Wednesday, November 28, 2012

നീലത്തൂവലുള്ള പക്ഷി


നീണ്ട പാതയിലെ
ഇരുപത്തിയേഴാം
മെയില്‍ കുറ്റിയുടെ
ഇടതു വശത്തെ
പാഴ് മരത്തിന്റെ
മെലിഞ്ഞ ശിഖരത്തില്‍
എന്റെ സ്വപ്നക്കൂട്.
മലയടിവാരത്തെ
പുഴനീരിനെ
കാത്ത് വലഞ്ഞ മനസ്സിനെ,
ഇന്നലെ ഞാന്‍ ദാനം കൊടുത്തു.
ഒന്നും പറയാതെ കരയരുതെന്ന്
ശാസിക്കയും ചെയ്തു.
ഒരു ചിറകു കൂടി വേണം-നീല...
ഉള്ളത് നിറം മങ്ങിയതാണ്.
കൊക്കിന്റെ മൂര്‍ച്ച അത്രമതി.

ഈ പക്ഷിയുടെ പേരെന്താണ്?
അറിയില്ലെനിക്ക്‌.... ../ 

Tuesday, November 27, 2012

ശ്രീ .വിഷ്ണു മംഗലംകുമാര്‍-- ബാംഗ്ലൂരിലെ നന്മയുടെ മുഖശ്രീ.


ചിലര്‍ കര്‍മ്മംകൊണ്ടും, തെളിഞ്ഞ വ്യക്തിത്വംകൊണ്ടും നമ്മെ മോഹിപ്പിക്കുകയും സമൂഹമനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്യും. അത്തരം ഒരു ആദരണീയമായ വ്യക്തിത്വമാണ്‌, പത്ര പ്രവര്‍ത്തനരംഗത്ത്  25 വര്‍ഷം പിന്നിട്ട, ശ്രീ.വിഷ്ണുമംഗലം കുമാര്‍....... 
വ്യക്തിക്ക് സമുഹത്തോട് ബാദ്ധ്യതയുണ്ട്, പ്രതികരിക്കാനുള്ള തന്റേടം അത്യന്താപേക്ഷിതവും.പ്രതികരണങ്ങള്‍ വസ്തുനിഷ്ഠമാകുമ്പോള്‍ ഒട്ടുമിക്ക വൈതരണികളും താണ്ടാനാകുന്നു.
ബാംഗ്ലൂരിലെ സാമുഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായ ശ്രീ.വിഷ്ണുമംഗലം കുമാറിനെ ഇവിടത്തെ മലയാളി സമൂഹം നിറഞ്ഞ മനസ്സോടെയും അത്യന്തം ആഹ്ലാദത്തോടെയും, അഭിമാനപുരസ്സരം ഇക്കഴിഞ്ഞ 18ന് ആദരിക്കുകയുണ്ടായി. സമുഹത്തിലെ വ്യത്യസ്ത പ്രതലങ്ങളില്‍  നിന്നും പങ്കുകൊണ്ടവര്‍, തങ്ങളുടെ നിഗമനങ്ങള്‍ നിറഞ്ഞ ഹൃദയത്തോടെ വരച്ചുകാട്ടി.സുസമ്മതനായ ശ്രീ.വിഷ്ണുമംഗലം കുമാറിന് ഇവിടത്തെ സമുഹം കല്പിച്ചുനല്‍കിയ സ്നേഹത്തിന്റെയും ബഹുമാന്യതയുടെയും  ബഹിര്‍സ്പുരണമായിരുന്നു ആ വിലയിരുത്തലുകള്‍. അര്‍ഹതയുള്ളവര്‍ ആദരിക്കപ്പെടുകതന്നെ വേണം. 
 
മികച്ച രചയിതാവ്, സംഘാടകന്‍,ധീരനായ മാധ്യമപ്രവര്‍ത്തകന്‍, ഒന്നാംതരം പ്രാസംഗികന്‍, കാരുണ്യ പ്രവര്‍ത്തകന്‍,കുലീന വ്യക്തിത്വം,വിശ്വസ്തനായ സ്നേഹിതന്‍ പിന്നെ ആര്‍ദ്രതയും സ്നേഹവുമുള്ള കുടുംബനാഥനും.ഇത്തരം വിശേഷണങ്ങള്‍ ശ്രീ കുമാറില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നു.
ബാംഗ്ലൂരിലെ സംഘടനകളെ തന്റെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാക്കാന്‍ വൈമനസ്യം കാട്ടാറില്ല.
അനര്‍ഗ്ഗളമായി പ്രവഹിക്കുന്ന പദവിന്യാസങ്ങള്‍ രചനാവൈഭവം പ്രകടമാക്കുന്നു.പ്രസിദ്ധീകരിക്കപ്പെട്ട രചനകള്‍ മികച്ചവയും.

