Thursday, January 31, 2013

ഓര്‍മ്മകള്‍..,

കാത്തുവക്കണം ചില ഓര്‍മ്മകള്‍.., അവയില്‍ നിന്നും പടര്‍ന്നു പന്തലിക്കുന്ന തണലില്‍ ശാന്തമായി തളര്‍ന്നുറങ്ങാന്‍ .
മനസ്സിനുള്ളില്‍ മോഹിപ്പിക്കുന്ന ഒരറയുണ്ട്. അമാനുഷികതയുടെ കിരണങ്ങള്‍ ഒളിപ്പിച്ചു വച്ചിടം.

Wednesday, January 30, 2013

കാഴ്ച.ദളങ്ങളൊക്കെ പൊഴിയും എന്നുറപ്പാണ്.
വിത്തുകള്‍ ഉറക്കം നടിക്കുകയും.
തായ് വേരിന്‍റെ അരികിലായി 
അകത്തേക്ക് തുറക്കുന്ന 
ജാലകത്തില്‍ ദ്വാരമിടാം.
തന്മാത്രകള്‍ ചേര്‍ത്ത് വക്കാം.
വിചാരങ്ങളെ ചാരി നിര്‍ത്താം.
പ്രതലത്തിലാകെ മഷിത്തണ്ട് പടര്‍ത്തണം.
ഇനി പുഴയിലേക്കിറങ്ങാം. 
അവിടെ നിഴലുകളുടെ പ്രളയമുണ്ട്.
ഒന്നിനെങ്കിലും അധരങ്ങളുണ്ടാകും.
പൂ കൊണ്ട് അത് മറയ്ക്കാന്‍ വയ്യെനിക്ക്‌.,
പെരുമഴത്തുള്ളി കാത്തുവയ്ക്കാനൊരിടം വേണ്ടേ?

Friday, January 25, 2013

വിഷാദംഎന്റെ ഓരോ നിശ്വാസങ്ങളും
ചാറ്റല്‍ മഴയായി
നിന്റെ മനസ്സില്‍ നിപതിച്ചത്
അറിഞ്ഞില്ലെന്നു നടിക്കാന്‍,
യാദൃശ്ചികതയുടെ മുനമ്പില്‍
ഉപാധിയുടെ സമതലം
പടര്‍ത്തിയത്‌ ഞാനല്ല.
ഏച്ചു കെട്ടിയ അതിരിലാകെ
പൂ വള്ളികള്‍ ചുറ്റി വരിഞ്ഞതും,
പാതി മുറിഞ്ഞ ദിവാസ്വപ്നം
നിന്റെ അതിഥിയായെത്തിയതും
ഞാനറിഞ്ഞതെയില്ല.
മാസ്മരീകമായ,
മര്‍മ്മരങ്ങള്‍ ഉതിര്‍ക്കുന്ന,
അരൂപിയായി വന്നണഞ്ഞ നിന്നെ,
ചെഞ്ചോരയുടെ വര്‍ണ്ണത്തില്‍
മായാചിത്രമാക്കാന്‍,
നിഗൂഡമായ ഈ സ്മാരകശില ധാരാളം.

Tuesday, January 22, 2013

പ്രതികരണങ്ങള്‍

''നിയമങ്ങള്‍ പാലിക്കപ്പെടെണ്ടതാണ്''   ഈ പല്ലവി ഒരു പാഴ്വാക്കായ്  എന്നോ മറഞ്ഞു പോയിരിക്കുന്നു.പ്രതികരണങ്ങള്‍ പലപ്പോഴും നിഷ്ഫലവും.

മനക്കണക്ക്
പഴയ രാഗം മൂളാനാകാത്ത 
കാട്ടുകിളിയെപ്പോലെ,
എത്ര ശ്രമിച്ചിട്ടും മനക്കണക്കുകള്‍ 
പുതിയ ഉത്തരങ്ങളിലേക്ക്‌ 
ആഴ്ന്നു പോകുന്നു.

ഓര്‍മ്മയുടെ തിരിവെട്ടത്തില്‍ 
ആരാണാവോ 
നിഴലിന്റെ കവിളത്ത് 
ചായം തേച്ചത്?

കടവത്തെ ശിഖരങ്ങളില്ലാത്ത
ഒറ്റമരം പോലെ, ഞാന്‍...

