Friday, November 14, 2014

യാദൃശ്ചികം.



യാദൃശ്ചികത ജീവിതത്തിന്‍റെ വഴിത്തിരിവുകളില്‍ ഒളിച്ചിരിക്കുന്നു, മുന്നറിയിപ്പില്ലാത്ത കൂടിക്കാഴ്ചകളുമായി ചിലത്, ചുഴിയില്‍ നുള്ളിയെറിയപ്പെട്ട തുളസിയിലയുടെ നിസ്സഹായതയോടെ, ആഴത്തിലേക്കാവാഹിക്കപ്പെടുന്നു.

ഉള്‍ക്കടല്‍ തിളച്ചുമറിയുന്ന അപരാഹ്നം .
പെട്ടെന്ന് വന്ന മഴയും.

Monday, November 10, 2014

വീഥിയില്‍.



കാറ്റാടി മരങ്ങള്‍ ചൂളം വിളിക്കുന്ന വീഥി.സായാന്ഹം ചമയക്കൂട്ടൊരുക്കാന്‍ വെമ്പുന്നു.അപ്രാപ്യമെന്നറിഞ്ഞിട്ടും,      ഭാവനയുടെ ചിറകിലേറി ലക്ഷ്യത്തിലേക്ക് ചിറകു വീശുന്ന മനസ്സ്.

പ്രതീക്ഷകള്‍ ഒരു വിഡ്ഢിയുടെ സമ്പത്താണോ? 

Tuesday, October 28, 2014

ചിന്ത.



പങ്കുവെക്കാത്ത
ചിന്തകള്‍,
നനഞ്ഞ പ്രതലത്തില്‍
പ്രതിഫലിക്കുന്ന
പ്രകാശം പോലെ,
പരിമിതമാകും.

മുഖം മറക്കരുത്.
വീണുടയട്ടെ,
തിളങ്ങുന്ന മിഴിമുത്തുകള്‍.

Saturday, October 11, 2014

ഉറങ്ങാന്‍.



പതം പറഞ്ഞ്
കരഞ്ഞുറങ്ങാന്‍
മഞ്ഞു പോലൊരു
വിരിമാറ്.

തേഞ്ഞ കൊക്കിനാല്‍
കൊത്തി വലിക്കും
നനഞ്ഞു പോയൊരു
സ്വപ്നം.

Wednesday, October 8, 2014

മഴ

വെളുത്തൊരു മേഘത്തുണ്ട് തിരയുമ്പോള്‍, മഴേ, എന്തിനാ എന്നിലിങ്ങനെ അനവരതം പൈയ്തൊഴിയുന്നത്?

Friday, September 19, 2014

ഓര്‍മ്മകള്‍.



കാനലിറ്റു വീഴുന്ന
മരപ്പൊത്തില്‍
ഒളിച്ചു വക്കാം,
നിറം മങ്ങാത്ത
ഒരോര്‍മ്മ.
അലഞ്ഞൊഴുകാം
പടവില്ലാത്തൊരു
പുഴ പോലെ.

Wednesday, September 17, 2014

ചോദ്യം.




അനിഷ്ടങ്ങളെ
സൂക്ഷ്മതയോടെ
അവഗണിക്കുന്ന
വൈദഗ്ധ്യം
ഇഷ്ടത്തിന്‍റെ കോണില്‍
മറച്ചുവച്ച്,
എന്തിനാണീ
പലായനം?

Wednesday, September 10, 2014

ഓര്‍മ്മ.



എന്തിനാ ഈ ഓര്‍മ്മകളൊക്കെ ഒളിച്ചു വക്കുന്നത്? ചിത്രശലഭമായി പറന്നകലട്ടെ, വീണ്ടും വരുമെന്ന വാഗ്ദാനത്തോടെ........

ചിന്ത.



ചിന്തകള്‍ക്ക്
പറയാതിരിക്കാന്‍
വെമ്പലാണ്‌.
പൂ ചൂടിയ
 മനസ്സ് പോലെ.

Thursday, September 4, 2014

ഓണപ്പാട്ട്.



പാട്ടോക്കെപ്പാടി
പാല്‍ക്കൂടെലാക്കി
പാട്ടത്തെ പടിയെ
പോകുമ്പോള്‍,
എന്താണെന്നും
കോയമ്മ
പാട്ടാണെന്നും
ഞാനപ്പോള്‍.
പാടിക്കേള്‍ക്കണം
കോയമ്മ
പാടില്ലെന്നും
ഞാനപ്പോള്‍.

(സമ്പാദനം)

സ്മരണ.



ഓടിയൊളിക്കാതെ, ഓണസ്മരണകള്‍ പൂക്കളം തീര്‍ക്കുന്നു. പിന്നിട്ട പാതയോരത്തെ മുക്കുറ്റിപ്പൂ ചോദിച്ചൂ........''തുമ്പപ്പൂ പോലെ ഒന്ന് ചിരിച്ചൂടെ നിനക്ക്? ''

കുമ്മാട്ടിപ്പാട്ട്.

