Tuesday, December 13, 2011

മോഹം

വൃശ്ചികകാറ്റ് ഇന്ന് സംഗീതം മൂളിയെത്തി. പുതിയ വര്‍ണപുഷ്പങ്ങള്‍ മഞ്ഞിന്‍ കണങ്ങള്‍ ഏന്തി മന്ദഹസിക്കുന്നു.പിന്നെ തെളിഞ്ഞ നീലാകാശവും. ചിന്തകള്‍ കൈമോശം വന്നിട്ടില്ല. അവ്യക്തതയുടെ മുടുപടം നേര്‍ത്തതാണ്.  ഇളകിയിളകിത്തെളിയുന്ന ആ സങ്കല്‍പ്പ ചിത്രത്തിന് മുഖമുണ്ടാകുമോ? ഇല്ലെങ്കില്‍ സൂര്യനെ പോലെത്തെ ഒരു കണ്ണ്? 

Monday, December 5, 2011

ഇനിയും


പകലുകള്‍ അന്യമാകുന്നതെപ്പോള്‍?
പ്രതലങ്ങളില്‍ ഉണങ്ങാന്‍ മറന്ന മഷി
അവ്യക്ത ചിത്രങ്ങള്‍ കോറിയിടുംബോളോ?
തവിട്ടു തുവലുകള്‍ക്കിടയിലെ
ചുവന്ന ഒറ്റത്തുവല്‍ പോലെ
വ്യക്തമാര്‍ന്ന് ചിമിഴുകളില്‍ നാളെകള്‍.
ആഴിയുടെ രവ്ദ്രത,തിളക്കവും.
വാതിലടക്കാതെ തള്ളിയകറ്റുന്ന നാട്യം.
ഒരു മിഴി, ഒറ്റ കൊമ്പ്,ഓര്‍മത്തെറ്റും.
നീല പൂക്കളൊക്കെ ചുവന്നു.
കാറ്റിന് നിറമില്ലെന്നാര് പറഞ്ഞു?
വിസ്മൃതിയുടെ വിവര്‍ണ നിറമാണതിന്.
ഇനിയും കാത്തിരിക്കേണ്ടതുണ്ടോ?

Monday, November 28, 2011

വെറുതെ



പരിമിതികളുടെ സമചതുരത്തിന്
പ്രീണനത്തിന്‍റെ ചിന്തേരിട്ടു മിനുക്കി
നിനക്ക് സമ്മാനിക്കാനാണ്
എനിക്കിപ്പോള്‍ ഏറെ ഇഷ്ട്ടം.
ചിത്രങ്ങളൊക്കെ മനസ്സില്‍ കോറിയിടാം.
ചിന്തകളെ അലയാനായച്ച്
ഓര്‍മകളുടെ മധുരം നുകര്‍ന്ന്,
വൈതരണികള്‍ താണ്ടാം.
പറയാം.....
പുഴയുടെ പ്രണയ ചുഴികളെക്കുറിച്ച്.
നീലമലയുടെ കാണാപ്പുറങ്ങളെപ്പറ്റി.
ആകാശത്തിനു മുറിവുണ്ടെന്നും.
ഇനി മറക്കണം, മാച്ചെഴുതണം,
സുഷിരം നിറഞ്ഞ പച്ചില
കാറ്റത്തിളകിയാടും പോലത്തെ
മനസ്സ് വേണം.
പ്രലോഭനങ്ങളുടെ ചാരുതയില്‍
മന്ദഹസിക്കുന്ന നിഴലുകളും.











Wednesday, September 7, 2011

ഓണം

 ഓണത്തിന്‍റെ ഉത്സാഹത്തിനിടയിലും, നേര്‍ത്തൊരു രോദനത്തിന്‍റെ അലയൊലി ശ്രവിക്കുന്നു ഞാന്‍. കാത്തിരുന്നു തളര്‍ന്ന, കാഴ്ച മങ്ങിയ ആ കണ്‍കളില്‍ വിഷാദം കൂട് വച്ചിരിക്കും. എന്നിട്ടും പ്രതീക്ഷയുടെ കുട നിവര്‍ത്തി ഉമ്മറ വാതിലില്‍ ചാരി നില്‍ക്കുന്നത് എന്‍റെ അമ്മയല്ലേ? നാളെ ഓണമാണ്.ഓടിയെത്താനാവാതെ കാതങ്ങള്‍ക്കകലെ ഞാനും.........  

Sunday, September 4, 2011

ശിഖരങ്ങള്‍

 വലിയ ചില്ലു ജാലകത്തിനപ്പുറം തളിര്‍ത്തു നില്‍ക്കുന്ന മരങ്ങള്‍ക്ക് താഴെയുള്ള  ഇടുങ്ങിയ പാതയിലുടെ ഒഴുകി മറയുന്ന എണ്ണമറ്റ വാഹനങ്ങളിലെ, ഒട്ടും പരിചിതമല്ലാത്ത മുഖങ്ങളിലെ ഭാവങ്ങളുടെ തിരനോട്ടം നിരീക്ഷിക്കാന്‍ ഒട്ടു രസമുണ്ട്. നേര്‍വരയിലെ ശിഖരങ്ങള്‍ പോലെ തളിര്‍ക്കട്ടെ ജീവിതം. പൂ വിരിയാതിരിക്കില്ല.

