Sunday, October 11, 2015

നനവ്‌

കാട്ടുപൂവിന്റെ നേര്‍ത്ത സുഗന്ധം.
നിര്‍വികാരമായി വാരിച്ചുറ്റിയ ഓര്‍മ്മകള്‍.
പതിയെ വന്നണയുന്ന നോവുകള്‍.
അതിരുകള്‍ വിലക്കുന്ന മര്‍മ്മരങ്ങള്‍.
പെയ്യാമഴയില്‍ നനഞ്ഞ് നനഞ്ഞ്
എപ്പോഴാണ് ഞാന്‍ കുതിര്‍ന്ന് പോയത്?

Wednesday, September 30, 2015

കാത്തിരിപ്പ്.




ഒരു ശപഥത്തിന്‍റെ
ഞാണൊലിയില്‍
പ്രകമ്പനം കൊള്ളാതെ,
ഒരായുസ്സിന്റെ പൂര്‍ണ്ണതയില്‍
മുങ്ങിനിറയാതെ,
അകല്‍ച്ചയുടെ കൊടി വീശി
ശകുനങ്ങളുടെ പടനയിച്ച്‌
മറഞ്ഞിരുന്നിട്ടും,
കാത്തിരിക്കാതെ വയ്യിനി.......

Friday, September 11, 2015

പ്രയാണം.




മറുപുറങ്ങള്‍ തിളങ്ങുമ്പോള്‍
തിരിച്ചറിവുകള്‍ വിവരിക്കപ്പെടുന്നു.
കാഴ്ചകളുടെ മനോഹാരിതയില്‍
സത്യങ്ങള്‍ തമസ്കരിക്കപ്പെടുന്നു.
ഒരുങ്ങിയിറങ്ങുന്ന ചേതനകള്‍,
വിഫലഗാനം പോലെ
മാഞ്ഞ് പോയതെന്ത്?

എന്നിട്ടും അവ്യക്തമായ പാദമുദ്രകള്‍
തളരാതെ, സ്വപ്നങ്ങളുമേന്തി
പ്രയാണം തുടരുന്നു.

Friday, July 31, 2015

പരിഭവം.



മാഞ്ഞുപോയൊരു നേര്‍രേഖ.
നിറം കലരാത്ത കഥയുടെ
അവ്യക്തമായ പ്രതിഫലനം.
അന്യാധീനപ്പെട്ട ചിന്തയും
തേഞ്ഞുപോയ കൊക്കും,
ചില പഴം വാക്കും,
തളരാത്ത ചിറകും സമ്മാനിച്ച്
സമാന്തരങ്ങളുടെ പരിഭവം.

പെരുമഴയത്ത്,
ഒട്ടും നനയാതെ ഒരു സ്വര്‍ണ്ണക്കിളി.

Saturday, June 27, 2015

പറന്നകലാതെ.




''മൂത്താപ്പാ, നേരം വെളിച്ച്യായാ വടീം കുത്തിപ്പിടിച്ച്  ഈ കനാല് എറങ്ങിക്കേറി പോവണ്ടാന്നു ങ്ങളോട് പറഞ്ഞിട്ടില്ലേ? പത്തുതൊണ്ണൂറ് വയസ്സാവാറായീല്ലേ ങ്ങക്ക്?

''നബീസ്സോ,ജ്ജ് ന്‍റെ വടി എത്താത്തോടെക്ക് മാറിന്നോ. ക്ക് അവടെ പോയി നോക്കില്ല്യാച്ചാ സമാധാനം ണ്ടാവില്ല്യ.''

''അനക്കറിയോ, ആ പത്തായപ്പെര പണീമ്പോ ഞാനും കൂടിട്ടുണ്ട്. അവടത്തെ അമ്മക്കുട്ടി ന്‍റെ മുന്‍പില് ജനിച്ചു വളര്‍ന്നതാ. അയിന് അഞ്ചാറ് പെങ്കുട്ട്യോളാ. വീട്ടാരന്‍ പട്ടാളക്കാരന്‍   കൊല്ലത്തില് രണ്ട് മാസാണ്ടാവാ.ആരാ അതിനൊരു തുണ?''

''വളപ്പിലും പാടത്തും പണീംന്നോരു ന്‍റെ കണ്ണെത്തീല്യെങ്കില്‍ ഒന്നും ശരിക്ക് ചെയ്യൂല്യ.''

