Tuesday, February 19, 2013

ശരാശരി



നീലാകാശത്ത്‌ ഒരു കളം വരച്ചു.
കളങ്കമില്ലാതെ പൂവിറുക്കാനും
ശലഭങ്ങളുടെ കൂട്ടുകുടാനും എട്ട്.
മഴവില്ലിനൊപ്പം പത്ത്.
കഥയില്ലായ്മയ്ക്കും
വിഡ്ഢിത്തരങ്ങള്‍ക്കും പതിമൂന്ന്.
ഭാവനകള്‍ പകല്‍ കിനാവുകള്‍
പത്തൊന്‍പത് വരെ.
പാട്ടും നടനവും ഇരുപത്തിരണ്ട്‌..
വില്പന ഇരുപത്തിയഞ്ചിനുള്ളില്‍...
വീണ്ടു വിചാരത്തിനും
വിട്ടു വീഴ്ചക്കും മുപ്പത്തി ഒന്ന്.
സഹനവും സ്വയം മറക്കലും
കടന്നത്‌ മുപ്പത്താറില്‍.
ഒളിപ്പിച്ച രഹസ്യങ്ങള്‍
നാല്‍പ്പതില്‍ നിനച്ചെടുക്കാം.
വഴിയിലെ നേരം പോക്കിന്
നാല്‍പ്പത്തഞ്ചായാല്‍ നന്ന്.
കലഹവും വാക്പ്പയറ്റും
ദുഃഖവും ഇഴചേര്‍ന്ന 
അമ്പതു കടന്നാല്‍ പിന്നെ,
വെറുപ്പിന്റെ അറ്റത്തുള്ള
അറുപതിനെ തൊടാലോ.
അലസതയും വിരസതയും
സമന്വയിപ്പിച്ച് എഴുപതിലേക്ക്
പതുക്കെ പാദമുന്നാം.
നനഞ്ഞ മണ്ണില്‍ കുനിഞ്ഞിരുന്നു
ഒരു " മേഘമാല്‍ഹാറിന് ''
കാതോര്‍ക്കാം.

Monday, February 4, 2013

നിര്‍മല



കറുത്ത കാറ്റ് വന്ന്
പച്ചിലകളൊക്കെ
പെറുക്കി മാറ്റുമ്പോള്‍,
സുഷിരമുള്ള മനസ്സ് തളച്ചിടാന്‍,
ഗോപുരത്തിന്റെ മുനമ്പ് .
നാളെ സൂര്യന്‍ ചാരക്കണ്‍
മുഖം മൂടി അണിയും.
അനിവാര്യമായ യാത്രയില്‍
ദുര്‍ഘടമായ പാതയോരത്തെ
സത്രത്തിലെ, ഇടുങ്ങിയ ഇടനാഴിയില്‍
നിറം മങ്ങിയ വൃത്തം വരച്ച്
കിളിവാതിലിന്റെ ഇരുപാളിയും
ചേര്‍ത്തടക്കുമ്പോള്‍,
നീയൊരു നിര്‍മല.  

Friday, February 1, 2013

ജാലകത്തിലൂടെ




വര്‍ഷങ്ങള്‍ക്ക് മുന്‍പ്  പറന്നകന്ന ഒരു നിലാപ്പക്ഷിയായിട്ടും, ഇന്നലെ വീണ്ടും ഓര്‍മ്മകളില്‍ വിരുന്നെത്തി, ഗ്രാമത്തനിമ നഷ്ടമാകാത്ത അന്ന് ഞാങ്ങക്കൊപ്പം ജീവിച്ചിരുന്ന മാധവി. എല്ലാവരും സ്നേഹത്തോടെ "ഭ്രാന്തത്തി മാധവി ''എന്നു വിളിക്കുന്നതില്‍ ഒട്ടും അപ്രിയം കാണിക്കാന്‍ മിനക്കെടാത്ത പാവം.ചുരുണ്ടമുടി ചീകാന്‍ മറന്ന് , എണ്ണക്കരുപ്പുള്ള  ശരീരം സ്വന്തമെന്നറിയാതെ,  ആകുലതകളും സന്തോഷവും വേര്‍തിരിച്ചറിയാതെ , മനസ്സ് കൈവിട്ടുപോയവള്‍.. 
കണ്മഴിയെഴുതുന്നതില്‍ ആനന്ദിച്ചിരുന്ന മാധവിക്ക് അന്ന് ഏകദേശം 45 വയസ്സെങ്കിലും പ്രായമുണ്ട്.

കാലത്തുതന്നെ ഓരോ വീടും സ്വന്തമെന്നു ഭാവിച്ചു, ചെറിയ സഹായങ്ങള്‍ ചെയ്തു അന്തിക്ക് വീടണയുകയായിരുന്നു  പതിവ്. എല്ലാവരും അവരെ സ്നേഹിച്ചു, ആവശ്യങ്ങള്‍ നിറവേറ്റി. തീര്‍ത്തും മനസ്സ് പതറുന്ന നാളുകളില്‍,നാല് ദിക്കിലും ഒളിഞ്ഞിരിക്കുന്ന അജ്ഞാന ശത്രുക്കളോട് വിട്ടു വീഴ്ച്ചയില്ലാതെ നിരന്തരം കലഹിച്ചു പോന്നു. 

ഇടയില്‍ എപ്പോഴോ മനസ്സ് ശാന്തമായ ദിവസങ്ങളില്‍, നാല് കൊമ്പുള്ള രാക്ഷസന്‍ എന്നെ മുറിപ്പെടുത്തുന്നു എന്ന് പേര്‍ത്തും പേര്‍ത്തും പരാതി  പറയുമായിരുന്നു.ആരും അത് ഗൌനിച്ചില്ല.....
ഇടയില്‍ മാധവി വരാതായി.മാസങ്ങള്‍ കഴിഞ്ഞു , വലിയ വയറുമായി ഒന്നും അറിയാതെ വീണ്ടും വന്നെത്തി.ശാന്തയായപോലെ തോന്നി.

മാതൃത്വം അവരുടെ മനസ്സില്‍ മാരിവില്ല് വിരിയിച്ചെന്നു തോന്നി.ശ്രദ്ധയോടെ കുഞ്ഞിനെ പരിപാലിച്ചു. മനസ്സ് സാധാരണമായി. എന്നും ഭക്ഷണമെത്തിച്ച്  ഗ്രാമം ഒന്നടക്കം പിന്തുണക്കുകയും ചെയ്തു. എല്ലാവരും ആഹ്ലാദിച്ചു, വിശ്വസിച്ചു, മാധവിക്ക് ഒരു തുണയായല്ലോ എന്ന്.മകന്‍ വളര്‍ന്നു അമ്മക്ക് തുണയായി. 

വിശകലനത്തിന് അതീതമായി മാധവിയുടെ മനസ്സിന്റെ ജാലകം, സാധാരണത്വത്തിലേക്ക് മലര്‍ക്കെ തുറന്നത് മാതൃത്വത്തിന്റെ മഹത്വവും വശീകരണവും കൊണ്ടാണെന്ന് വിശ്വസിക്കാനാ ണെനിക്കിഷ്ടം.