Saturday, October 13, 2012

പള്ളം എന്റെ നാട്



ത്രിശൂര്‍ ജില്ലയുടെ അതിരായി, ചെറുതുരുത്തിക്കടുത്ത് ദേശമംഗലം വില്ലേജില്‍,            ഭാരതപ്പുഴയോരത്തെ പ്രകൃതി രമണീയമായ പള്ളമാണ് എന്റെ  സ്വദേശം.

അമ്പലത്തിലെ സുപ്രഭാതവും,പള്ളിയിലെ വാങ്ക് വിളിയും കേട്ടാണ് ഞങ്ങളുടെ പ്രഭാതങ്ങള്‍ പൊട്ടി വിടരുക.അനേകം ജീവജാലങ്ങളും പക്ഷികളും നിവസിക്കുന്ന ചെറിയ വനപ്രദേശമാണ് ഒരു ഭാഗം. മറുഭാഗത്ത് നിള പരന്നൊഴുകുന്നു. ഇന്നും അവിടെ പച്ചപ്പരവതാനി വിരിച്ചപോലെ നെല്‍പാടങ്ങളണ്ട്.പുഞ്ചക്കൊയ്ത്തിന്‌  സമയമാകുമ്പോളേക്ക് പാടം സ്വര്‍ണ്ണനിറമാര്‍ന്നു കിടക്കും.ട്രാക്ടറുകള്‍ വന്നതോടെ കന്ന്പൂട്ട്‌ പാട്ടുകള്‍ വിസ്മൃതിയിലാണ്ടു പോയിരിക്കുന്നു.കിഴക്ക് നിന്നു കലാമണ്‍ഡലത്തെ തഴുകിയെത്തുന്ന കാറ്റ് ഞങ്ങളുടെ ഗ്രാമത്തെയും കടന്നു പോകും. പ്രകൃതിഭംഗി കനിഞ്ഞു നല്‍കിയിരിക്കുന്ന പള്ളം കടവ് സിനിമക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്. കാലവര്‍ഷത്തിന്റെ ആര്‍ഭാടത്തില്‍ പുഴ പാടത്തേക്കു കടന്നു കയറി മനക്കുറ്റി അമ്പലമുറ്റം വരെ എത്തി നിന്നു സംഭ്രമിപ്പിക്കും. പിന്നെ വേനല  രൂതിയില്‍ വറ്റിവരണ്ടു ഒരു കണ്ണുനീര്‍ ചാലുപോലെയായി ഞങ്ങളെ സങ്കടപെടുത്തും. .
ഇലഞ്ഞിപൂക്കള്‍ പൂക്കളം തീര്‍ത്ത കൊച്ചു ഇടവഴികളില്‍ വിടര്‍ന്ന നിശ്ശബ്ദ പ്രണയങ്ങളില്‍ ചിലതെങ്കിലും ആരോരുമറിയാതെ ഞെട്ടറ്റു വീണ്‌ടയുന്നതും ഈ ആറ്റിരമ്പില്‍ തന്നെ.ഇളം കാറ്റുകൊണ്ട്, പാടവരമ്പത്തിരുന്നു, എത്രയെത്ര സ്വപ്നങ്ങളാണ് ഞങ്ങള്‍ നെയ്തു കൂട്ടിയത്.തെളിഞ്ഞ ആകാശത്തെ കൊച്ചു കൊച്ചു മേഘപാളികളില്‍ സുക്ഷിച്ചു നോക്കി നോക്കി,ഇഷ്ട രൂപങ്ങള്‍ നിനച്ചെടുത്ത് മണിക്കുറുകളോളം സ്വയം മറന്നിരിക്കും.
കുടുംബം പുലര്‍ത്താന്‍ ജോലി തേടി ഇവിടത്തെ ചെറുപ്പക്കാര്‍, ആദ്യം മദ്രാസിലേക്കും, ബോംബെയിലേക്കും പിന്നെ ഗള്‍ഫ്‌ രാജ്യങ്ങളിലേക്കും പോകാന്‍ പുഴ കടന്ന്  ഷൊര്‍ണൂരിലെ തീവണ്ടി ആപ്പിസിലേക്ക്‌ വണ്ടി കയറാന്‍ പോയി.നാലുകെട്ടുകളും,ഓലപ്പുരകളും പതുക്കെ കോണ്‍ക്രീറ്റ് ഭവനങ്ങളായി രൂപാന്തരം പ്രാപിച്ചു തുടങ്ങി. കനാല്‍ വരമ്പത്ത് കൂടി വാഹനങ്ങള്‍ അനുസ്വുതം  ഒഴുകി.