''പോരാത്തേന് നൂറുകൂട്ടം കാര്യംണ്ട് ആ കുടുംബത്ത്.യ്യ് ന്നെ തടുക്കാന്‍ നോക്കണ്ടാ ട്ടോ.''
------------------------------------------------------------------------------------------------------------------------

കിടപ്പിലായ കുറച്ചു ദിവസങ്ങള്‍....''നബീസോ, ക്ക് അവിടെത്തെ കൂട്ടാന്‍ കൂട്ടിട്ട് കഞ്ഞി തന്നാ മതി''

പിന്നൊരുനാള്‍ മയ്യത്ത് കട്ടിലില്‍ നിവര്‍ന്നു കിടന്ന്, ഞങ്ങളെയൊക്കെ സ്നേഹിച്ചു മതിവരാതെ, പടിക്കലൂടെ പള്ളത്തെ ഖബറിലേക്ക്......

ഇന്നും ഓര്‍ത്തു കരയാതിരിക്കാന്‍ എങ്ങിനെ സാധ്യമാകും?

പ്രിയപ്പെട്ട ഏന്‍ത്യെന്‍ മൂത്താപ്ലേ, അങ്ങ് എവിടെയും മറഞ്ഞകന്നിട്ടില്ല.....

താഴ്ന്നു പറക്കുന്ന ഈ വെള്ളാരം തുമ്പി, എന്തിനാണ് എന്നും ഈ കോഴിവാലന്‍ ചെടിയില്‍ വന്നിരിക്കുന്നത്?

Friday, June 19, 2015

വ്യര്‍ത്ഥം.



പണയം വക്കപ്പെട്ട ബുദ്ധിയും ശരീരവും. പിന്നെന്തിനാണീ  ചിന്താശക്തി?  കീഴടങ്ങിക്കൊള്‍ക. ഇപ്പോഴാണു നീയൊരു മഹിളാരത്നമായത്.

Tuesday, June 16, 2015

ആകാംഷ.



ആര്‍ജ്ജവം കൈമോശം വന്ന,
സ്ത്രീത്വം വിലങ്ങണിയുന്ന,
അഴലിലമരുന്ന വെറും നിമിത്തങ്ങള്‍.
പലതും പതം പറഞ്ഞ് മനസ്സ് നിറക്കുന്നു.
തുറക്കാത്ത വാതിലുണ്ടോ? 

Sunday, June 14, 2015

ചിന്ത.



പലപ്പോഴും വിശേഷബുദ്ധിയുണ്ടെന്ന് അഭിമാനിക്കുന്ന മനുഷ്യരുടെ ദുഷ്ചെയ്തികളെ, ''മൃഗീയം'' എന്ന് വിവക്ഷിക്കാറുണ്ട്. സ്വന്തം ആവാസവ്യവസ്ഥയനുസരിച്ച് മാത്രം ജീവിക്കുന്ന മൃഗങ്ങളെ, ആക്ഷേപിക്കുന്ന ഇത്തരം പ്രയോഗങ്ങള്‍ അപഹസിക്കപ്പെടെണ്ടതല്ലേ?

Thursday, June 11, 2015

സന്തോഷം.



വെറുതെ എന്തിനാണീ സന്തോഷങ്ങള്‍, അകന്ന് പോകുന്നത്?

Tuesday, June 9, 2015

കൂടുകള്‍.



വെയില്‍ തിളക്കുന്ന മട്ടുപ്പാവില്‍
അക്ഷരങ്ങള്‍ വിതച്ച്
കാവലിരിക്കാന്‍,
ജ്വലിക്കുന്ന പ്രണയം പങ്കിടാതെ
ശ്രുതിഭംഗങ്ങളുടെ നിലവറകള്‍
താഴിട്ട് പൂട്ടാന്‍,
ഒറ്റമരച്ചില്ലയില്‍ നൂറായിരം
കൂടുകള്‍ .......ജാലകമില്ലാതെ.

Saturday, June 6, 2015

ഓര്‍മ്മ.



തേഞ്ഞുപോകും മുന്‍പ് മറന്ന് വക്കണം, വല്ലാത്ത ഈ ഓര്‍മ്മയെ......:)

Tuesday, May 26, 2015

വലകള്‍.




