Thursday, September 23, 2010

പരമാര്‍ത്ഥം.
സാന്ദ്രമാം മോഹന
സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന,
ആരാന്‍റെ മനോഞ്ന്യമാം
ബഹുനില ശാലതന്‍
മുലയില്‍ നോവിന്നലപോലെ,
ജീവിതം പതിയിരിപ്പുന്ടെന്നു
അന്നു നീ ചൊല്ലിയ
അര്‍ദ്ധ സത്യത്തെ
പുണരാന്‍ ശ്രമിക്കട്ടെ
ഞാനിന്നലകഷ്യമായ്.
പാതിയടഞ്ഞൊരു ദുഃഖപാത്രം
 തിരയുന്നതല്ലെന്‍റെ മന-
 സങ്കല്‍പ്പ ചിന്തനം.
മോഹമായ് നിറവോടെ
തെളിയുന്ന കണമായി
പരിണമിക്കെന്നതേ മുകമായ്
 നാളേറെയായ് ഞാനൊളിപ്പിച്ച
പരമാര്‍ത്ഥ മെത്രയും നിര്‍മമം.

Thursday, September 16, 2010

ഓണ നിലാവ്.

       ഇത് പൂന്തോട്ട നഗരമാണ്.വര്‍ണ വിസ്മയങ്ങള്‍ നിറം ചാലിച്ച നഗരം.ഇപ്പോള്‍ പേരിനുള്ള മഴക്കാലവും പൊയ് പോകാറായി. പ്രവാസ ജീവിതത്തിന്‍റെ നേരറിവിനുമകലെ നിളയുടെ തീരത്തെ എന്‍റെ ഗ്രാമവും സമൃദ്ധിയുടെ,പുനരാഗമനത്തിന്റെ, ആവേശത്തിന്റെ മറ്റൊരോണത്തെ വരവേല്‍ക്കാന്‍ അണി ഞൊരുങ്ങുകയാകും. അഭിനിവേശത്തിന്‍റെ സുതാര്യ മേലാപ്പണിഞ്ഞ് എന്‍റെ മനസ്സും ആദ്രമാകുന്നു. പുല്ലും, പൂച്ചെടിയും, തരുലതകളുമെല്ലാം പുത്തനുണര്‍വോടെ എന്നെ ആശ്ലേഷിച്ചു വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുകയാവാം. അതിരുകളില്ലാത്ത വാത്സല്യവുമായി അമ്മ ഉമ്മറപ്പടിയില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
      കിളികളെയും, പൂമ്പാറ്റകളെയും, നിലാവിനെയും, പൂക്കളെയും സ്നേഹിച്ചിരുന്ന ആ പഴയ പാവാടക്കാരിയായി ഞാന്‍.ഓണം ആവേശകരമായ ഒരു കാത്തിരിപ്പാണ്.പുത്തനുടുപ്പും, കുപ്പിവളകളും മനസ്സില്‍ മോഹവലയം തീര്‍ത്തു. ഓണക്കാലത്ത് വന്നെത്തുന്ന വളക്കാരന് വേണ്ടി ആകാംഷ യോടെ
കാത്തിരുന്നു. കുപ്പിവളകളുടെ ചന്തം ഈ ലോകത്തെ വര്‍ണപ്പകിട്ടുകളുടെ ആകെത്തുകയാണെന്ന് സ്വയം നിരുപിച്ചു. മാത്സര്യത്തോടെ പൂക്കള്‍ക്കായി ഇടവഴികള്‍ താണ്ടി. മഞ്ഞ കോളാമ്പിയും കാശിതുംബയും, ചെമ്പരത്തിയും വര്‍ണശബളമാക്കിയ പൂക്കളത്തെ പെട്ടെന്ന് വന്നെത്തിയ ചാറ്റല്‍ മഴയില്‍ നിന്നു രക്ഷിക്കാന്‍ വലിയ കുണ്ടന്‍കുട കൊണ്ട് മുടിവച്ച ആവേശത്തെ മന്ദസ്മിതത്തോടെ മാത്രമേ ഓര്‍ക്കാന്‍ പറ്റു. പ്രിയപ്പെട്ടവരുടെ ആഗമനത്തിനായി വെമ്പലോടെ കാത്തിരുന്നതും ഓണക്കാലത്ത് തന്നെ. നുതനവും, അനിര്‍വചനീയവുമായ ഒരാഹ്ലാദം ഇക്കാലത്ത് ഹൃദയത്തിലാകെ