കുണ്ടന്‍ കിണറ്റില്‍ 
കുറുവടി പോയാല്‍ 
കുമ്പിട്ടെടുക്കും 
കുമ്മാട്ടി.

കുമ്മാട്ടിക്കൊരു
പുടവ കൊടുത്താല്‍ 
എല്ലാവര്‍ക്കും
സന്തോഷം.

.......................................................

തള്ളെ, തള്ളേ
എങ്ങുട് പോണൂ ?
ഭരണിക്കാവില്‍
നെല്ലിന് പോണൂ.
അവിടത്തെ തമ്പുരാന്‍ 
എന്ത് പറഞ്ഞു?
തല്ലാന്‍ വന്നൂ,
കുത്താന്‍ വന്നൂ
ഓടിയൊളിച്ചു 
കൈതക്കാട്ടില്‍.
കൈത എനിക്കൊരു 
പൂവ്വ് തന്നു.
പൂവ്വ് കൊണ്ട് 
മാടത്തില്‍ വച്ചു.
മാടം എനിക്കൊരു കുല തന്നു.
കുല കൊണ്ട് 
പത്തായത്തില്‍ വച്ചു.
പത്തായം എനിക്കത് 
പഴുപ്പിച്ചു തന്നു.
അതിലൊരു പഴം 
കുമ്മാട്ടി തിന്നു.

ആറപ്പൂവോ.......

(സമ്പാദനം)


Wednesday, August 27, 2014

സ്നേഹം

മനുഷ്യബന്ധങ്ങള്‍ ഏറെയും വിവേചിക്കാനാകാത്തതാണ്. എവിടെയൊക്കെയോ സ്നേഹം മറഞ്ഞിരിക്കും.അത് കണ്ടെത്തുന്നത് ദുഷ്ക്കരവും.

എന്ത്?



വിശ്വാസവും അവിശ്വാസവും വേര്‍പിരിയുന്നിടത്ത്, അമാനുഷികമായ 
ഒരു വിടവുണ്ടോ? അനുകൂലിക്കാനാവാത്തതൊക്കെ വിരോധാഭാസമെന്ന് വിവക്ഷിക്കുന്നത് ശരിയോ?

Thursday, August 21, 2014

ആവേഗം.



മനസ്സിന്‍റെ ആവേഗത്തെ, സിന്ധൂരച്ചെപ്പിലടച്ച സുമംഗലിയുടെ നിര്‍വ്വികാരത, ഒരു രണ്ടുവരിക്കവിതയായി ഒളിച്ചതെവിടെയാവും? 

Friday, August 15, 2014

മാച്ചെഴുതാം.



മരത്തിന്‍റെ ചട്ടക്കൂടുള്ള സ്ലൈറ്റ്‌. ഒരു സ്ലൈറ്റ്‌ പെന്‍സിലും.രൂപങ്ങള്‍ വ്യക്തത നേടും വരെ ഇനി എഴുതാം, മായ്ക്കാം. വീണുടയാത്ത, നനുത്തൊരു മന്ദസ്മിതം ഒളിച്ചു വക്കാം.

Wednesday, August 13, 2014

കടമ്പ.



അങ്ങനെ ചില കടമ്പകള്‍ ചാടിക്കടന്നു. ചിലത് നിഷ്പ്രയാസം. ഏറിയ പങ്കും വേദന കൊണ്ട് വഴി മുടക്കിയവ. മരീചികകളില്‍ വിസ്മയഭരിതമായ ചില ഇടവേളകള്‍. ഇനിയൊരു വൃക്ഷം നടാതെ വയ്യ. ഒരു ചില്ലയുടെ തണല്‍ വേണ്ടെ? പൂ വിടരുകയും കൊഴിയുകയും.......

Wednesday, August 6, 2014

പിണക്കം.




ഇന്നലെ കണ്ട സ്വപ്നം, 
ഇനിയുമെന്തേ 
പിണങ്ങി നില്‍പ്പു?

മനസ്സ്.



തെളിഞ്ഞും മങ്ങിയും പ്രേരണയുടെ പൂമ്പൊടി വിതറി, ചില പ്രമാണങ്ങള്‍. എന്നിട്ടും, സന്ധ്യയുടെ കുങ്കുമം വാരിയണി യാഞ്ഞതെന്തേ ?

Monday, July 28, 2014

വിരഹം.



പെയ്യാത്ത വേനല്‍ മഴയില്‍ 
മനസ്സ് നനക്കാന്‍ 
വെറുതെ മോഹിപ്പിക്കുന്നു ,
മാഞ്ഞു പോയൊരു വിരഹം.

മടുപ്പ്.



മടുപ്പിനെ മയക്കിക്കിടത്താന്‍, കോണിച്ചോട്ടിലൊരു കോസടി വിരിച്ച്, ഒറ്റക്കിരിക്കുമ്പോള്‍, ഒറ്റ നക്ഷത്രത്തിന്‍റെ കിന്നാരം......

