Friday, January 28, 2011

കാഴ്ച.

ദളങ്ങളൊക്കെ പൊഴിയും എന്നുറപ്പാണ്.വിത്തുകള്‍ ഉറക്കം നടിക്കുകയും.തായ് വേരിന്‍റെ അരികിലായി അകത്തേക്ക് തുറക്കുന്ന ജാലകത്തില്‍ ദ്വാരമിടാം.തന്മാത്രകള്‍ ചേര്‍ത്ത് വക്കാം.വിചാരങ്ങളെ ചാരി നിര്‍ത്താം.പ്രതലത്തിലാകെ മഷി തണ്ട് പടര്‍ത്തണം.ഇനി പുഴയിലേക്കിറങ്ങാം. അവിടെ നിഴലുകളുടെ പ്രളയമുണ്ട്.ഒന്നിനെങ്കിലും അധരങ്ങളുണ്ടാകും.പു കൊണ്ട് അത് മറയ്ക്കാന്‍ വയ്യെനിക്ക്‌. പെരു മഴത്തുള്ളി കാത്തുവയ്ക്കാനൊരിടം വേണ്ടേ?

Wednesday, January 26, 2011

വെറുതെ

മനസ്സ് വെറുതെ പാടിക്കൊണ്ടിരുന്നു.ചില അക്ഷരങ്ങളുടെ ഭാരം കൊണ്ട് വാക്കുകള്‍ മെരുങ്ങാതായി.അപ്പോളാണ് പാദസരങ്ങള്‍ കിലുക്കി, കരിയിലകളോട് കിന്നാരം ചൊല്ലി, എന്നെ നെഞ്ചിലൊതുക്കി ......നല്ല ഒഴുക്കും തണുപ്പും.... 

Monday, January 24, 2011

വിലക്കുകള്‍

മേഘങ്ങളെ തഴുകാനല്ല കാറ്റിന്‍റെ ചിറകുകള്‍. മനസ്സിന്‍റെ ജാലകം അടച്ചും തുറന്നും, ചിത്രമെഴുതിയും വൃത്തം വരച്ചും ഓടി ഓടി....അവ്യക്തമായി കഥ പറഞ്ഞും ഒപ്പം നടന്നു.വിലക്കുകള്‍ മാഞ്ഞു പോകും, എന്നാലും തടുക്കാന്‍ മലകളുണ്ടാവണം.

Friday, January 21, 2011

ഇന്നലെ.

ചുടുള്ള കാറ്റ് വന്നെന്‍റെ ജാലകം രോഷത്തോടെ വലിച്ചു തുറന്നു പിന്നെ മൊഴിഞ്ഞു,മുനിഞ്ഞിരിക്കാതെ ഒരായിരം പടികള്‍ പണിയുക. കയറിയിറങ്ങി കൊണ്ടേ ഇരിക്കുക.ശബ്ദിക്കരുത്. ചുറ്റും ഇന്നലെകളാണ്.മേലെ ഒഴുകുന്ന നദിയുടെ അടിയിലെ ഉറവയില്‍ നീരാടുക.നോക്കു, ഇപ്പോള്‍ നിനക്ക് മനസ്സില്ല, മുഖവുമില്ല.  

Sunday, January 16, 2011

മറ

ആശയങ്ങള്‍ക്ക് അരമതില്‍ കൊണ്ട് മറതീര്‍ക്കണം.മോഹങ്ങളെ അലയാനും വിടാം.കഥകളൊക്കെ കാറ്റിലൊളിപ്പിക്കാം. കാതോര്‍ത്തിരുന്നു വെറുതെ ചിരിക്കാം.പിന്നെ മുഖശ്രീയുള്ളൊരു പൂവാകാം.

Saturday, January 15, 2011

ചിറക്

നനുനനുത്ത നൂലിഴകള്‍ കൊണ്ട് ഒറ്റ വാതില്‍ കൂടു പണിയാം.വിരഹവും മധുരതരമെന്ന് മുളിപ്പാട്ട് പാടാം.വാതിലിനു സാക്ഷ വേണ്ട, കുഞ്ഞിക്കിളിക്ക് ചിറകില്ലല്ലോ.

