്ള തിടുക്കം. വിഹ്വലതകളുടെ മിടിപ്പുകള്‍ അന്യമാകരുതെ എന്നൊരു പ്രാര്‍ത്ഥനയും. എവിടെ എന്‍റെ മനസ്സ് ?

Thursday, August 1, 2013

മാധുര്യം

മറന്നിട്ടും, പിന്നെയും വിരുന്നെത്തുന്ന ചില ഓർമ്മകളുടെ മാധുര്യം, കാറ്റത്തിളകുന്ന നേരിയ തിരശ്ശീല കൊണ്ട് വിഫലമായി ഒളിച്ചുവക്കാൻ വയ്യെനിക്ക്‌..........

സമസ്യകൾ



തിരുത്തലുകളിൽ
ചില സമസ്യകളുണ്ട്.
മഴയത്തും നനയാത്ത
നെടുവീർപ്പുകളുടെ
സ്പന്ദനം മയങ്ങുന്ന,
നാൽക്കവലകൾ പോലെ.
പരിത്യജിക്കും തോറും
പതിത്വം നഷ്ടമാകുന്ന
മാർഗ്ഗദർശ്ശികളുടെ
ചാഞ്ചല്യരഹിതമായ
പ്രയാണ വേഗങ്ങളിൽ,
അപ്രസക്തമായ
അതിരുകൾ,
ഓർമ്മച്ചിത്രങ്ങളാൽ
നിർവ്വചിക്കപ്പെടുന്നു.
 


  

Wednesday, July 31, 2013

പിൻവിളികൾ




കഥയുടെ തീരാത്ത പിൻവിളികൾ
വൃത്തം വരക്കുന്നു. 
പുറത്തേക്കുള്ള വഴി മരീചികയും.
സ്പന്ദിക്കാൻ മിനക്കെടാത്ത ഹൃദയത്തിൽ
പക്ഷിത്തൂവൽ കൊണ്ട് ആരോ 
കോറി വരഞ്ഞിരിക്കുന്നു.
ഇത്തിരിപോലും നിണമൊഴുക്കാതെ,
ചിറകില്ലാതെ പറക്കാൻ എനിക്കിഷ്ടം.

Friday, July 12, 2013

പൊളി



ജിജ്ഞാസയെ തടവിലാക്കാം.
അപാരത അര്‍ത്ഥ ശൂന്യമെന്നോതാം.
നാഴികകള്‍ അളന്നു നോക്കാം.
കാത്തിരിക്കില്ലെന്നു പൊളി പറയാം.
ചിത്രത്തൂണിലെ പാതിയടര്‍ന്ന
ശില്‍പ്പം പോലെ ചാഞ്ഞിരിക്കാം.
പിന്നെ അഗാധതയിലെ മാറ്റൊലിയില്‍
ഒറ്റക്കാലില്‍ തപസ്സിരിക്കാം,
നീയെത്തുമെന്ന പ്രതീക്ഷ ഏതുമില്ലാതെ.

Thursday, July 4, 2013

ആരായിരുന്നു അവർ?

പ്രിയപ്പെട്ട കൂട്ടുകാരി ജയയുടെ കൊണ്ടയൂരിലെ വീട്ടിലേക്കു ഒരുദിവസം വെള്ളിയാഴ്ച ഉച്ചക്ക് സാഹസീക യാത്ര നടത്തി. പോകുമ്പോൾ വേഗം ഓടിയെത്തി. പ്രകൃതി ഭംഗി ഒക്കെ ആസ്വദിച്ചു തിരിച്ചു വരുമ്പോൾ സമയലാഭത്തിനു വേണ്ടി ഒരു വീടിന്റെ വളപ്പിലുടെ നടന്നു. ആ വീടിന്റെ ഉമ്മറത്ത്‌ തേജസ്വുള്ള ഒരു സ്ത്രീ ഇരുന്നിരുന്നു. ''കുട്ട്യോളേ ഇവിടെ വരൂ'' അവർ വിളിച്ചു. അടുത്ത് ചെന്നതും ഞങ്ങളുടെ കൈകൾ കൂട്ടിപ്പിടിച്ച് പറഞ്ഞു, ''നിങ്ങൾ ഇനി എവിടേം പോണ്ടാ ട്ടോ വിടില്ല ഞാൻ'' 

കാര്യത്തിന്റെ ഗൌരവം പിടികിട്ടാൻ ചില നിമിഷങ്ങൾ എടുത്തു. മനസീകാസ്വസ്ത മുണ്ടായിരുന്നു അവർക്ക്. എങ്ങനെയോ പിടിവിടുവിച്ചു ഓടിയതെ ഓർമ്മയുള്ളൂ..തിരിച്ചെത്തിയപ്പോൾ ആദ്യത്തെ പീരീഡ്‌ തീരാറായിരിക്കുന്നു. കുറുപ്പ് മാഷ്‌ കോപം മറച്ചു പിടിച്ച്, ചെറുപുഞ്ചിരിയോടെ ക്ലാസ്സിൽ കയറ്റി.....

ഇന്നും അറിയില്ലാ, ആരായിരുന്നു അവർ?

Tuesday, July 2, 2013

ഒറ്റമരം




പൂതലിച്ചു ഓജസ്സ് നഷ്ടമായ ഒറ്റമരം , മുള്ള് വേലികൊണ്ട് സംരക്ഷിക്കപ്പെട്ട ആരാമത്തിന്റെ കടമ്പായക്കരികിൽ സംരക്ഷണം മോഹിച്ച് ശിഖരം നീട്ടി നിന്നു . ചിലപ്പോൾ ചിലത് ഉത്തരം നൽകാനാവാതെ...........

Wednesday, June 12, 2013

നീലക്കടൽ



നീലക്കടൽ എന്നെ ഏറെ മോഹിപ്പിക്കുന്നു.എണ്ണിയാലൊടുങ്ങാത്ത കുസൃതിത്തിരകളോട് രഹസ്യം പറഞ്ഞ്, ആടിത്തിമർത്തെത്തുന്ന അലയാഴിയുടെ വന്യ മനോഹാരിത നുകർന്ന്, ഒരു അപ്പൂപ്പൻ താടിയുടെ ലാഘവമാർന്ന മനസ്സുമായി വെറുതെ ഇരിക്കുമ്പോൾ, മനസ്സിൽ ഒരു മേഘമൽഹാറിൻറെ മയിലാട്ടം.