മൗനം.



അര്‍ത്ഥം തിരയുന്ന മനസ്സേ,
ഒറ്റയടിപ്പാതയിലൂടെ 
പിന്തിരിഞ്ഞോടുക.
നാഴികവട്ട വീണുടഞ്ഞിരിക്കുന്നു.

ഇനി മൗനത്തിന്‍റെ 
ചിമിഴ് തുറന്നു വക്കാം.
പ്രകടനങ്ങളുടെ ബാദ്ധ്യത
അരങ്ങേറുക, വിരളം.

Friday, July 18, 2014

പാവാട.



അലക്കി വെളുപ്പിച്ച് നീലം മുക്കി തണലത്ത് ഉണക്കാനിട്ട പാവാട. ആരാണത് ചുള്ളിക്കൊമ്പില്‍ കുരുക്കി, വീശി വീശി കീറിക്കളഞ്ഞത്?

Friday, June 20, 2014

കാറ്റ്.



പാഴ്വാക്കുകളില്‍
പ്രപഞ്ചം വിടര്‍ത്തി,
വിലാപത്തിന്‍റെ
ശ്രുതിയുമായി,
പടിഞ്ഞാറന്‍ കാറ്റ്
ഒരു പരിഭവം പറഞ്ഞു.

വേനല്‍.

വേനല്‍.

വേനല്‍ തിളക്കുന്നുണ്ട്.
വെമ്പുന്നൊരു മനസ്സുണ്ട്.
മറച്ചു വക്കാന്‍ നിഴലുണ്ട്.
നിരാകരിക്കാന്‍, നീയും.

Thursday, May 29, 2014

കൌതുക ലോകം.




അപ്പോട്ടന്റമ്മേ, എപ്പളാ നമ്മള്‍ പോവ്വാ?
വെയിലൊന്ന് ചായട്ടെ, ന്നിട്ട് പുറപ്പെടാം ട്ടോ.

കുത്തനേള്ള കയറ്റാത്. ഞാന്‍ കൈയ്യ് പിടിക്കണോ?
വേണ്ടാ, ഞാന്‍ ഓടിക്കയറാം.

ഔ, ഇവടൊക്കെ നിറച്ചു മരൂം ചെടീം.
ഇതിനാ കാട് ന്ന് പറയാ.

ഈ വഴി എന്താ ത്ര ചെറുത്?
ഇതിലെ വാഹനങ്ങള്‍ ഒന്നും വരില്ല, അതോണ്ടാ.

ഹായ്, താ ഒരു മൊയല്, ന്നെന്നെ സൂക്ഷിച്ചു നോക്കുനു.
ഞാന്‍ അതിനെ പിടിക്കട്ടെ?
അസ്സലായി, അതിന്‍റെ കുട്ട്യോളുണ്ടാവും മടെല്.
ജീവ്വ്യോളെന്നും ഉപദ്രവിക്കാന്‍ പാടില്ല.

ഈ മരങ്ങളൊക്കെ എങ്ങനാ ഉണ്ടായേ?
മരത്തിലൊക്കെ കിളികളെ കണ്ടില്ലേ?
അവ പഴങ്ങളൊക്കെ കൊത്തിത്തിന്ന് വിത്ത് താഴെക്കിടും.
മഴ പെയ്യുമ്പോള്‍ അതൊക്കെ മുളക്കും.

മഴ പെയ്യുമ്പോള്‍ ജീവ്യോളക്കെ ന്താ ചെയ്യാ?
ചിലതൊക്കെ കൂടുണ്ടാക്കും.
പക്ഷികള്‍ ചിറകിലൊക്കെ ഒരെണ്ണ പുരട്ടി മരക്കൊമ്പില്‍ ഇരിക്കും.
അപ്പൊ നനയില്ല.

അവരെങ്ങനാ ചോറുണ്ണാ?
അവര്‍ക്കാവശ്യമുള്ളതൊക്കെ ഈ കാട് കൊടുക്കും.
കാടുണ്ടങ്കിലെ നാടുണ്ടാവൂ.

കുട്ടി നടന്ന് ക്ഷീണിച്ചോ,ത്തിരി നേരം ന്നാ ഈ പാറപ്പൊറത്തിരിക്കാം .
ഇതണ്ടോ, ഒരു ചെടീല് ചെറിയ പഴങ്ങള്‍.
ആ, അതിന് മുള്ളം പഴം ന്നാ പറയാ.
പൊട്ടിച്ചു തിന്നോളൂ ട്ടോ.
ദാ, ആ പാറയിടുക്കില്‍ കൂടി വെള്ളം വരുന്ന കണ്ടോ?
നമുക്ക് ഇത്തിരി കുടിക്കാം.

ബടെ പാമ്പുണ്ടാവോ?
ണ്ടാവും.ന്നാലും പേടിക്കണ്ട.
ചവിട്ടാതെ നോക്ക്യാ മതി.

