Thursday, December 27, 2012

ആതിര

ഇന്നലെ തെല്ലു പരിഭവത്തോടെ, ഈ പൂന്തോട്ട നഗരത്തിലേക്ക് എന്നെയും തേടി ആതിര ഒഴുകിയെത്തി. സ്വപ്നങ്ങളുടെ സിംഹാസനത്തില്‍ പിടിച്ചിരുത്തി ചേര്‍ത്തണച്ചു. പിന്നെ മൊഴിഞ്ഞു, "ഇന്ന് തിരുവാതിര."

Friday, December 21, 2012

സ്ത്രീത്വം.

സ്ത്രീകള്‍ സ്വന്തം ശക്തിയും ചൈതന്യവും ഊതിക്കാച്ചിയെടുത്തു അടരാടുകയും പ്രതികരിക്കുകയും വേണം.സമയം അതിക്രമിച്ചിരിക്കുന്നു.......വില്‍പ്പനച്ചരക്കല്ല, സ്ത്രീത്വം.

Wednesday, December 19, 2012

ഉദ്യാനനഗരവും ഞാനും.


ഓര്‍മ്മകള്‍ നൃത്തം ചെയ്യുന്ന,പ്രവാസ ജീവിതം ഒരുപാട് വര്‍ണ്ണ ചിത്രങ്ങള്‍ വരച്ചിട്ട മനസ്സുമായി എന്റെ പ്രിയപ്പെട്ട ഉദ്യാനനഗരത്തെ കുറിച്ചെഴുതട്ടെ ഞാന്‍..
വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒരു വെളുപ്പാന്‍ കാലത്ത് തീവണ്ടി ഇറങ്ങുമ്പോള്‍, ഈ നാട് ഒരു മഹാനഗരത്തിന്റെ കടുത്ത നിറം എടുത്തണിയാതെ, മഞ്ഞു പുതച്ച് മയങ്ങി കിടന്നു .നിറയെ പൂത്തുലഞ്ഞു, നിഴല്‍ വിരിച്ചു മരങ്ങള്‍ക്കിടയിലെ, ആളൊഴിഞ്ഞ പാതയിലുടെ താമസ സ്ഥലത്തേക്കുള്ള പ്രയാണം എത്ര സംമ്മോഹനമായിരുന്നു....മിതശീതോഷ്ണാവസ്ഥ             നിലനിന്നിരുന്ന,ബഹളമില്ലാത്ത,സ്വച്ഛമായ പരിസരവും,സൌഹൃദ മനോഭാവത്തോടെ ഇടപഴകുന്ന വിശാല മനസ്കരായ തദ്ദേശിയരും ഈ നഗരത്തെ വേറിട്ടതാക്കി. യാഥാസ്ഥികവും തത്വാധിഷ്ടിതവുമായ ജീവിത രീതികള്‍ അവലംബിച്ച് വരുന്ന ഇവിടത്തുകാരുടെ മനസ്സ് പ്രവാസികള്‍ക്ക് അഭയമേകി.ആഥിത്യമര്യാദയും, സഹിഷ്ണുതയും കന്നഡികരെ വേറിട്ടു നിര്‍ത്തുന്നു.
ബംഗലുരുവിലെ നിരവധി സ്ഥാപനങ്ങള്‍ പ്രവാസികള്‍ക്ക് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഉപാധിയായി. തദ്ദേശിയരേക്കാള്‍ സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കി,വളര്‍ച്ചയുടെ പടവുകള്‍ കയറാനായതും ഈ നഗരത്തിന്റെ സൌമനസ്യം. ഒരു ചായ രണ്ടായി പകുത്തു വിളമ്പുന്ന (ബൈ ടു) വേറിട്ട കാഴ്ചയും ഈ നാടിന്റെ സ്വന്തം.അനന്യ മനോഹരങ്ങളായ ഉദ്യാനങ്ങളും, പ്രശസ്തമായ കമ്പനികളും ഈ നഗരത്തെ ആഗോള പ്രശസ്തമാക്കി.എണ്ണമില്ലാതെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വൃക്ഷങ്ങളും,വിവിധങ്ങളായ മനോഹര പുഷ്പങ്ങളും, ലതകളും എഴകിന്റെ ചാരുത നിറയ്ക്കും.പേരെടുത്ത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പഠനം മികവുറ്റതാക്കി. നഗരം വളര്‍ച്ചയുടെ പാതയില്‍ മുന്നേറി കൊണ്ടിരിക്കുന്നു. പടര്‍ന്നു കിടന്നിരുന്ന നഗരത്തിലിപ്പോള്‍ അംബരചുംബികളായ കെട്ടിടങ്ങള്‍.എങ്ങും. ജോലിസാദ്ധ്യതകള്‍ വര്‍ദ്ധിച്ചതും, നൂതന ഫാഷന്‍ വസ്ത്രങ്ങള്‍ നിറഞ്ഞ മാളുകളും, ഹാങ്ങൌട്ടുകളും യുവാക്കളുടെ ലോകം മാസ്മരികവും വര്‍ണ്ണ  ശബളവുമാക്കുന്നു.മെട്രൊ റയില്‍, നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒട്ടെങ്കിലും ശമനം നല്‍കുന്നു.   

മലയാളി സംഘടനകള്‍ മികവാര്‍ന്ന രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. സാഹിത്യ, സാംസ്കാരിക,സാമുഹ്യ ചര്‍ച്ചകളും,കാരുണ്യ പ്രവര്‍ത്തനങ്ങളും സജീവമാണ്.എഴുത്തും വായനയും അന്യമാകാതെ നിര്‍വഹിക്കപ്പെടാന്‍,യശസ്സികളായ മുതിര്‍ന്ന തലമുറയുടെ ഉചിതമായ ഇടപെടലുകള്‍ ശ്രദ്ദേയമാണ്‌.... അന്യനാട്ടില്‍ മലയാളികളുടെ ഒത്തൊരുമയും ശ്ലാഘനീയം.എന്നിരുന്നാലും നന്നായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഇനിയും ഫലവത്താകാത്ത, ഏകോപനം എന്ന ആശയം ഇവിടത്തെ പ്രവാസികളുടെ ഉന്നമനത്തിന് മകുടം ചാര്‍ത്തും എന്നുറപ്പാണ്.