നുണ പറയരുത്,
ചെറുപുഴകളില്‍
കടലിരമ്പമില്ല.
വെള്ളാരങ്കല്ലുകളും.

നിറമില്ലാത്ത നനുത്ത വല വിരിച്ച്,
മിണ്ടാതെ എന്തിനാണ്
വിരസതയുടെ തുടിപ്പിലേക്കെന്നെ
ചേര്‍ത്തണച്ചത്?

Tuesday, May 19, 2015

അവ്യക്തം.



വിദൂരതയിലെ മലമടക്കുകളില്‍
മറഞ്ഞിരിക്കുന്ന
കണികകള്‍ ചേര്‍ത്തുവച്ച്,
നിറം മങ്ങിയ സൂര്യനായി
വ്യര്‍ത്ഥമായ മുന്‍കരുതല്‍.

വരണ്ടുണങ്ങിയ പ്രതലത്തില്‍
ഒറ്റയിതള്‍ പൂവായി, വെറുതെ.....

Tuesday, May 12, 2015

ചിലപ്പോള്‍.



തളര്‍ന്ന മിഴിയില്‍
പകല്‍ സ്വപ്നത്തിന്‍റെ
അവ്യക്തത കോറിയിട്ട്,
തേഞ്ഞ കാലടിപ്പാടാല്‍
കോലം വരച്ച്
വെറുതെ ചിരിച്ച്,
ഇന്നു നീയൊരു അതിരിട്ടു.

Thursday, May 7, 2015

കാരണങ്ങള്‍.



 ചിറക് പൊഴിക്കുമ്പോള്‍
പിരിയാതിരിക്കാന്‍,
ഇടയിലൊരു സേതുബന്ധനം.
അകലെയൊരു പ്രഹേളിക.
കാടിറങ്ങി മാഞ്ഞുപോയ
നിഴലുകള്‍.

കാരണങ്ങളുടെ നൂലിഴകള്‍
വിടര്‍ന്നകന്നതും അപ്പോള്‍.

Wednesday, April 29, 2015

മഴ.......



മൂളിയണഞ്ഞ കാറ്റ്. ആലിപ്പഴം വിതറി ജനല്‍ച്ചില്ലുകളെ പിടിച്ചുലച്ച്, സ്വപ്നങ്ങളേ വാനോളമുയര്‍ത്തി, എന്നിലാകെ നിറഞ്ഞു പെയ്യുന്ന ആഘോഷമായി, മഴ......

Friday, April 24, 2015

ബാക്കി.



പറയാന്‍ ബാക്കി വച്ചത്
വിസ്മൃതമാകാതിരിക്കാന്‍,
ജലമര്‍മ്മരങ്ങള്‍ക്ക്
കാതോര്‍ത്ത് കരയാന്‍,
തോരാത്ത പൈയ്ത്തില്‍
വിരഹം തിരയാന്‍
പ്രിയമുള്ളവളെ,
നിന്‍റെ മനസ്സ് പങ്കുവക്കരുത്.
ഒറ്റച്ചിറകെങ്കിലും
മിനുക്കി വെക്കുക.

Monday, April 20, 2015

നീ മാത്രം.



ചിലമ്പണിയാന്‍,
ഉടവാളേന്തി ഉറഞ്ഞു തുള്ളാന്‍,
മൃദുലമായ പാദങ്ങള്‍
മഞ്ഞച്ചായത്തില്‍
ഒരിക്കലെങ്കിലും നീ
പരിത്യജിക്കുക.

ചില കഥച്ചുരുകള്‍ക്ക്,
ആദിയും അന്തവും
നീ മാത്രം.

Tuesday, April 14, 2015

വിഷു

അതേയ്, പുറത്ത് കാറ് വന്നപോലെ. ഒന്ന് എണീറ്റ്‌ നോക്കൂ.
എന്താ കല്ലൂ നെനക്ക്? രാത്രി രണ്ട് മണ്യാ.... ഉറങ്ങാന്‍ നോക്കു.