താഴെ പാടം  കണ്ടോ?
അത് കടന്നാ നമ്മള് വീടെത്തും.

ന്താ ഈ വീടൊക്കെ ഇത്ര ചെറുത്?
പട്ട കൊണ്ടും വൈക്കോല്‍ കൊണ്ടും മേഞ്ഞ വീടാത്.
ന്താ വേലീലു വിരിച്ചിട്ടിരിക്കന്? ഈ മുണ്ട് പോലെ നിറല്ല്യല്ലോ?
അവടെ താമസിക്കണോരു പാടത്തു പണിയുന്നോരാ.
കീഴാന്നര് ന്ന് പറയും.അവര്‍ക്ക് അധികം തുണി ഒന്നും ഉണ്ടാവില്ല.
അവര് പണി കഴിഞ്ഞു വന്നു തിരുമ്പി തോരീട്ട മുണ്ടാ അത്.

നമ്മള് വീടെത്തി.
ന്തിനാ ഈ ആടു കരേന്?
ഞാന്‍ പോരുമ്പ അതിന്‍റെ കുട്ട്യേ കൂട്ടിലാക്ക്യെര്‍ന്നു.
അതിനെ കാണാഞ്ഞിട്ട് കരയാ..

ആ, ങ്ങളു വന്നോ അമ്മൂട്ട്യമ്മേ?
ഞാന്‍ നാള്യാരൊക്കെ ഇട്ടു വച്ച് ട്ടോ.
ശരി, സൈതാല്യേ.
പിന്നേയ്, പോയിട്ട് ആമിനീം, റാഫീം ഇങ്ങട് പറഞ്ഞേക്കൂ ട്ടോ.
ഇവിടെ കുട്ടിക്ക് കളിക്കാന്‍ ആരൂല്യ.


അപ്പോട്ടന്റമ്മേ,
ന്താ കുട്ടി?
ഇബടെ സ്കൂള്‍ ണ്ടോ?
ണ്ടല്ലോ.
ക്ക് ബടെ പഠിച്ചാ മതി......

അവസാനിക്കാത്ത മധുരസ്മരണകള്‍.......എന്‍റെ സ്വന്തം.








സായന്തനം.



തേഞ്ഞ പാദുകം
കുരുക്കി മെല്ലവെ,
വലിഞ്ഞു നീങ്ങുന്ന
വിരസ വാര്‍ദ്ധക്യം.

പിടക്കുന്ന
നെഞ്ചിലൊതുക്കും-
സ്സങ്കടപ്പെരുമഴ
ഗര്‍ജ്ജിച്ചടുക്കുന്നു ദ്രുതം..

നാലുനാഴിക
അകലെയാണന്ന്,
മനസ്സുറപ്പിച്ച
അഗതി മന്ദിരം.

മിഴിവാര്‍ന്ന
ബാല്യവും,
തീക്ഷ്ണ യൌവ്വന
കുതൂഹലങ്ങളും,

തെളിഞ്ഞു പൂത്തൊരാ
നിറപ്പൊലിമയും,
വന്നണഞ്ഞ ജീവിത-
ജയാപജയങ്ങളും,

മറഞ്ഞു പോയരാ
മന്ദസ്മിതപ്പൊലിമയും.
കൊരുത്തിട്ടും,
കെട്ടു പിരിഞ്ഞ ഹാരവും.

കുനിഞ്ഞ തോളിലെ
പഴംസ്സഞ്ചിയിലൊട്ടാ-
ലസ്യങ്ങളെ
മടക്കിവച്ചു-
കൊണ്ടതിരുകള്‍
താണ്ടി നടന്നകലവെ,

ഊര്‍ന്നു വീഴുന്നു
നിരാശയാകവെ,
അടച്ചു വച്ചൊരു
വ്രണിത മാനസം.

കൊതിച്ചൊരു
മിഴിക്കടാക്ഷമാര്‍ദ്രമായ് ,
തുളുമ്പി വീഴുന്നു,
വഴിയിലെമ്പാടും.......

Tuesday, May 27, 2014

ഓര്‍മ്മകള്‍.



പത്തായപ്പുരയുടെ ഒന്നാം നിലയിലെ മുറിയിലാണ് ഉറങ്ങാറ്. പുറത്ത് പൂത്തുനില്‍ക്കുന്ന പാരിജാതത്തിന്‍റെ സുഗന്ധം, തുറന്നിട്ട ജാലകത്തിലൂടെ വന്നു നിറയും.രാത്രിയില്‍ ഉണര്‍ന്നാല്‍  പുറത്തേക്ക് നോക്കാന്‍ ഭയമായിരുന്നു. നാട്ടുവെളിച്ചത്തില്‍ പുറത്തുള്ള മരങ്ങളും ചെടികളും, കാറ്റിലാടുന്ന കവുങ്ങും വാഴയും,  എന്തൊക്കെയോ രൂപങ്ങളാണെന്ന് മനസ്സ് പറയും. പിന്നെ ആകാശത്തെ മേഘത്തുണ്ടുകളില്‍ സ്വയം നിര്‍ണ്ണയിക്കുന്ന  രൂപങ്ങളും. ബാല്യത്തിന്‍റെ ആ കുതൂഹലങ്ങള്‍ മാഞ്ഞുപോകാതെ, നോവിന്‍റെ മധുരമായി ഇന്നും.............. 

