Thursday, October 28, 2010

ചായം

എണ്ണിയാലൊടുങ്ങാത്ത ചിന്തകള്‍. ഒന്‍പതു ചിന്തകളെ വേര്‍തിരിച്ചെടുത്തു.ഓരോന്നിനും നിറം പകരാന്‍ തുടങ്ങി.ഏഴെണ്ണം വര്‍ണ രേണു ചുടി.ഇനിയും ബാക്കി രണ്ടെണ്ണം.അവയ്ക്ക് ഞാന്‍ ദുഖത്തിന്‍റെ ചായം പൂശി.

പഴുതുകള്‍

മനസ്സിലാകെ മുറിവാണെന്ന്, ഇന്നലെ സന്ധ്യക്ക് നീ മൊഴിഞ്ഞു. വേദനയും ആശ്വാസദായകമാക്കി പറന്ന് പറന്ന്, വീണ്ടും കൂടണയണമെന്നും...കുരിരുള്‍ മെനയുന്ന വര്‍ണങ്ങള്‍ ആരോ സമ്മാനിച്ചത്‌ പങ്കുവെക്കാനോ? . വാതായനങ്ങള്‍ ഒക്കെ ചേര്‍ത്തടച്ചിരിക്കുന്നു, പഴുതുകള്‍ ഒട്ടുമില്ലാതെ.

Wednesday, October 27, 2010

ഒരമ്മക്കിളി

കാട്, തെളിനീരരുവിയുടെ കളകളാരവം...പാടുന്ന പൈങ്കിളികള്‍ മാത്രമില്ല. കുഴഞ്ഞ ചിറകുകള്‍ വീശി, പറക്കാനാകാതെ ഒരമ്മക്കിളി. ഉണ്ടൊരു കുളിരുള്ള ചെറുകാറ്റ്.പക്ഷെ അടച്ചുവക്കാനൊരു ചെപ്പെവിടെ?

Monday, October 18, 2010

ജീവിതം

സ്പന്ദനങ്ങളും നോവും, പിന്നെ ആഹ്ലാദത്തിന്‍റെ ഏതാനും ചില മോഹ മുഹുര്‍ത്തങ്ങളും സമന്വയിപ്പിച്ച ഈ പ്രയാണത്തെ ജീവിതമെന്ന് വിളിക്കാമോ?

നിറം

വാതിലിനപ്പുറം മോഹം കാത്തു നില്‍ക്കുന്നു. വര്‍ണവും ആകൃതിയുമില്ലാതെ.......ചായങ്ങള്‍ കലര്‍ത്തി, ഞാനൊരു പുത്തന്‍ നിറം മെനെഞ്ഞെടുത്തു.......നിലാവിന്‍റെ വെണ്മ, അല്‍പ്പം മഞ്ഞ കലര്‍ന്നത്.പുതുമ ഒട്ടുമില്ല.......

Monday, October 11, 2010

രസ തന്ത്രം

സന്തോഷാശ്രുക്കള്‍ക്ക്‌ ഏറെ മധുരമെന്നു അശരീരി കേട്ടു. ഉപ്പു മധുരമാകുന്ന രസ തന്ത്രം .ഏറെ സാദ്ധ്യതകള്‍ ഇന്ന് ഞാന്‍ കണ്ടെത്തി.ഇപ്പോള്‍ നിമിഷങ്ങള്‍ കിനാവ്‌ വന്ന് മൂടി.

Sunday, October 10, 2010

നിഴലുകള്‍

നിഴലുകള്‍ മന്ദഹസിക്കാരുണ്ടോ? ഭാവനയുടെ നിറചാര്‍ത്തണിഞ്ഞ് മുകവിക്ഷേപങ്ങളോടെ പോയ്‌മറയും മുന്‍പ് അവയും പാടിയിരിക്കാം, സാന്ദ്രമാം ചില ഈണങ്ങള്‍.  തീര്‍ത്തും മൌനമായ്‌.    