 

Sunday, January 20, 2013

പ്രതീക്ഷ


നിളതന്‍ വെന്‍മണല്‍ തിട്ടതില്‍
ദിവാസ്വപ്ന ലോലയായ്
ലാസ്യനൃത്തമാടുമീ മനസ്സുമായ്
സ്നേഹദൂരത്തെ ഏതോ നാദവിസ്മയത്തെ
തേടിയലഞ്ഞു ഞാന്‍..
ദൂരെ ദൂരെ വയല്‍ പക്ഷികള്‍ തന്‍
കളകൂജനം തന്നിലലിഞ്ഞതും
പിന്നിലൂടെത്തി പതുക്കെ നീ
ചുംബനം നല്‍കിയകന്നതും
പരിരംഭണത്തിന്റെ സാന്ത്വനം
തന്നിലാകെ നനഞ്ഞു നീരാടി കുളിര്‍ത്തതും,
മെയ്യാകെ കുംങ്കുമഛവി പടര്‍ന്നാലസ്യമോടെ
മിഴിപ്പൂക്കള്‍ കൂമ്പിയടച്ചതും...
ഓര്‍മ്മതന്‍ പൊന്മണി ചെപ്പിലടച്ചിന്നിതാ
വേപഥു ഗാത്രയായ്, കേഴും മനസ്സുമായ്,
ഇന്നുമീമന്ദാരത്തോപ്പിലിരുന്നു നിന്‍
പാദസ്വനങ്ങള്‍ക്കായി,
പ്രാര്‍ത്ഥനയോടെ കതോര്‍ത്തിരിപ്പു  ഞാന്‍..

ഉപാസനകള്‍...

ഉപാസനകള്‍...

കാറ്റൊഴിഞ്ഞ മനസ്സില്‍ 
മര്‍മ്മര മുണര്‍ത്തുന്ന 
വിഷാദ ചിന്തകള്‍ക്കിനി 
കടിഞ്ഞാണിടെണ്ട.
വ്യര്‍ത്ഥമാകാതെ ജ്വലിക്കുന്ന
കനലുകളാകട്ടെ ഉപാസനകള്‍....

Friday, January 18, 2013

എന്റെ അദ്ധ്യാപകര്‍...

8ആം തരത്തില്‍ പഠിക്കുന്ന കാലം. കാലത്ത് ക്ലാസ്സ്‌ തുടങ്ങിയപ്പോളേ ഒട്ടും സുഖം തോന്നിയിരുന്നില്ല. ചെറിയ മഴച്ചാറലുണ്ട്.ഏറ്റവും പ്രിയപ്പെട്ട മലയാളം ക്ലാസ്സ്‌..          ഗോപിനാഥന്‍ മാഷ്‌ രസകരമായി പദ്യഭാഗം വര്‍ണ്ണിച്ചു കൊണ്ടിരിക്കുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍, ഛര്‍ദ്ദിക്കാനും പനിക്കാനും തുടങ്ങി. പതുക്കെ ഡെസ്കില്‍ തലചായ്ച്ചു കിടന്നു. ഉടനെ മാഷ്‌ ഓടിവന്നു, പിന്നെ ഉടനെ എന്നെ തോളില്‍ കിടത്തി അഞ്ചുമിനിട്ടു അകലെയുള്ള  ഹോസ്പ്പിറ്റലിലേക്ക് ഓടാന്‍ തുടങ്ങി. വേണ്ട ചികിത്സ ലഭ്യമാക്കി വീട്ടുകാര്‍ വരും വരെ കൂട്ടിരുന്നു..... മറക്കാനാവാത്ത ആ സ്നേഹസ്പര്‍ശ്ശം........തെക്കന്‍ കേരളത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ വീട്. ഇപ്പോള്‍ എവിടെയായിരിക്കും? അസംബ്ലിയില്‍ പാടാനുള്ള  ''സകല ചരാചര ഭാഗ്യവിധായക, പരമോധാര വിഭോ''  എന്ന പ്രാര്‍ത്ഥനാഗാനം രചിച്ചതും അത് പാടാന്‍ എന്നെ പരിശീലിപ്പിച്ചതും അദ്ദേഹം.സ്നേഹവും കരുണയും പിന്നെ നേര്‍വഴിയും കാട്ടിത്തന്നു, പഠനകാലം മികച്ചതും, മറക്കാനാ വാത്തതുമാക്കി മാറ്റിയ അനുകരണീയ വ്യക്തിത്വങ്ങളായിരുന്നു എന്റെ അദ്ധ്യാപകര്‍...

ഓരോരുത്തരെയും ഓര്‍ക്കുന്നു, മനസ്സില്‍ നമിക്കുന്നു......മറക്കില്ലൊരിക്കലും.