Saturday, May 24, 2014

പരിണയം.



ചരടില്‍ കുരുക്കി
പടിയിറക്കി.
സ്നേഹം കൊണ്ടൊരു
വലകുരുക്കി.

ഈണം മൂളുന്നു,
പഞ്ചവര്‍ണ്ണക്കിളി.

Wednesday, May 21, 2014

പറയാന്‍.



നേര്‍വരയില്‍
അനന്തത തേടുന്ന
ഒറ്റക്കണ്ണ്‍.

വിലക്കുകളും
പാഴ്വാക്കുകളും
ജ്വലിക്കുന്നു.

കൂടണയാത്ത
അവിചാരിതമായ
നിശ്ചയങ്ങള്‍.

ആകസ്മികമായി
മുഴങ്ങുന്ന
വാചാലത.

രൂപാന്തരം പേറി
വ്യര്‍ത്ഥതയുടെ
നാനാര്‍ത്ഥങ്ങള്‍.

തിളങ്ങുന്ന സിന്ദൂരപ്പൊട്ടുള്ള
ചില പൈങ്കിളികള്‍,
പാടാറില്ല.

Monday, May 19, 2014

ഒറ്റയ്ക്ക്.



ഒരൊറ്റ മരം.
കാറ്റേറ്റ് ആടിയാടി
ഒരു പൂവ്വ്.

പാദങ്ങളില്ലാതെ
സഞ്ചരിക്കാന്‍,
പുറത്തേക്കൊരു വഴി?

Thursday, May 15, 2014

കടം.



നിബിഡ വനം പോലെ
ചിന്തകള്‍.
കടം വാങ്ങിയ
മൌനവുമായി
കാത്തിരിപ്പിന്‍റെ
കയത്തില്‍,
എപ്പോഴോ നഷ്ടമായ
ചിലമ്പൊലി.

കാരണങ്ങളെ
ഒരുക്കിയെടുത്ത്
വല നെയ്തുനെയ്ത്
നഷ്ടപ്പെടുത്താന്‍,
ഇനിയും മാച്ചെഴുതാം.....


എപ്പോഴാണി സങ്കടമഴക്ക്‌
ചിരി വന്നത്?

Thursday, May 8, 2014

അമ്മ മനസ്സ്.

മായാജാലങ്ങൾ, മാസ്മര ഭാവങ്ങൾ ഒക്കെ നിറച്ച് ചിലത് നമ്മെ മോഹിപ്പിക്കും.പവിത്രവും ആദ്രവുമായി, മാഞ്ഞുപോകാതെ പ്രയാണം തുടരും. ചില ബന്ധങ്ങൾ ചിലമ്പ്‌ കിലുക്കി മറഞ്ഞിരിക്കും.എന്നാലും അതിരുകൾ വെടിഞ്ഞ്, വാത്സല്യത്തണലൊരുക്കുന്നു  അമ്മ മനസ്സ്.   

നിഴല്‍.


മങ്ങിയ ചിത്രം പോലെ
കുതൂഹലമായി,    
ഒരു നിഴല്‍.


ഓടക്കുഴല്‍ പോലൊരു
മനസ്സുമായി,
ചിതറി ഓടാത്ത
രാഗങ്ങള്‍.


തീര്‍ത്ഥജലം തളിക്കാന്‍
ചേതനയുടെ മിഴിവുമായി,
അനാമിക.


കേള്‍ക്കാതിരിക്കാന്‍
ഉറക്കെപ്പറഞ്ഞതെന്താവും?  

Thursday, May 1, 2014

തീര്‍ച്ച.




വേലി തടസ്സമാകാതെ
തലനീട്ടി ഒരു കുഞ്ഞിപ്പൂ.

പാറിപ്പറന്ന് കുശലം ചോദിച്ച്
ഒരു കുഞ്ഞിക്കിളി.

കടം കഥ പറയാന്‍
അരൂപിയായി
നാളെ  ആരോ വിരുന്നെത്തും,
തീര്‍ച്ച.

Monday, April 28, 2014

വെറുതെ.



എകാന്തതക്ക്‌ മുക്കണ്ണ്‍.
വാചാലമായ ചെഞ്ചുണ്ടും.
നിലവറയിലെ പാഴ്വാക്കുകള്‍
മുക്തി നേടുമ്പോള്‍,
നിലയില്ലാക്കയത്തില്‍
നീലത്താമര വിരിയും.

വെറുതെ കാത്തിരിക്കാന്‍
നാളത്തെ പ്രഭാതം.

