Friday, January 29, 2010

അവളുടെ സ്വന്തം നക്ഷത്രങ്ങള്‍.

ആവര്‍ത്തന വിരസമായ മറ്റൊരു പ്രഭാതത്തിലേക്ക്‌ മിഴികള്‍ തുറന്നു. കിളികള്‍ ഉണര്‍ന്നു പാടാന്‍ തുടങ്ങിയിട്ട് ഒരുപാടായിരിക്കുന്നു.ഉറക്കച്
ചടവോടെ വാതില്‍ തുറന്ന് പുതുമയാര്‍ന്നൊരു കാഴ്ചക്കായി നിര്‍നിമേഷയായി പ്രകൃതിയിലേക്ക് കണ്ണുകള്‍ നട്ടു നിന്നു.നേര്‍ത്ത മഞ്ഞു പെയ്യുന്നു .. വിടരാന്‍ തുടങ്ങുന്ന പുമൊട്ടുകളും, ഇളം തെന്നലും മനസ്സിനൊരു അനുഭുതി പ്രദാനം ചെയ്യുന്നത് പതുക്കെ ആസ്വദിക്കാന്‍ തുടങ്ങും മുന്‍പ്, പിന്‍വിളി വന്നു, "ചായ റെഡിയായില്ലേ ഇനിയും'? ലൌകിക കെട്ടുപാടുകള്‍ വരിഞ്ഞു മുറുക്കിയ ഒരു പാവം വീട്ടമ്മക്ക്‌, ഇതില്‍പരം വ്യത്യസ്തത പുലര്‍ത്തുന്ന ഒരു പുലരിയെ വരവേല്‍ക്കാന്‍ ആവില്ല......
ഇപ്പോള്‍ മധ്യാന്ഹം കനത്തു തുടങ്ങി.നീല വിരിയിട്ട ചില്ലുജാലകം തുറന്ന്, നിറഞ്ഞ ആവേശത്തോടെ അവള്‍ സ്വപ്നം കാണാനിരുന്നു.താഴ്വാരത്ത് കൂടി വാഹനങ്ങള്‍ ചെറുതായി, ചെറുതായി പോയ്മറയുന്ന പാതയിലേക്ക് കണ്ണുകള്‍ എറിഞ്ഞു നിന്ന മോഹന മുഹുര്‍ത്തത്തില്‍, അകലെ, പച്ചച്ച മൈതാനത്തിനരുകിലെ കല്‍പടവുകള്‍ ഓടിയിറങ്ങിയ,ലോലമായ മനസ്സ്,വര്‍ണ ചിറകുകള്‍ വീശുന്നൊരു ചിത്ര ശലഭമായി......വിശാലമായ ആകാശവും, പുവണിഞ്ഞു നിന്ന പ്രകൃതിയും അവളെ മാടിവിളിച്ചു.വിചിത്രമായ, കളകൂജനങ്ങള്‍ക്കൊപ്പം നൃത്ത ചുവടുകള്‍ വക്കാന്‍, അവള്‍ക്കൊപ്പം, അരുപികളായ, ഒരുപാട് നഷ്ട സ്വപ്നങ്ങളും കൂട്ടു വന്നു. 'മറന്നുവോ' കാതരമായ ഒരു നിസ്വനം തൊട്ടു വിളിച്ചു.......
കരിയിലകളെ പതുക്കെ പതുക്കെ തട്ടിമാറ്റി ,സ്വപ്നങ്ങളും,ആഹ്ലാദവും നിറഞ്ഞ, രൂപാന്തരം പ്രാപിച്ച ഹൃദയത്തിനെ,അലസമായി അലയാന്‍ അനുവദിച്ച്, പാദസരങ്ങലണിഞ്ഞ,ചന്തമാര്‍ന്ന പാദങ്ങളെ, കളകളാരവം മുഴക്കി, പതഞ്ഞൊഴുകുന്ന, കാട്ടാറിനു ഉമ്മവക്കാന്‍,കനിഞ്ഞു നല്‍കുന്ന നിമിഷത്തില്‍,ആകുലതകള്‍,അവളുടെ മനസ്സില്‍ ഒട്ടുമില്ലായിരുന്നു.......വിഹായസ്സപ്പോള്‍ ചുവന്നു തുടുത്തു നിന്നു .........

അമ്മിണി കാക്കയും ഞാനും.

