Monday, November 29, 2010

ചിറകു തേടി.

വീടിന്‍റെ മനസ്സില്‍ വെളിച്ചം നിറച്ച്‌, ജനാലകളൊക്കെ ചേര്‍ത്തടച്ചു. നാളത്തെ പ്രഭാതത്തില്‍ വിചിത്രങ്ങളായ കിനാക്കളുമായി ഒഴുകിയിറങ്ങാന്‍ ലോലമായൊരു ചിറകു വേണം.അതിന്‍റെ നിറം ......?

Saturday, November 27, 2010

വഴികള്‍.

വഴി പിരിഞ്ഞു അനന്തമായി.ഏതോ പാതി വഴിയില്‍ മുഖം തിരിച്ച്, ചിരിച്ചു നിന്നു ചില നിമിഷങ്ങള്‍.പിന്നെയും ഒന്നായി വന്നണഞ്ഞു പിഴക്കാത്ത വഴിയില്‍.

Thursday, November 25, 2010

ശൂന്യത

മുടല്‍ മഞ്ഞിലുടെ വെളിച്ചത്തിനായി വേഗം നടന്ന ഏകാകിയുടെ ചുവടുകള്‍.....ചിന്തകളുടെ വിശാലമായ മൈതാനത്തിനുമപ്പുറത്ത് ശൂന്യത ചിത്രമെഴുതി. കഥ മെനയാനാവാതെ നിറമിഴികളോടെ ഞാനും.

Saturday, November 20, 2010

പെയ്തൊഴിയാതെ

 മുറ്റത്തെ പനിനീര്‍ദളത്തില്‍ മിഴിമുത്തുതിര്‍ത്ത്, സങ്കടത്തിന്‍റെ മഴത്തുള്ളികള്‍ പെയ്തൊഴിയാതെ.......

Thursday, November 18, 2010

ദുഃഖം

ദുഃഖം വാതില്‍ തുറന്നിരിക്കുന്നു.കാറ്റത്തിളകാത്ത ജാലക വിരി കൊണ്ട് വിഫലമായ എന്‍റെ പ്രതിരോധം.

Wednesday, November 17, 2010

ഈ രാത്രി......

ജീവിതം ഏറെ മനോഹരവും പ്രിയവുമെന്ന തിരിച്ചറിവ് വാതില്‍ പഴുതിലുടെ, നിശ്ശബ്ദം പടിക്കല്ലുകള്‍ കടന്ന്,ഒന്നും മിണ്ടാതെ ഒഴുകിയിറങ്ങി. ഭൂമിയുടെ ഒരറ്റത്ത് ആകാശത്തേക്ക് തുറക്കുന്ന കിളിവാതില്‍ പാതിയടഞ്ഞിരിക്കുന്നു.നക്ഷത്രങ്ങളുടെ തിളക്കമില്ലാത്ത ഈ രാത്രി......   

Monday, November 15, 2010

മുഖചിത്രം.

ഈ ഉച്ചവെയിലില്‍ കുട ചൂടി, കുളിരാര്‍ന്ന സായാന്ഹത്തിലേക്ക് ഉറ്റുനോക്കി പ്രതീക്ഷയോടെ.........നിഴലുകള്‍ ഇളകിയാടി രൂപാന്തരം പ്രാപിക്കവേ വരച്ചെടുക്കട്ടെ ഞാന്‍, ഭാവം തുളുമ്പുന്ന ഒരു മുഖചിത്രം.    

Saturday, November 13, 2010

സ്നേഹം

 നനയുക ചാറ്റല്‍ മഴയില്‍... മന്ദഹാസം നിറക്കുക കണ്‍കളില്‍.. സ്നേഹം നിലാവില്‍ തിരയുക...

Friday, November 12, 2010

വാതിലുകള്‍

ഒരു കുട്. നാലു വാതിലുകള്‍ തുറന്ന് വച്ചത്, മറ്റൊരു മനസ്സിന്‍റെ കാണാപുറങ്ങളിലേക്കും.അഴികള്‍ ഏറെ ദുര്‍ബലം.

ഇഷ്ട്ടം

മഴയുടെ സംഗീതം ഏറെ മധുരതരമാകുന്നു അവ ഓര്‍മയുടെ കിനാക്കളോട് ഇഷ്ട്ടം കുടുമ്പോള്‍....ഇന്നലെ ഞാനും അറിഞ്ഞു, സുഗന്ധ വാഹിനിയായി, ആ മനസ്സില്‍ ചാറ്റല്‍ മഴ നിറഞ്ഞാടിയത്. പിന്നെ വെളുവെളുന്നനെ ബാഷ്പ്പമായതും.

Tuesday, November 2, 2010

പുതിയ കഥ.

കഴമ്പുള്ള ചിലത് പറഞ്ഞു
കഥയില്ലാത്ത കാവല്‍ക്കാരന്‍.
ചിലങ്ക കെട്ടാന്‍ മറന്നതും
ഏണിപ്പടികള്‍ മാഞ്ഞുപോയതും 
മിഴികളില്‍ വിരസത കൂടുവച്ചതും
സ്നേഹത്തിന്‍റെ അരുതായ്കയും
പരിഭവ ചില്ലുകള്‍ കറുത്തതും
വൃക്ഷത്തിലെ കൂട്
കിളി നിരസിച്ചതും
 കൊയ്യാന്‍ വന്ന പറവകള്‍
ചായം തേക്കാത്ത മനസ്സ്
കൊത്തിപ്പറന്നതും
നിഴലിനെ ആദ്യം നീ
നിരാകരിച്ചതും
 അടിയോഴുക്കായ്
കടല്‍ കരഞ്ഞതും
ഒക്കെ മറന്നതും പുതിയ കഥ.