Monday, April 28, 2014

വെറുതെ.



എകാന്തതക്ക്‌ മുക്കണ്ണ്‍.
വാചാലമായ ചെഞ്ചുണ്ടും.
നിലവറയിലെ പാഴ്വാക്കുകള്‍
മുക്തി നേടുമ്പോള്‍,
നിലയില്ലാക്കയത്തില്‍
നീലത്താമര വിരിയും.

വെറുതെ കാത്തിരിക്കാന്‍
നാളത്തെ പ്രഭാതം.

Thursday, April 24, 2014

ദൂരം.



നിറമിഴിയില്‍ ഒരു വസന്തമുണ്ട്.
വീണു ചിതറാന്‍ ഒരു മോഹവും.
നടന്നകലും തോറും വിരക്തിയുടെ
കുട നിവര്‍ത്തുന്നു, ധാരണകള്‍.

നിര്‍ണ്ണയങ്ങളുടെ മണ്‍പുറ്റുകളില്‍
ഒരു പടുതിരി കൊളുത്തി
വലംവച്ച് പിന്‍ തിരിയാന്‍,
നീണ്ട പാതയില്‍ ഇടവഴികളില്ല.

പുലരിയിലേക്ക് നടന്നു കയറാന്‍,
ഇനിയൊരു ചക്രവാള ദൂരം..

ചിലത്

വേനലിലും അരക്കൊപ്പം തെളിനീരുമായി അനേകം ജീവജാലങ്ങള്‍ക്ക് കനിവേകി പഞ്ചാരമണലിന്‍റെ തിളക്കവുമായി ഒരു ജനതയുടെ പുണ്യമായി ഉണ്ടായിരുന്നു, അതി മനോഹരിയായ ഒരു പുഴ. ഇന്ന് മൃത്യുവിന്‍റെ പടിവാതിലില്‍ നിസ്സഹായയായി, എന്‍റെ ബാല്യകൌമാര യൌവ്വനങ്ങള്‍ക്ക് സാക്ഷിയായ നിള.....പിന്നെ വര്‍ഷം മുഴുവന്‍ പച്ചപ്പുമായി കനിവേകിയ പാടം നികത്തി ഉയരുന്ന കെട്ടിടങ്ങള്‍, കൂട്ടത്തില്‍ സ്നേഹരാഹിത്യം നെഞ്ചിലേറ്റി കുറച്ചു മനുഷ്യരും....കാത്തു വക്കണം ചിലത്, ഇനിയും വൈകിയിട്ടില്ല.

Sunday, April 20, 2014

പറയാതെ.



അറിയാതിരിക്കരുത് എന്ന് പറയാതെ പറഞ്ഞ്,  വിടര്‍ന്ന കണ്ണുകള്‍ ചിമ്മി, ഒരു മോഹച്ചിന്ത്. ഇപ്പോള്‍ നിഴലുകള്‍ ഉറക്കെയുറക്കെ ഓര്‍മ്മകള്‍ അയവിറക്കുന്നു.

Friday, April 18, 2014

കാറ്റ്.



നിറയുന്ന നിന്‍റെ 
മിഴി മുത്തുകള്‍ 
പതുക്കെ പതുക്കെ 
ഒപ്പിയെടുക്കാന്‍, 
ഒരു കാറ്റ് വീശണം.
പോയ്മറയുമ്പോള്‍, 
മറന്നുവച്ച സ്വപ്നം 
പകരം തന്ന്, ഞാനും.......

Tuesday, April 8, 2014

നാടകം

ജൽപ്പനങ്ങൾ
തെറ്റിദ്ധാരണ
പഴി ചാരൽ
പതം പറച്ചിൽ.
ഒക്കെയും
സുരക്ഷിതമായി
വലയിലാക്കി.

ഇനി നാടകം തുടങ്ങാം.

Thursday, April 3, 2014

പ്രതികരണം

നല്ലൊരു ശതമാനം മനുഷ്യര്‍ അനീതി കണ്ടു നില്‍ക്കുന്നു. പിന്നെ സൌകര്യംപോലെ ചര്‍ച്ച ചെയ്യുന്നു. നിഷ്ക്രിയത്വത്തിന്‍റെ മേലാപ്പണിഞ്ഞ മനസ്സുകള്‍ നിര്‍വ്വികാരമായി നിലകൊള്ളുമ്പോള്‍, പ്രതികരണ ശക്തിയേകാന്‍, എന്തിനെയാണ് നാം നിരന്തരം തേടി അലയേണ്ടത്?

Wednesday, April 2, 2014

എന്ത്?



കരിയില കൊണ്ട് കുട പിടിച്ചില്ല.
എന്നിട്ടും മണ്ണാങ്കട്ട
എന്തേ നനയാഞ്ഞ്?

Tuesday, April 1, 2014

ഓര്‍ത്തു വക്കാന്‍.



എകാന്തതക്ക്‌ നേരമ്പോക്കാന്‍,  കയറ്റിറക്കങ്ങളുടെ ആരവമില്ലാത്ത,
അടച്ചുറപ്പില്ലാത്ത മുറി പണിതു നല്‍കണം. മണ്‍ചുവരിലെ ദ്വാരത്തില്‍ മനസ്സ് ഒളിച്ചിരുന്നോട്ടെ.