Saturday, October 9, 2010

രാത്രി

പതുക്കെ സന്ധ്യ വന്ന് ചേക്കേറി...എന്താണ് രാത്രി? കറുപ്പിന്‍റെ അഴക്‌ , അതിന്‍റെ ആഴം പിന്നെ നിലാവിന്‍റെ കുളിരും തിളക്കവും. ചിന്തകളും ആഹ്ലാദവും നിറക്കുന്ന പ്രിയ യാമിനി....നിന്നെ മോഹിക്കുന്നു ഞാന്‍.....  

Wednesday, October 6, 2010

ഈ മഴ

ഇപ്പോള്‍ പുറത്തു തുള്ളി തുള്ളി, സംഗീതം പൊഴിക്കുന്ന മഴയുമായി സൌഹൃദ പങ്കു വക്കയാണ് ഞാന്‍.സ്വപ്നാടനത്തിലെന്ന പോലെ പടികളിറങ്ങി.... ഇപ്പോള്‍ ഞങ്ങള്‍ ഒന്നായി.......കവിതകള്‍ പാടി..... ഈ മഴ നിലക്കാതിരുന്നെങ്ങില്‍......

Tuesday, October 5, 2010

വ്യര്‍ത്ഥ മോഹം.

ഇന്നലെ മുഴുവന്‍ കാത്തിരുന്നു.ആകാശത്ത് നിന്ന് ആര്‍ഭാടമില്ലാത്ത, പൊയ്മുഖമില്ലാത്ത ഒരു മഞ്ഞ വെളിച്ചം, എന്നെ തേടി വരുമെന്ന്.ഒടുവില്‍ ഞാനറിഞ്ഞു മിഥ്യക്ക് മേലെ മേഘകൊട്ടാരം പണിയാനുള്ള വ്യര്‍ത്ഥ മോഹം.

Sunday, October 3, 2010

വാര്‍ദ്ധക്യം

ഇടവരമ്പുകള്‍ താണ്ടി
മോഹ കാഴ്ചകള്‍
അവ്യക്തമാക്കി,
നിശ്ശബ്ദം വന്ന് ചേക്കേറിയത്
കണ്‍കളില്‍.  
പിന്നെ മുടിയിലാകെ
വെള്ളിയുടെ നിറം ചാര്‍ത്തി,
വേദന പടര്‍ത്താനുള്ള വ്യഗ്രത.
തൊലിപ്പുറത്തെ നിഴലാട്ടം.
ഏകാന്തതയുടെ അശ്രുകണങ്ങള്‍ കണ്ട്
 ആ ഗൂഡസ്മിതം.
ചേതനയെ പിടിച്ചുലക്കാന്‍
ഒട്ടൊരു പാഴ്ശ്രമം.
തിരിച്ചറിയലിന്‍റെ
തപ്ത നിമിഷത്തില്‍
പിന്തിരിയാന്‍ മനസ്സില്ലാത്ത
നിന്‍റെ ദാര്‍ഷ്ട്യം.
പക്ഷെ, കുഞ്ഞു കൈകള്‍
കണ്ണു പൊത്തുമ്പോള്‍
എന്‍റെ മനസ്സ് നിറയുന്നത്
നിനക്കെങ്ങിനെ സ്വന്തമാക്കാനാകും.
ഇപ്പോള്‍ വാര്‍ദ്ധക്യമേ
നീ എനിക്കു പ്രിയകരം.

Saturday, October 2, 2010

തിരിനാളം

ഒരു കുഞ്ഞു തിരിനാളം. കാറ്റ് കെടുത്താതെ നോക്കാന്‍ കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു. അത്ഭുതം, എന്‍റെ മുഖമാകെ പ്രകാശപുരിതം.പിന്നൊരു പുഞ്ചിരിയായി അതെന്നിലാകെ നിറഞ്ഞു.