ഇന്നൊരു താരതമ്യ പഠനത്തിനോരുങ്ങുമ്പോള്‍ സമ്മിശ്ര വികാരങ്ങള്‍ നിറയുകയാണ് ചിന്തയില്‍...  ശാന്ത സുന്ദരമായിരുന്ന പാതകള്‍ വാഹന ബാഹുല്യത്തല്‍ വീര്‍പ്പുമുട്ടുകയാണ്.കര്‍ശനമായ ഗതാഗത നിയമങ്ങള്‍ ഏറെ കുറെ പാലിക്കപ്പെടുന്നുണ്ടെങ്കിലും അപകടങ്ങള്‍ കുറവല്ല. നിറഞ്ഞ് ഓളം തള്ളിയിരുന്ന തടാകങ്ങള്‍ നാമാവശേഷമായത്, ജല ദൌര്‍ലഭ്യത്തിനു നിദാനമായി.വിലവര്‍ദ്ധന സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്നു.വര്‍ദ്ധിച്ചു വരുന്ന ഗുണ്ടാ, തീവ്രവാദ ഭീഷണികള്‍ ഈ സുന്ദര നഗരത്തെ വിറപ്പിക്കുകയാണ്.നിരന്തരമായ പരിശ്രമങ്ങള്‍ക്കൊണ്ടും അപരിഹാര്യമായ യാത്രാപ്രശ്നം, ഇവിടത്തെ മലയാളികളെ വല്ലാത്ത വിഷമത്തില്‍ ആഴ്ത്തിയിരിക്കുന്നു. നിര്‍വ്വചനാതീതമായി മാറിപ്പോയ കാലാവസ്ഥ, പഴയ കുളിരാര്‍ന്ന ദിനരാത്രങ്ങളുടെ ഓര്‍മയില്‍ മനസ്സില്‍ നൊമ്പരം നിറക്കുന്നു. ഉയര്‍ന്ന വേതനം ഉറപ്പാക്കുന്ന ജോലി പുതുതലമുറയുടെ ജീവിതാവബോധത്തെ ഉഴുതു മറിച്ചതായി തോന്നാം.
എങ്കിലും, എല്ലാ നന്‍മതിന്മകളോടും പുന്തോട്ട നഗരം എന്നെ പുല്‍കി അണക്കുന്നു.ലാഘവമുള്ള മനസ്സും ചിന്തകളുമായി, ജീവിതം പൂര്‍ണ്ണതയോടെയും, ആഹ്ലാദഭരിതവുമായും മുന്നോട്ടുനയിക്കാനുമുള്ള വശ്യത പ്രദാനം ചെയ്യുകയും ചെയ്യുന്നു.ഭാഷാ, മതസൌഹാര്‍ദ്ദങ്ങള്‍ മനസ്സില്‍ ചൂടി, മാതൃകയായി നില്‍ക്കുന്ന ഈ മഹാനഗരത്തില്‍ കഴിച്ചു കൂട്ടിയ നിറവാര്‍ന്ന ദിനങ്ങളുടെ ഓര്‍മ എന്നെ അഭിമാനപുളകിതയാക്കുന്നു.
ഗൃഹാതുരത്വം മനസ്സിലൊളിപ്പിച്ചു, മറ്റൊരു സ്വന്തം നാടായി, ഈ ഉദ്യാനനഗരത്തെ നെഞ്ചില്‍ ചേര്‍ത്ത് വക്കട്ടെ ഞാന്‍..... നന്മയുടെയും സഹിഷ്ണുതയുടെയും മേലാപ്പ് ചൂടി നില്‍ക്കുന്ന നഗരത്തെ സ്നേഹിക്കാതെ വയ്യെനിക്ക്‌...

Saturday, December 15, 2012

ആമിയുടെ ഓര്‍മ്മയില്‍.