എന്‍റെ പ്രിയ കുട്ടുകാരിയാണ്‌ അമ്മിണി കാക്ക. ഏറെ നേരമായി അവള്‍ കുളിച്ചുകൊണ്ടേ ഇരിക്കുന്നു. എന്‍റെ അമ്മിണി, പഴം ചൊല്ല് തിരുത്താനാണോ നിന്റെ ഭാവം? അല്ലല്ല. പുതുവര്‍ഷം പ്രമാണിച്ച് ഞാനൊരു യാത്ര പോയി.എത്ര ശ്രമിച്ചിട്ടും പരിസരം ശുചിയാക്കാനുള്ള എന്‍റെ ശ്രമം വിജയിച്ചില്ല, കുട്ടുകാരെയൊക്കെ കാ കാ എന്ന് ആവുന്നത്ര വിളിച്ചു നോക്കി.ഈ പ്ലാസ്റ്റിക്‌ മാലിന്യം കൊത്തിവലിക്കാന്‍ ഞങ്ങളെ കിട്ടില്ല എന്ന് പറഞ്ഞു അവരൊക്കെ വേഗം പറന്ന് പോയി.പിന്നെ ഇപ്പൊ ഇറച്ചിക്കായി ഞങ്ങളെയും പിടിക്കാന്‍ തുടങ്ങിത്രെ മനുഷ്യര്‍. എന്തായാലും ഞാന്‍ ഓവര്‍ ടൈം ചെയ്തു ഇപ്പൊ വന്നെ ഉള്ളു. വേഗം വരൂ അമ്മിണി,നമുക്ക് കല്യാണത്തിനു പോണ്ടേ? ഈ പരിസരത്തെ ഏക കാക്കയല്ലേ നീ? നിന്നെ ഞാന്‍ കസ്തുരി മാബഴം പോലെ കാത്തുവച്ചോളാം. .

അവള്‍

അവള്‍
കാലം കുരുക്കഴിച്ചു കൊണ്ടിരുന്നപ്പോള്‍
നോവിന്‍റെ മാറിടം അവള്‍
ഭാവങ്ങള്‍ കൊണ്ട് തുന്നിച്ചേര്‍ത്തു.
രാത്രിയുടെ വെളിച്ചം
പകലിന്‍റെ തമസ്സായി
പ്രത്യാശയുടെ വരമ്പത്ത്
ആഗ്രഹങ്ങളുടെ നുരുമേനിയില്‍
അരിവാളിന്റെ തിളക്കം
മങ്ങികൊണ്ടടിരുന്നു
സംഗീത പക്ഷികള്‍ ആകാശം വിസ്തൃതമാക്കി
പാടാന്‍ തുടങ്ങി
മഞ്ഞിന്‍ കണങ്ങള്‍ പ്രതീക്ഷ കൊണ്ട്
അവളെ പൊതിഞ്ഞു.
നക്ഷത്ര ചിത്രങ്ങളുടെ മോഹ പൊലിമയുമായ്
ഈണമില്ലാതെ നൊബര കാറ്റ്
മൂളികൊണ്ടടിരുന്നു.

എന്‍ടെതു മാത്രം

വാതായനങ്ങള്‍ അടഞ്ഞു തന്നെ കിടന്നു.
ചിരാതുകള്‍ കെടുത്തി സാലഭഞ്ഞ്ജികകള്‍ മൌനത്തിലും.
ഉപാധികള്‍ സ്വപ്നങ്ങള്‍ക്ക് അതിരുകള്‍ മിനുക്കി.
വര്‍ണ്ണങ്ങള്‍ നിരമില്ലായ്മയിലേക്ക് ലയിച്ചു ചേര്‍ന്നു
മേഘങ്ങള്‍ യാത്രയിലും.
പ്രഭാതം ഊര്ന്നുവീണത്‌
ഇഴപിരിച്ച സ്വപ്നങ്ങളും തേങ്ങലുകളുമായി
പുനെര്‍ജെനിയുടെ കവാടത്തില്‍
പ്രയാണം മറന്ന പാദുകങ്ങള്‍.
പെരും തുടി കൊട്ടി തിന്മയെ ധ്വംസിച്ച്
ഒരു ചടുല നൃത്തം....പിന്നെ മഹാശാന്തം.
ഈ പലായനം നേരിന്‍റെ നന്‍മ ചികയാന്‍.
അകലത്തെ അമ്പിളി
അതെന്ടേതു മാത്രം.....നിലാവും. .

എന്‍റെ പാട്ട്.

മലയുടെ തുഞ്ചത്തെ
വഴികള്‍ പിരിയാത്ത
ശുന്യതയിലൊരു
മാണിക്യ കല്ലും
നിറമില്ലാത്ത പുവും
ഘനമില്ലാത്ത നോവും.
നൃത്ത ചുവടില്‍
സ്വപ്നം കോര്‍ത്ത്‌
കരയാതെ, പാടി തളരാതെ
ഞാനും.