മാപ്പ്


ഇന്നലെ ഞാന്‍ മാപ്പിരക്കുകയായിരുന്നു.
അകന്നുപോയ ഇഷ്ടത്തിന്റെ
നേര്‍വഴിയിലെ, മുക്കുറ്റിപ്പൂക്കളോട്.
പാടി വലഞ്ഞ ആത്മരാഗത്തിനോട്.
നോവിന്റെ ചക്രവാളത്തിനോട്.
ധ്വനിയുടെ മാറ്റൊലിയോട്.
ഇനിയും പുക്കാത്ത മനസ്സിനോട്.
വേവലാതിയുടെ തപ്തനിമിഷത്തിനോട്.
മൌനം മര്‍മ്മര സൌകുമാര്യമായി
അതിരുകള്‍ തിരഞ്ഞ,
മോഹ മുഹൂര്‍ത്തത്തിനോട്.
പിന്നെ നിറം മങ്ങിയ
ഈ ഓര്‍മ്മച്ചിത്രത്തിനോടും.
പത്തായപ്പുരയുടെ ചിത്രവാതില്‍
എന്തിനാണ് നീ വലിച്ചടച്ചത്?

Monday, January 14, 2013

പടികള്‍

ചവിട്ടു പടികള്‍ കേറിയെത്തുന്ന ഒറ്റയടിപ്പാതയില്‍, തിരിച്ചറിവിന്റെ തെളിച്ചമുണ്ട്. ഇടയ്ക്കിടയ്ക്ക്  കുഞ്ഞു വെള്ളാരം കല്ലുപോലെ സ്വപ്നങ്ങളും.