   പുന്നയൂര്‍ കുളത്തെ പ്രശസ്തമായ നാലെപ്പാട്ട് തറവാട്ടിലെ തൊടിയില്‍ നില്‍ക്കുന്ന നീര്‍മാതളത്തിന്റെ ഇലകള്‍ക്കിപ്പോള്‍ മഞ്ഞനിറമാണ്.ദുഖഭാരത്താല്‍ ഇലകള്‍ പച്ച നിറം കൈ വിട്ടിരിക്കുന്നു.ഇനി പൂക്കാന്‍വയ്യെന്ന മട്ടില്‍ തലകുനിച്ചു നില്‍ക്കുന്ന ആ മരത്തിനറിയാം, ഇനിയൊരിക്കലും തന്നോടിഷ്ട്ടം കൂടാന്‍ ഓര്‍മയുടെ പൂത്താലവുമായി പ്രിയപ്പെട്ട ആമി ഓടിയെത്തുകയില്ലെന്ന്.
    കൈരളിയെ സര്‍ഗ്ഗ ചേതനയാല്‍ വാരിപ്പുണന്ന, നീര്‍മാതളത്തിന്റെ സുഗന്ധം വായനക്കാരിലെത്തിച്ച, മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടി കഥാവശേഷയായിരിക്കുന്നു.
    പ്രശസ്ത കവയിത്രി ബാലാമണി അമ്മയുടെയും, ശ്രീ വി എം നായരുടെയും മകളായി, ആയിരത്തി തൊള്ളായിരത്തി മുപ്പത്തി രണ്ട് മാര്‍ച് മുപ്പത്തൊന്നിനു പുന്നയൂര്‍ കുളത്തെ നാലെപ്പാട്ട് തറവാട്ടില്‍ ജനിച്ചു.പതിനഞ്ചാം വയസ്സില്‍ മാധവദാസിനെ വിവാഹം കഴിച്ചു.മൂന്നു മക്കള്‍..
    ഔപചാരിക വിദ്യാഭാസം ലഭിച്ചിട്ടില്ലാത്ത അവര്‍, മാധവികുട്ടി എന്ന പേരില്‍ മലയാളത്തിലും, കമലാദാസ് എന്നപേരില്‍ ഇംഗ്ലീഷിലും എഴുതി ആഗോള പ്രശസ്തയായി.ഒട്ടേറെ വിദേശ ഭാഷകളിലേക്ക് അവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു.   എന്‍റെ കഥ, മതിലുകള്‍, തരിശുനിലം, നരച്ചീരുകള്‍ പറക്കുമ്പോള്‍, എന്‍റെ സ്നേഹിത അരുണ, ചന്ദനമരങ്ങള്‍, ഒറ്റയടിപ്പാത, ബാല്യകാല സ്മരണകള്‍, ചുവന്ന പാവാട, തണുപ്പ്, മാനസി, ഡയറിക്കുറിപ്പുകള്‍, പക്ഷിയുടെ മണം, നീര്‍മാതളം പൂത്തകാലം, വണ്ടിക്കാളകള്‍, നഷ്ട്ടപെട്ട നീലാംബരി, രുഗ്മണിക്കൊരു പാവക്കുട്ടി, എന്നിവ മലയാളത്തിലും, Summer in culcatta, Alphabet of best, The decentants, Old play house, Collected poems എന്നിവ ഇംഗ്ലീഷിലും രചിച്ചിട്ടുണ്ട്.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊന്‍പതില്‍ ഇസ്ലാം മതം സ്വീകരിച്ചശേഷം യാ അല്ലാഹ് എന്ന കവിതാ സമാഹാരം പുറത്ത് വന്നു.വിദേശ സര്‍വ്വകലാശാലകളില്‍ അവരുടെ കൃതികള്‍ പഠിപ്പിക്കുന്നുണ്ട്.
    എഴുത്തച്ഛന്‍ പുരസ്ക്കാരം, വയലാര്‍ അവാര്‍ഡ്, സാഹിത്യ അക്കാദമി അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ് തുടങ്ങിയവ മലയാള കൃതികള്‍ക്കും, ആശാന്‍ വേള്‍ഡ് പ്രൈസ്, ഏഷ്യന്‍ പോയെട്രി പ്രൈസ്, കെന്റ് അവാര്‍ഡ്, എന്നിവ ഇംഗ്ലീഷ് കൃതികള്‍ക്കും ലഭിച്ചു.
ഇല്ലസ്ട്രെട്ടദ് വീക്ക്ലി ഓഫ് ഇന്ത്യയുടെ പോയെറ്റ് എഡിറ്റര്‍ ആയിരുന്നു. അവരുടെ കഥകളിലൂടെ പ്രശസ്തമായ നീര്‍മാതളം സ്ഥിതി ചെയ്യുന്ന പതിനാറുസെന്‍റ് ഭൂമി കേരളസാഹിത്യ അക്കാദമിക്ക് ഇഷ്ട്ടദാനം നല്‍കി മലയാളത്തെ നെഞ്ചിലേറ്റി.
     കല്‍പ്പിത ചിന്തകള്‍ ചിന്തേരിട്ടു മിനുക്കിയ, ആത്മകഥാംശമുള്ള എന്‍റെ കഥ എന്ന കൃതിയിലൂടെ, മലയാളിയെ അമ്പരപ്പിന്‍റെ മുള്‍മുനയില്‍ നിര്‍ത്തി, ഫെമിനിസ്റ്റ് സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച്, സമൂഹമനസ്സിനെ സദാചാരത്തിന്റെ    നാല്‍ക്കവലകളില്‍, നിശ്ചലമാക്കി നിര്‍ത്തി.സ്ത്രീ മനസ്സിന്‍റെ നിഗൂഡ വിസ്മയങ്ങളിലെക്കിറങ്ങിച്ചെല്ലുന്ന, സ്ത്രീ ശരീരങ്ങളുടെ മോഹനമായ കൂടിച്ചേരലുകള്‍ പകര്‍ത്തിവച്ച ചന്ദനമരങ്ങള്‍, പക്ഷിയുടെ മണം എന്നി കഥകളിലൂടെ പ്രിയ കഥാകാരി വായനക്കാരെ ഒരു വ്യത്യസ്തപ്രതലത്തില്‍ സഞ്ചരിക്കാന്‍ പ്രാപ്തരാക്കി.കാട്ടുതീ പോലെ പടര്‍ന്നു കയറുന്ന കവിതകളിലൂടെയും, ബാല്യകാലസ്മരണകള്‍ തുടങ്ങിയ ഗൃഹാതുരത്വം നിറഞ്ഞ ഏടുകളിലൂടെയും അനശ്വരയായി. 