Thursday, April 24, 2014

ദൂരം.



നിറമിഴിയില്‍ ഒരു വസന്തമുണ്ട്.
വീണു ചിതറാന്‍ ഒരു മോഹവും.
നടന്നകലും തോറും വിരക്തിയുടെ
കുട നിവര്‍ത്തുന്നു, ധാരണകള്‍.

നിര്‍ണ്ണയങ്ങളുടെ മണ്‍പുറ്റുകളില്‍
ഒരു പടുതിരി കൊളുത്തി
വലംവച്ച് പിന്‍ തിരിയാന്‍,
നീണ്ട പാതയില്‍ ഇടവഴികളില്ല.

പുലരിയിലേക്ക് നടന്നു കയറാന്‍,
ഇനിയൊരു ചക്രവാള ദൂരം..

ചിലത്

വേനലിലും അരക്കൊപ്പം തെളിനീരുമായി അനേകം ജീവജാലങ്ങള്‍ക്ക് കനിവേകി പഞ്ചാരമണലിന്‍റെ തിളക്കവുമായി ഒരു ജനതയുടെ പുണ്യമായി ഉണ്ടായിരുന്നു, അതി മനോഹരിയായ ഒരു പുഴ. ഇന്ന് മൃത്യുവിന്‍റെ പടിവാതിലില്‍ നിസ്സഹായയായി, എന്‍റെ ബാല്യകൌമാര യൌവ്വനങ്ങള്‍ക്ക് സാക്ഷിയായ നിള.....പിന്നെ വര്‍ഷം മുഴുവന്‍ പച്ചപ്പുമായി കനിവേകിയ പാടം നികത്തി ഉയരുന്ന കെട്ടിടങ്ങള്‍, കൂട്ടത്തില്‍ സ്നേഹരാഹിത്യം നെഞ്ചിലേറ്റി കുറച്ചു മനുഷ്യരും....കാത്തു വക്കണം ചിലത്, ഇനിയും വൈകിയിട്ടില്ല.

Sunday, April 20, 2014

പറയാതെ.



അറിയാതിരിക്കരുത് എന്ന് പറയാതെ പറഞ്ഞ്,  വിടര്‍ന്ന കണ്ണുകള്‍ ചിമ്മി, ഒരു മോഹച്ചിന്ത്. ഇപ്പോള്‍ നിഴലുകള്‍ ഉറക്കെയുറക്കെ ഓര്‍മ്മകള്‍ അയവിറക്കുന്നു.

Friday, April 18, 2014

കാറ്റ്.



നിറയുന്ന നിന്‍റെ 
മിഴി മുത്തുകള്‍ 
പതുക്കെ പതുക്കെ 
ഒപ്പിയെടുക്കാന്‍, 
ഒരു കാറ്റ് വീശണം.
പോയ്മറയുമ്പോള്‍, 
മറന്നുവച്ച സ്വപ്നം 
പകരം തന്ന്, ഞാനും.......

Tuesday, April 8, 2014

നാടകം

ജൽപ്പനങ്ങൾ
തെറ്റിദ്ധാരണ
പഴി ചാരൽ
പതം പറച്ചിൽ.
ഒക്കെയും
സുരക്ഷിതമായി
വലയിലാക്കി.

ഇനി നാടകം തുടങ്ങാം.

Thursday, April 3, 2014

പ്രതികരണം

നല്ലൊരു ശതമാനം മനുഷ്യര്‍ അനീതി കണ്ടു നില്‍ക്കുന്നു. പിന്നെ സൌകര്യംപോലെ ചര്‍ച്ച ചെയ്യുന്നു. നിഷ്ക്രിയത്വത്തിന്‍റെ മേലാപ്പണിഞ്ഞ മനസ്സുകള്‍ നിര്‍വ്വികാരമായി നിലകൊള്ളുമ്പോള്‍, പ്രതികരണ ശക്തിയേകാന്‍, എന്തിനെയാണ് നാം നിരന്തരം തേടി അലയേണ്ടത്?

Wednesday, April 2, 2014

എന്ത്?



കരിയില കൊണ്ട് കുട പിടിച്ചില്ല.
എന്നിട്ടും മണ്ണാങ്കട്ട
എന്തേ നനയാഞ്ഞ്?

Tuesday, April 1, 2014

ഓര്‍ത്തു വക്കാന്‍.



എകാന്തതക്ക്‌ നേരമ്പോക്കാന്‍,  കയറ്റിറക്കങ്ങളുടെ ആരവമില്ലാത്ത,
അടച്ചുറപ്പില്ലാത്ത മുറി പണിതു നല്‍കണം. മണ്‍ചുവരിലെ ദ്വാരത്തില്‍ മനസ്സ് ഒളിച്ചിരുന്നോട്ടെ.

Friday, March 28, 2014

പെയ്യാത്ത മഴ.