ഗ്രാമത്തിലെ ഉത്സവങ്ങളും വിശേഷപ്പെട്ടവയാണ്.വേല മുളയിട്ടു കഴിഞ്ഞാല്‍,ദേവിയുടെ പ്രതിപുരുഷന്മാരായി എത്തിച്ചേരുന്ന പൂതനെയും തിറയെയും നിറഞ്ഞ ഭക്തിയോടെ നെല്ലും അരിയും നിലവിളക്കും വച്ച് ഓരോ വീട്ടുകാരും വരവേല്‍ക്കുന്നു. പിറകെ കൂടുന്ന ബാലസഖ്യത്തിന്റെ അകമ്പടിയോടെ ഓരോ വീട്ടിലും പൂതന്‍ കയറിയിറങ്ങും.പള്ളം ജാറം നേര്‍ച്ചയാണ് ഗ്രാമത്തിലെ മറ്റൊരു വിശേഷപെട്ട ഉത്സവം.
തിരുവാതിരയ്ക്ക്,മകയിരത്തിന്‍ നാള്‍ രാത്രി, മുത്തെയ്മയും, കാലനും, ചോഴികളും കൂടി പടി കടന്ന് വന്നു ആടിപ്പാടും. കമ്പിളി പുതച്ച് ഉലക്ക ആയുധമാക്കിയ ദീര്‍ഘകായനായ കാലനെ പേടിച്ച് കുട്ടികള്‍ വാതില്‍ പുറകില്‍ ഒളിച്ചു നില്‍ക്കും. നോമ്പ് നോറ്റ് പുത്തനുടുത്ത് ഇലക്കുറിയണിഞ്ഞു, കുംങ്കുമപ്പൊട്ടുതൊട്ട്, നവവധു പുത്തിരുവാതിര ആഘോഷിക്കാന്‍ ആകാംഷയോടെ പ്രിയതമന് വേണ്ടി കാത്തിരിക്കും.
മുല്ലക്കലെ വലിയ ആല്‍മരത്തിലെ സുന്ദരനായ ഗന്ധര്‍വന്‍,പുഴയില്‍ കുളിക്കാന്‍ പോകുന്ന കന്യകമാരെ കടക്കണ്ണ്‍  എറിഞ്ഞു മോഹിപ്പിക്കും.വെള്ള മുണ്ടും ഷര്‍ട്ടും, കഷ്ത്ത് കാലന്‍ കുടയുമായി പാടവരമ്പത്ത് കുടി കല്യാണാലോചനക്കാര്‍ പടികയറി വരുമ്പോള്‍, വടക്കേ വാതില്‍ തുറന്ന് വെപ്രാളത്തോടെ, ചായപ്പൊടിയും പഞ്ചാരയും പൊതിഞ്ഞെടുക്കാന്‍ അയല്‍ക്കാരി ഓടിപ്പാഞ്ഞെത്തുന്നതിലും ഞങ്ങള്‍ പുതുമ കാണാറില്ല.
പള്ളത്തിന്റെ സ്വന്തം, ദിവംഗതനായ കുഞ്ഞാമു ഹാജി, സന്‍മനസ്സും സല്‍പ്രവൃത്തികളും കൊണ്ടട് ഇന്നും മറക്കാനാവാത്ത വ്യക്തിത്വമായി,ബഹുമാന്യനായി ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നു.പള്ളത്തെ സംഭവ വികാസങ്ങളെ നിരീക്ഷിച്ചു കൊണ്ട് പ്രിയംകരനായ കാദരിക്കയും.