നിറഞ്ഞു. മഷിയെഴുതിയ മിഴികള്‍ വിടര്‍ത്തി ഓണ പ്രതീക്ഷകളെ സ്വായത്തമാക്കാന്‍ കൊതിച്ചു. ഉത്രാടത്തിന്നാള്‍ രാത്രി പാണന്‍ കുടുംബസമേതം ഓണപ്പാട്ടുമായെത്തി. കുയിലുകള്‍ പ്രഭാതത്തിനു മുന്‍പ് തന്നെ മധുരമായ് പാടിയുണര്‍ത്തി. പുതുമണമുള്ള  ഉടയാടകള്‍ഓണമെതിയെന്നോര്‍മിപ്പിച്ചു. വിശിഷ്ടഭോജ്യങ്ങളുടെ നറുമണം അന്തരീക്ഷത്തിലാകെ നിറഞ്ഞു. ഓണ നിലാവത്ത് കുട്ടുകാരികളോടോത്ത് മുറ്റത്ത്‌ നൃത്തമാടിയിരുന്നത് വല്ലാത്ത ഗൃഹാതുരത്വത്തോടെ മാത്രമേ ഇന്ന് ഓര്‍ക്കാനാകു. സത്യമായും മാവേലി പടിയിറങ്ങി വരുമെന്ന് ധരിച്ച് സ്വപ്നങ്ങളില്‍ മുഴുകി പടിപ്പുരയില്‍ കാത്തിരുന്നതും, മാവേലിവക്കാന്‍ ബിംബങ്ങള്‍ മെനെഞ്ഞെടുക്കുന്നത് സാകുതത്തോടെ നോക്കിയിരുന്നതും ഞാനായിരുന്നില്ലേ? ഉത്രാടത്തിനും തിരുവോണത്തിനും, അവിട്ടത്തിന്നാളും അരങ്ങേറിയിരുന്ന കൈകൊട്ടിക്കളിയും കുമ്മിയും ഓണത്തിന്‍റെ സഹവര്‍ത്തിത്വം വിളിച്ചോതി. പുവിളിയുടെ ആരവവും, തുമ്പപുക്കളും വര്‍ണതുമ്പികളും മനസ്സില്‍ കുളിരു നിറച്ചു.
        ഈ ഉദ്യാനനഗരത്തിലും ഓണമെത്താരുണ്ട്. നാഗരീകതയുടെ പുറംമോടിയണിഞ വ്യത്യസ്തമായ ഒരോണം. യാന്ത്രികമായ ആഘോഷത്തിനു എന്‍റെ മനസ്സില്‍ സന്തോഷം നിറക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വാടാന്‍ തുടങ്ങുന്ന പുക്കളില്‍ നിന്നും പരക്കുന്ന സുഗന്ധം നാലുകെട്ടിന്റെ വിശാലമായ മുറ്റത്തേക്ക്‌ എന്നെ ആനയിക്കുന്നു. താരതമ്യവും നിര്‍ണയങ്ങളും ഇവിടെ അപ്രസക്തം മാത്രം. എങ്കിലും ഓരോ കേരളീയനും അഭിനിവേശത്തോടെ ഓണത്തെ വരവേല്‍ക്കാന്‍ തത്രപ്പെടുന്ന കാഴ്ച ആവേശമായി പടരുകയാണെന്നില്‍. കലാവിരുന്നും സദ്യയുമായി ഓണത്തെ ഇവിടേക്കും പറിച്ചു നടാന്‍ ശ്രമിക്കാറുണ്ട് ഞങ്ങള്‍.
        നഗര പ്രാന്തത്തിലെ ഏകാന്തതയിലേക്ക് മഴവില്ലിന്റെ എഴഴകുപോലെ ഒരു മയില്‍‌പീലി സ്പര്‍ശമായി ഓണനിലാവ്‌ ഒഴുകിയെത്തി. തീരങ്ങളെ ഇക്കിളിപ്പെടുത്തി പരന്നൊഴുകുന്ന ഒരു തേനരുവിയായി ബാല്യകാല സൌഹൃദങ്ങളുടെ നിഷ്കളങ്കത അലയടിച്ചു.
        മഞ്ഞുകണങ്ങള്‍ ഇറ്റിറ്റു വീഴുന്ന പാതിവിടര്‍ന്ന പനിനീര്‍ പുഷ്പം പോലെ, മുല്ലപ്പുവിന്റെ നറുമണം പോലെ ഒരു തീവ്രമായ പ്രണയാനുഭുതിയായ് ഓണം എന്നിലാകെ നിറഞ്ഞു കഴിഞ്ഞു.

