Tuesday, February 19, 2013

ശരാശരി



നീലാകാശത്ത്‌ ഒരു കളം വരച്ചു.
കളങ്കമില്ലാതെ പൂവിറുക്കാനും
ശലഭങ്ങളുടെ കൂട്ടുകുടാനും എട്ട്.
മഴവില്ലിനൊപ്പം പത്ത്.
കഥയില്ലായ്മയ്ക്കും
വിഡ്ഢിത്തരങ്ങള്‍ക്കും പതിമൂന്ന്.
ഭാവനകള്‍ പകല്‍ കിനാവുകള്‍
പത്തൊന്‍പത് വരെ.
പാട്ടും നടനവും ഇരുപത്തിരണ്ട്‌..
വില്പന ഇരുപത്തിയഞ്ചിനുള്ളില്‍...
വീണ്ടു വിചാരത്തിനും
വിട്ടു വീഴ്ചക്കും മുപ്പത്തി ഒന്ന്.
സഹനവും സ്വയം മറക്കലും
കടന്നത്‌ മുപ്പത്താറില്‍.
ഒളിപ്പിച്ച രഹസ്യങ്ങള്‍
നാല്‍പ്പതില്‍ നിനച്ചെടുക്കാം.
വഴിയിലെ നേരം പോക്കിന്
നാല്‍പ്പത്തഞ്ചായാല്‍ നന്ന്.
കലഹവും വാക്പ്പയറ്റും
ദുഃഖവും ഇഴചേര്‍ന്ന 
അമ്പതു കടന്നാല്‍ പിന്നെ,
വെറുപ്പിന്റെ അറ്റത്തുള്ള
അറുപതിനെ തൊടാലോ.
അലസതയും വിരസതയും
സമന്വയിപ്പിച്ച് എഴുപതിലേക്ക്
പതുക്കെ പാദമുന്നാം.
നനഞ്ഞ മണ്ണില്‍ കുനിഞ്ഞിരുന്നു
ഒരു " മേഘമാല്‍ഹാറിന് ''
കാതോര്‍ക്കാം.

No comments:

Post a Comment