       മലയാള സാഹിത്യ ശാഖക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കി, തന്‍റെ സിംഹാസനം വലിച്ചിട്ടിരുന്ന, നിര്‍ഭയയായ ചക്രവര്‍ത്തി നിക്ക്, കുട്ടികളുടെ നൈര്‍മല്യമാര്‍ന്ന മനസ്സും, കളങ്കലേശമില്ലാത്ത പെരുമാറ്റവും കൈ മുതലായി.മനസ്സില്‍ തോന്നിയത് ഒതുക്കിവക്കാന്‍ ഒരിക്കലും മുതിര്‍ന്നില്ല.വ്യക്തമായ ധാരണയോടെയും, വ്യഥകളും വ്യഗ്രതകളും നിറഞ്ഞ ഉള്‍ക്കാഴ്ച്ചയോടെയും എഴുത്തിനെ കണ്ട അവര്‍ ഒരഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു.''എഴുത്തുകാരന്റെ പ്രതിബദ്ധത ഭാവിയോടാണ്.അയാള്‍ സംസാരിക്കുന്നത് നിങ്ങളോടല്ല, നിങ്ങളുടെ പിന്‍ തലമുറക്കാരോടാണ്.നിങ്ങള്‍ അയാള്‍ക്ക്‌ നേരെ കല്ലെറിയുമ്പോള്‍ അയാള്‍ എഴുത്തു നിര്‍ത്താതിരിക്കുന്നതും അതുകൊണ്ടാണ്. അവനവനായി നിലനില്‍ക്കാനും സ്വന്തം ഭാഗധേയത്തെ പിന്തുടരാനും അയാള്‍ക്ക്‌ വിലപ്പെട്ട പലതും ത്യജിക്കേണ്ടി വന്നേക്കാം.സ്വന്തം കുടുമ്പത്തിന്റെ സ്നേഹം പോലും. എന്നിട്ടും അയാള്‍ തനിയെ നടക്കുന്നു.ഒഴിഞ്ഞ ഓഡിട്ടോറിയത്തില്‍ നിന്നു സംസാരിക്കുന്നു.അവിടെ ശ്രോതാക്കള്‍ എത്തുന്നതും വൈകിയാകും.''
     സ്നേഹത്തിന് വേണ്ടിയുള്ള  അന്വേഷണം, അവസാന ശ്വാസംവരെ ഹൃദയത്തില്‍ സൂക്ഷിച്ച ഈ ഉപാസകയുടെ മതം എന്നും പ്രേമമായിരുന്നു.പ്രണയത്തെക്കുറിച്ച് ധീരവും നുതനവുമായി എന്നും സ്വപ്‌നങ്ങള്‍ കണ്ടിരുന്ന ആമിയുടെ ആദ്യത്തെയും അവസാനത്തെയും കാമുകന്‍ ശ്രീകൃഷ്ണനായിരുന്നു. താന്‍ കാര്‍മുകില്‍വര്‍ണ്ണന്റെ സ്വന്തം രാധയാണെന്ന് എന്നും അവകാശപ്പെട്ടു. ആത്യന്തികമായി ഒരു സ്ത്രീ ആരായിരിക്കണം എന്ന ചോദ്യത്തിന് മറുപടിയായി പറഞ്ഞു, സ്ത്രീ കാമുകിയായിരിക്കണം, കാമുകി മാത്രം.
     പ്രണയത്തിനു സ്ഥലകാലപ്രായവ്യതാസങ്ങളില്ലെന്നും സമര്‍ത്ഥിച്ചു . ഊഹിക്കാനാവാത്ത സര്‍ഗ്ഗസമസ്യയായി, നിര്‍ഭയയായി,കൈരളിയുടെ പൂമുഖത്ത് ഒറ്റക്കു നിന്ന കഥാകാരിയുടെ ചിന്തയുടെ ശുദ്ധി ഒരു കുളിനീരരുവിയായി പരിണമിച്ചു. തിളക്കുന്ന സ്നേഹത്തിന്റെ ലാവ നിറഞ്ഞ വാക്കുകളും ഒപ്പം മസൃണമായ ചേതനകളും സമ്മാനിച്ച്, എങ്ങിനെ അസാധാരണവും പ്രഫുല്ലവുമായ ജീവിതം നയിക്കാം എന്നുകാണിച്ച് വായനക്കാര്‍ക്ക് ഒരു മോഹക്കൊട്ടാരത്തിന്റെ വാതായനം തുറന്നു നല്‍കി.അന്തമില്ലാത്ത മനോസഞ്ചാരങ്ങളുടെയും പകല്‍കിനാവുകളുടെയും ഇഷ്ട്ടതോഴിയായിരുന്ന പ്രിയപ്പെട്ട കമലയുടെ മനസ്സ്, അപഗ്രഥനങ്ങല്‍ക്കതീതമായിരുന്നു.
     നാട്ടിന്‍പുറത്തിന്റെ നന്മകളും തെളിച്ചവും, മഹാനഗരത്തിന്റെ ഗര്‍ജ്ജനവും കഥകളില്‍ നിറഞ്ഞാടി. സ്ത്രീത്വത്തിന്‍റെ തീരാവിസ്മയങ്ങള്‍ സമ്മാനിച്ച രചനകളിലുടെ മലയാളത്തിന്റെ സിംഹാസനത്തില്‍ ഉപവിഷ്ട്ടയായിരിക്കുന്നു കമല.തന്റെ ആദ്യകാല കഥകളെല്ലാം വികാരപരം എന്നവകാശപ്പെടുംമ്പോഴും, വെറുതെ കരഞ്ഞാല്‍ പോരെന്നും എഴുത്തിലുടെ അന്തസ്സ് സ്ഥാപിക്കണമെന്നുമുള്ള പ്രമാണം അരക്കിട്ടുറപ്പിക്കുന്നു.വിവാദങ്ങളെ വരുതിയിലാക്കാന്‍ ഏറെ തത്രപ്പെട്ട കമലാസുരയ്യ ഓര്‍മ്മക്കുറിപ്പുകളില്‍ ഇങ്ങനെ എഴുതി.''സ്നേഹത്തെ ക്കുറിച്ച് പറഞ്ഞു മനസ്സിലാക്കാന്‍ ഒരു വിചിത്രഭാഷ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമെന്നു ഞാന്‍ ദൈവത്തോട് അപേക്ഷിക്കുന്നു.'' പ്രഭാതത്തില്‍ വിടരുന്ന, മൃദുസുഗന്ധം പരത്തുന്ന മോഹനപുഷ്പ്പമായി, ഓരോ മലയാളിയുടെ ഹൃദയത്തിലേക്കും നിശ്ശബ്ദ പാദചലങ്ങളോടെ വേറിട്ട  ചിന്തയുടെ ഉള്‍ക്കാഴ്ചയുമായി ആമി നടന്നു കയറി. ''ജീവിതം മുഴുവന്‍ എനിക്ക് ഉത്സവമായിരുന്നു.വേദനകളില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണ് ഞാന്‍ കവിതകള്‍ എഴുതാന്‍ തുടങ്ങിയത്.'' എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട്, വാക്കുകളില്‍ എന്നും വസന്തവും പ്രണയവും നിറച്ചുവച്ചു, സ്വര്‍ഗ്ഗത്തിന്റെ നിര്‍വ്വികാരതയില്‍ അലിഞ്ഞ ആ വാനമ്പാടി, പ്രണയാതുരയായ ഒരു വെള്ളിനക്ഷത്രമായി, വിശാലമായ നീലാകാശത്തെ ഒരു കോണില്‍ നിന്നും മന്ദസ്മിതം പൊഴിക്കുകയാണ്.മാനുഷീക ബന്ധങ്ങളുടെ ധീരയായ വക്താവായി, ഇനിയും നമ്മോടൊപ്പം അദൃശ്യ സാന്നിദ്ധ്യമായി കമല വര്‍ത്തിക്കും.തന്റെ ജീവിതമാണ് എഴുതുന്നതെന്ന് ഉദ്ഘോഷിച്ച, അതിരുകളില്ലാത്ത പ്രണയോപാസക, പൈതൃകത്തിന്റെ ഉമ്മറത്ത് നീര്‍മാതളപ്പുക്കളാല്‍ വിരിച്ചിട്ട പരവതാനിയില്‍ നമുക്കും ഇരിക്കാം ഒട്ടു നേരം, മനസ്സ് പ്രേമാതുരമാക്കാം.