Monday, July 25, 2011

മരം

ഇന്നലെ സന്ധ്യക്കാണ്, നിറയെ മഞ്ഞ പൂക്കള്‍ ചൂടിനില്‍ക്കുന്ന മരം വല്ലാതെ തല ചെരിച്ച് എന്നെ ഉറ്റു നോക്കിയത്. മഴയില്ലാഞ്ഞിട്ടും, ഓരോ ഇല തുമ്പിലും നീര്‍മണികള്‍ തിളങ്ങി നിന്നതൊക്കെ പകര്‍ന്നെടുത്ത്‌ ഞാനൊരു മാല കോര്‍ത്തു. ഇനിയൊരു ചില്ല കൊമ്പില്‍ വിരല്‍ കോര്‍ത്തു ആകൃതിയില്ലാത്ത ചിത്രം വരക്കാം. നിറം വാരി പുതക്കാം, കാറ്റുതിരും വരെ.

Saturday, July 23, 2011

മഴ.....

എന്നെ മോഹിപ്പിച്ചു കൊണ്ട് , ഇപ്പൊ വരാം എന്നു പതുക്കെ മൊഴിഞ്ഞു, വേലിക്കപ്പുറത്ത്‌ വെറുതെ നില്‍ക്കുന്നു മഴ.....കുടചുടി അകറ്റാതെ, മഴത്തുള്ളികളിലലിഞ്ഞു ഒരു കാതം എനിക്കും യാത്ര പോണം......

Wednesday, July 20, 2011

മഴ പറഞ്ഞത്.

ജനലടക്കരുത്, മഴ പറഞ്ഞു.
ഒരു തുള്ളിയായി പറന്നിറങ്ങി
മനസ്സ് നനക്കാം.
പേമാരിയായി പെയ്തൊഴുകാന്‍
വാതിലും തുറന്നു വക്കുക.
ആകാശത്തിനരികിലോളം നിറയുമ്പോള്‍
കുമിളകള്‍ പുളയുമ്പോള്‍ പറയരുത്
ഇതൊരു നിരര്‍ത്ഥകമായ സങ്കല്‍പ്പമാണെന്ന്.
കാരണം കാത്തിരിപ്പിന്‍റെ നിഴലുകള്‍
പൊടുന്നനെ അനുപാതം തുല്യമാക്കി
അപ്രത്യക്ഷമായിരിക്കുന്നു.
നനഞ്ഞു കുതിര്‍ന്ന് ആരോ നടന്നടുക്കുന്നത്
വെറും കിനാവ്‌.
പുറത്ത് കത്തുന്ന വെയിലല്ലേ?

Saturday, July 16, 2011

വാതില്‍

ചാറ്റല്‍ മഴയില്‍ കുളിച്ച്‌ നഗരം സുന്ദരിയായിരിക്കുന്നു, കുളിരുള്ള കാറ്റിന്‍റെ മര്‍മരവും.ഇരുട്ടിലേക്ക് തുറക്കുന്ന വാതില്‍ അടക്കാന്‍ മറന്നതെങ്ങനെ?

Wednesday, July 13, 2011

ചങ്ങാത്തം

നിലാവ് പെയ്യുന്നുണ്ടായിരുന്നില്ല, എന്നിട്ടും പ്രതീക്ഷയുടെ ചിറകിലേറി ഒരു സ്വപ്നാടനത്തില്‍ മുഴുകിപ്പോയി ഞാന്‍.  ഒരു നക്ഷത്രത്തിന്‍റെ ഇറ്റു വെളിച്ചത്തില്‍ ഒരായിരം നിഴലുകളുമായി ചങ്ങാത്തം കൂടി ......ഇലപൊഴിക്കുന്ന മരച്ചുവട്ടില്‍.....

