അതിരില്ലാതെ.
വയസ്സ് പതിനെട്ടായില്ലേ.ഇനി കല്യാണം നോക്കാം.കാറ്റ് പറഞ്ഞു.പുഴകടന്ന് അതാവരുന്നു ഒരപരിചിതൻ.അന്തിച്ചുനിൽക്കുന്ന പെണ്കുട്ടിയുടെ കൈ പിടിക്കാതെ അയാൾ വണ്ടിയിൽ ചാടിക്കയറി.ശ്രമപ്പെട്ട് അവളും.നല്ല തണുപ്പുള്ള നഗരത്തിലെ, കുഞ്ഞുവീട്ടിൽ ശ്രദ്ധ ആകർഷിക്കുന്ന ഒന്നുമില്ല.ചെറുജാലകത്തിലൂടെ നിലാവിലേക്ക് ഉറ്റുനോക്കിയപ്പോൾ ഒന്ന് രണ്ട് നക്ഷത്രങ്ങളെ കണ്ടെത്തി.മറന്നുപോയ നൃത്തച്ചുവടുകൾ ഓർമ്മയിൽ തിരയാൻ നോക്കിയപ്പോൾ,ജനലിൽ ഒരു നീലത്തിരശ്ശീല ഇളകിയാടി.ചന്ദ്രകാന്തം മറഞ്ഞുപോയി.
കഥകളിൽ
പറയുംപോലെ,കുറച്ച് വർഷങ്ങൾക്ക് ശേഷം.....
കാറ്റ് വീശുമ്പോൾ മഴപോലെ കഥകൾ പൈയ്തുതുടങ്ങും.
കൈചുരുട്ടി പരാജയങ്ങളുടെ ചെപ്പ് മുറുകെപ്പിടിച്ച് കാട്ടുചോലയിലേക്ക് ധൃതിയിൽ നടന്ന കഥ.തെളിഞ്ഞ വെള്ളം തൊടണം.കൈകൾ വെള്ളത്തിൽ മുക്കിയാൽ നനഞ്ഞ് വികൃതമായ രൂപമായി മനസ്സ് സംവാദം തുടങ്ങും.രണ്ട് മനസ്സുള്ള ശരീരത്തിന്റെ കുസൃതികൾ,ഈ കാടിനുപോലും രസിക്കില്ല.
പറയാതെ ഒളിച്ചുവച്ചതൊക്കെ ഗോചരമാകുമ്പോൾ, മുഖം മറയ്ക്കാതെ നീണ്ടു പോകുന്ന നേർവഴിയിലെ ചോദ്യചിഹ്നമായി ചിലത്.ഒരുമിഴി തുറന്ന് പിടിക്കണം.
പുറത്ത് എന്താണൊരു ബഹളം? ജനലിൽ കൂടി എത്തിനോക്കി.ഓ.... കുറച്ച് മഹിളാമണികൾ ആരോ തട്ടിയെടുത്ത അവരുടെ സ്വത്വം തിരിച്ചുപിടിക്കാൻ കുതിച്ചോടുകയാണ്.അടുത്തെത്തും തോറും അകലുന്ന തോന്നലുണ്ടാക്കുന്ന മരീചികപോലെ .എനിക്കുവയ്യ ആ സ്വപ്നം ഓടിപ്പിടിക്കാൻ.പ്രായം തളർത്തിയ കാലുകൾ വിസമ്മതിക്കുന്നു.
പുസ്തകപ്രകാശന വേദിയിൽ നിന്ന്, സ്വന്തം പുസ്തകത്തിന്റെ അറുപത്തഞ്ചാമത്തെ ഏട് തുറന്ന് കാണിച്ചുകൊണ്ട് അവൾപറഞ്ഞു.വകഞ്ഞുമാറ്റാൻ ശ്രമിച്ചതൊക്കെ പൂർവ്വാധികം ശക്തിപ്രാപിച്ച് വലിയൊരു മതിലായിനിൽക്കുന്നു.പക്ഷേ, മൂർച്ചയുള്ള വാക്കുകളാൽ അതിലൊരു സുഷിരമിട്ടു.പെരുമഴയുംകാറ്റും,തിരമാലയും അതിലൂടെ വിരുന്നെത്തി.തീർത്തും സ്നേഹവായ്പോടെ അവപുണർന്നു.
ഓരോമാളത്തിനുമപ്പുറത്ത് വാതിലുണ്ട്.ജാഗ്രതയോടെ തള്ളിത്തുറന്ന്, ഒരായിരം സ്വപ്നങ്ങൾ വിലപേശി വാങ്ങണം.