Friday, May 31, 2013

നൃത്തം





തുള്ളിത്തുള്ളി, സംഗീതം മൂളി എൻറെ മനസ്സ് നിറച്ച്, പെയ്ത് ഒഴുകുകയാണ് മഴ. നാട്ടുവെളിച്ചത്തിൽ കാർമേഘങ്ങളുടെ നൃത്തം ചടുല മനോഹരം. 

Tuesday, May 28, 2013

ഒൻപതുകൾ

   


ഒൻപതാമത്തെ ഗോപുര വാതിലിനപ്പുറത്ത്
അദൃശ്യമായ അതിരുകൾ
നിർണ്ണയിക്കപ്പെടുന്നു.
അർത്ഥശൂന്യമായ ശീലുകളുടെ
ഈണങ്ങൾ പോലെ,
ചില സന്നിവേശങ്ങളുടെ പാരമ്യത
തിരിച്ചറിവ് അസാദ്ധ്യമാക്കിയേക്കാം.
ഉന്മാദം മറവിയുടെ ജാലകം
വെറുതെ കൊട്ടിയടക്കും.
ഝടുതിയിൽ തടവിലാക്കപ്പെട്ട കൗതുകങ്ങൾ
പൈയ്തൊഴിയാൻ വിസമ്മതിക്കുന്ന
കാമ്പില്ലാത്തൊരു കാർമേഘവും.  

Monday, May 27, 2013

ഇനി വയ്യ.



വയ്യൊരു  നീലക്കടലാവാൻ,
നീലാകാശം വാരിയണക്കുമ്പോൾ.
ഇനിയും കരിമഷി എഴുതേണ്ട 
കഥ പറയുന്നൊരു നീർമിഴിയിൽ.
ഗദ്ഗത ഗാനം മൂളേണ്ട 
പവിഴം പോലുള്ളധരത്താൽ.
ഒരു പുതു മഴയിൽ നനയേണ്ട
പൂ പോലുള്ളൊരു പാദങ്ങൾ.
അലയും ഓർമ്മകൾ മായുമ്പോൾ,
വെറുതെ മറവിയിലാഴ്ന്നമരാം. 
 

Wednesday, May 22, 2013

വെറുതെ.



നിശ്ശബ്ദതയുടെ മൗന സംഗീതം ശ്രവിച്ച് , കറുപ്പിൻറെ എഴഴക് വാരിയണിഞ്ഞ്, മുഖമില്ലാത്തൊരു ചിത്രമായി, പേരില്ലാത്ത ഞാനൊരു കവിതയായി,വെറുതേ.....

Monday, May 20, 2013

ചിലത്





ഓർമ്മപ്പുരക്ക് മൂന്ന് ചുമരുകൾ.
മേലാപ്പിന്റെ ശീലാന്തിയുടെ 
ഒരരികിലൂടെ നീണ്ടൊരു 
ചെറുവരപോലെ  നൊമ്പരം,
കാൽപ്പാടുകളൊക്കെ മാച്ചു മാച്ച് 
വിസ്‌മയം ചേർത്തു വച്ച്,
നഗ്നയായ് പുറത്തേക്കൊഴുകി.
ഞാത്തിയിട്ട കഥകൾക്കിപ്പോൾ 
സമചതുരത്തിന്റെ ചേല്. 

Friday, May 17, 2013

കഥാപാത്രങ്ങള്‍..




ജനല്‍പ്പാളികള്‍ പതുക്കെ തുറന്ന്,
ഈ തണുത്ത വെളുപ്പാന്‍ കാലത്ത് ,
അതി മൃദുലമായ  ശിഖരങ്ങള്‍ കൊണ്ട് തലോടിയിട്ടും
ഉണരാന്‍ ഇത്ര വൈമുഖ്യമെന്താണ് ? 
സ്മരണകളൊക്കെ പൊഴിച്ചു കളഞ്ഞ്,
തളിരിട്ട കിനാവുചൂടി,
പൂവിടാന്‍ വെമ്പിനില്‍ക്കുന്ന എനിക്ക്, 
നിന്റെ മനസ്സിന്റെ മോഹനമായ ആ വിഭ്രാന്തിയുടെ 
അനുരണനങ്ങള്‍ പങ്കുവക്കണം.
കഥക്കൂട്ടൊഴിയാത്ത ചിന്തകളെ ഏകോപിപ്പിച്ച്, 
അദൃശ്യമായ ചുറ്റുമതിലിനുള്ളില്‍ ബന്ധിച്ച് 
നൂതനമായ ചിത്രകഥയെഴുതണം.
 മുഖങ്ങള്‍ തേടുന്ന ഉടലുകളാവട്ടെ കഥാപാത്രങ്ങള്‍...

ഓർമ്മത്തെറ്റ്


ഒരു ഇമ്മിണി വല്ല്യ ഓർമ്മയും കൂടെ ഒരഞ്ചാറ് കുഞ്ഞു ഓർമ്മകളും ഒന്നിച്ച് വന്ന് ഓർമ്മത്തെറ്റ് വരുത്തിയപ്പോഴാണ്, നീലാകാശം മാഞ്ഞുപോയത്. ഇനി താക്കോലില്ലാതെ മനസ്സ് തുറക്കാം .


Sunday, May 12, 2013

''LOVE U MOM"



സ്നേഹം കൊണ്ട് പൊതിഞ്ഞ, അതിമനോഹരമായ ഒരു കുല പൂക്കളും ഒരു കുഞ്ഞു കേക്കും എന്നോട് പറഞ്ഞു,

''LOVE U MOM"

ഇപ്പോൾ എന്തിനാണ് മനസ്സ് വിതുമ്പുന്നത്?

Saturday, May 11, 2013

അമ്മ



ചുക്കിച്ചുളിഞ്ഞ മെലിഞ്ഞ ആ കൈവിരലുകൾ കൊണ്ട് കവിളത്ത് മൃദുലമായി തലോടി, ഇന്ന് പുലർച്ചെ നാല് മണിക്ക് എന്നെ ഉണർത്തി, അദൃശ്യതയിലേക്ക് മാഞ്ഞു പോയ വാത്സല്യം.........ഓർമ്മകൾക്ക് മുന്നിൽ രണ്ടിറ്റു കണ്ണീർ...........