ശിഷ്യ സമ്പത്ത് കൊണ്ടട് സമ്പന്നയായ, ഏറെക്കാലം ദേശമംഗലം സ്കൂളില്‍ അദ്ധ്യാപികയായി വിരമിച്ച സരോജിനി ടീച്ചര്‍,ആതുര സേവനത്തിന്‌ രാഷ്ട്രപതിയുടെ വിശിഷ്ട്ടസേവാമെഡലിന്  അര്‍ഹയായി, ഞങ്ങളുടെ അഭിമാനമായ ലഫ്നന്റ്റ് കേണല്‍ ചന്ദ്ര കരുമാങ്കുഴി, ശുദ്ധമനസ്ക്കനായ കുഞ്ഞമ്മാന്‍, സ്നേഹവും, സഹായമനസ്ഥിതിയും ലേശം കുറുമ്പുമായി, പടിയിറങ്ങി വരുന്ന അപ്പുഏട്ടന്‍, മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയ സത്യം മരിക്കും വരെ ഉള്‍ക്കൊള്ളാന്‍ വിസമ്മതിച്ച് "കൃഷ്ണാ, ഗുരുവായുരപ്പാ,എന്ത് നിര്മിതാസ്യ ഈ കുട്ട്യോള് പറേണ്'' എന്നാക്രോശിച്ച അമ്മിണി ഏടത്തി. കലാവാസനയും ചിത്രകലയില്‍ പ്രാവീണ്യവും ഉണ്ടായിട്ടും ഗ്രാമീണനായി തുടര്‍ന്ന കുമാരന്‍. പിന്നെ പള്ളത്തെ ഖബറില്‍ കിടന്ന്, ഇന്നും എല്ലാവരെയും കളങ്കമില്ലാതെ സ്നേഹിച്ചുകൊണ്ട്, ഒരു വെള്ളാരം തുമ്പിയായി ഞങ്ങള്‍ക്ക് ചുറ്റും പറന്ന് നടക്കുന്ന പ്രിയപ്പെട്ട എന്ത്യ്യന്‍ മുത്താപ്ല. പച്ച നിറമുള്ള മണ്ണെണ്ണ കുപ്പിയുടെ കഴുത്തില്‍ കെട്ടിയ ചരട് പെരുവിരലില്‍ ചുറ്റി, പണിമാറ്റി, അന്തിക്കിത്തിരി മോന്തി, നിശ്ശബ്ദനായി, കനാല്‍ വരമ്പത്ത് കൂടി വീടണയുന്ന അയ്യപ്പനും ഒരു നിത്യ കാഴ്ച തന്നെ.വിറകു കീരുന്നതിനിടയില്‍ നാടന്‍ വിശേഷങ്ങളൊക്കെ രസകരമായി അവതരിപ്പിക്കുന്ന അബ്ദു. "മേലെ മാനത്തെ നീലിപുലയിക്ക് മഴ പെയ്താല്‍ ചോരുന്ന വീട്" എന്ന പാട്ട് കേട്ട്, "ന്‍റെ കുട്ടി,ന്റെ  സ്ഥിതിയും ഇപ്പൊ അതെന്നെ" എന്ന് വിലപിച്ച നീലിയും ഞങ്ങളിലൊരാള്‍ മാത്രം. ഇഷ്ട്ടികക്കളങ്ങളില്‍ പണിയെടുത്ത് ജാനുവും ശങ്കരനും, നൊമ്പരങ്ങളും ആത്മഹര്‍ഷങ്ങളും പങ്കുവച്ചു.ഗള്‍ഫ്‌ പണത്തിന്റെ  സമൃദ്ധിയിലും ചുവട് മറക്കാതെ കുഞ്ഞാന്‍ മാപ്പിള തന്റെ  നിഗമനങ്ങളുമായി ഞങ്ങളെ തേടിയെത്തി.ആകസ്മികമായി, അകാലത്തില്‍ വേര്‍പിരിഞ്ഞു പോയ പ്രിയപ്പെ  ട്ടവരെ ഓര്‍ത്ത് ഒന്നിച്ചിരുന്നു കരഞ്ഞു.
വൃശ്ചികക്കാറ്റിന്റെ  സുഭിക്ഷതയില്‍ പാടത്ത് നിന്ന് ഓട മുറിച്ചു പമ്പരമുണ്ടാക്കി കുട്ടികള്‍ കളിച്ചു തിമര്‍ക്കുന്നതിന്റെ ചേലോന്നു വേറെത്തന്നെ.പതുക്കെ ഞങ്ങളുടെ ഗ്രാമത്തിലും മാറ്റത്തിന്റെ  കാറ്റൊഴുകി വന്നെങ്കിലും പള്ളത്തിന്റെ ഗ്രാമീണത്തനിമയും സാഹോദര്യവും എന്നുമുണ്ട്ടാകട്ടെ എന്നാണെന്‍പ്രാര്‍ത്ഥന.

No comments:

Post a Comment