മറവി പുതച്ച ഓര്‍മ്മകളുടെ
ദലമര്‍മ്മരങ്ങള്‍  
നിശ്ശബ്ദമായ വിലാപങ്ങളായി  
പതം പറയുമ്പോള്‍, 

വരണ്ടുണങ്ങിയ ഭൂമിയെ 
കുളിരണിയിക്കാന്‍,
വാടിക്കരിഞ്ഞ മരച്ചില്ലയെ 
തളിരണിയിക്കാന്‍,
അവിചാരിതമായി 
വന്നണയുന്ന നീലമേഘമായ്
എതസുലഭ നിമിഷത്തിലാണ് 
നീ എന്നിലൊളിച്ചത്?

വേനല്‍ മഴ തകര്‍ത്തു പെയ്യാതെ
അരക്കൊപ്പം വെള്ളത്തില്‍ ഞാന്‍......

Thursday, March 27, 2014

വേനല്‍.


അകം പൊള്ളാതിരിക്കാന്‍,
കനല് വിഴുങ്ങി,
കണ്ണടച്ച് കഥയോര്‍ത്ത്, വേനല്‍.
മഴ വരുമോ?

Wednesday, March 26, 2014

അവളുടെ യാത്ര


മാളികയുടെ നാല്‍പ്പത്തി രണ്ടാം നിലയിലെ
ചാര നിറത്തിലുള്ള ജനല്‍ പാളിയിലൂടെ
ചുവന്ന പക്ഷി വന്നു വിളിച്ചപ്പോള്‍,
ഒരു പൊട്ട് ആകാശവും
ഒരാഹ്ലാദത്തുണ്ടും മുറുകെ പിടിച്ച്
ഒഴുകിയിറങ്ങുമ്പോള്‍,
അവള്‍ക്കൊപ്പം മഴയുമുണ്ടായിരുന്നു.

Saturday, March 22, 2014

നിലാക്കാഴ്ച.




വിചാരങ്ങളും പ്രതീക്ഷകളും ചങ്ങാത്തം കൂടിയ നട്ടുച്ചക്കാണ്, തിളക്കമുള്ള അമ്പിളി ആരും കാണാതെ എന്നെ തേടി വന്നത്. പിന്നെ സൂക്ഷിച്ചു നോക്കി നോക്കി, മുറിയിലാകെ നിലാവ് നിറച്ച് ഒന്നും മിണ്ടാതെ അകന്നുപോയപ്പോഴാണ്, എന്‍റെ നീലാകാശം മേഘാവൃതമായത്. ഇപ്പോള്‍ മഴയില്‍ നനഞ്ഞ് ഞാന്‍.

Thursday, March 20, 2014

സംശയം.


ജാലകത്തിനടുത്ത് നിരനിരയായി കെട്ടിടങ്ങള്‍. ഒരരുകിലൂടെ തലനീട്ടി ഒരാല്‍മരം.നൃത്തം ചെയ്യുന്ന ഇലകള്‍ക്കിടയിലൂടെ നീലാകാശത്തിന്‍റെ തിരനോട്ടം. അതിനുമപ്പുറത്ത്‌ ഒളിച്ചുവച്ച എന്‍റെ മനസ്സ് കൊത്തിയെടുത്ത്, ചിറകു തളരാതെ എങ്ങോട്ടാണ് നീ പറന്നുപറന്നു മറഞ്ഞു പോയത്?

Sunday, March 16, 2014

എന്‍റെതു മാത്രം


വാതായനങ്ങള്‍ അടഞ്ഞു തന്നെ കിടന്നു.
ചിരാതുകള്‍ കെടുത്തി, 
 സാലഭഞ്ജികകള്‍  മൌനത്തിലും.
ഉപാധികള്‍ സ്വപ്നങ്ങള്‍ക്ക് 
അതിരുകള്‍ മിനുക്കി.
വര്‍ണ്ണങ്ങള്‍ നിറമില്ലായ്മയില്‍ 
ലയിച്ചു ചേര്‍ന്നു.
മേഘങ്ങള്‍ യാത്രയിലും.
പ്രഭാതം ഊര്‍ന്നു വീണത്‌
ഇഴപിരിച്ച സ്വപ്നങ്ങളും 
തേങ്ങലുകളുമായി.
പുനര്‍ജ്ജെനിയുടെ കവാടത്തില്‍
പ്രയാണം മറന്ന പാദുകങ്ങള്‍.
പെരും തുടി കൊട്ടി തിന്മയെ ധ്വംസിച്ച്,
ഒരു ചടുല നൃത്തം....
പിന്നെ മഹാശാന്തം.
ഈ പലായനം നേരിന്‍റെ നന്‍മ ചികയാന്‍.
അകലത്തെ അമ്പിളി
അതെന്ടേതു മാത്രം.....നിലാവും. 

Thursday, March 6, 2014

എന്തോ ഒന്ന്.



