Tuesday, December 31, 2013

അറിയാന്‍.



പുറത്ത് ആര്‍ത്തുല്ലസിച്ച്, യുവത്വം ത്രസിക്കുകയാണ്. രണ്ടായിരത്തി പതിനാല്, എന്തൊക്കെ അത്ഭുതങ്ങളാവും ഒളിച്ചു വച്ചിരിക്കുക? ഞാനും കാത്തിരിക്കുന്നു.......

Friday, December 27, 2013

എന്തിന്

ഉപബോധമനസ്സിൻറെ ഉദ്ബോധനം,  മറഞ്ഞിരിക്കുന്ന ആകുലതകളകറ്റി ആശ്രയം നൽകുന്നു. ഉദിച്ചുയരുന്ന അർക്കനെപ്പോലെ, ചിന്തകളെ ഉദ്ദീപിപ്പിക്കുന്നു. പ്രലോഭനങ്ങൾക്ക് വശംവദമാകുന്ന മനസ്സിൽ, സ്ഥൈര്യം നിറക്കുന്നു. ഇലയുടെ പച്ചപ്പ്‌ ഒട്ടും അവശേഷിപ്പിക്കാതെ, ഒരു വിളിപ്പാടകലെ മരം പൂത്തുലഞ്ഞിരിക്കുന്നു. അന്തമില്ലാതെ അലയുന്ന മനസ്സേ, അർത്ഥരഹിതമായ മൗനത്തിൻറെ ഇരുട്ടുകൊണ്ട് സ്വയം പുതപ്പിക്കുന്നതെന്തിന്?

Monday, December 23, 2013

നവം.



ശ്രേഷ്ഠമായ ചിന്തകള്‍, ചിലപ്പോള്‍ ചില അതിരുകളില്‍ നാമാവശേഷമാകുമ്പോള്‍, മാനവീകതക്ക് മുറിവേല്‍ക്കുന്നു. കപടതയുടെ നിറക്കാഴ്ചകള്‍ വിഫലവും നിഷ്ഫലവും എന്നറിയുമ്പോള്‍, നേര്‍വഴികള്‍ തെളിയാന്‍ തുടങ്ങുന്നു. മറന്നു വച്ച, മങ്ങിത്തുടങ്ങിയ ഉള്‍വെളിച്ചം തെളിഞ്ഞു കത്തുമ്പോള്‍, മനുഷ്യത്വം മഹനീയമാകുന്നു.  

Thursday, December 19, 2013

പുതുമ.



ഇനിയും തെളിഞ്ഞു ശോഭിക്കാന്‍,
ആഴിയുടെ അപാരതയില്‍ ആണ്ടുമുങ്ങി,
പുതുമയുടെ മുഖപടമണിഞ്ഞ്,
വീണ്ടും സൂര്യനുദിക്കും.
നിറമുള്ള പുത്തനണിഞ്ഞ്,
തീവ്രമായ ഭാവവും
അഭിനിവേശങ്ങളും,
മഷിയെഴുതിയ മിഴികളുമായി
വെറുതെ കാത്തിരിക്കാന്‍,
ദൂരെ പ്രതീക്ഷയുടെ മോഹക്കൊട്ടാരം......


ചില വാതിലുകള്‍
പാതി ചാരിയത്, ആരാവും?

Monday, December 9, 2013

താലിയും സിന്ദൂരവും.

ഒരു താലിയിലോ, സിന്ദൂര രേഖയിലണിയുന്ന സിന്ദൂരത്തിലോ മാത്രമാണ് ഒരു വിവാഹം മാനിക്കപ്പെടെണ്ടതും സുരക്ഷിതവും എന്ന് തോന്നുന്നില്ല. സ്നേഹവും, വിട്ടുവീഴ്ചയും, ത്യാഗവും, പിന്നെ ഇത്തിരി പരസ്പര ബഹുമാനവും കരുതലും, പുതുതായി ജീവിതത്തിലേക്ക് കാലൂന്നുന്ന, രണ്ട് വ്യത്യസ്ത സാഹചര്യത്തില്‍ വളര്‍ന്ന വ്യക്തികളുടെ ജീവിതം ഊഷ്മളമാക്കാന്‍ ആവശ്യമായ സംഗതികളാണ്.

മാറിയ ലോകത്ത്‌ സ്വന്തം ഇഷ്ടങ്ങള്‍ക്ക് ഇത്തിരിയെങ്കിലും വില കൊടുക്കാന്‍ ഓരോരുത്തര്‍ക്കും സാധ്യമാകട്ടെ. അണിയുന്നതിന്‍റെ ഇഷ്ടവും അവകാശവും സ്വയം നിര്‍ണ്ണയിക്കുന്നതാണ് അഭികാമ്യം.