Sunday, July 10, 2011

എവിടെയോ

വര്‍ഷങ്ങള്‍ കുറച്ചായി. നഗരത്തിലെ പ്രശസ്തമായ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൂട്ടുകാരിയെ സന്ദര്‍ശ്ശിക്കാന്‍ എത്തിയതാണ് ഞാന്‍.ആശുപത്രിയുടെ അടുത്തുള്ള ടെലിഫോണ്‍ ബൂത്തിനടുത്തു വിവശനായിരിക്കുന്ന വായോധികനെ ശ്രദ്ധിച്ചിരുന്നു.ഒരു മണിക്കുറിനു ശേഷം തിരികെ വരുമ്പോളും അദ്ദേഹം അവിടെയുണ്ട്.ഇടയ്ക്കിടയ്ക്ക് ടെലിഫോണ്‍ ബൂത്തി നടുത്തെക്കു ചെല്ലുകയും, ദയനീയമായി എന്തോ പറയുന്നതും കണ്ടു.ബൂത്തിലെ ആള്‍ കന്നടയില്‍ ചീത്ത പറയുന്നുമുണ്ട്. പിന്നെ ആലോചിച്ചു നില്‍ക്കാന്‍ മനസ്സ് വന്നില്ല. അടുത്ത് ചെന്നു അന്വേഷിച്ചു. നാട്ടില്‍ നിന്നു മകളുടെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു. മലയാളം മാത്രമേ അറിയൂ.രണ്ട് ദിവസം മുന്‍പ് പുറത്തിറങ്ങിയപ്പോള്‍ വഴി തെറ്റി. കൈയ്യില്‍ അഡ്രസ്സും ഫോണ്‍ നമ്പറും ഇല്ല. മകളുടെ പേരു മാത്രം പറഞ്ഞു. വേഗം ടെലിഫോണ്‍ ഡിറകറ്റ്റി വാങ്ങി ആ പേരു തിരഞ്ഞു. നോക്കുമ്പോള്‍ ആ പേരുകള്‍ അനവധി.പിന്നെ ഒരത്ഭുതം പോലെ ഞാന്‍ വിളിച്ച നിരവധി നംബരുകളിലൊന്നില്‍ മകളെ കിട്ടുക തന്നെ ചെയ്തു. പതിനഞ്ചു നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ എത്തി ചേര്‍ന്നു. സന്തോഷത്തോടെ അവരോടൊപ്പം പോകും മുന്‍പ് എന്‍റെ കൈകള്‍ പിടിച്ചു പൊട്ടിക്കരഞ്ഞു.എന്‍റെ മനസ്സില്‍ നിറഞ്ഞ വികാരം പറഞ്ഞറിയിക്കാന്‍ ഞാന്‍ അശക്തയാണ്. അദ്ദേഹം ദീര്‍ഘായുസ്സോടെ ഇന്നും എവിടെയോ സന്തോഷമായി കഴിയുന്നുണ്ടാകും.

Tuesday, June 7, 2011

ഇരുട്ട്.

ചുരുണ്ട്ണങ്ങിയ കരിയിലക്കുള്ളില്‍
ഗോപ്യമാക്കിവച്ച
പൊട്ട് പോലത്തെ നിണത്തില്‍
തിരഞ്ഞപ്പോളാണ് ഇക്കഥയുടെ
ഏകദേശം മദ്ധ്യത്തില്‍
പേന ഉടക്കിയത്.
പിന്നെ വഴിത്തിരിവിന്‍റെ
രണ്ടറ്റത്തും മുറുകിപ്പോയ
കെട്ടുപാടുകള്‍ നന്നായി
വെട്ടിത്തുറക്കാനും എളുപ്പം
മിനുസത്തിന്‍റെ ഈ തിരുത്തല്‍.
കഥയുടെ മുഖത്തിപ്പോള്‍
വല്ലാത്ത ഇരുട്ട്.
ഇന്നീ കഥ പറഞ്ഞെ പറ്റു.

Friday, June 3, 2011

കണ്ണീര്‍

ഇന്നലെ പൊഴിഞ്ഞ മഴയുടെ രാഗം
വിരസതയുടെ തെളിഞ്ഞ ഭിത്തിയില്‍
വിഷാദം കൊണ്ട് എഴുതിയ ചിത്രത്തിനു
വികാരരഹിതമായ മിഴികള്‍
നന്നായി ഇണങ്ങി.
നാളെ വര്‍ണപ്പെരുമഴ
പെയ്തിറങ്ങാന്‍ തടാകംപോലത്തെ
ഈ മിഴിയില്‍ ഒരിറ്റു കണ്ണീര്‍ മതി.

Wednesday, June 1, 2011

കടം കഥ

നിറം മങ്ങിയ ചുമര്‍ ചിത്രങ്ങളും, കൊത്തുപണികളുള്ള മനസ്സിനെ ഇനി വേഗം സുതാര്യമായ പട്ടുതുണി കൊണ്ടൊന്നു മറച്ചു വക്കാം.തിളങ്ങുന്ന ആലിപ്പഴം കൊണ്ടൊന്നു മിനുസപ്പെടുത്തുമ്പോള്‍ വൈഡുര്യം പോലെ തിളങ്ങും. കടം കഥകള്‍ക്ക് കാതോര്‍ക്കാം, കാത്തിരിക്കാം.

ജലപാതം

ഭാവനകള്‍ക്ക് നല്ല ചന്തവും സുഗന്ധവും.കഥകുട്ടുകള്‍ മഴത്തുള്ളികളില്‍ അലിയുമ്പോള്‍ ജലപാതം മോഹനമാകുന്നു.

Monday, April 11, 2011

എന്‍റെ അമ്മ.

കാത്തിരിക്കയാണമ്മ , ഒരായിരം പൂര്‍ണ ചന്ദ്രന്‍മാരുടെ ശോഭ കണ്‍കളില്‍ ആവാഹിച്ച്. ആഴിപോലെ വാത്സല്യം മനസ്സില്‍ ഒളിപ്പിച്ച്. നാളെ ആ മടിയില്‍ തല ചായ്ച്ചു, ആ കൈകളുടെ സുരക്ഷിതത്തില്‍ ഒട്ടും ആകുലതകളില്ലാതെ മനം മറന്നു ഞാനുറങ്ങും .ഈ ലോകം മനോഹരം.....എന്‍റെ അമ്മയുണ്ട്‌ ഇവിടെ ...എന്‍റെ അമ്മ.

