Thursday, November 28, 2013

മുഖം മറക്കുന്നവര്‍.അടര്‍ത്തിമാറ്റാന്‍ പാകത്തില്‍ മുഖംമൂടിയണിഞ്ഞ്, തഞ്ചത്തില്‍ വേഷപ്പകര്‍ച്ചയുടെ വൈദഗ്ദ്ധ്യവുമായി ചിലര്‍. ദ്വിമാന വ്യക്തിത്വത്തിന്‍റെ മച്ചില്‍  കുടിലതയോടെ ഒളിച്ചിരിക്കുന്നവര്‍.സ്ത്രീത്വത്തിനേയും ആത്മാഭിമാനത്തേയും, സുരക്ഷിതമാക്കാന്‍, മതിലുകള്‍ പണിയാതെ വയ്യ.      

Wednesday, November 27, 2013

മനക്കാഴ്ച്ചകള്‍കിളിവാതിലില്‍ 
മിഴിയെറിഞ്ഞ് 
ചന്തത്തോടെ ചാഞ്ഞിരുന്നു.
പുറത്തൊരു തളിരില.
ഒരു പൂവന്‍ കോഴി.
പൂമ്പാറ്റ,പൂത്തുമ്പി. 
പൂച്ചക്കുട്ടി , പുളിമാങ്ങ 
കണ്ണന്‍റെ കൂക്കിവിളി.
റസാഖിന്‍റെ ഗോട്ടി കളി.
പശുക്കുട്ടിയുടെ നീലക്കണ്ണ്‍.
അഞ്ചാറ് വേലിപ്പൂക്കള്‍.
ആണ്ടി, പൂതന്‍, തിറ.
കുരക്കുന്ന നായ.
ഒരു വേതാളം
ഒരു കിണ്ടി വെള്ളം.
ഓടല്‍ക്കുഴല്‍ വിളി.
പാതിവിരിഞ്ഞ
പനിനീര്‍പ്പൂവ്.
ലക്ഷ്മിക്കുട്ടിയുടെ നാണം.
ഓര്‍മ്മപ്പുറ്റ്‌, കൊടിയടയാളം.
ഉത്സവകേളി.
കലപില കൂട്ടുന്ന
ചാണകക്കിളികള്‍.
ഉണക്കാനിട്ട ഒരുപറ നെല്ല്.
ചാത്തന്‍റെ കൈക്കോട്ട്.
ചെമ്പക മരത്തില്‍
ഒളിച്ചിരിക്കുന്ന ചെമ്പോത്ത്.
ഇത്തിരി ദൂരെ
ഒരു വരണ്ട പുഴ.
കാറ്റിലിത്തിരി സംഗീതം.
ആരവത്തോടെ ഒരു മഴച്ചാറല്‍.
പാടവരമ്പത്തെ കരിമിഴികള്‍.
ജനലഴിയിലൂടെ
നിന്‍റെ ഒളിഞ്ഞു നോട്ടം.
തുളുമ്പുന്ന ഒരു മനസ്സ്.

കിണറിന്‍റെ തിണ്ടില്‍
ഒരു കള്ളക്കാക്ക,
എന്നെക്കൊത്തിപ്പറന്നു.......

കുടുംബം.

 മൂല്യങ്ങള്‍ പകര്‍ന്നു നല്‍കാനും സമരസപ്പെട്ടു ജീവിക്കാനും വാത്സല്യം നുകരാനും വൃദ്ധസദനങ്ങളെ മാറ്റി നിര്‍ത്താനും, കൂട്ട് കുടുംബങ്ങള്‍ മഹത്തരം. തൊഴിലുതേടി പറന്നകലേണ്ടി വരുന്ന യുവത്വത്തിന് അണുകുടുംബത്തിന്‍റെ സാഹചര്യവുമായി സമരസപ്പെടുകയെ നിവര്‍ത്തിയുള്ളൂ. മാറിയ ഈ ലോകത്ത്‌ രണ്ടിനേയും നിരസിക്കുക പ്രയാസം.