Monday, January 7, 2013

മോഹ കാഴ്ചകള്‍


പൊട്ടി പൊളിഞ്ഞ ചിത്രകൂടക്കല്ലിന്റെ പുറകിലെ മാളത്തില്‍ ഈ കിടപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി. വിശപ്പും വേദനയും കാരണം ശരീരം ആകെ തളര്‍ന്നിരിക്കുന്നു.ഇന്നലെയും ഒന്ന് പുറത്തിറങ്ങാന്‍ നിഷ്ഫല ശ്രമം നടത്തി.ഈ പരിസരത്തെ അവശേഷിക്കുന്ന നാലുകെട്ടിന്റെ തെക്ക് വശത്തെ കാവാണിത്.ഏതാനും മരങ്ങളുടെ തണലില്‍ പണ്ടാരോ സ്ഥാപിച്ച ചിത്രകൂടക്കല്ലുകള്‍ പുരാവസ്തുവായി നാമാവശേഷമാകാറായിരിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ മലവെള്ളപ്പാച്ചിലിലാണ്, തികച്ചും അപരിചിതമായ ഇവിടെ എത്തിപെട്ടത്.വിശാലമായ പറമ്പിന്നതിരിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ രാത്രിയാവോളം ഒളിച്ചിരുന്നു. അവിടം അത്ര സുരക്ഷിതമല്ലെന്ന തോന്നലിനൊടുവിലാണ് ഇവിടേക്കിഴഞ്ഞു വന്നത്. ഭാഗ്യവശാല്‍ ഈ കാവില്‍ ഒരു മാളവും തരപ്പെട്ടു. ദിവസങ്ങളെടുത്തു പരിസരവുമായി ഇണങ്ങാന്‍. ഏകാന്തതയുടെ ദിവസങ്ങള്‍, മാസങ്ങളായി.
സങ്കടത്തിന്റെ ചീളുകള്‍ മനസ്സിനെ കുത്തി നോവിച്ചു കൊണ്ടിരുന്നു. നിരാശ ഹൃദയം തപിപ്പിച്ചു. ഒരുനാള്‍ നാലുകെട്ടിന്റെ ഉമ്മറത്ത്‌ വലിയ ബഹളം.ആരാണാവോ, പതുക്കെ ഒളിഞ്ഞു നോക്കി .നാലഞ്ചു പേര്‍ വിരുന്നു വന്നിരിക്കുന്നു.രണ്ടുപേര്‍ കുട്ടികളാണ്.താമസിയാതെ ആഹ്ലാദ തിമര്‍പ്പിന്റെ ആര്‍പ്പു വിളികളാല്‍ പരിസരം മുഖരിതമായി.എനിക്കും സന്തോഷം തോന്നി, തനിച്ചല്ലെന്നൊരു തോന്നലും. വിരുന്നുകാര്‍ വന്നതോടെ അടുക്കള വശത്ത് മുട്ടതോടുകള്‍ സുലഭമായി.ചിലപ്പോള്‍ നട്ടുച്ചയ്ക്ക് എല്ലാരും മയങ്ങുന്ന സമയത്ത് അത് ഭക്ഷിക്കാരുണ്ട്‌ ഞാന്‍.   രാത്രിയില്‍ അത് നടക്കില്ല. വീട്ടുകാരുടെയും,ഈ കാവിലെ ഏകദേശം പൂര്‍ണ്ണവളര്‍ച്ചയെത്തിയ ചന്ദന മരത്തിന്റെയും സംരക്ഷണത്തിനാവാം, രണ്ടു കൂറ്റന്‍ നായകളെ വളര്‍ത്തുന്നുണ്ട്. ഒരു ദിവസം ഭാഗ്യം കൊണ്ടാണ് അവയുടെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.
വല്ലാതെ വിശന്നു തളര്‍ന്നൊരു രാത്രിയില്‍ വേലി പഴുതിലുടെ അപ്പുറത്തെ പറമ്പിലേക്കുള്ള പ്രയാണത്തിനിടയില്‍, രക്ഷപെടാന്‍ കഴിയും മുന്‍പ്, ഇരുചക്ര വാഹനം പുറകില്‍ കൂടി കയറിയിറങ്ങിയത്‌ പെട്ടന്നായിരുന്നു. അസഹനീയമായ വേദനയാല്‍ കുറേനേരം അനങ്ങാനായില്ല. വേദന കടിച്ചമര്‍ത്തി, എങ്ങിനെയാണ് മാളത്തില്‍ തിരിച്ചെത്തിയതെന്ന് ഒരു രൂപവുമില്ല. ശിവ, ശിവ എന്ന് ജപിച്ച്‌ ദിവസങ്ങളോളം അങ്ങിനെ....
രണ്ടും കല്‍പിച്ച്‌ വലിയൊരു പ്രയത്നത്തിനൊടുവില്‍ അടുക്കള വശത്തേക്ക് പതുക്കെ ഇഴഞ്ഞു ചെന്നു പാളി നോക്കി. പുറത്താരേയും കണ്ടില്ല. പെട്ടെന്ന് കൊട്ട തളത്തിന്റെ വാതില്‍ തുറന്ന്, മുത്തശ്ശി. പിന്നാലെ ആരോ ഉണ്ടെന്നു തോന്നി. അവരുടെ കണ്ണില്‍ പെടുക തന്നെ ചെയ്തു. ഓടി രക്ഷപെടാനുള്ള സാദ്ധ്യത വിരളമായത് കൊണ്ട് അതിനു തുനിഞ്ഞില്ല. 'അയ്യോ,ഒരു പാമ്പ്, ചാത്താ ഇങ്ങോട്ടൊന്ന് ഓടി വരൂ', മുത്തശ്ശി അലറി വിളിച്ചു.
വാല്യക്കാരന്റെ പീഡനം ഏറ്റുവാങ്ങാന്‍ മനസ്സ് സജ്ജമാക്കിയ നിമിഷത്തില്‍, അശരീരി പോലെ കേട്ടു,  'അമ്മമ്മേ, ഉപദ്രവിക്കണ്ട, നോക്കു അതിന് അപകടം പിണഞ്ഞിരിക്കുന്നു. മാണിക്യ കല്ലുകള്‍ പോലുള്ള കണ്ണുകള്‍ എത്ര ദയനീയം.' വിശ്വസിക്കാനാകാതെ തല അല്പമൊന്നു ഉയര്‍ത്തി നോക്കി. കവുങ്ങിന്‍ പുക്കുല പോലെ, അതീവ സുന്ദരിയായ ഒരു പെണ്‍കുട്ടി. ഏതാനും അടി അകലെ നിന്ന് എന്റെ കണ്ണുകളില്‍ സുക്ഷിച്ചു നോക്കി കൊണ്ട്, ഒരു മന്ദസ്മിതത്തിന്റെ  ലാഞ്ചന ചുണ്ടിലൊളിപ്പിച്ചു കൊണ്ട്.........
'പേടിക്കണ്ട ട്ടോ, പതുക്കെ തഴുകി ഈ മുറിവ് ഞാന്‍ ഉണക്കാം. നിന്റെ വിഷപ്പല്ലുകള്‍ മുല്ലപ്പൂമൊട്ടുകളാണെന്ന് വിചാരിക്കാം. വെട്ടി തിളങ്ങുന്ന ശല്‍ക്കങ്ങള്‍ എത്ര മനോഹരം. നിര്‍ന്നിമേഷമായ ഈ നോട്ടം കൊണ്ടട് നീ ഒരായിരം കാര്യങ്ങള്‍ പറയാതെ പറയുന്നുവല്ലോ. നാളെ തിരിച്ചു പോകും വരെ നമുക്ക് ചങ്ങാതിമാരാകാം. വരൂ....അവിശ്വസനീയവും, അവിസ്മരണീയവുമായ ഈ സൌഹൃദത്തിന്റെ നിമിഷങ്ങള്‍ ആരുമായും പങ്കു വെക്കില്ല ഞാന്‍..   നാളെ നീ കരയരുതേ.....'
ഒരു സ്വപ്നം പോലെ, മോഹ കമ്പളം കൊണ്ട് എന്നെ പുതപ്പിച്ച്‌, പെണ്‍കുട്ടി......നീ .....