നാട്ടിലേക്ക്.

പാടത്തിനു നടുവിലുടെ പുഴയോരത്തെക്കുള്ള വരംബുകളിലോക്കെ കുഞ്ഞു പൂക്കള്‍ വിടര്ന്നിരിക്കുന്നുവത്രേ.കാത്തിരിക്കാന്‍ വയ്യ. ഞാനും പുറപ്പെടുന്നു നാട്ടിലേക്ക്.

Tuesday, April 5, 2011

പരിഭവമില്ലാതെ

പരിഭവങ്ങള്‍ക്ക് മുഖമില്ല.
എങ്കിലും നേരിയ പുഞ്ചിരി
നേര്‍ത്തൊരു ചന്ദ്രക്കലയുടെ
ചേലില്‍ ചെറു വിരലിന്‍റെ
അറ്റത്ത്‌ അടുക്കി വച്ചത്
ഇന്നലെ തൃസന്ധ്യക്ക്‌
കൈ മാറുന്നത് വിഭ്രമിപ്പിക്കുന്ന
കാഴ്ചയൊന്നുമല്ലായിരുന്നു,
കാരണം പിന്നെയത്
പുഴപോലെ ഒഴുകി മറഞ്ഞത്
വഴിയറിയാത്ത എന്‍റെ നെഞ്ചിലും.

Tuesday, March 29, 2011

പരിമിതി

പരിമിതികളുടെ സമചതുരത്തിന്
പ്രീണനത്തിന്‍റെ ചിന്തേരിട്ടു മിനുക്കി
 നിനക്ക് സമ്മാനിക്കാനാണ്
എനിക്കിപ്പോള്‍ വല്ലാത്ത ഇഷ്ട്ടം.
നടപ്പാതയുടെ മദ്ധ്യത്തില്‍
കരിയില കൊണ്ട് മൂടിവച്ച
ചെറു വൃത്തത്തില്‍
നിന്‍റെ കാല്‍വിരലുകള്‍ പോലും
ചേര്‍ന്നിരിക്കില്ല.
തേങ്ങി കരയുമ്പോള്‍
മുഖം പൊത്തിപ്പിടിക്കാന്‍
തേഞ്ഞു പോയ വിരലുകളും.
ചിത്രങ്ങള്‍ ഒക്കെ ഇനി
മനസ്സില്‍ കോറിയിടാം.
ആകൃതിയില്‍ കാര്യമില്ലെന്നു
വെറുതെ നടിക്കാം.



Saturday, March 19, 2011

വഴി.

പോം വഴികളിലുടെ 
വെറുതെ തിരഞ്ഞു.
ഇതുവരെ കാണാത്ത,
വെള്ളാരം കല്ല്‌ പതിച്ച 
പെരുവഴിയുണ്ട് 
പുഞ്ചിരി തുകി മുന്നില്‍.
ഭേദം പഴയ വഴി.
ആഞ്ഞു നടക്കാം അതിലേ, 
മുള്ള് കുറവാണ്.



 

Sunday, March 13, 2011

നിശ്ചയം

അര്‍ദ്ധ രാത്രിയിലും
കുട പിടിച്ചിരുന്നു.
പുറപ്പെടുമ്പോള്‍
മഴയായിരുന്നല്ലോ.
ചെളി പുരണ്ട
അഴഞ്ഞ പാദുകങ്ങള്‍
നീരൊഴുക്കില്‍
നഷ്ട്ടമാവരുത്.
അവിചാരിതമായ
ഈ യാത്രക്ക്
പ്രേരണയും
ആസക്തിയുമുണ്ട്.
പകല്‍ വേണമെങ്കില്‍
കുട മടക്കാം.
പിന്നിലെ തുണ ആരെന്നു
തിരയാനാകില്ല.
തിരിഞ്ഞു നിന്നാല്‍
നീര്‍ത്തുള്ളികളിലെ
ആര്‍ദ്രത മാഞ്ഞു പോകും.
കാത്തിരിക്കാന്‍ വയ്യെന്നവള്‍
പറഞ്ഞാലോ?

Tuesday, March 8, 2011

മധുരമീ പ്രണയം.