Sunday, December 9, 2012

ലത്തീഫിന്റെ നിഗമനങ്ങള്‍.



"ടീച്ചറെ, ടീച്ചറേ,,,ന്താ, ആരൂല്യൈ ഇവിടെ?
പരിചിതമെന്നു തോന്നിയ ശബ്ദത്തിന്റെ  ഉടമയെ തേടി ഞാന്‍ വാതില്‍ തുറന്നപ്പോള്‍ വിടര്‍ന്ന ചിരിയോടെ നില്‍ക്കുന്ന ലത്തിഫിനെയാണ് കണ്ടത്.
"അല്ല അമ്മകുട്ട്യൈ ങ്ങളെന്നാ വന്നത്? എപ്പ വരുംമ്പളും ഞാന്‍ ചോയിക്കും. വിഷുനു മാത്രേ ങ്ങളേ കാണാന്‍ പറ്റു . ങ്ങക്ക് ഈ ഓണത്തിനും, തിരുവാതിരയ്ക്കും കൂടി ഒന്നിങ്ങട്ടു വന്നുടെ? ങ്ങടെ വീട്ടുകാരനും കുട്ട്യോളും വന്നുട്ടുണ്ടോ?
ചോദ്യങ്ങളെ മന്ദസ്മിതത്തോടെ നേരിട്ട് ഞാന്‍ ചോദിച്ചു.
"പറയു ലത്തീഫെ, എന്തൊക്കെയാണ് വിശേഷം?
ക്ക്,ഒന്നുല്ല്യ ഈ കച്ചോടായിട്ടു ങ്ങനെ നടക്കന്നെ. നാലഞ്ചെണ്ണം കുടീല്ണ്ട്.  അവറ്റങ്ങള്‍ക്ക് അന്നം കൊടുക്കണെങ്കില് ഇങ്ങനെ ഓടിനടന്നാലെ പറ്റു.
"എന്തൊരു ചുടാല്ലേ." തലയില്‍ കെട്ടിയ ചുവന്ന തോര്‍ത്തെടുത്ത് മുഖവും കഴുത്തും തുടച്ച്‌ അത് കഴുത്തിലിട്ട് ലത്തിഫ് പറഞ്ഞു. "ആ പെട്ടിലേ തണുത്ത വെള്ളം ത്തിരി ങ്ങട് തന്നോളി .വല്ലാത്ത ദാഹം. ആവുന്റെ  റബ്ബേ."
നാളെരത്തിനും മാങ്ങക്കും ഒന്നും തീരെ ബെലീല്ല. ന്നാലും ഞമ്മക്ക് വിസിനെസ്സ് ചെയ്യാതെ പറ്റോ?
അയ്യോ, ഇവടത്തെ മാങ്ങയൊക്കെ ങ്ങള് വരുംമ്പളക്ക് കഴിഞ്ഞുല്ലേ .സാരല്ല്യ. നാളെ ഞാന്‍ ന്റെ ചെക്കന്റെ  കയ്യില് ഒരു കൊട്ട മാങ്ങ കൊടുത്തയക്കാംട്ടോ . കുടീല് ഇരിക്കുനുണ്ടട്.
ലത്തിഫിന്റെ കുട്ടികള്‍ എത്രേലാ പഠിക്കുന്നത്?
ഒന്നും പറേണ്ട. രണ്ടടെണ്ണം ഇക്കൊല്ലം തോറ്റു. ഒന്ന് ഇനി പോണില്ലാന്ന് പറഞ്ഞു പഠിപ്പ് നിര്‍ത്തി. പെണ്‍കുട്ടി നല്ലോണം പഠിക്കും.അവള് പ്ലസ്‌ ടുനാ.  ഞാനാച്ച ഇബുടത്തെ ടീച്ചറുടെ നിര്‍ബന്ധം കൊണ്ടാ ഏഴുവരെ പോയത്. വാപ്പെടെ കൂടെ കച്ചോടത്തിനു പോയി സമയം കിട്ടുംബോളല്ലേ ന്റെ സ്കൂളില്‍ പോക്ക്.ഹ ഹ ഹ.
ന്നാലോ ന്റെ കുട്ട്യോള് നാലക്ഷരം പഠിക്കണംന്നു ക്ക് മോഹാ.
അല്ല ലത്തിഫെ ഇനി ഗള്‍ഫിലൊന്നും പോണില്ലേ?
ന്റെ  രഹിമാനായ തമ്പുരാനെ.. ഒന്നും പറേണ്ട. രണ്ടട്‌ കൊല്ലം അതും നോക്കി. ഇനി ചെയ്യാന്‍ പണി ഒന്നും ബാക്കി ഇല്ല അവടെ. ഒരു മെച്ചും ഉണ്ടായില്ല്യ. മ്മടെ നാടന്യ നല്ലത്.