വര്‍ഷങ്ങള്‍ക്കുമുന്‍പ്, ചെറുപ്പക്കാരനായ ശ്രീ. വിഷ്ണുമംഗലം കുമാറിന്റെ, ഉത്സുകതയോടെയുള്ള അഭിമുഖങ്ങള്‍ കാണാനും വായിക്കാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ആര്‍ജ്ജവത്തോടെ, കറുപ്പും വെളുപ്പും വകഞ്ഞുമാറ്റി, പിന്നെ ഏകോപിപ്പിച്ച്  വര്‍ണ്ണരാജികള്‍ ചമക്കുന്ന വൈദഗ്ദ്ധ്യം  മികച്ച പത്രപ്രവര്‍ത്തകന്റെ  കാര്യക്ഷമത വിളിച്ചോതുന്നു.
നിര്‍ഭയനായ ഈ എഴുത്തുകാരന്റെ ഇടപെടലുകള്‍, ബാംഗ്ലൂരിലെ മലയാളിസമൂഹത്തിനെ ഒട്ടൊന്നുമല്ല കൈപിടിച്ചുയര്‍ത്തിയത്.ഇപ്പോളും വിലക്കുകളെ നിഷ്ക്കരുണം തള്ളിമാറ്റി, അനീതികള്‍ക്കെതിരെ പോരാട്ടം തുടരുക എന്ന തന്റെ നിര്‍ണ്ണയത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കുമാര്‍..

കഴിഞ്ഞ 28 വര്‍ഷങ്ങളായി,ബാംഗ്ലൂരിലെ  സാംസ്കാരികമണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കുമാറിന്റെ നിഷ്കാമപ്രവര്‍ത്തനങ്ങള്‍  നിരന്തരം വീക്ഷിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു.ഈ വാക്ശരങ്ങള്‍ ഇനിയും അനീതികളെ എയ്തുവീഴ്തട്ടെ.ഇനിയും വളരുക.ആകാശമാകട്ടെ അതിര്.പ്രിയ കുമാര്‍, ഈ അക്ഷര ബോധിത്തണലില്‍ ഇനിയും ഞങ്ങളെ ചേര്‍ത്തണക്കുക. 
  
ഈ പ്രതിഭക്ക് വേദിയൊരുക്കിയ, അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന കേരളശബ്ദത്തിനും, നിശ്ശബ്ദസാന്നിദ്ധ്യവും അകമഴിഞ്ഞ പിന്തുണയുമായി, ചേര്‍ന്നുനില്‍ക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനും എന്റെ അഭിനന്ദനങ്ങള്‍.... ..
  

Monday, November 19, 2012

എന്റെ വിദ്യാലയം ശദാബ്ദി നിറവില്‍.


ആകുലതകളില്ലാത്ത ബാല്യം, കന്മഷമില്ലാത്ത  സൌഹൃദങ്ങള്‍...., പാട്ടും നടനവും, പ്രിയപ്പെട്ട അദ്ധ്യാപകര്‍, പൂത്തുലഞ്ഞു നിന്ന ഒങ്ങുമരച്ചുവട്ടിലെ അപൂര്‍വ്വ നിമിഷങ്ങള്‍ , ഓര്‍മ്മകളെ  മധുരിതമാക്കുന്ന ഒരുപാട് ദിവസങ്ങള്‍ ചിലവഴിച്ച ആ സ്കൂള്‍ ... അഭിമാനവും ആഹ്ലാദവുമുണ്ട് അവിടെ ഒരു വിദ്യാര്‍ഥിനിയാകാന്‍ ഭാഗ്യമുണ്ടായതില്‍.. ഇനിയൊരിക്കലും തിരിച്ച് കിട്ടാനാവാത്ത ആ നിമിഷങ്ങളെ കുറിച്ചോര്‍ത്ത്‌ വിഷാദവും. ശദാബ്ദിയാഘോഷിക്കുന്ന എന്റെ പ്രിയ വിദ്യാലയത്തിന് പ്രണാമം.  

