ഇളനീരും,കൂവളയിലയും നാവിലൊരായിരം സംശയങ്ങളുമായി പാടവരമ്പിലൂടെ അമ്പലത്തിലേക്ക് ഒരു യാത്ര.തിരിച്ചെത്തി ഉണക്കി സൂക്ഷിച്ചിരുന്ന ചാണക ഉരുളകള്‍ കത്തിച്ചു ഭസ്മം ഉണ്ടാക്കല്‍. ഇന്നിതാ മനസ്സില്‍ ഒളിച്ചിരുന്ന ഓര്‍മ്മകള്‍ എന്നെയും പിന്നിലാക്കി നടന്ന് പോകുന്നു.
Thursday, February 27, 2014
ഒളിച്ചിരുന്ന ചിലത്.
ഇളനീരും,കൂവളയിലയും നാവിലൊരായിരം സംശയങ്ങളുമായി പാടവരമ്പിലൂടെ അമ്പലത്തിലേക്ക് ഒരു യാത്ര.തിരിച്ചെത്തി ഉണക്കി സൂക്ഷിച്ചിരുന്ന ചാണക ഉരുളകള്‍ കത്തിച്ചു ഭസ്മം ഉണ്ടാക്കല്‍. ഇന്നിതാ മനസ്സില്‍ ഒളിച്ചിരുന്ന ഓര്‍മ്മകള്‍ എന്നെയും പിന്നിലാക്കി നടന്ന് പോകുന്നു.
Thursday, January 30, 2014
അവിരാമം.
അതി മനോഹരമാണ് ഭൂമി.
അതിലെ മനുഷ്യരുടെ മനസ്സുകള്‍,
വിചിത്രവും വ്യത്യസ്തവും.
ഓടിമറഞ്ഞ ദിനങ്ങളുടെ
നന്മതിന്മകളും മധുരവും,
ഒരോരത്തു പകുത്തുവക്കാം.
വരും ദിനങ്ങള്‍ ആഹ്ലാദവും,
പ്രതീക്ഷകളും കൊണ്ടു നിറക്കാം.
അപചയങ്ങളും അര്‍ത്ഥശൂന്യതയും
ആപേക്ഷികമെന്ന് നിനക്കാം.
തീരം തേടുന്ന തിരപോലെ,
മനസ്സിനെ ത്വരിതപ്പെടുത്താം.
വാടാമലരുകള്‍ സ്വന്തമാക്കാന്‍,
ചിന്തയുടെ തിരിനാളം ജ്വലിപ്പിക്കട്ടെ.
Friday, January 24, 2014
പന്തല്‍
സങ്കടങ്ങള്‍ക്ക് രാപ്പാര്‍ക്കാന്‍,
പൂഴിമണ്ണില്‍,
കാറ്റിന് പിഴുതെറിയാനാവാത്ത,
ഒരു പന്തലിടണം.
ഓര്‍മ്മയുടെ തിളക്കംകൊണ്ട്
കാലുകള്‍ നാട്ടണം.
നേര്‍ത്ത ഇഷ്ടത്തിന്‍റെ
നുള്ളുകള്‍ കൊണ്ട്
അലങ്കരിക്കാം.
ആടിയുലയുന്ന തണലില്‍
പുറം തിരിഞ്ഞ്, ആരോ.....
മുഖം പൊത്തിക്കരഞ്ഞ്,
ഞാനും..........
Tuesday, December 31, 2013
അറിയാന്‍.
പുറത്ത് ആര്‍ത്തുല്ലസിച്ച്, യുവത്വം ത്രസിക്കുകയാണ്. രണ്ടായിരത്തി പതിനാല്, എന്തൊക്കെ അത്ഭുതങ്ങളാവും ഒളിച്ചു വച്ചിരിക്കുക? ഞാനും കാത്തിരിക്കുന്നു.......
Friday, December 27, 2013
എന്തിന്
ഉപബോധമനസ്സിൻറെ ഉദ്ബോധനം, മറഞ്ഞിരിക്കുന്ന ആകുലതകളകറ്റി ആശ്രയം നൽകുന്നു. ഉദിച്ചുയരുന്ന അർക്കനെപ്പോലെ, ചിന്തകളെ ഉദ്ദീപിപ്പിക്കുന്നു. പ്രലോഭനങ്ങൾക്ക് വശംവദമാകുന്ന മനസ്സിൽ, സ്ഥൈര്യം നിറക്കുന്നു. ഇലയുടെ പച്ചപ്പ് ഒട്ടും അവശേഷിപ്പിക്കാതെ, ഒരു വിളിപ്പാടകലെ മരം പൂത്തുലഞ്ഞിരിക്കുന്നു. അന്തമില്ലാതെ അലയുന്ന മനസ്സേ, അർത്ഥരഹിതമായ മൗനത്തിൻറെ ഇരുട്ടുകൊണ്ട് സ്വയം പുതപ്പിക്കുന്നതെന്തിന്?
Monday, December 23, 2013
നവം.
ശ്രേഷ്ഠമായ ചിന്തകള്‍, ചിലപ്പോള്‍ ചില അതിരുകളില്‍ നാമാവശേഷമാകുമ്പോള്‍, മാനവീകതക്ക് മുറിവേല്‍ക്കുന്നു. കപടതയുടെ നിറക്കാഴ്ചകള്‍ വിഫലവും നിഷ്ഫലവും എന്നറിയുമ്പോള്‍, നേര്‍വഴികള്‍ തെളിയാന്‍ തുടങ്ങുന്നു. മറന്നു വച്ച, മങ്ങിത്തുടങ്ങിയ ഉള്‍വെളിച്ചം തെളിഞ്ഞു കത്തുമ്പോള്‍, മനുഷ്യത്വം മഹനീയമാകുന്നു.
Thursday, December 19, 2013
പുതുമ.
ഇനിയും തെളിഞ്ഞു ശോഭിക്കാന്‍,
ആഴിയുടെ അപാരതയില്‍ ആണ്ടുമുങ്ങി,
പുതുമയുടെ മുഖപടമണിഞ്ഞ്,
വീണ്ടും സൂര്യനുദിക്കും.
നിറമുള്ള പുത്തനണിഞ്ഞ്,
തീവ്രമായ ഭാവവും
അഭിനിവേശങ്ങളും,
മഷിയെഴുതിയ മിഴികളുമായി
വെറുതെ കാത്തിരിക്കാന്‍,
ദൂരെ പ്രതീക്ഷയുടെ മോഹക്കൊട്ടാരം......
ചില വാതിലുകള്‍
പാതി ചാരിയത്, ആരാവും?
Subscribe to:
Posts (Atom)