Tuesday, April 30, 2013

സ്വപ്നംമാത്രനേരം ഇടം തേടി വീണ്ടും
യാത്ര പോകും ജീവതാളബോധം.
ഗാനത്തിനൊത്തൊരു 
നൃത്തമെന്നോതി,
പൊയ്കാലിലെന്തിനീ ചിലങ്ക കെട്ടി?
ഊഷരമല്ലെന്‍ ഹൃദയം തരളിതം
ഗാത്രമുഴലുന്നു വിമോഘമായി.
ചെറുമഴ കാറ്റില്‍ നനഞ്ഞ കണ്‍പീലി
സലോലം തലോടുമീ,
മന്ദസമീരനുമനന്യ സൌമ്യം.
പാടാന്‍ വിതുമ്പുന്ന ഈണങ്ങളങ്ങനെ
പേരറിയാപ്പക്ഷി നീ പാടിടുമ്പോള്‍,
കാണാപ്രപഞ്ചത്തെ  വര്‍ണ്ണപ്രളയത്തിന്‍
പൂത്തപാഴ്വള്ളിതന്‍ ഊഞ്ഞാലതിൽ,
പൊന്നിന്‍ കിനാക്കളെ തൊട്ടു തൊട്ടങ്ങനെ
ഏതോ പുതുവര്‍ണ്ണ നേരിനായി
ആരോരുമറിയാതനസ്വൂത- 
മാടിത്തളര്‍ന്നു  മനസ്സുലഞ്ഞു.
ഇല്ലിനി സ്വപ്നത്തിന്‍ 
നേര്‍വഴിത്താരയില്‍
തീവ്രമാം നോവിന്‍റെ മുള്‍മുനകള്‍....
സമരസമാകൂ, പടിവാതില്‍ 
മലര്‍ക്കെ തുറന്നു വിളിക്കയായി
ഒരു മുളം കുഴലിന്‍ നാദമായ് വന്നെന്‍
ഹൃദയവിപഞ്ചിക മീട്ടി മെല്ലെ,
മസ്രുണമാം മൃദുസ്മേര കടാക്ഷങ്ങള്‍
ഏകിടും നൂതന ഭാവനകള്‍....  

ചേതന

ചേതനകൾ കൈ പിടിച്ചു നടത്തിയ ഇന്നത്തെ സായംകാലം, മായാത്തൊരു മഴവില്ലിൻറെ ചാരുതയാർന്ന്  മനം കവർന്നു. പേരറിയാത്ത ഒരു കിളി മനസ്സിലിരുന്ന്,അവിരാമം ചിലക്കുന്നതെന്ത്?

Friday, April 26, 2013

സ്നേഹക്കൂട്.
 പ്രതലമില്ലാതെ വിഹരിക്കുന്ന അരൂപികളാണ് സ്വപ്‌നങ്ങൾ. അവയ്ക്ക് നിറം പകരാൻ കാണാമറയത്തെ സ്നേഹക്കൂട്.

Wednesday, April 24, 2013

കാരണങ്ങൾമുഖം മൂടിയണിഞ്ഞ 
ചില കാരണങ്ങൾ,
അകലെ പെയ്യുന്ന മഴപോലെ. 
ഹിമശൈലങ്ങളുടെ താഴ്വാരത്തിൽ
അപദാനങ്ങൾ പാടിയുണർന്നു. 
ദീപ്തമായ കണ്ണുകളിൽ 
ശോകക്കടൽ നിറഞ്ഞു കവിഞ്ഞപ്പോൾ 
എന്തിനാണു നീ വെറുതെ,
ചിറകില്ലാതെ പറന്നത്?

Friday, April 19, 2013

കാറ്റ്മൂന്ന് ചുള്ളിക്കമ്പുകൾക്കിടയിൽ, ശ്രദ്ധയോടെ നിർമ്മിച്ച കുഞ്ഞിക്കൂട്ടിൽ ഒറ്റച്ചിറകുള്ള കാതരയായ ഒരമ്മക്കിളി, വിവശയായി പാടിക്കൊണ്ടിരുന്നു........ കടലിലെ കാറ്റ് പോലെ .

Wednesday, April 17, 2013

നിറം

നിൻറെ സ്വപ്‌നങ്ങൾ അവളുടെ നീലമിഴികളിൽ നിറച്ചു വച്ചതിൻറെ മൂന്നാം നാളാണ് ചെറിയൊരു മഴക്കോൾ കണ്ടത്. മങ്ങിയൊരു വെയിൽ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. ഒരഞ്ചുവാര ദൂരത്ത്‌, മാമ്പഴം വീഴുന്നതും കാത്ത്, എന്റെ മനസ്സ് പടിയിറങ്ങിപ്പോയി മയങ്ങിക്കിടന്നിരുന്നു. ഇപ്പോൾ അറിയുന്നു, സ്വപ്നങ്ങൾക്ക് ഇളം റോസ് നിറമാണെന്ന്......

Monday, April 15, 2013

കഥപുഴകളൊക്കെ നിറഞ്ഞൊഴുകും,പാടം പച്ചപ്പായ് വിരിക്കും, മരങ്ങളൊക്കെ പൂത്തുലയും, കായ്കളിൽ മധുരം നിറയും..................... മഴത്തുള്ളികളോട് കഥ പറഞ്ഞ് ഞാനും.

Monday, April 1, 2013

എവിടെ ?

മിന്നലിന്റെ അകമ്പടിയോടെ കുണുങ്ങി ചിരിച്ച്, നടന വൈഭവത്തോടെ ചുവടുകൾ വച്ച്, പുതുമണ്ണിന്റെ സുഗന്ധം പേറി ഇന്നലെ വന്നെത്തിയ വേനൽമഴ, ജനലഴികളിലൂടെ  വിരുന്നെത്തി എൻറെ മനസ്സ് നനച്ച്, ഇത്ര വേഗം എവിടെ പോയ് മറഞ്ഞു?