Tuesday, August 23, 2022

 കുട.

വെയിലത്തും മഴയത്തും,രാത്രിയും പകലും, അദൃശ്യമായും ഗോപ്യമായും ഗോചരമായും,കവചമായി കുടചൂടണം.ചെറുമഴയിൽ നനയുന്ന,പെരുമഴയിൽ നിലക്കാതെ നീരൊഴുക്കുന്ന കുടയിൽ ചിലരാത്രികളിൽ നിലാവ് ഒളിച്ചിരിക്കും.ചിലപ്പോൾ വെയിൽവന്നു പാളിനോക്കി അമർത്തിച്ചിരിച്ച്‌ ഒപ്പംനടക്കും.കുടക്കീഴിൽ വിചിത്രമായ ചിന്തകളും,ഒരായിരം സ്വപ്നങ്ങൾ നിറഞ്ഞുകവിഞ്ഞ മനസ്സുമായി ഞാനുണ്ട്. കുടമടക്കാതെ,കാറ്റുലക്കാതെ വേഗം നടക്കണം. അങ്ങകലെ പ്രതീക്ഷയുടെ മുനമ്പിൽ ഒരുകൂട വാഗ്‌ദാനങ്ങൾ ആരോ കരുതിവച്ചിരിക്കും.

 സങ്കടങ്ങൾ.

കാറ്റ് വീശിയകറ്റുന്ന സങ്കടങ്ങൾ ചിലപ്പോൾ തിരിഞ്ഞുനിന്ന് സംവേദിക്കാറുണ്ട്.അതെനിക്ക് ഏറെ ഇഷ്ടവുമാണ്.കാരണം അവയിൽ നിറംകൊണ്ടൊരു ചുഴിയുണ്ട്.അപ്രതീക്ഷിതമായി വർണ്ണത്തിൽ കുളിച്ച്, മുങ്ങിയും പൊങ്ങിയും അതിൽനിന്ന് എത്തിനോക്കുന്ന, പകുത്തെറിയാനാവാത്ത എന്റെ അപരയുണ്ട്.കരയുന്ന എന്റെ മിഴികൾ മഴയത്ത് വച്ച് കുനിഞ്ഞിരുന്ന്,മണ്ണിൽ ഞാനൊരു ചിത്രം തിരഞ്ഞു.ഇനിയുമൊരു കാറ്റുവീശും...ഞാനെന്നെ തിരിച്ചറിയും.

 വിഷു.

ചിരിച്ചതുരത്തിൽ, ചായംപൂശിയ ചുണ്ടുകളാൽ പഴയൊരുപാട്ടിന്റെ വരികൾ കുറിച്ചിടുമ്പോഴാണ്,മൂളിക്കാറ്റ് വീശിയത്.ആടിയുലഞ്ഞും,സംശയിച്ചും,ഒപ്പംനടന്നും,മേനിയിലാകെ മുത്തംവയ്ച്ചും,
പിൻവിളിക്ക് കാതോർക്കാതെ അത് പിന്നെയും പ്രയാണംതുടർന്നു. പൂത്തുലഞ്ഞുകൊഴിഞ്ഞ കൊന്നപ്പൂക്കൾ വാരിവാരിയെടുത്ത് ഞാനപ്പോൾ, പരിചയമില്ലാത്ത ഒരുമുഖംവരച്ച്‌ വെറുതെ കാത്തുനിന്നു. ചാഞ്ഞുംചെരിഞ്ഞും ഒളിഞ്ഞുനോക്കി, വിഷുപ്പക്ഷി പാടിപ്പറന്നുപോയി.

 അക്ഷരങ്ങൾ.

കടലിലേക്കിറങ്ങാനുള്ള കുത്തനെയുള്ള വഴിയുടെ അരികിൽ, ആകാശം കാണാൻ ഒരായിരം അക്ഷരങ്ങൾ കാത്തിരുന്നു.വഴിക്കിത്തിരി വളവും തിരിവുമുണ്ട്. അവിചാരിതമായി കഥ തിരഞ്ഞുവന്ന എന്നെക്കണ്ട് അവ കൈകോർത്തു.പിന്നെ ഞാൻ ഒളിച്ചുവച്ച രഹസ്യങ്ങൾ വാചകങ്ങളാക്കി തിരമാലകൾക്ക്‌ സമ്മാനിച്ചു.നുരയും പതയും കലങ്ങിയ വെള്ളവും അതു വിശകലനം ചെയ്യുമ്പോൾ,ഞാൻ കടലിന്റെ ആഴമളക്കുന്ന മത്സ്യകന്യകയായി .ചിലതൊക്കെ അതിരുകൾക്കപ്പുറമാണ്.ദൂരം സങ്കൽപ്പവും.

 അമ്മ.

സ്വാർത്ഥകമായ 98 വർഷങ്ങൾ കഴിച്ചുകൂട്ടി മണ്മറഞ്ഞുപോയ സ്നേഹത്തിന്റെ പര്യായമാണ് എനിക്കമ്മ.ശിഖരങ്ങൾ വിടർത്തി പടർന്നു പന്തലിച്ചു നിൽക്കുന്ന അദൃശ്യ സാന്നിദ്ധ്യം. നിഴലായി എപ്പോഴും കൂടെ....പാതിസുഷുപ്തിയിൽ,ചുക്കിച്ചുളിഞ്ഞ കൈകളുടെ തലോടൽ മനസ്സിനെ ശാന്തമാക്കാറുണ്ട്.അമ്മമാർ എന്നെന്നേക്കുമായി യാത്ര പോകുന്നില്ല.....

