Thursday, December 30, 2010

നവവത്സരം

കാലചക്രം മുന്നേറുന്നു.മാനവികതയുടെ, സഹവര്‍ത്തിത്വത്തിന്‍റെ, ഐശ്വര്യത്തിന്‍റെ, സ്നേഹത്തിന്‍റെ വര്‍ണം ചാലിച്ച ഈ തൊടുകുറി അണിയുക തിരുനെറ്റിയില്‍, നവവത്സരം ഇതാ വന്നണഞ്ഞു.  

Wednesday, December 29, 2010

കണ്ണ്.


ആഹ്ലാദത്തിന്‍റെ ചെറു തുണ്ടുകള്‍ പെറുക്കിവച്ച് മെനെഞ്ഞെടുത്ത ശില്പത്തിന് ഊന്നു വടിയുടെ ചേല്. വളഞ്ഞ കൈപ്പിടിയില്‍ പാമ്പിന്‍ കുഞ്ഞു ചിരിച്ചു.വെറുതെ പറയാം അഞ്ചു തലകള്‍ ഉണ്ടെന്ന്.പക്ഷെ ഒന്നേ ഉള്ളു കണ്ണ്.

Monday, December 27, 2010

ഏഴാം നാള്‍

കതിര് കൊത്തിപ്പറക്കാന്‍ വന്ന കൂര്യറ്റക്കിളിയാണ് പറഞ്ഞത്, അക്കരെ പുഴയോരത്ത് അര്‍ത്ഥമില്ലാത്തൊരു പഴംകഥ പറയുന്ന കാത്തിരിപ്പ്‌കാരനെ കുറിച്ച്. ഏഴാം നാള്‍ പ്രളയമൊരുക്കി പുതിയൊരു സുര്യനാകാന്‍ നാളെ ഇക്കരേക്ക്.ഇനി എന്‍റെ യാത്ര ഒഴുക്കിന്‍റെ വഴിയെ ഏറെ സുഗമമായി.

പൊളി


ജിജ്ഞാസയെ തടവിലാക്കാം. അപാരത അര്‍ത്ഥ ശൂന്യമെന്നോതാം.നാഴികകള്‍ അളന്നു നോക്കാം.കാത്തിരിക്കില്ലെന്നു പൊളി പറയാം.ചിത്രത്തൂണിലെ പാതിയടര്‍ന്ന ശില്‍പ്പം പോലെ ചാഞ്ഞിരിക്കാം.പിന്നെ അഗാധതയിലെ മാറ്റൊലിയില്‍ ഒറ്റക്കാലില്‍ തപസ്സിരിക്കാം.നീയെത്തുമെന്ന പ്രതീക്ഷ ഏതുമില്ലാതെ.   

പാട്ട്

രാത്രിയിലാണ് നുതനമായ രാഗവീഥിയിലുടെ പ്രയാണം ആരംഭിച്ചത്.ആയിരമായിരം രാഗങ്ങള്‍ ഒന്നായി.ആരോഹണാവരോഹണങ്ങളില്‍ ഉഞ്ഞാലാടി നിര്‍മ്മമം, ശാന്തം എന്‍മനം.ഇനിയൊരു പാട്ട് പാടാം.    

Monday, December 20, 2010

കൂട്.

കുളിരുള്ള  നിലാവ് പരന്നൊഴുകുന്നു.ഓടി മറഞ്ഞ ആതിര രാത്രികള്‍... പുലരികള്‍.ഉഞ്ഞാലാട്ടം.മനസ്സിന് ഒരുപാട് കള്ളറകള്‍     വേണം.വലിയ അറയില്‍ നിലാവ് നിറക്കാം.ബാക്കിയൊക്കെ തുറന്നിടാം, വന്നണയുന്ന കാറ്റിനും ഒരു കൂടൊരുക്കാം.

Sunday, December 19, 2010

നൊമ്പരം

നിറച്ചത് ചില വ്യാകുലതകള്‍.ഒളിച്ചു വച്ചത് അളവില്ലാത്ത നൊമ്പരം.കണ്ണുനീര്‍ മുത്തുകള്‍ ഒരാഹ്ലാദപുഴയൊഴുകും വഴിയായി.അപ്പോള്‍ ചിരിക്കാന്‍ മറന്നു.

Friday, December 17, 2010

ഒരു പൈങ്കിളിക്കഥ

സായാന്ഹം പതിഞ്ഞ ചുവടുകളുമായി വന്നണയാറായി.നാലുമണി പൂക്കളുടെ വര്‍ണങ്ങള്‍ ചിന്തകളില്‍ നിറച്ച്‌, ആരും കേള്‍ക്കാതെ ഒരുകഥ പറയാം. നായിക വിതുംബാത്ത ഒരു പൈങ്കിളിക്കഥ.

Thursday, December 16, 2010

മറവി.

