Wednesday, September 25, 2013

ചില വൃത്തങ്ങള്‍.




ആള്‍ക്കൂട്ടത്തിന്റെ അതിരില്‍
ആവണിപ്പലകക്ക് മുന്നില്‍
അരിമാവ്‌ കൊണ്ടണിഞ്ഞ ശില്പത്തിന്
അന്യഗൃഹ ജീവിയുടെ സാദൃശ്യം.
അദൃശ്യത നിരൂപിക്കാന്‍
ത്രസിച്ചു നിന്ന ചേതനയെ
കണ്ണാടിച്ചെപ്പിലടക്കും മുന്‍പ്,
രണ്ടടി മുന്‍പിലായി
ഒരു വൃത്തം വരച്ചു.
എന്നിട്ടും വിരലുകളില്ലാത്ത
ഒരു പാദം ആഞ്ഞമര്‍ന്നപ്പോള്‍
അമര്‍ന്നുപോയ ഭാവത്തിന്,
കടുത്ത നിറം നഷ്ടമായിരുന്നില്ല.

Saturday, September 21, 2013

വിരസത



മൈതാനം പോലെ നിറഞ്ഞ
വിരസതയെ സുരക്ഷിതമാക്കാൻ,
മിനുസമുള്ള വേലിയാണ് നല്ലതെന്ന്
ഇത്തിരി മുൻപാണ് വെളിപാടുണ്ടായത്.
ഇടക്കിടക്ക്, ചന്തമേറിയ ചിന്തകളെ
ഒഴുക്കി നിരത്തി ഒന്ന് മിനുക്കിയെടുക്കാനും,
നിർന്നിമേഷഭാവം കൊണ്ട് ചിന്തേരിടാനും
മയങ്ങി വീഴാറായ ഈ സായംകാലം......

മങ്ങിക്കത്തുന്ന ശരരാന്തലുകളിലൊന്നിൻറെ
തെളിഞ്ഞ ചില്ലിന് ഇപ്പോൾ
ഒരപരിചിതൻറെ, മന്ദഹാസത്തിന്റെ നിറവ്.
ഒഴിഞ്ഞ കിളിക്കൂടുപോലെ, ഒരു മനസ്സും



Wednesday, September 18, 2013

നനഞ്ഞ കുതിര.




പുറത്ത് കറുത്തിരുണ്ട്
മഴ പാടുകയാണ്.
ജനൽപ്പാളികളെ
തഞ്ചത്തിൽ നൃത്തം വെപ്പിച്ച്,
പുതുമണ്ണിൻറെ മണമുള്ള കാറ്റും.
അടർത്തിയെടുത്ത ചിന്തകളെ
മൃദുവായി നനയാൻ
അഴികൾക്കിടയിലൂടെ
അലയാൻ വിടുമ്പോൾ,
പെട്ടെന്ന് ഒറ്റക്കണ്ണുള്ള
നനഞ്ഞ കുതിര, ശരവേഗത്തിൽ
നെറ്റിയിലൂടെ അപ്രത്യക്ഷമായി.

വെയിൽ തെളിഞ്ഞതും,
കരയിലെ കടൽ
ക്ഷോഭി ക്കാൻ തുടങ്ങിയതും
ഇപ്പോൾ..............

Tuesday, September 17, 2013

നഷ്ടങ്ങൾ.



 ശ്രദ്ധയോടെ ഉണ്ടാക്കി, തണുപ്പിച്ചു ഭരണിയിലാക്കി വയക്കെട്ടി, വെള്ളം നിറച്ച പാത്രത്തിൽ ഇറക്കി വയ്ക്കുന്ന, മോരോഴിച്ച കൂട്ടാന്റെ വാസന.

ചേമ്പിൻ തണ്ടുകൊണ്ടുള്ള പുളിം കറിയുടെ സ്വാദ് ..........

വറുത്തരച്ച വെണ്ടക്കായ സാമ്പാറിന്റെ രുചിയൂറുന്ന മണം.

നാലുമണി പലഹാരമായി ചിലപ്പോൾ കിട്ടിയിരുന്ന നാളികേരപ്പൂളും വറുത്ത അരിമണിയും .