ഇപ്പോളും നല്ല ഓര്‍മയുണ്ട്.പാടവരമ്പുകള്‍ അവസാനിക്കുന്നിടത്തെ ഇടവഴിയുടെ പടിക്കല്ലുകള്‍ കയറുംബോളാണ് ആദ്യം കണ്ടത്. അപരിചിതത്വം ഒട്ടുമില്ലാതെ അന്നു നീ പറഞ്ഞതത്രയും നീല കുപ്പിവളകളെക്കുറിച്ചും.പൂ വിരിച്ച നടവഴികളിലെ കാലടിപ്പാടുകള്‍ക്ക് ഏറെ ഭംഗിയുന്ടെന്നും.വേലിക്കലെ വള്ളികള്‍ മൊട്ടുകള്‍ ഏന്തി നില്‍ക്കുന്നത് ശ്രദ്ധയില്‍ പെടുത്തി യാത്ര പറയാതെ നടന്നകന്നത്‌ ഞാനരിഞ്ഞതെയില്ല. കുറിയാറ്റകള്‍ കുടുകള്‍ മെനയുന്നത് കവിതയുടെ ചീളുകള്‍ കൊണ്ടാണെന്നും, അവക്കുള്ളില്‍ ഇഷ്ട്ടം ഒളിച്ചിരിക്കുന്നുവെന്നും എഴുതിയ ഒരേട്‌, നേരിട്ട് തന്നെ പരിഭ്രമം ലവലേശമില്ലാതെ വച്ച് നീട്ടിയപ്പോളാണ് തെളിച്ചമാര്‍ന്ന ആ കണ്ണുകള്‍ എന്‍റെ സ്വന്തമെന്നുറപ്പിച്ചത്.വര്‍ഷം പെയ്തിറങ്ങിയ ഒരു സായംകാലത്ത് ഒരു പവിഴമല്ലി ചെടി നടാന്‍  തുനിഞ്ഞതും നീ. അവയുടെ മൃദുലവും വര്‍ണാഭവുമായ ദളങ്ങള്‍ നിനക്കായ് വിടരുമെന്നും, പിരിയാന്‍ ആവില്ലെന്നും പറഞ്ഞു. പിന്നോരുനാള്‍ കുന്നിറങ്ങി വന്ന്, ചലനങ്ങള്‍ ഭാവലോലുപമാക്കി പ്രണയവും സാന്ത്വനവും നിറച്ച്‌, കൈകള്‍ കോര്‍ത്തു പിടിച്ച് പടിയിറങ്ങിയിട്ട് വര്‍ഷങ്ങള്‍ ഒരുപാട്. നീയാരാണ്‌? എന്തിനാണ് ഒരു പ്രണയ വര്‍ണമായി എന്നിലാകെ നിറഞ്ഞത്‌?

Saturday, March 5, 2011

ചേരുവകള്‍

പ്രകാശം മനസ്സില്‍ നിറയുന്ന
ചില നിമിഷങ്ങള്‍ പറഞ്ഞത്
ആഹ്ലാദത്തിന്‍റെ ചേരുവകളെ കുറിച്ചാണ്.
നല്ലൊരു രുചികുട്ടു
പകര്‍ത്തിയെടുത്ത് സമ്മാനിക്കാം.
ഗുഹക്കുള്ളിലെ കിളിപച്ച പായലും
മോഹത്തിന്‍റെ ഒരു നുള്ളും,
വിരസതയുടെ പൊടി പടലങ്ങളും
കന്മദം അര കരണ്ടിയും
മുഖമില്ലാത്ത പരിഹാസവും ,
മേമ്പൊടിയായി ചെറു പുഞ്ചിരിയും.
പുളി ചേര്‍ക്കേണ്ട, മധുരവും.


Thursday, March 3, 2011

നിദ്ര

പ്രാരാബ്ധങ്ങളെ മാറാപ്പിലാക്കി 
പരിഭവങ്ങളെ തിരുത്തി 
ചിന്തകളെ അലയാനയച്ച് 
ഓര്‍മകളുടെ മധുരം നുകര്‍ന്ന് 
മുഖം മുടിയില്ലാതെ
വെയ്തരണികള്‍ താണ്ടാം.
ഓര്‍മ്മകള്‍ കനലുകളാകട്ടെ
നിദ്രയിലെ, വ്യാപ്തിയുള്ള
കാമനകള്‍ പങ്കുവക്കേണ്ട.
ഇനി എനിക്കുറങ്ങാന്‍
പായ നിവര്‍ത്താം.




Thursday, February 24, 2011

വ്യര്‍ത്ഥത

രാത്രി വന്നണഞ്ഞു .വീശിയടിക്കുന്ന കാറ്റില്‍ ജാലകവിരികള്‍ ആടി ആടി എന്തോ പറയാന്‍ ശ്രമം നടത്തുന്നത് അവഗണിക്കാം.ശീതികരിക്കാത്ത മനസ്സ് കൈമോശം വന്നെന്നു വെറുതെ നടിക്കാന്‍ ആവുമെന്ന് ഒട്ടും ഉറപ്പില്ല.കണക്കുകള്‍ ആശാവഹമല്ല. വ്യര്‍ത്ഥത ഒന്നിനെയും സ്വായത്തമാക്കില്ല.വിദുര സ്വപ്നങ്ങളില്‍ വ്യക്തതയില്ല. വിരലുകള്‍ വഴങ്ങാത്ത ഞാനോ ഈ ചിത്രകാരി?

