Sunday, October 27, 2013

മാപ്പ്
ഇന്നലെ വരെ ജാലകച്ചില്ലുകളില്‍ ശാഖയുരുമ്മി എന്നെയുണര്‍ത്താനും, വേപഥുകളില്‍ ചെറു ശിഖരങ്ങളാല്‍ വീശിയുറക്കാനും, പിന്നെ പൂത്തുലഞ്ഞ് സുഗന്ധം പടര്‍ത്തി മോഹിപ്പിച്ചും എനിക്കൊപ്പം....എന്‍റെ ഭാവഹാവാതികളെ നിരീക്ഷിച്ചുകൊണ്ട് ചില നൃത്തച്ചുവടുകള്‍വച്ചും,ചെറുകുളിരുമായി ആടിയുലഞ്ഞും.......

ആ കാല്‍ക്കല്‍ ആദ്യത്തെ മുറിവേറ്റപ്പോള്‍ ഞാന്‍ മുഖം പൊത്തി. ശിഖരങ്ങള്‍ വിറച്ചപ്പോള്‍ എന്‍റെ മനസ്സുലഞ്ഞു.........

നിസ്സഹായയായി മുഖം തിരിച്ച എനിക്ക് മാപ്പ് തരാനാവും നിന്‍റെ തീരുമാനം. ഉറപ്പ് ......

Thursday, October 17, 2013

വിചാരങ്ങള്‍.പൊറുതിയില്ലാതെ ഒഴുകി അലയുന്ന വിചാരങ്ങളെ, ഒരു ചില്ല് ഭരണിയില്‍ ഇടകലര്‍ത്തി അടുക്കിവക്കാന്‍, മോഹത്തിന്‍റെ ഒരു നുള്ള് തേടി അലയാന്‍, ഒരു കുഞ്ഞു നക്ഷത്രത്തിന്‍റെ സാമീപ്യം തേടി ഞാന്‍.
എവിടെയോ ഒരു പേരറിയാപ്പക്ഷി ഒളിച്ചിരുന്നു........

Saturday, October 12, 2013

മയങ്ങുമ്പോള്‍സ്വപ്നം മയങ്ങുന്ന പാതിയടഞ്ഞ  മിഴികള്‍, നീലാകാശത്തേക്ക് ഇത്തിരി  തുറന്നു വച്ചു. വിസമ്മതിക്കുന്ന പ്രേരണയെ മിനുക്കിയെടുത്തു. തെളിഞ്ഞു കത്താന്‍, മോഹവിളക്ക് കൊളുത്തി. എന്നിട്ടും, വിചിത്രാകൃതിയുള്ള മതില്‍ എന്തിനാണ് വഴി മുടക്കിയത്?          

Wednesday, October 9, 2013

മൂന്ന് കാര്യങ്ങള്‍.
ഇത്തിരി നിലാവ്.
അടച്ചു കുറ്റിയിട്ട ഒരു ജാലകം.
മനസ്സ് നഷ്ടമായി അവളും.

Sunday, October 6, 2013

ചിത്രരേഖയുടെ ചില കണ്ടെത്തലുകള്‍.

ചിത്രരേഖയുടെ വിശാലമായ കിടപ്പുമുറിക്ക്, 
ചിത്രപ്പണിയുള്ള മരയഴികളുള്ള 
ഒരു കിളിവാതിലേ ഉള്ളു. 
എന്നിട്ടും ഒരുമാതിരി പുറം കാഴ്ചകളൊക്കെ
ആതുരതയോടെ വേര്‍തിരിച്ചെടുക്കാന്‍, 
ചെറിയൊരു ആയാസം പോലും ഇല്ലാതാവുന്നത് ,
ഇരുളിന്‍റെ തേര്‍വാഴ്ച അവള്‍ കടമെടുക്കുമ്പോളാവും. 
എന്നും ഇത്തിരി നിഴലും ഇരുട്ടും 
തോളത്തെ സഞ്ചിയില്‍ ഇടകലര്‍ത്തിയിട്ട്, 
നീണ്ടു പിരിഞ്ഞ് അസാരം നീളമുള്ള മുടി,
അലക്ഷ്യമായി വിടര്‍ത്തിയിട്ട്, 
കിളിവാതിലിന്റെ അഴികള്‍ക്കിടയിലൂടെ
നടന്ന്കയറിയ, ചെറിയൊരു പടവിന്റെ അറ്റത്ത്‌
അവളൊന്നും പ്രതീക്ഷിച്ചിരുന്നില്ല തന്നെ. 
എന്നിട്ടും നാലഞ്ച് വിചാരങ്ങള്‍ 
സഞ്ചിയില്‍ ചേക്കേരുകതന്നെ ചെയ്തു.
അതിശയങ്ങള്‍ക്ക് യൗവ്വനത്തിന്റെ തിളക്കം.
അഞ്ചാറടി വീതം നേരെയും തിരിച്ചും 
പാകമാകാത്ത പ്രാര്‍ത്ഥനകള്‍ 
പറന്നു പറന്നു വിലയം  പ്രാപിക്കുന്ന, 
അസ്വഭാവികമായ കാഴ്ച്ചയെ 
ഒട്ടും മിനക്കെടാതെ ത്യജിക്കാന്‍ 
രഹസ്യമായി നിര്‍ദ്ദേശിച്ചത് 
പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ഘനമുള്ള മേഘം തന്നെ.
പടര്‍ന്നു നിറയുന്ന ജലരേഖയില്‍ മുഖം താഴ്ത്തി
എന്തോ തിരയാന്‍ തുടങ്ങിയ ചിത്രരേഖക്ക് 
ഇപ്പോള്‍ കാഴ്ച്ചയുടെ ഇരുണ്ട തെളിച്ചം തെളിഞ്ഞു കിട്ടി.