ഒറ്റയടിപ്പാത

കുളിരുള്ള മകരമഞ്ഞ്.ചേലാര്‍ന്ന വര്‍ണപുഷ്പ്പങ്ങള്‍ വേലിപ്പടര്‍പ്പുകളെ പുണര്‍ന്നിരിക്കുന്നു.കാറ്റിന്‍റെ മര്‍മരം.ഈണം മുളുന്ന പക്ഷികള്‍.ആകൃതി തികഞ്ഞ കാല്‍പ്പാടുകളില്‍ തന്‍റെ ചുവടുകളൂന്നി മോഹിനി.വഴിയുടെ നാലാം പാദത്തില്‍ മഞ്ഞപ്പട്ട് അവളിലാകെ നിറഞ്ഞു.മിഴി പുട്ടാഞ്ഞതിനാല്‍ കാഴ്ച മറഞ്ഞു. കേള്‍വി തെളിഞ്ഞു.മുന്നിലൊരു ഒറ്റയടിപ്പാത.അവള്‍ വേഗം തിരിഞ്ഞു നടന്നു.

Friday, January 14, 2011

ഹൃദയം

അപ്രതീക്ഷിതമായി, കുറഞ്ഞ വരികളില്‍ ഇതിഹാസം പോലെ ഒരു കുറിമാനമെത്തി.പറഞ്ഞതൊക്കെ നേരറിവുകള്‍.പിന്നെ കുറെ നിഗമനങ്ങളും.കാട്ടിലെ വളഞ്ഞു പന്തലിച്ച വൃക്ഷത്തിലെ മരംകൊത്തി കൂടുപോലെ എന്‍റെ ഹൃദയം.ആരോ പക്ഷിത്തുവല്‍ കൊണ്ട് കോറിവരഞ്ഞത്.
.

Tuesday, January 4, 2011

രഹസ്യം

കുളിരുള്ള, ജീവന്‍റെ തുടിപ്പുള്ള ഈ പ്രഭാതം ചില രഹസ്യങ്ങള്‍ മന്ത്രിച്ചു.പുഴയുടെ പ്രണയച്ചുഴിയെക്കുറിച്ച്,നീല മലയുടെ കാണാപ്പുറങ്ങളെക്കുറിച്ച്, ഇടുങ്ങിയ ആകാശത്തിന്‍റെ മുറിവുകളെ പറ്റി. പിന്നെ രവ്ദ്രമായ കടലിലുടെ കഥയില്ലാത്ത എന്‍റെ പ്രയാണത്തെ കുറിച്ചും.കരയരുത്, മനസ്സിപ്പോള്‍ ഒരു കുട ചൂടി. 

പ്രലോഭനം

പ്രലോഭനങ്ങള്‍ക്ക് ചാരുതയുണ്ട്.തെറ്റാതെ നടന്നെത്താനൊരു വഴിയും.വഴി ഇടത്തേക്ക് തിരിയുന്നിടത്ത് അപരിചിതനെപ്പോലെ നടിച്ച് ഒഴുകി അപ്രത്യക്ഷമായത് ഭാവം ഒതുക്കി വച്ച ഒരു പുറം തോട്.അതെനിക്ക് വേണം, കഴുകി തുടച്ച്‌ ചന്ദന സുഗന്ധം പുരട്ടി  കാല്‍ പെട്ടിയുടെ അടിയില്‍ ഒളിപ്പിക്കാന്‍...

Saturday, January 1, 2011

വാസ്തവം

എന്തൊക്കെയോ കൈ പിടിയിലൊതുക്കി പിരിഞ്ഞു പോയി.നിന്നെ അറിയാന്‍ മടിച്ചു ഞാന്‍, വാസ്തവം അത് മാത്രം.എങ്കിലും പ്രതീക്ഷയുടെ തിരിനാളം ബാക്കിയുണ്ട്.പുതിയ പുലരിയുടെ സൌഭഗം അനന്യം.തുടരാം ഈ യാത്ര, സഫലമായി.