തോല്‍വി

വിതുംബാതിരിക്കാം
ആഴിപോലെ ഒളിപ്പിക്കാം 
പഴമയില്‍ പരതാം 
മുനമ്പില്‍ കാവലാകാം 
പാതിയും ഇല പൊഴിഞ്ഞ 
പാഴ് മരവുമാകാം 
ഇന്നലെകള്‍ മറക്കാം. 
വഴികള്‍ തുറക്കാം 
മാപ്പിന്‍റെ ജാലകം 
പാതി ചാരാം  
വിഹ്വലതകളെ പുണരാം.
അപദാനങ്ങള്‍ പാടാം
കപടത കാണാതിരിക്കാം
കാടുകള്‍ വളര്‍ത്തി എടുക്കണം
സ്വാര്‍ത്ഥതയെ ഒളിപ്പിക്കാന്‍.
 
 

Tuesday, February 22, 2011

തനിയെ.

നട്ടുച്ചയ്ക്ക് നിഴലില്ലാത്ത 
നാട്ടു പാതയില്‍ നിന്നത് 
മുള്ളുകളില്‍ ചവിട്ടി.
ഭാരം തോന്നാന്‍ തോളിലൊരു 
മാറാപ്പില്ല.
തുന്നി കുട്ടിയ തുണി സഞ്ചിയില്‍
മിടിക്കാത്ത മനസ്സുണ്ട്.
തീരെ ഉണങ്ങിയത്. 
തര്‍ക്കങ്ങള്‍ക്കൊടുവില്‍
പടിയിറങ്ങുമ്പോള്‍
ആരും കാണാതെ
കവര്‍ന്നെടുത്തത്‌.
കരിയില കുട്ടിലേക്കെറിയില്ലത്.
കുട്ടികള്‍ വിഷമിക്കും.
നാളെ അനുശോചന യോഗത്തില്‍
പിന്നെ അവരെന്തു പറയും.
മഴ പെയ്തൊഴിയട്ടെ
അവള്‍ വരാതിരിക്കില്ല.

Sunday, February 20, 2011

അടയാളം

 
നനഞ്ഞൊരു കടലാസില്‍ 
നാല് മടക്കാക്കി
 അടയാളം വച്ച്,
പേരെഴുതാന്‍ മറന്ന്, 
നടുമുറ്റത്തെ കല്‍ക്കുഴലിനരികത്ത്
 കാണില്ലെന്ന് നിരീച്ച്
വെറുതെ ചിരിച്ച്
കാത്തിരുന്നു, നീ വരാതിരിക്കാന്‍.
മഴയത്തിറങ്ങി 
മനസ്സ് കളയരുതേ... 

വെറുതെ

.നീ
വിചാരങ്ങള്‍ക്കൊക്കെ
ചെറുതും വലുതുമായ
പൊട്ടുകള്‍ കുത്തി.
ചിലതൊക്കെ കടുത്ത വര്‍ണം.
മുഖമില്ലാതെ തമ്മിലറിഞ്ഞത്
എപ്പോളായിരുന്നു?
ഇനി വെറും നിലത്തു
ചുള്ളികമ്പുകള്‍ ചേര്‍ത്ത് വച്ച്
കുട് പണിയാതിരിക്കാം...
ഇന്ന് മഴ വരില്ല.നീയും.....


***********************
************
കാഴ്ച.
ദളങ്ങളൊക്കെ പൊഴിയും
എന്നുറപ്പാണ്.വിത്തുകള്‍
ഉറക്കം നടിക്കുകയും.
തായ് വേരിന്‍റെ അരികിലായി
അകത്തേക്ക് തുറക്കുന്ന
ജാലകത്തില്‍ ദ്വാരമിടാം.
തന്മാത്രകള്‍ ചേര്‍ത്ത് വക്കാം.
വിചാരങ്ങളെ ചാരി നിര്‍ത്താം
.പ്രതലത്തിലാകെ മഷി തണ്ട്
പടര്‍ത്തണം.,ഇനി പുഴയിലേക്കിറങ്ങാം.
അവിടെ നിഴലുകളുടെ പ്രളയമുണ്ട്.
ഒന്നിനെങ്കിലും അധരങ്ങളുണ്ടാകും.
പു കൊണ്ട് അത് മറയ്ക്കാന്‍ വയ്യെനിക്ക്‌.
പെരു മഴത്തുള്ളി കാത്തുവയ്ക്കാനൊരിടം വേണ്ടേ?

**********************************************

വെറുതെ

മനസ്സ് വെറുതെ
പാടിക്കൊണ്ടിരുന്നു.
ചില അക്ഷരങ്ങളുടെ
ഭാരം കൊണ്ട് വാക്കുകള്‍
മെരുങ്ങാതായി.
അപ്പോളാണ്
പാദസരങ്ങള്‍ കിലുക്കി,
കരിയിലകളോട്
കിന്നാരം ചൊല്ലി,
എന്നെ നെഞ്ചിലൊതുക്കി ,
നല്ല ഒഴുക്കും തണുപ്പും....
***********************************

വിലക്കുകള്‍
മേഘങ്ങളെ തഴുകാനല്ല
കാറ്റിന്റെ ചിറകുകള്‍.
മനസ്സിന്റെ ജാലകം
അടച്ചും തുറന്നും,
ചിത്രമെഴുതിയും
വൃത്തം വരച്ചും ഓടി ഓടി...
.അവ്യക്തമായി
കഥ പറഞ്ഞും ഒപ്പം നടന്നു.
വിലക്കുകള്‍ മാഞ്ഞു പോകും,
എന്നാലും ,
തടുക്കാന്‍ മലകളുണ്ടാവണം.