Thursday, May 2, 2013

വേലി

ഇന്നലെ മുതലാണ്‌ മോഹത്തിന് ചുറ്റും വേലി കെട്ടാൻ ശ്രമം തുടങ്ങിയത്.നിരത്തി വച്ച  ഇല്ലിമുള്ളിനെ, മുല്ലപ്പൂ മാലകൊണ്ട് മൃദുലമായി  കോർത്ത്‌ വച്ചു .    .ഇടയ്ക്കിടയ്ക്ക് ഇടത്താവളങ്ങൾ പോലെ ഓർമ്മകളെ കുടുക്കിയിട്ടു. പിന്നെ ദുഖത്തിൻറെ മേലാപ്പിനെ മഴ നനയാൻ വിട്ട് ആരോ പടിയിറങ്ങിയത് കണ്ടെത്തിയപ്പോൾ  വെറുതെ ചിരിക്കാൻ, എനിക്കിഷ്ടം........

Tuesday, April 30, 2013

സ്വപ്നം



മാത്രനേരം ഇടം തേടി വീണ്ടും
യാത്ര പോകും ജീവതാളബോധം.
ഗാനത്തിനൊത്തൊരു 
നൃത്തമെന്നോതി,
പൊയ്കാലിലെന്തിനീ ചിലങ്ക കെട്ടി?
ഊഷരമല്ലെന്‍ ഹൃദയം തരളിതം
ഗാത്രമുഴലുന്നു വിമോഘമായി.
ചെറുമഴ കാറ്റില്‍ നനഞ്ഞ കണ്‍പീലി
സലോലം തലോടുമീ,
മന്ദസമീരനുമനന്യ സൌമ്യം.
പാടാന്‍ വിതുമ്പുന്ന ഈണങ്ങളങ്ങനെ
പേരറിയാപ്പക്ഷി നീ പാടിടുമ്പോള്‍,
കാണാപ്രപഞ്ചത്തെ  വര്‍ണ്ണപ്രളയത്തിന്‍
പൂത്തപാഴ്വള്ളിതന്‍ ഊഞ്ഞാലതിൽ,
പൊന്നിന്‍ കിനാക്കളെ തൊട്ടു തൊട്ടങ്ങനെ
ഏതോ പുതുവര്‍ണ്ണ നേരിനായി
ആരോരുമറിയാതനസ്വൂത- 
മാടിത്തളര്‍ന്നു  മനസ്സുലഞ്ഞു.
ഇല്ലിനി സ്വപ്നത്തിന്‍ 
നേര്‍വഴിത്താരയില്‍
തീവ്രമാം നോവിന്‍റെ മുള്‍മുനകള്‍....
സമരസമാകൂ, പടിവാതില്‍ 
മലര്‍ക്കെ തുറന്നു വിളിക്കയായി
ഒരു മുളം കുഴലിന്‍ നാദമായ് വന്നെന്‍
ഹൃദയവിപഞ്ചിക മീട്ടി മെല്ലെ,
മസ്രുണമാം മൃദുസ്മേര കടാക്ഷങ്ങള്‍
ഏകിടും നൂതന ഭാവനകള്‍....  

ചേതന





ചേതനകൾ കൈ പിടിച്ചു നടത്തിയ ഇന്നത്തെ സായംകാലം, മായാത്തൊരു മഴവില്ലിൻറെ ചാരുതയാർന്ന്  മനം കവർന്നു. പേരറിയാത്ത ഒരു കിളി മനസ്സിലിരുന്ന്,അവിരാമം ചിലക്കുന്നതെന്ത്?

Friday, April 26, 2013

സ്നേഹക്കൂട്.




 പ്രതലമില്ലാതെ വിഹരിക്കുന്ന അരൂപികളാണ് സ്വപ്‌നങ്ങൾ. അവയ്ക്ക് നിറം പകരാൻ കാണാമറയത്തെ സ്നേഹക്കൂട്.

Wednesday, April 24, 2013

കാരണങ്ങൾ



മുഖം മൂടിയണിഞ്ഞ 
ചില കാരണങ്ങൾ,
അകലെ പെയ്യുന്ന മഴപോലെ. 
ഹിമശൈലങ്ങളുടെ താഴ്വാരത്തിൽ
അപദാനങ്ങൾ പാടിയുണർന്നു. 
ദീപ്തമായ കണ്ണുകളിൽ 
ശോകക്കടൽ നിറഞ്ഞു കവിഞ്ഞപ്പോൾ 
എന്തിനാണു നീ വെറുതെ,
ചിറകില്ലാതെ പറന്നത്?

Friday, April 19, 2013

കാറ്റ്



മൂന്ന് ചുള്ളിക്കമ്പുകൾക്കിടയിൽ, ശ്രദ്ധയോടെ നിർമ്മിച്ച കുഞ്ഞിക്കൂട്ടിൽ ഒറ്റച്ചിറകുള്ള കാതരയായ ഒരമ്മക്കിളി, വിവശയായി പാടിക്കൊണ്ടിരുന്നു........ കടലിലെ കാറ്റ് പോലെ .

Wednesday, April 17, 2013

നിറം





നിൻറെ സ്വപ്‌നങ്ങൾ അവളുടെ നീലമിഴികളിൽ നിറച്ചു വച്ചതിൻറെ മൂന്നാം നാളാണ് ചെറിയൊരു മഴക്കോൾ കണ്ടത്. മങ്ങിയൊരു വെയിൽ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. ഒരഞ്ചുവാര ദൂരത്ത്‌, മാമ്പഴം വീഴുന്നതും കാത്ത്, എന്റെ മനസ്സ് പടിയിറങ്ങിപ്പോയി മയങ്ങിക്കിടന്നിരുന്നു. ഇപ്പോൾ അറിയുന്നു, സ്വപ്നങ്ങൾക്ക് ഇളം റോസ് നിറമാണെന്ന്......

Monday, April 15, 2013

കഥ



പുഴകളൊക്കെ നിറഞ്ഞൊഴുകും,പാടം പച്ചപ്പായ് വിരിക്കും, മരങ്ങളൊക്കെ പൂത്തുലയും, കായ്കളിൽ മധുരം നിറയും..................... മഴത്തുള്ളികളോട് കഥ പറഞ്ഞ് ഞാനും.