Sunday, January 24, 2010

എന്‍റെ അമ്മ മകം പിറന്ന മങ്ക

നെഞ്ചകമാകെ വാത്സല്യ നീര്‍മുത്തുകള്‍
പാലാഴിയായി ഒളിപ്പിച്ചു വച്ചവള്‍.
മുളാത്ത താരാട്ടിനീണം പകര്‍ന്നവള്‍
നിലാവിന്‍ കുളിരായ് എന്നെ ഉറക്കിയോള്‍.
പെന്കുരുന്നുകള്‍ക്കെന്നും നിശ്ശബ്ദ-
തന്റെട കല്‍ മതിലായി ഭവിച്ചവള്‍
നക്ഷത്ര ദീപ്തി മനസ്സില്‍ അണിഞ്ഞവള്‍.
വാചാലതയുടെ മൌനം നുകര്ന്നവള്‍.
എന്നെന്നുമെന്നുടെ ജീവിത പാതയില്‍
ശക്ത്തിയായ്, തേജസ്സായ്‌ പ്രചോദനമായവള്‍
ഒരു നറു പുഷ്പമായ് സുഗന്ധംപടര്‍ത്തി
എന്‍ ജീവന്‍റെ ജീവനായ് ചേര്‍ന്നു നടന്നവള്‍.
സാന്ത്വന മന്ത്രമായ് എന്നെ പുണര്‍ന്നവള്‍ .
മിടടാതോരായിരം കഥകള്‍ ചമച്ചവള്‍.
നോവിന്‍റെ കൈപ്പുനീര്‍ താനേ നുകര്ന്നവള്‍.
കണ്ണുനീര്‍ നെഞ്ചിലടക്കി
മന്ദസ്മിതം തുകിയോള്‍.
സൌമ്യ സര്‍വംസഹ എന്‍റെ അമ്മ,
മകം പിറന്നൊരു പുണ്യ മങ്ക. .

അവളുടെ യാത്ര

മാളികയുടെ നാല്‍പ്പത്തി രണ്ടാം നിലയിലെ
ചാര നിറത്തിലുള്ള ജനല്‍ പാളിയിലൂടെ
ചുവന്ന പക്ഷി വന്നു വിളിച്ചപ്പോള്‍
ഒരു പൊട്ട് ആകാശവും
ഒരാഹ്ലാദ തുണ്ടും മുറുകെ പിടിച്ച്
ഒഴുകിയിറങ്ങുമ്പോള്‍
അവള്‍ക്കൊപ്പം മഴയുമുണ്ടായിരുന്നു.

ചില പ്രണയ ചിന്തകള്‍.

യാത്രയുടെ അവസാന പാദത്തില്‍,
വെള്ളാരം കല്ലില്‍
കാല്‍ തട്ടി മുറിഞ്ഞപ്പോള്‍
നിരാകരിക്കാനാവാത്ത പ്രണയമറിഞ്ഞു.
മെലിഞ്ഞ വിരല്‍ തുമ്പുകളിലും
ഒട്ടും ആകര്‍ഷകമല്ലാത്ത
പുരിക കൊടികളിലും
തളര്‍ന്ന മിഴികളിലും
പിന്നെ പ്രണയം കനത്തു.
ഉണരാത്ത പകലിനൊപ്പം
കാറ്റും പറഞ്ഞു,
ഇടനാഴിയിലെ ജാലകങ്ങളുടെ
അരികിലെ കോണിപ്പടിയിലും
ഒളിച്ചിരിക്കുന്നു പ്രണയമെന്ന്.
നീലാകാശത്തിനോടാണ്
ഒരു മഞ്ഞ മേഘം പോലെ
എന്‍റെ തീവ്ര പ്രണയം.

നിന്‍റെ മനസ്സ്.

മിഴികള്‍ നിറക്കരുത്.
അവ നിലാവിന്‍റെ
തണുത്ത പ്രകാശം
കരുതി വയ്ക്കാനാണ്.
പാടാന്‍ വയ്യെന്നാലും
മൊഴികള്‍, ചുണ്ടില്‍
ഒതുക്കി വക്കുക.
നിന്നെ, ഒരു സംഗീതം പോലെ
പങ്കു വെച്ച്
ഇലകളില്‍ കാറ്റായി ഉണരുക.
മനസ്സ് കളയരുത്.
അത് നിനക്ക് മാത്രം
ഒളിച്ചു വക്കാനുള്ളതാണ്.
പുലരി അവര്‍ എടുത്തു കൊള്ളട്ടെ.