ഇതിനിടയില്‍ സ്വതസിദ്ധമായ അന്വോഷണ ചാതുര്യതോടെ തോട്ടത്തിലുടെ   ഒരുവട്ടും ചുറ്റി വന്നു പറഞ്ഞു. തോട്ടത്തില് എത്ര മച്ചിങ്ങാ വീണു കിടക്കണത്. ങ്ങള് അഞ്ചാറ് പഴം ങ്ങുട് തരീന്‍ അമ്മകുട്ട്യൈ . ന്റെല്‍ ഒരു മരുന്നുണ്ട്.അത് പഴത്തില് വച്ച് തെങ്ങുമ്പില്‍ അങ്ങുട് വക്കാം. അമ്പട. ..ഇനി എല്യോള് മച്ചിങ്ങ കടിക്കാന്‍ വരുംമ്പളല്ലേ പൂരം.ഹ ഹ .. അവറ്റ ബിസ്മി ചൊല്ലി ഈ പഴം അങ്ങട് തിന്നും. അതന്നെ കഴിഞ്ഞു കഥ. ഇതിനിടയില്‍ ലത്തിഫിന്റെ ശ്രദ്ധ വെള്ളം ഏകദേശം വറ്റിയ കിണറിലും എത്തി നിന്നു. അയ്യോ ഇതിന്‍റെ അടില് മുഴുവന്‍ പാ റാണല്ലോ. അതിനൂണ്ടട് ഒരു പണി. മ്മക്ക് ഇതില് ഒരു ബോറങ്ങുട് അടിക്കാം. ഞാന്‍ ആളെ കൊണ്ടരാം ട്ടോ.
പിന്നെ സ്വാഭാവികമായ ഒരവകാശബോധത്തോടെ പറഞ്ഞു. ഞാനൊരു ലോക്കല്‍ വിളിക്കട്ടെ ട്ടോ ജീപ്പ് വരുത്താനാ. . . . . . അല്ല ലത്തിഫെ എപ്പളും ഇങ്ങനെ കറ പിടിച്ച വേഷം ഇട്ടു നടന്നാ മതിയോ?
നല്ല വേഷം ഇട്ടു നടക്കാനൊന്നും എപ്പളും പറ്റില്ല. കഴിഞ്ഞാഴ്ച ഒരു അച്ചായന്റെ  മകന്റെ  കല്യാണത്തിന്  പൊയീര്ന്നു. അപ്പൊ അളിയന്‍ ദുബൈയിന്നു കൊണ്ടന്ന ചെത്ത്‌ ഷര്‍ട്ട്‌ ഇട്ടു പോയി. പള്ളിയൊക്കെ ചുറ്റി കണ്ടു. അമ്പലത്തിലും പള്ളിയിലും ഒക്കെ ദൈവം ഒന്നെന്നെന്നാ ഞാന്‍ വിചാരിക്കണ് . ഇനിയിപ്പോ നാളികേരം അങ്ങാടീല് എത്തിക്കണം. ഒരാഴ്ച കഴിഞു ഞാന്‍ വരാം ട്ടോ. അപ്ലക്ക് ങ്ങള് പൂവോ? ങ്ങടെ തമാശയും ചിരിയും ഒക്കെ ക്ക് പെരുത്ത്‌ ഇഷ്ട്ടാ.
പിന്നെ മഴക്കാലത്ത്‌ വിസിനെസ്സു ഉണ്ടടാവില്ല. അപ്പൊ ഒരു മുന്ന് മാസത്തെ വിസയില്‍ ഒരു പോക്ക് പോണംന്നുട്. പറ്റോന്ന്  അറിയില്ല.
വരുമ്പോള്‍ അമ്മകുട്ടിക്കു എന്താ കൊണ്ടരണ്ട് ?

ഗ്രാമീണതയുടെ, നിഷ്കളങ്കതയുടെ,നിറഞ്ഞ സ്നേഹത്തിന്റെ  ആള്‍ രൂപമായി നടന്നകലുന്ന ലത്തിഫിനെ നിര്‍ന്നിമേഷയായി ഞാന്‍ നോക്കി നിന്നു.. . . .

മഴനൂലുകള്‍

മഴ തകര്‍ത്തു പെയ്യും. മഴനൂലുകള്‍ ധാരയായി ഒഴുകി മുറ്റം നിറയ്ക്കും.തിണ്ണയില്‍ തൂണും ചാരി, കാഴ്ചയില്‍ മുഴുകി സമയബോധമില്ലാതെ, പരിസരം മറന്ന്  അങ്ങനിരിക്കുമ്പോള്‍, സ്വയം നഷ്ടപ്പെടുന്നതിന്റെ രസം..........