Monday, April 1, 2013

എവിടെ ?





മിന്നലിന്റെ അകമ്പടിയോടെ കുണുങ്ങി ചിരിച്ച്, നടന വൈഭവത്തോടെ ചുവടുകൾ വച്ച്, പുതുമണ്ണിന്റെ സുഗന്ധം പേറി ഇന്നലെ വന്നെത്തിയ വേനൽമഴ, ജനലഴികളിലൂടെ  വിരുന്നെത്തി എൻറെ മനസ്സ് നനച്ച്, ഇത്ര വേഗം എവിടെ പോയ് മറഞ്ഞു?

Monday, March 25, 2013

കാണാമറയത്ത്


വിഷുപ്പക്ഷിയെ ഞാന്‍ കണ്ടിട്ടേ ഇല്ല.
തീവ്രമായ പ്രണയത്തിന്‍റെ
പൊന്‍ തുവലുകള്‍ 
 അടുക്കിവച്ച,
സപ്തവര്‍ണ്ണങ്ങളുടെ 
ചാരുതയാര്‍ന്ന
സമ്മോഹനമായ, 
പ്രേരണയാണോ
അതിന്‍റെ രൂപം...!
യൗവ്വനം കതിരണിയിച്ച
നിറവാര്‍ന്ന മുഹുര്ത്തങ്ങളുടെ,
പുനരാവർത്തനമാണോ  
അതിന്‍റെ ഈണം....?
കാതരമായ നൊമ്പരം
തിങ്ങിനിറഞ്ഞ ഉള്‍വിളിയുടെ
മാറ്റൊലിയേകുന്ന, 
ആത്മഹർഷമാണോ  
അതിന്‍റെ സ്വരം...?
സായം സന്ധ്യയുടെ 
സ്നിഗ്ദ്ധമായ ചുവപ്പോ
അതിന്‍റെ കണ്ണുകള്‍....?
മൃദുസുഗന്ധം പരന്നൊഴുകുന്ന
ഒരു പട്ടുവിരിപ്പോ 
അതിന്‍റെ മാനസം?
സ്പന്ദനങ്ങള്‍ ചുടു പകര്‍ന്ന
ഒരു മണിയറയാണോ 
അതിന്‍റെ ഹൃദയം?
ചൂടാറാത്ത പ്രണയവുമായി
അകലെ കാത്തിരിക്കയാണോ
അതിന്‍റെ പ്രണയിനി?
സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍ വീശി
അപാരതയിലേക്ക് 
പറന്ന് ഒഴുകുന്നതാണോ,
അതിന്‍റെ ആത്മവാങ്ച?

Saturday, March 23, 2013

ചിന്ത



വിശകലനത്തിന് അതീതമായി, മനസ്സിന്റെ ജാലകം, സാധാരണത്വത്തിലേക്ക് മലര്‍ക്കെ തുറന്നത്, ചില ചിന്തകളുടെ മഹത്വവും വശീകരണവും, കൊണ്ടാണെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.

വിഷു




മേടമിങ്ങെത്തി, ഞാനും വരാമിനി
കൊന്നകള്‍ പൊന്‍കണി
ഏന്തി നില്‍ക്കുന്നൊരാ,
ഊഷര ഭൂമിതന്‍ ഭാവഗീതങ്ങൾക്കിനി 
നൂതനമായൊരു രാഗം പകരുവാന്‍.... 
 
വിഷുവൊരുങ്ങി വന്നെത്തിയെന്‍
നെഞ്ചിലെ  നോവില്‍
തഴുകാനൊരുപിടി,
കിങ്ങിണിക്കൊന്നപ്പൂങ്കുലയുമായി.
പാടുന്നുവെൻറെ  വിഷുപ്പക്ഷീയനാരതം 
പാടിപ്പതിഞ്ഞതാം ശീലുകളിപ്പോഴും.

ഹൃത്തിലെ അഗ്നിയായ്  
ഓരോലപ്പടക്കവും
നീറിപ്പുകഞ്ഞു നിന്നു.
നിസ്സീമ സ്നേഹതീര്‍ത്ഥത്തിന്‍
കുളിരുമായ്, കണിയുമൊരുക്കി,
കാത്തിരിക്കുവാനിന്നെന്നമ്മയില്ല.......  

Wednesday, March 13, 2013

മായ

വഴികളില്‍ കടലിരമ്പുന്നു.
കഥകളില്‍ പക്ഷെ നീയില്ല.
പൂമൊട്ടിനുള്ളില്‍ മുഷിയാത്ത
ചിന്തകള്‍ ഒളിച്ചിരിപ്പില്ല .
ഒരു പൂര്‍ണ്ണവിരാമത്തില്‍
ശൂന്യത പടം പൊഴിക്കില്ല.
നിര്‍ണ്ണയങ്ങളാല്‍ മിനുക്കിയ
വിരസതക്ക്, നനുത്തൊരു
കുശലതയുടെ തിലകം.
താഴ്വരകള്‍ നിണമണിയുമ്പോള്‍
മറയുന്ന സൂര്യന് മുഖമില്ല.
നാളെ ഒരു പുനര്‍ജ്ജന്മവും.
മറുപടികള്‍ ''വെറുതെ''കളില്‍
പിണഞ്ഞു മാഞ്ഞു.

Tuesday, March 12, 2013

ഒരു പാവം കിളി....

അതിരിട്ട ആകാശത്തെ, ചിറക് മുറിഞ്ഞ ഒരു പാവം കിളി.... 

