Friday, May 25, 2012

ചിന്ത

ചില സങ്കടങ്ങള്‍ തിരുനെറ്റിയിലെ
കുങ്കുമം പോലെ തിളങ്ങും.
വിശകലനങ്ങള്‍ വഴി വിളക്കിലെ
മങ്ങിയ വെളിച്ചം മാത്രം.
ഇല പൊഴിക്കാത്ത
ഒറ്റമര തുഞ്ചത്തെ
നനുത്ത ശിഖരത്തില്‍
വിഷാദം ഊഞ്ഞാലാടി.
വാനോളമെത്തുന്ന
മോഹവള്ളി വളര്‍ത്താന്‍
ഒരിറ്റു കണ്ണീര്‍ മതി.
പൂ വിരിയാതിരിക്കില്ല.

Sunday, May 13, 2012

മാതൃ ദിനം

പ്രത്യേകമായി ഒരു ദിവസം മാതൃദിനമായി ആചരിക്കണം എന്ന അഭിപ്രായം എനിക്കില്ല. എങ്കിലും പുതുതലമുറയിലെ ചെറിയൊരംശം കുട്ടികളെ മാതൃസ്നേഹത്തിന്‍റെ മഹനീയത ഓര്‍മപ്പെടുത്താന്‍, ഒരു ചികിത്സയുടെ ഫലം ഇത് നല്‍കും എന്ന് തോന്നുന്നു. ഇന്ന്, അവരെ അമ്മയുടെ നിസ്സീമ സ്നേഹത്തിന്‍റെ, ത്യാഗത്തിന്‍റെ ഓര്‍മകളിലേക്ക് മടങ്ങാന്‍ ഒരു നിമിഷം പ്രേരിപ്പിച്ചെങ്കിലോ? 



Saturday, May 12, 2012

സൃഷ്ടി

സൃഷ്ടി പരമമായ സത്യമാണ്. പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിക്കുക അന്തര്‍ലീനമായ ശക്തിയും. വളര്‍ച്ചക്ക്  ചൈതന്യവും   ധര്‍മ്മവും അകമ്പടിയേകുന്നു. അടിസ്ഥാനമായ ഭൂമി ദേവി  സര്‍വം സഹയും.

Tuesday, May 8, 2012

അപ്പുറം


വാഗ്ദാനങ്ങളുടെ മുനയോടിക്കാതെ
കാമനകളെ ജാലകത്തിന്‍റെ
ഇടതുവശത്താണ് ചാരി നിര്‍ത്തിയത്.
കാറ്റിനു ചിരിച്ചൊഴിയാന്‍
ചെറിയൊരു നടവഴിയും കരുതി വച്ചു.
മോഹഭംഗങ്ങള്‍ കാര്യമാക്കാനില്ല.
ഒറ്റപ്പടിയുള്ള മുഖ മണ്‍ഡപം പണിയാം.
സങ്കടത്തിന് നേര്‍രേഖയായ്
പറന്നുയരാന്‍ ഒറ്റ ചില്ലോട് മേയണം.
പൂക്കാത്ത കാടപ്പോള്‍
തിളങ്ങാന്‍ തുടിക്കും.
അപ്പുറത്തെന്താണ്?