Wednesday, September 15, 2010

സ്ത്രി

മനശ്ശക്തിതന്‍ കനല്‍ ചിന്താല്‍
ജന്മം സ്പുടം ചെയ്ത്
സ്ത്രിയെന്ന പുണ്യാഭിമാന-
ദ്വജമേറി അമ്മയായ്
ആര്‍ദ്ര മനസ്സിന്നുടയോളുമായ്
പാര്‍വണം നെഞ്ചില്‍ നിറച്ച്‌
മിഴികള്‍ നിറക്കാതെ നിന്നവള്‍
നിശ്ചയ പൊരുളിന്‍റെച്ചായയില്‍.
പെന്‍ കരുത്തിന്‍ സ്ഫുലിംഗങ്ങള്‍
ആളുന്ന തീക്ഷ്ണമാം നയനങ്ങളോടെ
മുള്‍പാതയില്‍ പാദങ്ങളിടറാതെ
ഭൂമിപോല്‍ സര്‍വം സഹയായി
പ്രയാണം തുടരുവോളല്ലോ
സ്ത്രിയെന്ന ശക്തയും സത്യവും.

Tuesday, September 14, 2010

ചിന്ത

ഒഴുകിയൊഴുകി അസ്ഥിത്വം നഷ്ടമാകുന്ന പുഴയാകാന്‍ വല്ലാത്ത മോഹമാണെന്ന് പേര്‍ത്തും പേര്‍ത്തും പറഞ്ഞ്, മറഞ്ഞു പോയ എന്‍റെ പ്രിയപെട നിമിഷങ്ങളെ തേടിയുള്ള  ഈ കാത്തിരിപ്പിന് വിളര്‍ച്ചയുടെ നിറചാര്‍ത്ത്. 

Saturday, September 11, 2010

സ്വപ്‌നങ്ങള്‍

നഗരം ആഘോഷ തിമര്‍പ്പില്‍. തിരക്കില്‍ ഇന്നലെ ഞാനും അലഞ്ഞു. കൈ നിറയെ സ്വപ്‌നങ്ങള്‍ വിലപേശി വാങ്ങി നെഞ്ചിലെ  ചെപ്പില്‍ ഒളിച്ചു വച്ചു.

Friday, September 10, 2010

ഗാനം

പാടാത്തൊരായിരം കുരുവികള്‍ എനിക്കൊപ്പം. പ്രണവം അരികത്തണയാതെ പാടാനെനിക്ക് വയ്യ. ഒരു ചെറു നോവുമായ് കാത്തിരിക്കട്ടെ ഞാന്‍.

Tuesday, September 7, 2010

പുക്കള്‍

പുക്കള്‍ ചിരിക്കും... പക്ഷെ കരയുന്ന പുവിന്‍റെ പേരെന്താണ്? 

ഉറപ്പ്.

അര്‍ത്ഥമില്ലാത്ത അലയലില്‍, ഹിമകണം വൈഡുര്യം പോലെ തിളങ്ങി, എന്നെ അവ്യക്തതയുടെ അപാരതയിലേക്ക് അഭിനിവേശത്തോടെ നയിക്കുന്നതെന്ത്? പ്രഹേളികയുടെ അര്‍ഥം മനസ്സിലൊളിപ്പിച്ചു ആരാണെന്‍റെ മുന്‍പേ പോയ്‌ മറഞ്ഞത്? അതൊരു കുളിര്‍ക്കാറ്റല്ല ഉറപ്പ്. 

Monday, September 6, 2010

സ്നേഹം

സ്നേഹം സുഗന്ധമാര്‍ന്ന മഞ്ഞു തുള്ളി പോലെ.പൊന്‍വെയില്‍ അതിനെ സ്വന്തമാക്കുന്നതെന്തേ? കാതങ്ങള്‍ തുഴഞ്ഞു ഞാനെത്തുമ്പോള്‍ കുഞ്ഞിക്കൈകള്‍ നീട്ടി ഒരായിരം മഞ്ഞു തുള്ളികള്‍.....

Sunday, September 5, 2010

വ്യഥ

അകാരണമായ വ്യഥ എന്തിനാനെന്റെ ചിന്തകളെ വിവശമാക്കുന്നത്‌? ഞാനും സങ്കടങ്ങളെ അതിരിടാന്‍ മോഹിക്കുന്നു.ഏഴു മലകള്‍ക്കിടയില്‍ എവിടെയാനെന്റെ ആഹ്ലാദം ഒളിച്ചിരിക്കുന്നത്?തിരയണം എനിക്ക്.

Thursday, September 2, 2010

 സമതലത്തിലുടെയുള്ള യാത്രയുടെ അവധിയില്‍, മന്ദഹാസത്തോടെ എന്നെ എതിരേറ്റ പേരറിയാത്ത ആ നൊമ്പര പൂവിനെ തേടി, ഇന്ന് മുഴുവന്‍ അലയാനാണെനിക്കിഷ്ട്ടം.