Thursday, January 19, 2012

എന്‍റെ പുഴ.

നിറഞ്ഞൊഴുകുന്ന
നിറ ചാര്‍ത്തില്‍
വെണ്മ പുതച്ച്
നീല പൊന്‍മാനെ പോലെ 
അകലം സൂക്ഷിച്ച്‌
ഒന്നും പറയാതെ,
ഒരിക്കലും പൂ 
ചൂടില്ലെന്നു നിനച്ച
ഈ മരച്ചുവട്ടില്‍
മര്‍മരങ്ങളുമായി
ഇന്നലെ വന്നണഞ്ഞ്
കഥ കൂട്ടിന്‍റെ ചെപ്പ്
ഭദ്രമായടച്ചുവച്ച്
ഒഴുകിപ്പോകും വഴി
വെറുതെ ചിരിക്കുന്നുണ്ടായിരുന്നു
എന്‍റെ പുഴ.




Sunday, January 1, 2012

അത്ഭുതങ്ങള്‍.

കാലം പിന്തിരിയുന്നില്ല. പുതിയ പൂക്കള്‍, പഴയ ആകാശത്ത് പുതിയ വെണ്‍ മേഘങ്ങള്‍, കൊച്ചു കൊച്ചു സന്തോഷങ്ങളും പരിഭവങ്ങളും പങ്കുവച്ചു നമ്മളും. ഓരോ പുലരികളും ഉജ്ജ്വലമാകട്ടെ. നാളെകള്‍ പ്രതീക്ഷകളാണ്.  മണിച്ചെപ്പ്‌ പതുക്കെ പതുക്കെ തുറന്നു നോക്കണം. അത്ഭുതങ്ങള്‍.....ഒരായിരം....എന്‍റെ മാത്രം.

Tuesday, December 13, 2011

മോഹം

വൃശ്ചികകാറ്റ് ഇന്ന് സംഗീതം മൂളിയെത്തി. പുതിയ വര്‍ണപുഷ്പങ്ങള്‍ മഞ്ഞിന്‍ കണങ്ങള്‍ ഏന്തി മന്ദഹസിക്കുന്നു.പിന്നെ തെളിഞ്ഞ നീലാകാശവും. ചിന്തകള്‍ കൈമോശം വന്നിട്ടില്ല. അവ്യക്തതയുടെ മുടുപടം നേര്‍ത്തതാണ്.  ഇളകിയിളകിത്തെളിയുന്ന ആ സങ്കല്‍പ്പ ചിത്രത്തിന് മുഖമുണ്ടാകുമോ? ഇല്ലെങ്കില്‍ സൂര്യനെ പോലെത്തെ ഒരു കണ്ണ്? 

Monday, December 5, 2011

ഇനിയും


പകലുകള്‍ അന്യമാകുന്നതെപ്പോള്‍?
പ്രതലങ്ങളില്‍ ഉണങ്ങാന്‍ മറന്ന മഷി
അവ്യക്ത ചിത്രങ്ങള്‍ കോറിയിടുംബോളോ?
തവിട്ടു തുവലുകള്‍ക്കിടയിലെ
ചുവന്ന ഒറ്റത്തുവല്‍ പോലെ
വ്യക്തമാര്‍ന്ന് ചിമിഴുകളില്‍ നാളെകള്‍.
ആഴിയുടെ രവ്ദ്രത,തിളക്കവും.
വാതിലടക്കാതെ തള്ളിയകറ്റുന്ന നാട്യം.
ഒരു മിഴി, ഒറ്റ കൊമ്പ്,ഓര്‍മത്തെറ്റും.
നീല പൂക്കളൊക്കെ ചുവന്നു.
കാറ്റിന് നിറമില്ലെന്നാര് പറഞ്ഞു?
വിസ്മൃതിയുടെ വിവര്‍ണ നിറമാണതിന്.
ഇനിയും കാത്തിരിക്കേണ്ടതുണ്ടോ?

Monday, November 28, 2011

വെറുതെ



പരിമിതികളുടെ സമചതുരത്തിന്
പ്രീണനത്തിന്‍റെ ചിന്തേരിട്ടു മിനുക്കി
നിനക്ക് സമ്മാനിക്കാനാണ്
എനിക്കിപ്പോള്‍ ഏറെ ഇഷ്ട്ടം.
ചിത്രങ്ങളൊക്കെ മനസ്സില്‍ കോറിയിടാം.
ചിന്തകളെ അലയാനായച്ച്
ഓര്‍മകളുടെ മധുരം നുകര്‍ന്ന്,
വൈതരണികള്‍ താണ്ടാം.
പറയാം.....
പുഴയുടെ പ്രണയ ചുഴികളെക്കുറിച്ച്.
നീലമലയുടെ കാണാപ്പുറങ്ങളെപ്പറ്റി.
ആകാശത്തിനു മുറിവുണ്ടെന്നും.
ഇനി മറക്കണം, മാച്ചെഴുതണം,
സുഷിരം നിറഞ്ഞ പച്ചില
കാറ്റത്തിളകിയാടും പോലത്തെ
മനസ്സ് വേണം.
പ്രലോഭനങ്ങളുടെ ചാരുതയില്‍
മന്ദഹസിക്കുന്ന നിഴലുകളും.











Wednesday, September 7, 2011

ഓണം

 ഓണത്തിന്‍റെ ഉത്സാഹത്തിനിടയിലും, നേര്‍ത്തൊരു രോദനത്തിന്‍റെ അലയൊലി ശ്രവിക്കുന്നു ഞാന്‍. കാത്തിരുന്നു തളര്‍ന്ന, കാഴ്ച മങ്ങിയ ആ കണ്‍കളില്‍ വിഷാദം കൂട് വച്ചിരിക്കും. എന്നിട്ടും പ്രതീക്ഷയുടെ കുട നിവര്‍ത്തി ഉമ്മറ വാതിലില്‍ ചാരി നില്‍ക്കുന്നത് എന്‍റെ അമ്മയല്ലേ? നാളെ ഓണമാണ്.ഓടിയെത്താനാവാതെ കാതങ്ങള്‍ക്കകലെ ഞാനും.........  

Sunday, September 4, 2011

ശിഖരങ്ങള്‍

 വലിയ ചില്ലു ജാലകത്തിനപ്പുറം തളിര്‍ത്തു നില്‍ക്കുന്ന മരങ്ങള്‍ക്ക് താഴെയുള്ള  ഇടുങ്ങിയ പാതയിലുടെ ഒഴുകി മറയുന്ന എണ്ണമറ്റ വാഹനങ്ങളിലെ, ഒട്ടും പരിചിതമല്ലാത്ത മുഖങ്ങളിലെ ഭാവങ്ങളുടെ തിരനോട്ടം നിരീക്ഷിക്കാന്‍ ഒട്ടു രസമുണ്ട്. നേര്‍വരയിലെ ശിഖരങ്ങള്‍ പോലെ തളിര്‍ക്കട്ടെ ജീവിതം. പൂ വിരിയാതിരിക്കില്ല.