Tuesday, February 19, 2013

ശരാശരി



നീലാകാശത്ത്‌ ഒരു കളം വരച്ചു.
കളങ്കമില്ലാതെ പൂവിറുക്കാനും
ശലഭങ്ങളുടെ കൂട്ടുകുടാനും എട്ട്.
മഴവില്ലിനൊപ്പം പത്ത്.
കഥയില്ലായ്മയ്ക്കും
വിഡ്ഢിത്തരങ്ങള്‍ക്കും പതിമൂന്ന്.
ഭാവനകള്‍ പകല്‍ കിനാവുകള്‍
പത്തൊന്‍പത് വരെ.
പാട്ടും നടനവും ഇരുപത്തിരണ്ട്‌..
വില്പന ഇരുപത്തിയഞ്ചിനുള്ളില്‍...
വീണ്ടു വിചാരത്തിനും
വിട്ടു വീഴ്ചക്കും മുപ്പത്തി ഒന്ന്.
സഹനവും സ്വയം മറക്കലും
കടന്നത്‌ മുപ്പത്താറില്‍.
ഒളിപ്പിച്ച രഹസ്യങ്ങള്‍
നാല്‍പ്പതില്‍ നിനച്ചെടുക്കാം.
വഴിയിലെ നേരം പോക്കിന്
നാല്‍പ്പത്തഞ്ചായാല്‍ നന്ന്.
കലഹവും വാക്പ്പയറ്റും
ദുഃഖവും ഇഴചേര്‍ന്ന 
അമ്പതു കടന്നാല്‍ പിന്നെ,
വെറുപ്പിന്റെ അറ്റത്തുള്ള
അറുപതിനെ തൊടാലോ.
അലസതയും വിരസതയും
സമന്വയിപ്പിച്ച് എഴുപതിലേക്ക്
പതുക്കെ പാദമുന്നാം.
നനഞ്ഞ മണ്ണില്‍ കുനിഞ്ഞിരുന്നു
ഒരു " മേഘമാല്‍ഹാറിന് ''
കാതോര്‍ക്കാം.

Monday, February 4, 2013

നിര്‍മല



കറുത്ത കാറ്റ് വന്ന്
പച്ചിലകളൊക്കെ
പെറുക്കി മാറ്റുമ്പോള്‍,
സുഷിരമുള്ള മനസ്സ് തളച്ചിടാന്‍,
ഗോപുരത്തിന്റെ മുനമ്പ് .
നാളെ സൂര്യന്‍ ചാരക്കണ്‍
മുഖം മൂടി അണിയും.
അനിവാര്യമായ യാത്രയില്‍
ദുര്‍ഘടമായ പാതയോരത്തെ
സത്രത്തിലെ, ഇടുങ്ങിയ ഇടനാഴിയില്‍
നിറം മങ്ങിയ വൃത്തം വരച്ച്
കിളിവാതിലിന്റെ ഇരുപാളിയും
ചേര്‍ത്തടക്കുമ്പോള്‍,
നീയൊരു നിര്‍മല.  

Friday, February 1, 2013

ജാലകത്തിലൂടെ




വര്‍ഷങ്ങള്‍ക്ക് മുന്‍പ്  പറന്നകന്ന ഒരു നിലാപ്പക്ഷിയായിട്ടും, ഇന്നലെ വീണ്ടും ഓര്‍മ്മകളില്‍ വിരുന്നെത്തി, ഗ്രാമത്തനിമ നഷ്ടമാകാത്ത അന്ന് ഞാങ്ങക്കൊപ്പം ജീവിച്ചിരുന്ന മാധവി. എല്ലാവരും സ്നേഹത്തോടെ "ഭ്രാന്തത്തി മാധവി ''എന്നു വിളിക്കുന്നതില്‍ ഒട്ടും അപ്രിയം കാണിക്കാന്‍ മിനക്കെടാത്ത പാവം.ചുരുണ്ടമുടി ചീകാന്‍ മറന്ന് , എണ്ണക്കരുപ്പുള്ള  ശരീരം സ്വന്തമെന്നറിയാതെ,  ആകുലതകളും സന്തോഷവും വേര്‍തിരിച്ചറിയാതെ , മനസ്സ് കൈവിട്ടുപോയവള്‍.. 
കണ്മഴിയെഴുതുന്നതില്‍ ആനന്ദിച്ചിരുന്ന മാധവിക്ക് അന്ന് ഏകദേശം 45 വയസ്സെങ്കിലും പ്രായമുണ്ട്.

കാലത്തുതന്നെ ഓരോ വീടും സ്വന്തമെന്നു ഭാവിച്ചു, ചെറിയ സഹായങ്ങള്‍ ചെയ്തു അന്തിക്ക് വീടണയുകയായിരുന്നു  പതിവ്. എല്ലാവരും അവരെ സ്നേഹിച്ചു, ആവശ്യങ്ങള്‍ നിറവേറ്റി. തീര്‍ത്തും മനസ്സ് പതറുന്ന നാളുകളില്‍,നാല് ദിക്കിലും ഒളിഞ്ഞിരിക്കുന്ന അജ്ഞാന ശത്രുക്കളോട് വിട്ടു വീഴ്ച്ചയില്ലാതെ നിരന്തരം കലഹിച്ചു പോന്നു. 

ഇടയില്‍ എപ്പോഴോ മനസ്സ് ശാന്തമായ ദിവസങ്ങളില്‍, നാല് കൊമ്പുള്ള രാക്ഷസന്‍ എന്നെ മുറിപ്പെടുത്തുന്നു എന്ന് പേര്‍ത്തും പേര്‍ത്തും പരാതി  പറയുമായിരുന്നു.ആരും അത് ഗൌനിച്ചില്ല.....
ഇടയില്‍ മാധവി വരാതായി.മാസങ്ങള്‍ കഴിഞ്ഞു , വലിയ വയറുമായി ഒന്നും അറിയാതെ വീണ്ടും വന്നെത്തി.ശാന്തയായപോലെ തോന്നി.

മാതൃത്വം അവരുടെ മനസ്സില്‍ മാരിവില്ല് വിരിയിച്ചെന്നു തോന്നി.ശ്രദ്ധയോടെ കുഞ്ഞിനെ പരിപാലിച്ചു. മനസ്സ് സാധാരണമായി. എന്നും ഭക്ഷണമെത്തിച്ച്  ഗ്രാമം ഒന്നടക്കം പിന്തുണക്കുകയും ചെയ്തു. എല്ലാവരും ആഹ്ലാദിച്ചു, വിശ്വസിച്ചു, മാധവിക്ക് ഒരു തുണയായല്ലോ എന്ന്.മകന്‍ വളര്‍ന്നു അമ്മക്ക് തുണയായി. 

വിശകലനത്തിന് അതീതമായി മാധവിയുടെ മനസ്സിന്റെ ജാലകം, സാധാരണത്വത്തിലേക്ക് മലര്‍ക്കെ തുറന്നത് മാതൃത്വത്തിന്റെ മഹത്വവും വശീകരണവും കൊണ്ടാണെന്ന് വിശ്വസിക്കാനാ ണെനിക്കിഷ്ടം.