Sunday, February 13, 2011

ഇന്ന്.

പ്രണയിക്കാം മാനവീകതയെ. പിന്നെ സര്‍വ ചരാചരങ്ങളെയും...അപ്പോള്‍ ഭുമി ദേവി കുടുതല്‍ മനോഹരിയാകും.

പ്രണയം

പ്രണയം എന്താണത്? ജീവിതത്തിനെ പ്രണയിക്കാം, നെഞ്ചോടണക്കാം...ഒരുപാട് അര്‍ത്ഥമുണ്ടതിന്.

Saturday, February 12, 2011

ചായം

നിറം മങ്ങിയ കുടാരങ്ങള്‍ക്കരികിലെ ഒറ്റയടിപ്പാതയിലുടെ വന്നും പോയും ഇരുന്ന ഇന്നലെകള്‍ക്ക് ഇന്നിനി ചായം പുശാം.വെളിച്ചത്തിന്‍റെ തിളക്കം നെഞ്ചിലൊളിപ്പിക്കാന്‍ തണലാകാം.നിരീക്ഷണം അര്‍ത്ഥവര്‍ത്താകും.പുറം തോടുകള്‍ ജ്വലിക്കട്ടെ. 

Wednesday, February 2, 2011

തത്വമസി.

സങ്കടവും വിരഹവും ചുമടാക്കി പാലം കടന്നു.കുരായണ....കുരായണാ.ഇനിയൊരു അല്പം ദ്രവിച്ച തടിപ്പാലം.അപ്പുറത്തെത്തുമ്പോള്‍ കുട്ടയിലെന്താകും?  തത്വമസി.

Friday, January 28, 2011

കാഴ്ച.

ദളങ്ങളൊക്കെ പൊഴിയും എന്നുറപ്പാണ്.വിത്തുകള്‍ ഉറക്കം നടിക്കുകയും.തായ് വേരിന്‍റെ അരികിലായി അകത്തേക്ക് തുറക്കുന്ന ജാലകത്തില്‍ ദ്വാരമിടാം.തന്മാത്രകള്‍ ചേര്‍ത്ത് വക്കാം.വിചാരങ്ങളെ ചാരി നിര്‍ത്താം.പ്രതലത്തിലാകെ മഷി തണ്ട് പടര്‍ത്തണം.ഇനി പുഴയിലേക്കിറങ്ങാം. അവിടെ നിഴലുകളുടെ പ്രളയമുണ്ട്.ഒന്നിനെങ്കിലും അധരങ്ങളുണ്ടാകും.പു കൊണ്ട് അത് മറയ്ക്കാന്‍ വയ്യെനിക്ക്‌. പെരു മഴത്തുള്ളി കാത്തുവയ്ക്കാനൊരിടം വേണ്ടേ?

Wednesday, January 26, 2011

വെറുതെ

മനസ്സ് വെറുതെ പാടിക്കൊണ്ടിരുന്നു.ചില അക്ഷരങ്ങളുടെ ഭാരം കൊണ്ട് വാക്കുകള്‍ മെരുങ്ങാതായി.അപ്പോളാണ് പാദസരങ്ങള്‍ കിലുക്കി, കരിയിലകളോട് കിന്നാരം ചൊല്ലി, എന്നെ നെഞ്ചിലൊതുക്കി ......നല്ല ഒഴുക്കും തണുപ്പും.... 

Monday, January 24, 2011

വിലക്കുകള്‍

മേഘങ്ങളെ തഴുകാനല്ല കാറ്റിന്‍റെ ചിറകുകള്‍. മനസ്സിന്‍റെ ജാലകം അടച്ചും തുറന്നും, ചിത്രമെഴുതിയും വൃത്തം വരച്ചും ഓടി ഓടി....അവ്യക്തമായി കഥ പറഞ്ഞും ഒപ്പം നടന്നു.വിലക്കുകള്‍ മാഞ്ഞു പോകും, എന്നാലും തടുക്കാന്‍ മലകളുണ്ടാവണം.

Friday, January 21, 2011

ഇന്നലെ.

ചുടുള്ള കാറ്റ് വന്നെന്‍റെ ജാലകം രോഷത്തോടെ വലിച്ചു തുറന്നു പിന്നെ മൊഴിഞ്ഞു,മുനിഞ്ഞിരിക്കാതെ ഒരായിരം പടികള്‍ പണിയുക. കയറിയിറങ്ങി കൊണ്ടേ ഇരിക്കുക.ശബ്ദിക്കരുത്. ചുറ്റും ഇന്നലെകളാണ്.മേലെ ഒഴുകുന്ന നദിയുടെ അടിയിലെ ഉറവയില്‍ നീരാടുക.നോക്കു, ഇപ്പോള്‍ നിനക്ക് മനസ്സില്ല, മുഖവുമില്ല.  