Sunday, November 24, 2013

വിരുന്ന്.
ഊർന്നുവീണുടയുമ്പോളും
പ്രകാശം പ്രസരിപ്പിക്കുന്ന
കണ്ണാടിപോലെ,
ഗോപ്യമാക്കി വക്കാത്ത
രഹസ്യം പോലെ ,
ഓർമ്മകളെ സ്വതന്ത്രമാക്കുന്നു.
പിന്നെയും കൂടണയുമെന്ന വ്യാമോഹം,
ബന്ധനമില്ലാത്ത അതിരുകൾ
ഭേദിച്ചു വിലയം പ്രാപിക്കുമ്പോൾ,
ഈ ഒറ്റമുറിക്കുടിലിൽ
നിഷ്ഫലമായ കാത്തിരിപ്പിൻറെ
മുനിഞ്ഞു കത്തുന്ന ഈ ചിമ്മിനി വിളക്ക്
ഊതിക്കെടുത്താൻ,
എപ്പോഴാണ് നീ വിരുന്നെത്തുക?
 Friday, November 22, 2013

അകലുമ്പോള്‍.നിറഞ്ഞൊരു മൌനത്തില്‍ ഇടം കണ്ടത്
ഒരില പൊഴിയും പോലെ.
നിറഞ്ഞ മിഴികള്‍
സമ്മതമില്ലാതെ വരച്ചെടുത്തത്,
ആ നിറ വേനലിലും.
ഉരുണ്ടുരുണ്ട്‌ ധാരയായി
പൈയ്ത് പൈയ്ത്,
ഇത്തിരി കുളിരുപോലും
അവശേഷിപ്പിക്കാതെ നടന്നകലാന്‍,
അനുരണത്തിന്‍റെ കെല്‍പ്പ് അധികപ്പറ്റായി.

അകന്നുപോയ ചില സ്വപ്‌നങ്ങള്‍ പോലെ,
പറന്നകലാന്‍, ഈ കുഞ്ഞു തൂവലുകള്‍
അനിവാര്യം.

Saturday, November 16, 2013

മകൾക്ക്.

മകൾക്ക്.

ഭൂമിയും ആകാശവും
വഴിപിരിയുന്ന തുരുത്തിൽ
നീയൊരു മുറി പണിയണം.
കരുത്താർന്ന മനസ്സുകൊണ്ട്
വാതായനം ദൃഡമാക്കണം.
തീക്ഷ്ണമായ നയനങ്ങളും
ചടുലമായ ചലനങ്ങളും
സഹാചാരികളാകട്ടെ.
മുള്ളുകൾ തൂത്തെറിയാൻ
മൃദുലമായ പാദങ്ങൾ മതി.
ജാലകക്കാഴ്ചകൾ തെളിയുമ്പോൾ
ശൂന്യതയുടെ മൈതാനത്ത്
വർണ്ണങ്ങൾ കൊണ്ട്
മതിലുയർത്തണം.

നടന്നുപോവുക നിർഭയയായി ......


സൂഷ്മമായ കരുതലിൻറെ
സ്നേഹകവചം, പാരിതോഷികമായി
മകളെ, നിനക്കായ് ഞാൻ
കാത്തുവക്കുന്നു. Friday, November 15, 2013

മരീചിക.പടവുകള്‍ കയറി
മരത്തുഞ്ചത്തെ
പഞ്ചവര്‍ണ്ണക്കിളിയെ നോക്കി
ചിരിക്കാനാണെന്നും
 വെറുതെ    പറഞ്ഞ്,
ഇടുങ്ങിയ കിണറിലെ
പച്ചപ്പായല്‍ വകഞ്ഞുമാറ്റി
മുങ്ങാംകൂഴിയിട്ട്
ചില അര്‍ത്ഥങ്ങള്‍ ചികയാന്‍,
ഈ യാത്ര.

ഒരു നുള്ള് സ്നേഹം ഒളിച്ചുവക്കാന്‍
ഇത്തിരി ഇടം പോലും
അവശേഷിച്ചിട്ടില്ലെന്ന് മന്ത്രിച്ച്
മിന്നിമറഞ്ഞ കുസൃതി ചിന്ത ....

കാറ്റിനോട് കയര്‍ക്കാനും
കരിയിലകള്‍ തട്ടി നിരത്താനും
തീക്ഷ്ണ നോട്ടമെയ്ത്
തികട്ടി മറിയുന്ന മടുപ്പിനെ
രേഖയില്‍ തടഞ്ഞു നിര്‍ത്താനും,
ഒരു മനസ്സ് വില്‍പ്പനക്കുണ്ടെന്ന
വെറും വാക്കുകള്‍ നിരീച്ചും
വെറുതെ ആടിയാടി മയങ്ങിയപ്പോള്‍
നിറം മങ്ങിയ തൂവല്‍
പാറിവീണതെങ്ങിനെ?

സ്വപ്നങ്ങളൊക്കെ നിറച്ചു വെക്കാന്‍
ഈ പൂക്കുട മതിയാവില്ല.

നീലച്ചിറകുകള്‍ ത്യജിച്ച്,
ബ്രഹ്മമുഹൂര്‍ത്ഥത്തില്‍
എന്തിനാണ് നീ ഒരു നിഴലായത്?