Wednesday, November 14, 2012

നീ


വിചാരങ്ങള്‍ക്കൊക്കെ ചെറുതും വലുതുമായ പൊട്ടുകള്‍ കുത്തി.ചിലതൊക്കെ കടുത്ത വര്‍ണ്ണം. മുഖമില്ലാതെ തമ്മിലറിഞ്ഞത് എപ്പോളായിരുന്നു? ഇനി വെറും നിലത്തു ചുള്ളിക്കമ്പുകള്‍ ചേര്‍ത്ത് വച്ച് കൂട് പണിയാതിരിക്കാം.ഇന്ന് മഴ വരില്ല.നീയും..... 

Friday, November 9, 2012

സൌഹൃദം




സൌഹൃദത്തിനെ, ബലവത്തായ 
കയ്യാലപ്പുറത്ത് തളച്ചിടാനാണ്,
വളഞ്ഞ വഴിയുടെ പിന്നാമ്പുറത്ത് 
പതുങ്ങി നിന്നത്.
എന്നിട്ടും,അടര്‍ന്നു പോയ,
മോഹക്കുരുക്കിന്റെ 
സൌജന്യം മുതലെടുത്ത്‌,
അദൃശ്യച്ചിത്രത്തിന്,
വിണ്ടു കീറിയ മതിലിനപ്പുറത്തേക്ക് 
നീണ്ടുപോയ ഭാവം മറഞ്ഞ 
ഒറ്റക്കണ്ണ്‍ വരച്ചു ചേര്‍ത്തതാര്?
 

വിരസത.



ഞായറാഴ്ച കൃത്യം നാല്മമണി ഇരുപത്തി മൂന്ന് മിനിട്ടിനാണ്, വിരസതയുടെ തിരശ്ശീല കൊണ്ട് അവള്‍ സ്വയം മറച്ചത് .മുറ്റത്തെ പാരിജാതത്തിന്റെ ഒറ്റ ഇലയും ഇളകാതെ നിന്ന ആ സായംകാലത്ത് , ഓര്‍മ്മയുടെ പിണഞ്ഞ കെട്ടുകള്‍ അഴിക്കാനാകാതെ,മനസ്സ് പിടയുകയും ചെയ്തു.മുറ്റത്തെ കോഴിവാലന്‍ ചെടിയുടെ ചെറു ശിഖരത്തില്‍ ഒരു മഞ്ഞക്കിളി കൂട് മെനഞ്ഞു. ആകാശത്തേക്കുള്ള, പടികളില്ലാത്ത കോണിയില്‍ മനസ്സ് ഊഞ്ഞാലാടിക്കൊണ്ടിരുന്നു.

ആരോ




ആവരണങ്ങളുടെ ഭാരം ഒട്ടുമില്ലാതെ,
മാര്‍ഗ്ഗരേഖയുടെ പാതി വഴിയില്‍
അര്‍ത്ഥം മയങ്ങിക്കിടന്നു.
ചഞ്ചലത മുഖം മിനുക്കി
മന്ദം മന്ദം പടര്‍ന്നിറങ്ങി.
ചാഞ്ചല്യം ഭാവങ്ങളുടെ
ചന്തം കുറച്ചു .
പരിഭവങ്ങള്‍ കൂടണയാതെ,
ഒരു കോണില്‍ മയങ്ങി.
കഥചൊല്ലി, മരച്ചില്ലയില്‍
ആടിയാടി മോഹം മറഞ്ഞു.
പുനര്‍ജ്ജന്മത്തിന്റെ നനുത്ത തൂവല്‍
തിരഞ്ഞു തിരഞ്ഞ്, ആരാണത് ?

Wednesday, November 7, 2012

രഹസ്യങ്ങള്‍

മനസ്സിന് മാന്ത്രികതയുണ്ട് . അത് ഒരു ചിത്രശലഭത്തിന്റെ ചിറകുകള്‍ പലപ്പോഴും കടം വാങ്ങും.വാരിയണിയും.മനോഹരമായ ചില രഹസ്യങ്ങള്‍ ഗോപ്യമാക്കി വക്കാം. അത് ജീവിതം ചിലപ്പോഴെങ്കിലും വര്‍ണ്ണശബളമാക്കും.