Monday, March 25, 2013

കാണാമറയത്ത്


വിഷുപ്പക്ഷിയെ ഞാന്‍ കണ്ടിട്ടേ ഇല്ല.
തീവ്രമായ പ്രണയത്തിന്‍റെ
പൊന്‍ തുവലുകള്‍ 
 അടുക്കിവച്ച,
സപ്തവര്‍ണ്ണങ്ങളുടെ 
ചാരുതയാര്‍ന്ന
സമ്മോഹനമായ, 
പ്രേരണയാണോ
അതിന്‍റെ രൂപം...!
യൗവ്വനം കതിരണിയിച്ച
നിറവാര്‍ന്ന മുഹുര്ത്തങ്ങളുടെ,
പുനരാവർത്തനമാണോ  
അതിന്‍റെ ഈണം....?
കാതരമായ നൊമ്പരം
തിങ്ങിനിറഞ്ഞ ഉള്‍വിളിയുടെ
മാറ്റൊലിയേകുന്ന, 
ആത്മഹർഷമാണോ  
അതിന്‍റെ സ്വരം...?
സായം സന്ധ്യയുടെ 
സ്നിഗ്ദ്ധമായ ചുവപ്പോ
അതിന്‍റെ കണ്ണുകള്‍....?
മൃദുസുഗന്ധം പരന്നൊഴുകുന്ന
ഒരു പട്ടുവിരിപ്പോ 
അതിന്‍റെ മാനസം?
സ്പന്ദനങ്ങള്‍ ചുടു പകര്‍ന്ന
ഒരു മണിയറയാണോ 
അതിന്‍റെ ഹൃദയം?
ചൂടാറാത്ത പ്രണയവുമായി
അകലെ കാത്തിരിക്കയാണോ
അതിന്‍റെ പ്രണയിനി?
സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍ വീശി
അപാരതയിലേക്ക് 
പറന്ന് ഒഴുകുന്നതാണോ,
അതിന്‍റെ ആത്മവാങ്ച?

Saturday, March 23, 2013

ചിന്ത



വിശകലനത്തിന് അതീതമായി, മനസ്സിന്റെ ജാലകം, സാധാരണത്വത്തിലേക്ക് മലര്‍ക്കെ തുറന്നത്, ചില ചിന്തകളുടെ മഹത്വവും വശീകരണവും, കൊണ്ടാണെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.

വിഷു




മേടമിങ്ങെത്തി, ഞാനും വരാമിനി
കൊന്നകള്‍ പൊന്‍കണി
ഏന്തി നില്‍ക്കുന്നൊരാ,
ഊഷര ഭൂമിതന്‍ ഭാവഗീതങ്ങൾക്കിനി 
നൂതനമായൊരു രാഗം പകരുവാന്‍.... 
 
വിഷുവൊരുങ്ങി വന്നെത്തിയെന്‍
നെഞ്ചിലെ  നോവില്‍
തഴുകാനൊരുപിടി,
കിങ്ങിണിക്കൊന്നപ്പൂങ്കുലയുമായി.
പാടുന്നുവെൻറെ  വിഷുപ്പക്ഷീയനാരതം 
പാടിപ്പതിഞ്ഞതാം ശീലുകളിപ്പോഴും.

ഹൃത്തിലെ അഗ്നിയായ്  
ഓരോലപ്പടക്കവും
നീറിപ്പുകഞ്ഞു നിന്നു.
നിസ്സീമ സ്നേഹതീര്‍ത്ഥത്തിന്‍
കുളിരുമായ്, കണിയുമൊരുക്കി,
കാത്തിരിക്കുവാനിന്നെന്നമ്മയില്ല.......  

Wednesday, March 13, 2013

മായ

വഴികളില്‍ കടലിരമ്പുന്നു.
കഥകളില്‍ പക്ഷെ നീയില്ല.
പൂമൊട്ടിനുള്ളില്‍ മുഷിയാത്ത
ചിന്തകള്‍ ഒളിച്ചിരിപ്പില്ല .
ഒരു പൂര്‍ണ്ണവിരാമത്തില്‍
ശൂന്യത പടം പൊഴിക്കില്ല.
നിര്‍ണ്ണയങ്ങളാല്‍ മിനുക്കിയ
വിരസതക്ക്, നനുത്തൊരു
കുശലതയുടെ തിലകം.
താഴ്വരകള്‍ നിണമണിയുമ്പോള്‍
മറയുന്ന സൂര്യന് മുഖമില്ല.
നാളെ ഒരു പുനര്‍ജ്ജന്മവും.
മറുപടികള്‍ ''വെറുതെ''കളില്‍
പിണഞ്ഞു മാഞ്ഞു.

Tuesday, March 12, 2013

ഒരു പാവം കിളി....

അതിരിട്ട ആകാശത്തെ, ചിറക് മുറിഞ്ഞ ഒരു പാവം കിളി....