Thursday, January 31, 2013

ഓര്‍മ്മകള്‍..,

കാത്തുവക്കണം ചില ഓര്‍മ്മകള്‍.., അവയില്‍ നിന്നും പടര്‍ന്നു പന്തലിക്കുന്ന തണലില്‍ ശാന്തമായി തളര്‍ന്നുറങ്ങാന്‍ .
മനസ്സിനുള്ളില്‍ മോഹിപ്പിക്കുന്ന ഒരറയുണ്ട്. അമാനുഷികതയുടെ കിരണങ്ങള്‍ ഒളിപ്പിച്ചു വച്ചിടം.

Wednesday, January 30, 2013

കാഴ്ച.



ദളങ്ങളൊക്കെ പൊഴിയും എന്നുറപ്പാണ്.
വിത്തുകള്‍ ഉറക്കം നടിക്കുകയും.
തായ് വേരിന്‍റെ അരികിലായി 
അകത്തേക്ക് തുറക്കുന്ന 
ജാലകത്തില്‍ ദ്വാരമിടാം.
തന്മാത്രകള്‍ ചേര്‍ത്ത് വക്കാം.
വിചാരങ്ങളെ ചാരി നിര്‍ത്താം.
പ്രതലത്തിലാകെ മഷിത്തണ്ട് പടര്‍ത്തണം.
ഇനി പുഴയിലേക്കിറങ്ങാം. 
അവിടെ നിഴലുകളുടെ പ്രളയമുണ്ട്.
ഒന്നിനെങ്കിലും അധരങ്ങളുണ്ടാകും.
പൂ കൊണ്ട് അത് മറയ്ക്കാന്‍ വയ്യെനിക്ക്‌.,
പെരുമഴത്തുള്ളി കാത്തുവയ്ക്കാനൊരിടം വേണ്ടേ?

Friday, January 25, 2013

വിഷാദം



എന്റെ ഓരോ നിശ്വാസങ്ങളും
ചാറ്റല്‍ മഴയായി
നിന്റെ മനസ്സില്‍ നിപതിച്ചത്
അറിഞ്ഞില്ലെന്നു നടിക്കാന്‍,
യാദൃശ്ചികതയുടെ മുനമ്പില്‍
ഉപാധിയുടെ സമതലം
പടര്‍ത്തിയത്‌ ഞാനല്ല.
ഏച്ചു കെട്ടിയ അതിരിലാകെ
പൂ വള്ളികള്‍ ചുറ്റി വരിഞ്ഞതും,
പാതി മുറിഞ്ഞ ദിവാസ്വപ്നം
നിന്റെ അതിഥിയായെത്തിയതും
ഞാനറിഞ്ഞതെയില്ല.
മാസ്മരീകമായ,
മര്‍മ്മരങ്ങള്‍ ഉതിര്‍ക്കുന്ന,
അരൂപിയായി വന്നണഞ്ഞ നിന്നെ,
ചെഞ്ചോരയുടെ വര്‍ണ്ണത്തില്‍
മായാചിത്രമാക്കാന്‍,
നിഗൂഡമായ ഈ സ്മാരകശില ധാരാളം.

Tuesday, January 22, 2013

പ്രതികരണങ്ങള്‍

''നിയമങ്ങള്‍ പാലിക്കപ്പെടെണ്ടതാണ്''   ഈ പല്ലവി ഒരു പാഴ്വാക്കായ്  എന്നോ മറഞ്ഞു പോയിരിക്കുന്നു.പ്രതികരണങ്ങള്‍ പലപ്പോഴും നിഷ്ഫലവും.

മനക്കണക്ക്




പഴയ രാഗം മൂളാനാകാത്ത 
കാട്ടുകിളിയെപ്പോലെ,
എത്ര ശ്രമിച്ചിട്ടും മനക്കണക്കുകള്‍ 
പുതിയ ഉത്തരങ്ങളിലേക്ക്‌ 
ആഴ്ന്നു പോകുന്നു.

ഓര്‍മ്മയുടെ തിരിവെട്ടത്തില്‍ 
ആരാണാവോ 
നിഴലിന്റെ കവിളത്ത് 
ചായം തേച്ചത്?

കടവത്തെ ശിഖരങ്ങളില്ലാത്ത
ഒറ്റമരം പോലെ, ഞാന്‍...

 

Sunday, January 20, 2013

പ്രതീക്ഷ


നിളതന്‍ വെന്‍മണല്‍ തിട്ടതില്‍
ദിവാസ്വപ്ന ലോലയായ്
ലാസ്യനൃത്തമാടുമീ മനസ്സുമായ്
സ്നേഹദൂരത്തെ ഏതോ നാദവിസ്മയത്തെ
തേടിയലഞ്ഞു ഞാന്‍..
ദൂരെ ദൂരെ വയല്‍ പക്ഷികള്‍ തന്‍
കളകൂജനം തന്നിലലിഞ്ഞതും
പിന്നിലൂടെത്തി പതുക്കെ നീ
ചുംബനം നല്‍കിയകന്നതും
പരിരംഭണത്തിന്റെ സാന്ത്വനം
തന്നിലാകെ നനഞ്ഞു നീരാടി കുളിര്‍ത്തതും,
മെയ്യാകെ കുംങ്കുമഛവി പടര്‍ന്നാലസ്യമോടെ
മിഴിപ്പൂക്കള്‍ കൂമ്പിയടച്ചതും...
ഓര്‍മ്മതന്‍ പൊന്മണി ചെപ്പിലടച്ചിന്നിതാ
വേപഥു ഗാത്രയായ്, കേഴും മനസ്സുമായ്,
ഇന്നുമീമന്ദാരത്തോപ്പിലിരുന്നു നിന്‍
പാദസ്വനങ്ങള്‍ക്കായി,
പ്രാര്‍ത്ഥനയോടെ കതോര്‍ത്തിരിപ്പു  ഞാന്‍..

ഉപാസനകള്‍...

ഉപാസനകള്‍...

കാറ്റൊഴിഞ്ഞ മനസ്സില്‍ 
മര്‍മ്മര മുണര്‍ത്തുന്ന 
വിഷാദ ചിന്തകള്‍ക്കിനി 
കടിഞ്ഞാണിടെണ്ട.
വ്യര്‍ത്ഥമാകാതെ ജ്വലിക്കുന്ന
കനലുകളാകട്ടെ ഉപാസനകള്‍....