Thursday, December 6, 2012

ഇന്ന്

നനുത്ത കുളിരുണ്ട് ഇന്നത്തെ പ്രഭാതത്തിന് . പകല്‍ വളരുകയാണ്.ഓരോ പൂക്കളിലും,പുല്‍നാമ്പിലും അത്ഭുതങ്ങള്‍ നമുക്കായി കരുതി വച്ച് പ്രകൃതി.സ്നേഹത്തിന്റെയും കരുതലിന്റെയും വര്‍ണ്ണപ്പുതപ്പ് വാരിയണിയാം. ഇന്ന് സ്വാര്‍ത്ഥകമാകട്ടെ.......

ചങ്ങാത്തങ്ങള്‍

 നല്ല സൌഹ്രുദങ്ങള്‍, നീലക്കുരുഞ്ഞികള്‍ പോലെയാണ്. ഇടവേളകളില്‍ പുഷ്പ്പിക്കുന്നവ. ഉപാധിയില്ലാത്ത ചങ്ങാത്തങ്ങള്‍,   ജീവിതത്തില്‍ വര്‍ണ്ണം വാരിവിതറും.മനസ്സിനെ ആഹ്ലാദിപ്പിക്കയും ചെയ്യും. സുഗന്ധവും വശ്യതയുമില്ലാത്ത കുഞ്ഞു  തുമ്പപ്പൂവിനെ ഹൃദയത്തില്‍ ചേര്‍ത്തണക്കുംമ്പോലെ.......

Tuesday, December 4, 2012

മഴയത്ത്

പെയ്തൊഴിയാന്‍ വെമ്പി നില്‍ക്കുന്ന മേഘാവൃതമായ ആകാശത്തിന് കീഴില്‍, ഒറ്റക്കിരുന്നു ദിവാസ്വപ്നം കാണുന്ന എനിക്കിപ്പോള്‍ മനസ്സ് നഷ്ട്മായിരിക്കുന്നു. തുള്ളിതുള്ളി മുത്ത്‌ പൊഴിക്കുന്ന മഴയ്ക്ക് എന്തൊരു ചേലായിരിക്കും.....    