ഫോണ്‍ അടിക്കണ കേട്ടില്ലേ?
ആ, സ്നേഹക്കുട്ട്യാ.
പുറപ്പെട്ടോ നീയ്യ്‌?
ഏട്ടന്‍ വന്നോ അമ്മെ?
ഞാന്‍ പുറപ്പെടാന്‍ വിചാരിച്ചതാ.
ഇപ്പൊ മെയില്‍ വന്നു, നാളെ ഓഫീസില്‍ പ്രധാനപ്പെട്ട ഒരു കൂടിക്കാഴ്ചയുണ്ട്.
ഇപ്രാവശ്യവും കണികാണാന്‍ പറ്റും ന്ന് തോന്നുന്നില്ല.
ന്നാലും അമ്മേ, ഒക്കെ ഒരുക്കി വക്കണേ.....
ഇത്തിരി വാടിയാലും മറ്റന്നാള്‍ കാലത്ത് എനിക്ക് കാണണം....


പിന്ന്യേം ഫോണ്‍ അടിക്കുന്നു, അപ്പു ആവും.

അമ്മേ, സ്നേഹ എത്തിയോ?
കുട്ടികളുടെ പരീക്ഷ കഴിഞ്ഞു.
മീന അവളുടെ വീട്ടിലേക്ക് പോണം ന്ന് പറയുന്നു.
മൂന്ന് ദിവസത്തെ ലീവേ ഉള്ളു അവള്‍ക്ക്.
അമ്മ വയ്ക്കുന്ന സാമ്പാര്‍ കൂട്ടി വിഷുസദ്യ ഉണ്ണണം എന്നുണ്ടായിരുന്നു.
വിഷമിക്കരുത് ട്ടോ. അടുത്ത മാസം ഞാന്‍ വരണ്ട്.


ഹായ് അച്ഛമ്മേ, ഞാനും അമ്മിണീം നാളെ എത്തും ട്ടോ.
നമ്മള്‍ നാലാളും കൂടീട്ടല്ലേ,ഇപ്രാവശ്യത്തെ വിഷു കേമായിട്ട് ആഘോഷിക്കാന്‍ പോണ്?


അപ്പുനായരെ, പടിപ്പുര പൂട്ടണ്ടാട്ടോ.
ചില സ്വപ്‌നങ്ങള്‍ ഫലിക്കും ന്നല്ലേ പറയാ.......




Wednesday, April 1, 2015

ശബ്ദം.



ധ്വനിയടങ്ങാത്ത ചിലങ്കയാവണം.
അലയടങ്ങാത്ത പുഴയും.
അതിരുകള്‍ നിശ്ചയിക്കുന്ന
അരുതുകളെ, അടച്ചുവച്ചു
ഞാനൊരു സിന്ദൂരച്ചെപ്പില്‍.

മറവിയുടെ കയത്തിന്
തണുപ്പില്ല.......

Sunday, March 29, 2015

നോവ്‌.



നോവുന്ന  ചിന്തകളും, ആഹ്ലാദവും സമരസപ്പെടുത്തി സമചിത്തത കൈവരിക്കാന്‍ വിഫലമായ പ്രയത്നം. മലക്കപ്പുറം ഗര്‍ത്തം?  പിന്നെ ഒരു കുല മൊട്ടും......

Thursday, March 26, 2015

മരം.



ഒഴുകി അകലാന്‍ പറയരുതേ.....
തിളക്കുന്ന വേനലിലും
അകലെ പൂക്കുന്ന,
നന്മമരമാകണം എനിക്ക്.

Monday, March 23, 2015

വെറുതെ.



മങ്ങിയ വെളിച്ചത്തില്‍ തെളിയുന്ന ചിത്രം പോലെ, വിചിത്രമായ ചിന്തകള്‍......നിറപ്പൊലിമ ലേശവുമില്ലാതെ.

Thursday, March 19, 2015

തിളക്കം.



മടുപ്പ്  മുറിവേല്‍പ്പിച്ച മൂന്നാം നാള്‍
വാടിയ തകരയില പോലെ,
തണുത്ത വേനലിലേക്ക് പടിയിറങ്ങി.

എന്നിട്ടും,
തിളങ്ങുന്ന വെള്ളാരം കല്ലുകൊണ്ട്
അവളുടെ കൊത്താംങ്കല്ലാട്ടം.

Monday, March 16, 2015

സത്യം

അകലുന്ന കാഴ്ചകളെ തിരയുന്ന 
മങ്ങിയ മിഴികളിൽ 
മഷിയെഴുതിയ 
ഒരു സത്യസന്ധത.