Sunday, January 16, 2011

മറ

ആശയങ്ങള്‍ക്ക് അരമതില്‍ കൊണ്ട് മറതീര്‍ക്കണം.മോഹങ്ങളെ അലയാനും വിടാം.കഥകളൊക്കെ കാറ്റിലൊളിപ്പിക്കാം. കാതോര്‍ത്തിരുന്നു വെറുതെ ചിരിക്കാം.പിന്നെ മുഖശ്രീയുള്ളൊരു പൂവാകാം.

Saturday, January 15, 2011

ചിറക്

നനുനനുത്ത നൂലിഴകള്‍ കൊണ്ട് ഒറ്റ വാതില്‍ കൂടു പണിയാം.വിരഹവും മധുരതരമെന്ന് മുളിപ്പാട്ട് പാടാം.വാതിലിനു സാക്ഷ വേണ്ട, കുഞ്ഞിക്കിളിക്ക് ചിറകില്ലല്ലോ.

ഒറ്റയടിപ്പാത

കുളിരുള്ള മകരമഞ്ഞ്.ചേലാര്‍ന്ന വര്‍ണപുഷ്പ്പങ്ങള്‍ വേലിപ്പടര്‍പ്പുകളെ പുണര്‍ന്നിരിക്കുന്നു.കാറ്റിന്‍റെ മര്‍മരം.ഈണം മുളുന്ന പക്ഷികള്‍.ആകൃതി തികഞ്ഞ കാല്‍പ്പാടുകളില്‍ തന്‍റെ ചുവടുകളൂന്നി മോഹിനി.വഴിയുടെ നാലാം പാദത്തില്‍ മഞ്ഞപ്പട്ട് അവളിലാകെ നിറഞ്ഞു.മിഴി പുട്ടാഞ്ഞതിനാല്‍ കാഴ്ച മറഞ്ഞു. കേള്‍വി തെളിഞ്ഞു.മുന്നിലൊരു ഒറ്റയടിപ്പാത.അവള്‍ വേഗം തിരിഞ്ഞു നടന്നു.

Friday, January 14, 2011

ഹൃദയം

അപ്രതീക്ഷിതമായി, കുറഞ്ഞ വരികളില്‍ ഇതിഹാസം പോലെ ഒരു കുറിമാനമെത്തി.പറഞ്ഞതൊക്കെ നേരറിവുകള്‍.പിന്നെ കുറെ നിഗമനങ്ങളും.കാട്ടിലെ വളഞ്ഞു പന്തലിച്ച വൃക്ഷത്തിലെ മരംകൊത്തി കൂടുപോലെ എന്‍റെ ഹൃദയം.ആരോ പക്ഷിത്തുവല്‍ കൊണ്ട് കോറിവരഞ്ഞത്.
.

Tuesday, January 4, 2011

രഹസ്യം

കുളിരുള്ള, ജീവന്‍റെ തുടിപ്പുള്ള ഈ പ്രഭാതം ചില രഹസ്യങ്ങള്‍ മന്ത്രിച്ചു.പുഴയുടെ പ്രണയച്ചുഴിയെക്കുറിച്ച്,നീല മലയുടെ കാണാപ്പുറങ്ങളെക്കുറിച്ച്, ഇടുങ്ങിയ ആകാശത്തിന്‍റെ മുറിവുകളെ പറ്റി. പിന്നെ രവ്ദ്രമായ കടലിലുടെ കഥയില്ലാത്ത എന്‍റെ പ്രയാണത്തെ കുറിച്ചും.കരയരുത്, മനസ്സിപ്പോള്‍ ഒരു കുട ചൂടി. 

പ്രലോഭനം

പ്രലോഭനങ്ങള്‍ക്ക് ചാരുതയുണ്ട്.തെറ്റാതെ നടന്നെത്താനൊരു വഴിയും.വഴി ഇടത്തേക്ക് തിരിയുന്നിടത്ത് അപരിചിതനെപ്പോലെ നടിച്ച് ഒഴുകി അപ്രത്യക്ഷമായത് ഭാവം ഒതുക്കി വച്ച ഒരു പുറം തോട്.അതെനിക്ക് വേണം, കഴുകി തുടച്ച്‌ ചന്ദന സുഗന്ധം പുരട്ടി  കാല്‍ പെട്ടിയുടെ അടിയില്‍ ഒളിപ്പിക്കാന്‍...

Saturday, January 1, 2011

വാസ്തവം

എന്തൊക്കെയോ കൈ പിടിയിലൊതുക്കി പിരിഞ്ഞു പോയി.നിന്നെ അറിയാന്‍ മടിച്ചു ഞാന്‍, വാസ്തവം അത് മാത്രം.എങ്കിലും പ്രതീക്ഷയുടെ തിരിനാളം ബാക്കിയുണ്ട്.പുതിയ പുലരിയുടെ സൌഭഗം അനന്യം.തുടരാം ഈ യാത്ര, സഫലമായി.