Friday, January 18, 2013

എന്റെ അദ്ധ്യാപകര്‍...

8ആം തരത്തില്‍ പഠിക്കുന്ന കാലം. കാലത്ത് ക്ലാസ്സ്‌ തുടങ്ങിയപ്പോളേ ഒട്ടും സുഖം തോന്നിയിരുന്നില്ല. ചെറിയ മഴച്ചാറലുണ്ട്.ഏറ്റവും പ്രിയപ്പെട്ട മലയാളം ക്ലാസ്സ്‌..          ഗോപിനാഥന്‍ മാഷ്‌ രസകരമായി പദ്യഭാഗം വര്‍ണ്ണിച്ചു കൊണ്ടിരിക്കുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍, ഛര്‍ദ്ദിക്കാനും പനിക്കാനും തുടങ്ങി. പതുക്കെ ഡെസ്കില്‍ തലചായ്ച്ചു കിടന്നു. ഉടനെ മാഷ്‌ ഓടിവന്നു, പിന്നെ ഉടനെ എന്നെ തോളില്‍ കിടത്തി അഞ്ചുമിനിട്ടു അകലെയുള്ള  ഹോസ്പ്പിറ്റലിലേക്ക് ഓടാന്‍ തുടങ്ങി. വേണ്ട ചികിത്സ ലഭ്യമാക്കി വീട്ടുകാര്‍ വരും വരെ കൂട്ടിരുന്നു..... മറക്കാനാവാത്ത ആ സ്നേഹസ്പര്‍ശ്ശം........തെക്കന്‍ കേരളത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ വീട്. ഇപ്പോള്‍ എവിടെയായിരിക്കും? അസംബ്ലിയില്‍ പാടാനുള്ള  ''സകല ചരാചര ഭാഗ്യവിധായക, പരമോധാര വിഭോ''  എന്ന പ്രാര്‍ത്ഥനാഗാനം രചിച്ചതും അത് പാടാന്‍ എന്നെ പരിശീലിപ്പിച്ചതും അദ്ദേഹം.സ്നേഹവും കരുണയും പിന്നെ നേര്‍വഴിയും കാട്ടിത്തന്നു, പഠനകാലം മികച്ചതും, മറക്കാനാ വാത്തതുമാക്കി മാറ്റിയ അനുകരണീയ വ്യക്തിത്വങ്ങളായിരുന്നു എന്റെ അദ്ധ്യാപകര്‍...

ഓരോരുത്തരെയും ഓര്‍ക്കുന്നു, മനസ്സില്‍ നമിക്കുന്നു......മറക്കില്ലൊരിക്കലും.

മാപ്പ്


ഇന്നലെ ഞാന്‍ മാപ്പിരക്കുകയായിരുന്നു.
അകന്നുപോയ ഇഷ്ടത്തിന്റെ
നേര്‍വഴിയിലെ, മുക്കുറ്റിപ്പൂക്കളോട്.
പാടി വലഞ്ഞ ആത്മരാഗത്തിനോട്.
നോവിന്റെ ചക്രവാളത്തിനോട്.
ധ്വനിയുടെ മാറ്റൊലിയോട്.
ഇനിയും പുക്കാത്ത മനസ്സിനോട്.
വേവലാതിയുടെ തപ്തനിമിഷത്തിനോട്.
മൌനം മര്‍മ്മര സൌകുമാര്യമായി
അതിരുകള്‍ തിരഞ്ഞ,
മോഹ മുഹൂര്‍ത്തത്തിനോട്.
പിന്നെ നിറം മങ്ങിയ
ഈ ഓര്‍മ്മച്ചിത്രത്തിനോടും.
പത്തായപ്പുരയുടെ ചിത്രവാതില്‍
എന്തിനാണ് നീ വലിച്ചടച്ചത്?

Monday, January 14, 2013

പടികള്‍

ചവിട്ടു പടികള്‍ കേറിയെത്തുന്ന ഒറ്റയടിപ്പാതയില്‍, തിരിച്ചറിവിന്റെ തെളിച്ചമുണ്ട്. ഇടയ്ക്കിടയ്ക്ക്  കുഞ്ഞു വെള്ളാരം കല്ലുപോലെ സ്വപ്നങ്ങളും.