Saturday, December 1, 2012

നിളയുടെ തീരം വിളിക്കുമ്പോള്‍


നിളയുടെ തീരത്തെ എന്റെ പ്രിയപ്പെട്ട ഗ്രാമത്തില്‍ നിന്ന് നവവധുവായി, വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാംഗ്ലൂരില്‍ വണ്ടി ഇറങ്ങുമ്പോള്‍, ഞാന്‍  യവ്വനത്തിലേക്ക് കാലുന്നിയിരുന്നതേ ഉണ്ടായിരുന്നുള്ളു..പിന്നെ ഒരു കൊച്ചു വീട്ടില്‍ ജീവിതം ആരംഭിച്ച ആ നാളുകളില്‍ എന്നും അത്ഭുതത്തോടെയാണ്‌ നഗരത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചത്‌..
അതിരാവിലെ വാതില്‍ക്കല്‍ മുട്ടിവിളിക്കുന്ന പൂക്കാരി,ഈണത്തില്‍ നീട്ടി വിളിക്കുന്ന ചീര വില്പനക്കാരി. അന്യ നാട്ടുകാരിയായ പെണ്‍കുട്ടിയോട് സഹാനുഭുതിയോടെ മാത്രം പെരുമാറുന്ന നാട്ടുകാര്‍.. നേര്‍ത്ത മഞ്ഞു മുടിക്കിടക്കുന്ന പ്രകൃതിയെ കണികണ്ട് ഉണര്‍ന്നിരുന്ന സുന്ദരമായ പ്രഭാതങ്ങള്‍.
ഭാഷാപ്രശ്നം ഇവിടത്തുകാരുടെ സ്നേഹപൂര്‍ണ്ണമായ ഇടപെടലില്‍ പതുക്കെ അലിഞ്ഞില്ലാതാകാന്‍ തുടങ്ങി. നിറയെ പൂത്ത ഗുല്‍മോഹര്‍ മരങ്ങളുടെ തണലില്‍ കൂടി, സംഗീതം നിറഞ്ഞ മനസ്സുമായി, വെറുതെ നടന്നു പോയ സായാന്ഹങ്ങളില്‍ ഈ ഉദ്യാനനഗരം ഭൂമിയിലെ സ്വര്‍ഗ്ഗമാണെന്ന് തോന്നി.
പുതുമകളുടെ ഓളങ്ങള്‍ നിലച്ച ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍, എന്നില്‍ എന്റെ പ്രിയപ്പെട്ട ഗ്രാമത്തിന്റെ ഓര്‍മ്മകള്‍ പതുക്കെ ഉണരാന്‍ തുടങ്ങി. പഞ്ചാര മണലില്‍ ഉരുണ്ട് നീന്തിത്തുടിച്ചു, വെള്ളാരം കല്ലുകള്‍ മുങ്ങിയെടുത്ത് എന്റെ ബാല്യം വര്‍ണ്ണാഭമാക്കിയ ദിവസങ്ങള്‍ സമ്മാനിച്ച, എന്റെ നിളയുടെ തീരം ഇപ്പോള്‍ ദൂരെയാണ്. ഇവിടെ ജനല്‍ തുറന്നിട്ടാല്‍ കാണാന്‍, കുന്നിറങ്ങി ആരവത്തോടെ വരുന്ന മഴയില്ല. പിന്നെ കര്‍ക്കിടകത്തില്‍, ശ്രീ ഭഗവതിക്ക് വക്കാന്‍ ദശപുഷ്പ്പങ്ങള്‍ തേടി അലയുംമ്പോഴത്തെ, മഴക്കാറണിഞ്ഞ കറുത്ത സായാന്ഹങ്ങളില്ല. കൌമാര സൌഹൃദങ്ങളുടെ പവിത്രത പേറുന്ന സന്തോഷകരമായ സ്കൂള്‍ ദിനങ്ങളില്ല. കറുക നാമ്പുകള്‍ക്കിടയില്‍ ഒളിപ്പിച്ച് വച്ച, മഞ്ഞുതുള്ളികള്‍ ഇറ്റു വീഴുന്ന, പാതിവിടര്‍ന്ന ചെമ്പരത്തി പൂക്കളില്ല. കന്മഷം തൊട്ടുതീണ്ടാത്ത, ഊഷ്മളമായ, സ്നേഹബന്ധങ്ങള്‍, അവ വളരെ, വളരെ അകലെയാണെന്ന അറിവ് എന്‍റെ മനസ്സില്‍ സങ്കടം നിറച്ചു.
ഉദാസീനതയില്‍ എന്റെ ദിവസങ്ങള്‍ മെല്ലെ നിര്‍വ്വികാരമാകാന്‍ തുടങ്ങി. ഗൃഹാതുരത്വത്തിന്റെ വേദനയില്‍ മയങ്ങിപ്പോയ തണുത്ത പകലുകളില്‍ ഉണര്‍ന്നെണീക്കുമ്പോള്‍, മനസ്സില്‍ കടുത്ത നഷ്ടബോധം തിങ്ങി നിറഞ്ഞു.
പിന്നെ മാതൃത്വത്തിന്റെ അഭിമാനകരമായ ദിനങ്ങളില്‍ ഞാന്‍ കര്‍മ്മ നിരതയായി. മനസ്സിനെ സാഹചര്യങ്ങള്‍ക്കനുസൃതമായി പെരുമാറാന്‍ പാകപ്പെടുത്തിയെടുക്കുന്നതില്‍ വ്യാപ്രുതയായി. ഈ നാട്ടുകാരുടെ സഹിഷ്ണുത നിറഞ്ഞ സന്‍മനസ്സും സൌഹൃദവും, എന്നും ആദരവോടെ നോക്കികണ്ടു. അന്നവും വസ്ത്രവും സ്നേഹവും തന്ന് പോറ്റി വളര്‍ത്തുന്ന ഈ മഹാനഗരം, എന്തൊക്കെ പോരയ്മകളുണ്ടെങ്കിലും, ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞെന്ന അറിവ് എന്നില്‍ ബലപ്പെട്ടു.
നമ്മുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങളില്‍ ഭാഗഭാഗാകേണ്ടിവന്ന സന്ദര്‍ഭങ്ങളില്‍ എന്റെ മനസ്സു മന്ത്രിച്ചു ...ഈ നഗരത്തിന്റെ നന്മയും തിന്മയും വേര്‍തിരിച്ചറിയാനുള്ള മനസ്സാന്നിധ്യം ഉണ്ടായേ മതിയാകു എന്ന്. സ്നേഹവും, നന്മയും, കാരുണ്യവും ഹൃദയത്തില്‍ സുക്ഷിച്ചാല്‍, എന്നും എവിടെയും കാലിടറാതെ മുന്നോട്ടു പോകാനാകുമെന്ന വിശ്വാസം എന്നില്‍ വേരുറച്ചു. ഇവിടത്തെ നീണ്ട പ്രവാസജീവിതത്തിനിടയില്‍ നല്ലതും ചീത്തയുമായ പല കാഴ്ചകള്‍ക്കും സാക്ഷിയാകേണ്ടി വന്നു. എങ്കിലും സന്തോഷകരമായ ഒരുപാടു വര്‍ഷങ്ങള്‍ എന്നെ തഴുകി പുണര്‍ന്നു കടന്നു പോയി.
വിലപ്പെട്ട ഏറെ സൌഹൃദങ്ങളും ഇക്കാലം എനിക്ക് നേടിത്തന്നു. എങ്കിലും, എനിക്ക് എന്റെ നാട്ടിന്‍ പുറത്തെ, സ്നേഹം കൊണ്ട് മേഞ്ഞ പത്തായപ്പുര മതി. സ്വച്ചന്ദമായ ഇളം കാറ്റുകൊണ്ട് പ്രകൃതി രമണീയതയില്‍മുഴുകി,തെളിനീരോഴുകുന്ന അറ്റകഴായകള്‍ ചാടികടന്ന്, ഞാറ്റു പാട്ടും കേട്ട് സ്വയം മറന്ന് നടന്നു പോകണം. ദുരെ മലകള്‍ക്കിടയില്‍, മാനത്ത് ചെഞ്ചായം പുശി, പതുക്കെ പടിയിറങ്ങിപ്പോകുന്ന അസ്തമയ സൂര്യനെ കാണണം. വിഷുപ്പക്ഷിയുടെ ഈണത്തിലുള്ള പാട്ട് കേട്ട് എല്ലാം വിസ്മരിച്ചിരിക്കണം. പിന്നെ ഓണപാട്ട് പാടി, കൊച്ചു പൂക്കളം തീര്‍ത്ത്, പൂത്തുലഞ്ഞു നില്‍ക്കുന്ന പ്രകൃതിയുടെ സൌന്ദര്യം ആവോളം ആസ്വദിക്കണം.
ജീവിതത്തിന്റെ ഏറെ വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണിരിക്കുന്നു. ഇന്നും ഞാന്‍, ഗൃഹാതുരത്വം നിറഞ്ഞ മനസ്സുമായി ഒരു തിരിച്ചു പോക്കിനായി കാത്തിരിക്കുന്നത് വൃദാവിലാകാം. എങ്കിലും ആ വിചാരമില്ലാതെ ഒരു ദിവസവും കടന്നു പോകുന്നില്ല.