നിശ്ശബ്ദയായി, സ്നേഹം ചാലിച്ച് വിളമ്പി വച്ച്, വയറു നിറയെ ഊട്ടിയിരുന്ന ആ കൈകളെയാണ് ഇന്നലത്തെ വിഭവ സമൃദ്ധമായ ഓണസദ്യയിൽ, എത്ര തിരഞ്ഞിട്ടും എനിക്ക് കണ്ടെത്താനാവാഞ്ഞതും........

ആ അതിരുചിയുടെ ഗന്ധം, എന്നെന്നേക്കുമായി വിടപറഞ്ഞു പോയി........


Friday, September 13, 2013

ഓണം



സ്നേഹത്തിന്റെ ഒരു നുള്ള്,
മനുഷ്യത്വത്തിന്റെ കണിക, 
സന്തോഷത്തിന്റെ നുറുങ്ങുകള്‍, 
സമാധാനത്തിന്റെ മധുരം, 
പരസ്പര സ്നേഹത്തിന്റെ കെട്ടുറപ്പ്, 
നിഷേധിക്കാനാവാത്ത ഇത്തിരി ചവര്‍പ്പ്,
മറക്കാനാവാത്ത ചില കുസൃതികള്‍,
തൂശനിലയില്‍............. ഒക്കെ പകര്‍ന്നു വച്ച് 
ഏറെ നേരമായി ഒരു കാത്തിരിപ്പ്‌................

ഇത്തിരി തുമ്പപ്പൂവ്വും
തെളിയുന്ന ഓണനിലാവും
മേമ്പൊടി.........

അഭാവം



ചിലര്‍ അഭാവം കൊണ്ട് ശ്രദ്ധേയരാകുന്നു. തിരിച്ചറിവുകളും, ചില ചിന്തകളും ഫലവത്താകുന്ന സന്ദര്‍ഭ ങ്ങളില്‍, ജീവിതം അമൂല്യമെന്ന് തിരിച്ചറിയുന്നു.



Monday, September 9, 2013

നേർവഴികൾ.




വഴിയുടെ നേർരേഖയിൽ
ആത്മരാഗത്തിൻറെ
ജലതരംഗം നിരത്തിവച്ചത്,
തിരസ്കരിക്കാതിരിക്കാൻ.

പടർന്നു മങ്ങിയ പാദമുദ്രകൾ
പിന്നെയും തെളിഞ്ഞു ജ്വലിക്കുമ്പോൾ
ഒരുവഴിയെ അകന്നു നീങ്ങിയത്,
നിരാകരിക്കാതിരിക്കാനും.

ചക്രവാളത്തിനുമകലത്തെ
ഒറ്റയടിപ്പാതയിൽ
ഇത്തിരി മോഹവെളിച്ചം വിതറി
എന്നെ ചേർത്തണച്ച അവ്യക്തത .

ഇപ്പോൾ വഴികളിൽ
സപ്ത സാഗരങ്ങളുടെ
നിശ്ശബ്ദത........





കണ്ണട



ചിലത് തെളിഞ്ഞു കാണാതിരിക്കാന്‍
ഈ കണ്ണട മതിയാവില്ല.
ഇന്നലെ മുഴുവന്‍ പെയ്തു പെയ്ത്
മനസ്സിലിടം തേടാതെ,
തീക്ഷ്ണമായ കാമനകള്‍
സൂഷ്മമായി വേര്‍പ്പെടുത്തി
പങ്കുവെക്കുമ്പോള്‍
പറയരുതേ.........
ഈ ശൂന്യതയുടെ നിറം
എന്‍റെയല്ലെന്ന്.

കാട് പൂക്കാന്‍, ഒരര്‍ദ്ധവിരാമം.

Sunday, September 8, 2013

ആഘോഷം.



പൂക്കളും, ഫലങ്ങളും, പുത്തനുടുപ്പും, ആഹ്ലാദവുമായി നഗരം തിളങ്ങുന്നു.

മഴയുടെ ചെറു കുളിരിനെ വരവേല്‍ക്കാന്‍, വാതിലടക്കാതെ ഞാനും.

Saturday, September 7, 2013

ചിലപ്പോള്‍..



മോളിലത്തെ വിശാലമായ മുറിയിലെ ആട്ടുകട്ടിലില്‍ , തുറന്നിട്ട ജാലകത്തിലൂടെ,  നനുത്ത കുളിരുമായി എപ്പോഴാണ് ഈ പാരിജാതപ്പൂക്കള്‍ വിരുന്നെത്തിയത്?