Monday, January 7, 2013

മോഹ കാഴ്ചകള്‍


പൊട്ടി പൊളിഞ്ഞ ചിത്രകൂടക്കല്ലിന്റെ പുറകിലെ മാളത്തില്‍ ഈ കിടപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി. വിശപ്പും വേദനയും കാരണം ശരീരം ആകെ തളര്‍ന്നിരിക്കുന്നു.ഇന്നലെയും ഒന്ന് പുറത്തിറങ്ങാന്‍ നിഷ്ഫല ശ്രമം നടത്തി.ഈ പരിസരത്തെ അവശേഷിക്കുന്ന നാലുകെട്ടിന്റെ തെക്ക് വശത്തെ കാവാണിത്.ഏതാനും മരങ്ങളുടെ തണലില്‍ പണ്ടാരോ സ്ഥാപിച്ച ചിത്രകൂടക്കല്ലുകള്‍ പുരാവസ്തുവായി നാമാവശേഷമാകാറായിരിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ മലവെള്ളപ്പാച്ചിലിലാണ്, തികച്ചും അപരിചിതമായ ഇവിടെ എത്തിപെട്ടത്.വിശാലമായ പറമ്പിന്നതിരിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ രാത്രിയാവോളം ഒളിച്ചിരുന്നു. അവിടം അത്ര സുരക്ഷിതമല്ലെന്ന തോന്നലിനൊടുവിലാണ് ഇവിടേക്കിഴഞ്ഞു വന്നത്. ഭാഗ്യവശാല്‍ ഈ കാവില്‍ ഒരു മാളവും തരപ്പെട്ടു. ദിവസങ്ങളെടുത്തു പരിസരവുമായി ഇണങ്ങാന്‍. ഏകാന്തതയുടെ ദിവസങ്ങള്‍, മാസങ്ങളായി.
സങ്കടത്തിന്റെ ചീളുകള്‍ മനസ്സിനെ കുത്തി നോവിച്ചു കൊണ്ടിരുന്നു. നിരാശ ഹൃദയം തപിപ്പിച്ചു. ഒരുനാള്‍ നാലുകെട്ടിന്റെ ഉമ്മറത്ത്‌ വലിയ ബഹളം.ആരാണാവോ, പതുക്കെ ഒളിഞ്ഞു നോക്കി .നാലഞ്ചു പേര്‍ വിരുന്നു വന്നിരിക്കുന്നു.രണ്ടുപേര്‍ കുട്ടികളാണ്.താമസിയാതെ ആഹ്ലാദ തിമര്‍പ്പിന്റെ ആര്‍പ്പു വിളികളാല്‍ പരിസരം മുഖരിതമായി.എനിക്കും സന്തോഷം തോന്നി, തനിച്ചല്ലെന്നൊരു തോന്നലും. വിരുന്നുകാര്‍ വന്നതോടെ അടുക്കള വശത്ത് മുട്ടതോടുകള്‍ സുലഭമായി.ചിലപ്പോള്‍ നട്ടുച്ചയ്ക്ക് എല്ലാരും മയങ്ങുന്ന സമയത്ത് അത് ഭക്ഷിക്കാരുണ്ട്‌ ഞാന്‍.   രാത്രിയില്‍ അത് നടക്കില്ല. വീട്ടുകാരുടെയും,ഈ കാവിലെ ഏകദേശം പൂര്‍ണ്ണവളര്‍ച്ചയെത്തിയ ചന്ദന മരത്തിന്റെയും സംരക്ഷണത്തിനാവാം, രണ്ടു കൂറ്റന്‍ നായകളെ വളര്‍ത്തുന്നുണ്ട്. ഒരു ദിവസം ഭാഗ്യം കൊണ്ടാണ് അവയുടെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.
വല്ലാതെ വിശന്നു തളര്‍ന്നൊരു രാത്രിയില്‍ വേലി പഴുതിലുടെ അപ്പുറത്തെ പറമ്പിലേക്കുള്ള പ്രയാണത്തിനിടയില്‍, രക്ഷപെടാന്‍ കഴിയും മുന്‍പ്, ഇരുചക്ര വാഹനം പുറകില്‍ കൂടി കയറിയിറങ്ങിയത്‌ പെട്ടന്നായിരുന്നു. അസഹനീയമായ വേദനയാല്‍ കുറേനേരം അനങ്ങാനായില്ല. വേദന കടിച്ചമര്‍ത്തി, എങ്ങിനെയാണ് മാളത്തില്‍ തിരിച്ചെത്തിയതെന്ന് ഒരു രൂപവുമില്ല. ശിവ, ശിവ എന്ന് ജപിച്ച്‌ ദിവസങ്ങളോളം അങ്ങിനെ....
രണ്ടും കല്‍പിച്ച്‌ വലിയൊരു പ്രയത്നത്തിനൊടുവില്‍ അടുക്കള വശത്തേക്ക് പതുക്കെ ഇഴഞ്ഞു ചെന്നു പാളി നോക്കി. പുറത്താരേയും കണ്ടില്ല. പെട്ടെന്ന് കൊട്ട തളത്തിന്റെ വാതില്‍ തുറന്ന്, മുത്തശ്ശി. പിന്നാലെ ആരോ ഉണ്ടെന്നു തോന്നി. അവരുടെ കണ്ണില്‍ പെടുക തന്നെ ചെയ്തു. ഓടി രക്ഷപെടാനുള്ള സാദ്ധ്യത വിരളമായത് കൊണ്ട് അതിനു തുനിഞ്ഞില്ല. 'അയ്യോ,ഒരു പാമ്പ്, ചാത്താ ഇങ്ങോട്ടൊന്ന് ഓടി വരൂ', മുത്തശ്ശി അലറി വിളിച്ചു.
വാല്യക്കാരന്റെ പീഡനം ഏറ്റുവാങ്ങാന്‍ മനസ്സ് സജ്ജമാക്കിയ നിമിഷത്തില്‍, അശരീരി പോലെ കേട്ടു,  'അമ്മമ്മേ, ഉപദ്രവിക്കണ്ട, നോക്കു അതിന് അപകടം പിണഞ്ഞിരിക്കുന്നു. മാണിക്യ കല്ലുകള്‍ പോലുള്ള കണ്ണുകള്‍ എത്ര ദയനീയം.' വിശ്വസിക്കാനാകാതെ തല അല്പമൊന്നു ഉയര്‍ത്തി നോക്കി. കവുങ്ങിന്‍ പുക്കുല പോലെ, അതീവ സുന്ദരിയായ ഒരു പെണ്‍കുട്ടി. ഏതാനും അടി അകലെ നിന്ന് എന്റെ കണ്ണുകളില്‍ സുക്ഷിച്ചു നോക്കി കൊണ്ട്, ഒരു മന്ദസ്മിതത്തിന്റെ  ലാഞ്ചന ചുണ്ടിലൊളിപ്പിച്ചു കൊണ്ട്.........
'പേടിക്കണ്ട ട്ടോ, പതുക്കെ തഴുകി ഈ മുറിവ് ഞാന്‍ ഉണക്കാം. നിന്റെ വിഷപ്പല്ലുകള്‍ മുല്ലപ്പൂമൊട്ടുകളാണെന്ന് വിചാരിക്കാം. വെട്ടി തിളങ്ങുന്ന ശല്‍ക്കങ്ങള്‍ എത്ര മനോഹരം. നിര്‍ന്നിമേഷമായ ഈ നോട്ടം കൊണ്ടട് നീ ഒരായിരം കാര്യങ്ങള്‍ പറയാതെ പറയുന്നുവല്ലോ. നാളെ തിരിച്ചു പോകും വരെ നമുക്ക് ചങ്ങാതിമാരാകാം. വരൂ....അവിശ്വസനീയവും, അവിസ്മരണീയവുമായ ഈ സൌഹൃദത്തിന്റെ നിമിഷങ്ങള്‍ ആരുമായും പങ്കു വെക്കില്ല ഞാന്‍..   നാളെ നീ കരയരുതേ.....'
ഒരു സ്വപ്നം പോലെ, മോഹ കമ്പളം കൊണ്ട് എന്നെ പുതപ്പിച്ച്‌, പെണ്‍കുട്ടി......നീ .....