എന്തിനാണ് ആ കഥ പറഞ്ഞത്? രാജകുമാരിയും പറക്കും തളികയും ഇല്ലാത്ത കഥയുടെ വേര് ഒരു പവിഴപുറ്റിലും തളച്ചിടാന്‍ വയ്യ എന്നു ഞാന്‍ പറഞ്ഞതല്ലേ? ചുണ്ടുകള്‍ പാതിവിടര്‍ത്തി ചില ശീലുകള്‍ പാടി നിറക്കാന്‍ ഇന്നത്തെ രാത്രിയിലെ മുഴുവന്‍ നിലാവും എനിക്ക് വേണം.ഇപ്പോള്‍ കഥയുടെ ആദ്യ വരിയും മറന്ന് പോയി.

രാഗം

ചെറു മഴയും കുളിരും നഗരത്തെ പൊതിഞ്ഞിരിക്കുന്നു. കിളിക്കുട്ടിലെ കുഞ്ഞിക്കിളി കരഞ്ഞു.ഇന്ന് അച്ഛന്‍റെ താരാട്ട് കേട്ടുറങ്ങട്ടെ അത്.ഏതാവും ആ രാഗം?

Wednesday, December 15, 2010

ഒറ്റ ചിറക്

സന്ധ്യക്ക്‌ തെളിയിച്ച വിളക്കില്‍ നിന്നും ഒഴുകിയിറങ്ങിയ എണ്ണയില്‍ ബന്ധിക്കപെട്ടു ഉഴലുകയായിരുന്നു നീ, നിശ്ശബ്ദമായി നയനങ്ങളില്‍ രാഗങ്ങള്‍ നിറച്ചുകൊണ്ട്.പുതിയൊരു ഒറ്റ ചിറക് മോഹിച്ചു, എന്തിനാണ് മനസ്സു ഹോമിച്ചത്?

Tuesday, December 14, 2010

മനസ്സ്

മറക്കണം, മാച്ചെഴുതണം. പിന്നെ സുഷിരം നിറഞ്ഞ പച്ചില കാറ്റത്തിളകിയാടും പോലത്തെ ഒരു മനസ്സു വേണം.മഞ്ഞുതുള്ളി പോലും ഭാരമാകാതെ.....   

Sunday, December 12, 2010

കഥ

കാറ്റ് മറഞ്ഞു. മഞ്ഞു പൊഴിഞ്ഞു.കടലുറങ്ങി. മനസ്സു വിതുമ്പി. അപ്പോളൊരു നക്ഷത്രം കഥയില്ലാത്തൊരു മൊഴി ചൊല്ലി.

പ്രയാണം

മോഹങ്ങളില്ലാത്ത പ്രയാണം. ചില തിരുത്തലുകള്‍ മനസ്സു നിറച്ച്‌. സുഗന്ധമുള്ള വൃക്ഷം.പൂക്കള്‍ അദൃശ്യം.കാത്തിരിക്കാം, കായ്കള്‍ പൊഴിയും വരെ. പുതുനാമ്പ് മുളക്കും വരെ.

Monday, December 6, 2010

മുക്കുറ്റി പൂ.

മറഞ്ഞിരുന്ന് മഞ്ഞു തുള്ളികള്‍ മനസ്സ് കുളിര്‍ത്തു.കാലചക്രത്തിന്‍റെ തേഞ്ഞു പോകാത്ത അതിരിന്നരികത്ത്‌ ഇന്നലെ ഞാനൊരു പൂ കണ്ടു. ചിരിക്കുന്ന മുക്കുറ്റി പൂ.

Thursday, December 2, 2010

സ്വപ്നം

അനാഥമല്ല മനസ്സ്.ഒരു കോണില്‍ സ്വപ്നം ഒളിച്ചിരിക്കുന്നു.ചിലപ്പോള്‍ വിവര്‍ണം.മന്ദഹാസം സ്വായത്തമാക്കാന്‍ ഇന്നലെ  പടികളില്ലാത്ത ഒരു മലകയറി.താഴ്വരയാകെ മഞ്ഞു പുതച്ചിരുന്നു.അപ്പോള്‍ ഞാനൊരു പുതിയ കഥയെഴുതി, പ്രണയം ഒട്ടുമില്ലാതെ.

നിദ്രയില്‍നിന്നല്ല.

 വിചിത്രമായ നിറക്കുട്ടുകളുടെ ആഴങ്ങളില്‍, തുഴയില്ലാത്ത തോണിയില്‍ വല്ലാത്ത വേഗത്തില്‍ ഒഴുകിയെത്തി ഞാനുണര്‍ന്നത്, ഭാവം കുട്ടു പിരിഞ്ഞ ഇന്നലെയുടെ ഇരുണ്ട പടിഞ്ഞാറേ കോണിലെ നിറമില്ലാത്ത, പേരറിയാത്ത മരത്തിലെ ചുള്ളി കൊമ്പില്‍ മനസ്സ് കോര്‍ത്തു മുഖമില്ലാത്ത ഭ്രമിപ്പിക്കുന്ന വിരഹത്തിന്‍റെ സ്വാദറിയാന്‍. ... നിദ്രയില്‍നിന്നല്ല.