സന്ധ്യക്കും രാത്രിക്കും ഇടയിലെ ആ എന്തോ ഒന്നിന്‍റെ നിഴലാട്ടം,  മോഹിക്കാഞ്ഞിട്ടും എന്നെ ചുറ്റി വരിയുന്നു. പിന്നിലൊളിക്കുന്ന  നിഴലിന്‍റെ കുസൃതി, ഒറ്റക്കണ്ണിന്‍റെ സങ്കീര്‍ണ്ണതയില്‍ മാഞ്ഞുപോയിരിക്കുന്നു.ചിലപ്പോള്‍ ചിലത് അങ്ങിനെയാണ്.

Wednesday, March 5, 2014

മാതൃത്വം.

 ഓരോ സ്ത്രീക്കും പ്രകൃതി കനിഞ്ഞു നല്‍കിയ മഹത്തരമായ അവസ്ഥയാണ് മാതൃത്വം.അന്തര്‍ലീനമായിട്ടുള്ള ഈ ഭാവം, പ്രസവിക്കാത്ത സ്ത്രീയേയും മനസ്സ് കൊണ്ട് അമ്മയാകുവാന്‍ . പ്രാപ്തയാക്കുന്നു.ഉപമിക്കാനാകാത്ത പ്രതിഭാസമാണ് അമ്മ.ത്യാഗവും വാത്സല്യവും പിന്നെ നന്മയിലേക്കുള്ള വഴി നടത്തലും.....  വാര്‍ദ്ധക്യത്തില്‍ ഒരു തണലായി, തുണയായി ഏതു പരിതസ്ഥിതിയിലും മക്കളുടെ സാമീപ്യം അമ്മമാരും കൊതിക്കുന്നുണ്ടാകില്ലേ? ഈ തോന്നലുളവാക്കാന്‍, ഈ വായനക്ക് സാധ്യമാകട്ടെ.

Saturday, March 1, 2014

മഴ.....



ചാരിയ വാതില്‍ പതുക്കെ തുറന്ന്, രാഗാദ്രമായ സംഗീതവും, പുതുമണ്ണിന്‍റെ മണവും കുളിരുമായി വേനല്‍ മഴ എന്നെ പുണരുന്നു. അനിര്‍വചനീയമായ ആഹ്ലാദത്തില്‍ മുഴുകി ഞാനും. ചുറ്റും അനവധി പൂക്കള്‍ വിരിയും പോലെ........:)

Thursday, February 27, 2014

ഒളിച്ചിരുന്ന ചിലത്.



ഇളനീരും,കൂവളയിലയും നാവിലൊരായിരം സംശയങ്ങളുമായി പാടവരമ്പിലൂടെ അമ്പലത്തിലേക്ക് ഒരു യാത്ര.തിരിച്ചെത്തി ഉണക്കി സൂക്ഷിച്ചിരുന്ന ചാണക ഉരുളകള്‍ കത്തിച്ചു ഭസ്മം ഉണ്ടാക്കല്‍. ഇന്നിതാ മനസ്സില്‍ ഒളിച്ചിരുന്ന ഓര്‍മ്മകള്‍ എന്നെയും പിന്നിലാക്കി നടന്ന് പോകുന്നു.

Thursday, January 30, 2014

അവിരാമം.


അതി മനോഹരമാണ് ഭൂമി.
അതിലെ മനുഷ്യരുടെ മനസ്സുകള്‍,
വിചിത്രവും വ്യത്യസ്തവും.
ഓടിമറഞ്ഞ ദിനങ്ങളുടെ
നന്മതിന്മകളും മധുരവും,
ഒരോരത്തു പകുത്തുവക്കാം.
വരും ദിനങ്ങള്‍ ആഹ്ലാദവും,
പ്രതീക്ഷകളും കൊണ്ടു നിറക്കാം.
അപചയങ്ങളും അര്‍ത്ഥശൂന്യതയും
ആപേക്ഷികമെന്ന് നിനക്കാം.
തീരം തേടുന്ന തിരപോലെ,
മനസ്സിനെ ത്വരിതപ്പെടുത്താം.
വാടാമലരുകള്‍ സ്വന്തമാക്കാന്‍,
ചിന്തയുടെ തിരിനാളം ജ്വലിപ്പിക്കട്ടെ.



Friday, January 24, 2014

പന്തല്‍



സങ്കടങ്ങള്‍ക്ക് രാപ്പാര്‍ക്കാന്‍,
പൂഴിമണ്ണില്‍,
കാറ്റിന് പിഴുതെറിയാനാവാത്ത,
ഒരു പന്തലിടണം.
ഓര്‍മ്മയുടെ തിളക്കംകൊണ്ട്
കാലുകള്‍ നാട്ടണം.
നേര്‍ത്ത ഇഷ്ടത്തിന്‍റെ
നുള്ളുകള്‍ കൊണ്ട്
അലങ്കരിക്കാം.
ആടിയുലയുന്ന തണലില്‍
പുറം തിരിഞ്ഞ്, ആരോ.....

മുഖം പൊത്തിക്കരഞ്ഞ്,
ഞാനും..........