Friday, November 15, 2013

മരീചിക.



പടവുകള്‍ കയറി
മരത്തുഞ്ചത്തെ
പഞ്ചവര്‍ണ്ണക്കിളിയെ നോക്കി
ചിരിക്കാനാണെന്നും
 വെറുതെ    പറഞ്ഞ്,
ഇടുങ്ങിയ കിണറിലെ
പച്ചപ്പായല്‍ വകഞ്ഞുമാറ്റി
മുങ്ങാംകൂഴിയിട്ട്
ചില അര്‍ത്ഥങ്ങള്‍ ചികയാന്‍,
ഈ യാത്ര.

ഒരു നുള്ള് സ്നേഹം ഒളിച്ചുവക്കാന്‍
ഇത്തിരി ഇടം പോലും
അവശേഷിച്ചിട്ടില്ലെന്ന് മന്ത്രിച്ച്
മിന്നിമറഞ്ഞ കുസൃതി ചിന്ത ....

കാറ്റിനോട് കയര്‍ക്കാനും
കരിയിലകള്‍ തട്ടി നിരത്താനും
തീക്ഷ്ണ നോട്ടമെയ്ത്
തികട്ടി മറിയുന്ന മടുപ്പിനെ
രേഖയില്‍ തടഞ്ഞു നിര്‍ത്താനും,
ഒരു മനസ്സ് വില്‍പ്പനക്കുണ്ടെന്ന
വെറും വാക്കുകള്‍ നിരീച്ചും
വെറുതെ ആടിയാടി മയങ്ങിയപ്പോള്‍
നിറം മങ്ങിയ തൂവല്‍
പാറിവീണതെങ്ങിനെ?

സ്വപ്നങ്ങളൊക്കെ നിറച്ചു വെക്കാന്‍
ഈ പൂക്കുട മതിയാവില്ല.

നീലച്ചിറകുകള്‍ ത്യജിച്ച്,
ബ്രഹ്മമുഹൂര്‍ത്ഥത്തില്‍
എന്തിനാണ് നീ ഒരു നിഴലായത്?




No comments:

Post a Comment