Wednesday, February 24, 2010

നിറം പച്ച.

വെള്ള മയില്‍ പറഞ്ഞു.
പീലികള്‍ വിടര്‍ത്തി
നിന്‍റെ വഴിയിലെ
ഈ നീണ്ട കാത്തിരിപ്പ്
എന്നെ വിവശനാക്കിത്തുടങ്ങി.
കൊഴിഞ്ഞ പൂ മെത്തയിലും
നിറം മങ്ങാത്ത ഉടലിലും
കുയില്‍ പാടാത്ത
മാവിന്‍ തുഞ്ചത്തും
പറന്നിരങ്ങാതെ
നിത്യതയുടെ ഒരു
മോഹപ്പീലി നിനക്കായ്
ഇനിയും കരുതിവക്കാന്‍
എനിക്കാവില്ല.
സമതലത്തിലെ നൃത്തത്തിന്
സമയമായിരിക്കുന്നു.
പടിഞ്ഞാറേ കുന്നിന്‍റെ
നെഞ്ചത്ത് വേലിപ്പൂ കൊണ്ടൊരു
കൂടാരം പണിയാന്‍
പറന്ന് പറന്ന് പോയ ഇന്നലെ
ഞാനറിഞ്ഞു....
മായ കാഴ്ചകളാല്‍ നീ എങ്ങിനെ
അതിരുകള്‍ക്ക് മറ പിടിച്ചുവെന്ന്.
ഒരു പച്ച മയിലെന്നു എന്നെ വിളിക്കുക...
ഇനിയും നിറം മാറാന്‍ ആവതില്ലെനിക്ക്.

Thursday, February 11, 2010

പ്രതീക്ഷ

നിളതന്‍ വെന്‍മണല്‍ തിട്ടതില്‍
ദിവാസ്വപ്ന ലോലയായ്
ലാസ്യനൃത്തമാടുമീ മനസ്സുമായ്
സ്നേഹദൂരത്തെ ഏതോ നാദവിസ്മയത്തെ
തേടിയലഞ്ഞു ഞാന്‍.
ദൂരെ ദൂരെ വയല്‍ പക്ഷികള്‍ തന്‍
കളകൂജനം തന്നിലലിഞ്ഞതും
പിന്നിലൂടെത്തി പതുക്കെ നീ
ചുംബനം നല്‍കിയകന്നതും
പരിരംഭനത്തിന്റെ സാന്ത്വനം
തന്നിലാകെ നനഞ്ഞു നീരാടി കുളിര്ത്തതും
മെയ്യാകെ കുംകുമച്ഹവി പടര്‍ന്നാലസ്യമോടെ
മിഴി പൂക്കള്‍ കൂമ്പിയടച്ചതും...
ഓര്‍മതന്‍ പൊന്മണി ചെപ്പിലടച്ചിന്നിതാ
വേപഥു ഗാത്രയായ് കേഴും മനസ്സുമായ്
ഇന്നുമീ മന്ദാര തോപ്പിലിരുന്നു നിന്‍
പാദ സ്വനങ്ങള്‍ക്കായി
പ്രാര്‍ത്ഥനയോടെ കതോര്ത്ത്തിരിപ്പു ഞാന്‍.

Tuesday, February 9, 2010

കരയാതെ

തായ് വേരിലെ
ചെറു സുഷിരത്തിലെ
ഇടമില്ലായ്മയില്‍
ഓര്‍മ തെറ്റുപോലെ
ചില സങ്കടങ്ങള്‍.
ഓടിയിറങ്ങാന്‍
വഴിയടഞ്ഞ തുരങ്കം.
അടിയൊഴുക്കുകളില്‍
ആരും പാടാത്ത പാട്ട്.
ആഴത്തില്‍ എന്‍റെ ജീവനും.
ഇനി കരയില്ല ഞാന്‍.

Tuesday, February 2, 2010

യാത്ര

ആകാശം ശുന്യമാണെന്ന്
ആരോ എന്നോട് പൊളി പറഞ്ഞു.
നോക്കി നോക്കി, നോവിന്‍റെ ചീള്
വടക്ക് കിഴക്കേ കോണില്‍ നിന്നല്ലേ
ഞാന്‍ സ്വന്തമാക്കിയത്?
തണുത്തുറഞ്ഞ ആകാശ ഗര്‍ത്തത്തില്‍ നിന്ന്
അന്ന് ഞാനെന്‍റെ സ്വത്വവും വീണ്ടെടുത്തു.
സുര്യനെ കണ്ണുകളിലോളിപ്പിച്ചു,
ആരോടും ചൊല്ലാതെ ഈ യാത്ര........
നക്ഷത്രങ്ങള്‍ അപ്പോഴെന്തോ
പറയുന്നുണ്ടായിരുന്നു.