 ഇല്ലാത്ത കാട്.

============
സ്നേഹത്തിലേക്കുള്ള
വഴിതേടി, കൊടുംകാട്ടിലേക്കെത്തിനോക്കി, വെറുതെ നിന്ന എന്നോട്,
പാതിയും ജീർണ്ണിച്ച
കരിയിലകൾ
സ്വകാര്യമായി
ചിലത് പറഞ്ഞു.
കേട്ടറിഞ്ഞപോലെ,
ഈ കാട്ടിൽ
ജീവജാലങ്ങളും,
പക്ഷിക്കൂടുകൾ തൂങ്ങിയാടുന്ന വൻവൃക്ഷങ്ങളും,
അഭൗമമായ നറുപുഷ്പങ്ങളും,
തെളിനീരരുവികളുമില്ല.
വെറും മായക്കാഴ്ചയാണത്.
മണ്ണിൽ എന്നോ വീണുടഞ്ഞ നെടുവീർപ്പുകളാണ്
മായാജാലമായി
കബളിപ്പിക്കുന്നത്.
നിന്നിൽവർണ്ണാഭവും,
അർത്ഥപൂർണ്ണവുമായ
പാതി നിനവുണ്ട്.
അതിൽതെളിച്ചംനിറക്കുക
തിരയുകയെന്നത് പാഴ്ശ്രമമാണ്.
പിന്നിലെ നീണ്ടവഴി
മറ്റാരോ
സ്വന്തമാക്കിയിരിക്കുന്നു....
ശരിയാണ്,
എന്റെ വഴിയുടെ അരികിൽ
ഒരുചെറിയ ജലാശയമുണ്ട്.
അതിന്റെ തിട്ടയിൽ, കാറ്റിലാടുന്ന
നിറയെ പച്ചിലകളുള്ള
ഒരു കുഞ്ഞുചെടിയുടെ ചില്ലയിൽ,
ഞാനൊരു പൂവ്വായി മയങ്ങി.
തികച്ചും
അപ്രതീക്ഷിതമായിരുന്നു
ആ രൂപാന്തരം .

 ചഞ്ചലം.

ദുർബലമായ
ചെറുമരച്ചില്ലയിൽ
പംഗംഒതുക്കി
ചടഞ്ഞിരിക്കുന്നു ഞാൻ.
എങ്ങോകളഞ്ഞുപോയ് എന്നുംതിരഞ്ഞിടും മങ്ങിമായുന്നൊരു
ഭാവഗാനങ്ങളെ.
വെണ്ണിലാചന്തവും, അഗ്നിയും
പാതിപകുത്തു
മിഴിയിൽ ഒതുക്കവേ,
കഥകൾ
പെയ്തുതുടങ്ങുന്നു
പാടുന്നു ഹൃത്തടം.
പറന്നുമറയുന്നു
മാനസമൈനകൾ.
ഈടുള്ളനൂലുകൾ കോർത്തൊറ്റയ്ക്ക്തുന്നിയ
തൂവെള്ളദാവണി,
പാതിവഴിയിൽ വീശിപ്പറത്തി ഞാൻ.
കാലം വിതയ്ക്കുന്ന വിത്തുകൾ ശാശ്വതചിന്തയായ്
പരിണമിയ്ക്കുന്നുവോ.
പണ്ടത്തെ കാന്തിവിളങ്ങുന്ന ഓർമ്മകൾ
ചന്തത്തിൽ ഒന്നിനി കോർത്തുവെച്ചീടട്ടെ.
കുളിരില്ലാക്കാറ്റിൽ ഉലഞ്ഞാടും മനസ്സുമായ്,
മുഖംമറക്കാനുള്ള
മങ്ങിയ കൈലേസു വീശിയുണക്കുവാൻ,
പൂമുഖത്തിണ്ണയിൽ
നൂറുനൂറായിരം
ഓർമ്മകൾ
നന്നായ് വിരിച്ചു
കാത്തിരുന്നു ഞാൻ.
വന്നുപോയ് സന്ധ്യയും സുപ്രഭാതങ്ങളും, നിശബ്ദമായ്
തമസ്സിന്റെ നേത്രവും.
ഇളകിയാടുന്ന
നെൽപ്പാടത്തിനക്കരെ
പൂത്തുലഞ്ഞോരാ
കദംബവൃക്ഷത്തിലെ,
പക്ഷി ത്യജിച്ചൊരു
മങ്ങിയതൂവലാൽ
എത്തിപ്പിടിക്കട്ടെ
അകലത്തെ ചിന്തയെ.
മാനസമാകവേ
പൂത്തുലഞ്ഞീടുവാൻ
കാതങ്ങൾ
എത്രതാണ്ടീടണം ഞാനിനി.
എന്നോ മറന്നുവച്ച തന്മാത്രയിൽ,
തേടിത്തളർന്നു ഞാൻ
എന്നിലെ എന്നെയും.