Tuesday, March 29, 2011

പരിമിതി

പരിമിതികളുടെ സമചതുരത്തിന്
പ്രീണനത്തിന്‍റെ ചിന്തേരിട്ടു മിനുക്കി
 നിനക്ക് സമ്മാനിക്കാനാണ്
എനിക്കിപ്പോള്‍ വല്ലാത്ത ഇഷ്ട്ടം.
നടപ്പാതയുടെ മദ്ധ്യത്തില്‍
കരിയില കൊണ്ട് മൂടിവച്ച
ചെറു വൃത്തത്തില്‍
നിന്‍റെ കാല്‍വിരലുകള്‍ പോലും
ചേര്‍ന്നിരിക്കില്ല.
തേങ്ങി കരയുമ്പോള്‍
മുഖം പൊത്തിപ്പിടിക്കാന്‍
തേഞ്ഞു പോയ വിരലുകളും.
ചിത്രങ്ങള്‍ ഒക്കെ ഇനി
മനസ്സില്‍ കോറിയിടാം.
ആകൃതിയില്‍ കാര്യമില്ലെന്നു
വെറുതെ നടിക്കാം.



Saturday, March 19, 2011

വഴി.

പോം വഴികളിലുടെ 
വെറുതെ തിരഞ്ഞു.
ഇതുവരെ കാണാത്ത,
വെള്ളാരം കല്ല്‌ പതിച്ച 
പെരുവഴിയുണ്ട് 
പുഞ്ചിരി തുകി മുന്നില്‍.
ഭേദം പഴയ വഴി.
ആഞ്ഞു നടക്കാം അതിലേ, 
മുള്ള് കുറവാണ്.



 

Sunday, March 13, 2011

നിശ്ചയം

അര്‍ദ്ധ രാത്രിയിലും
കുട പിടിച്ചിരുന്നു.
പുറപ്പെടുമ്പോള്‍
മഴയായിരുന്നല്ലോ.
ചെളി പുരണ്ട
അഴഞ്ഞ പാദുകങ്ങള്‍
നീരൊഴുക്കില്‍
നഷ്ട്ടമാവരുത്.
അവിചാരിതമായ
ഈ യാത്രക്ക്
പ്രേരണയും
ആസക്തിയുമുണ്ട്.
പകല്‍ വേണമെങ്കില്‍
കുട മടക്കാം.
പിന്നിലെ തുണ ആരെന്നു
തിരയാനാകില്ല.
തിരിഞ്ഞു നിന്നാല്‍
നീര്‍ത്തുള്ളികളിലെ
ആര്‍ദ്രത മാഞ്ഞു പോകും.
കാത്തിരിക്കാന്‍ വയ്യെന്നവള്‍
പറഞ്ഞാലോ?

Tuesday, March 8, 2011

മധുരമീ പ്രണയം.


ഇപ്പോളും നല്ല ഓര്‍മയുണ്ട്.പാടവരമ്പുകള്‍ അവസാനിക്കുന്നിടത്തെ ഇടവഴിയുടെ പടിക്കല്ലുകള്‍ കയറുംബോളാണ് ആദ്യം കണ്ടത്. അപരിചിതത്വം ഒട്ടുമില്ലാതെ അന്നു നീ പറഞ്ഞതത്രയും നീല കുപ്പിവളകളെക്കുറിച്ചും.പൂ വിരിച്ച നടവഴികളിലെ കാലടിപ്പാടുകള്‍ക്ക് ഏറെ ഭംഗിയുന്ടെന്നും.വേലിക്കലെ വള്ളികള്‍ മൊട്ടുകള്‍ ഏന്തി നില്‍ക്കുന്നത് ശ്രദ്ധയില്‍ പെടുത്തി യാത്ര പറയാതെ നടന്നകന്നത്‌ ഞാനരിഞ്ഞതെയില്ല. കുറിയാറ്റകള്‍ കുടുകള്‍ മെനയുന്നത് കവിതയുടെ ചീളുകള്‍ കൊണ്ടാണെന്നും, അവക്കുള്ളില്‍ ഇഷ്ട്ടം ഒളിച്ചിരിക്കുന്നുവെന്നും എഴുതിയ ഒരേട്‌, നേരിട്ട് തന്നെ പരിഭ്രമം ലവലേശമില്ലാതെ വച്ച് നീട്ടിയപ്പോളാണ് തെളിച്ചമാര്‍ന്ന ആ കണ്ണുകള്‍ എന്‍റെ സ്വന്തമെന്നുറപ്പിച്ചത്.വര്‍ഷം പെയ്തിറങ്ങിയ ഒരു സായംകാലത്ത് ഒരു പവിഴമല്ലി ചെടി നടാന്‍  തുനിഞ്ഞതും നീ. അവയുടെ മൃദുലവും വര്‍ണാഭവുമായ ദളങ്ങള്‍ നിനക്കായ് വിടരുമെന്നും, പിരിയാന്‍ ആവില്ലെന്നും പറഞ്ഞു. പിന്നോരുനാള്‍ കുന്നിറങ്ങി വന്ന്, ചലനങ്ങള്‍ ഭാവലോലുപമാക്കി പ്രണയവും സാന്ത്വനവും നിറച്ച്‌, കൈകള്‍ കോര്‍ത്തു പിടിച്ച് പടിയിറങ്ങിയിട്ട് വര്‍ഷങ്ങള്‍ ഒരുപാട്. നീയാരാണ്‌? എന്തിനാണ് ഒരു പ്രണയ വര്‍ണമായി എന്നിലാകെ നിറഞ്ഞത്‌?

Saturday, March 5, 2011

ചേരുവകള്‍

പ്രകാശം മനസ്സില്‍ നിറയുന്ന
ചില നിമിഷങ്ങള്‍ പറഞ്ഞത്
ആഹ്ലാദത്തിന്‍റെ ചേരുവകളെ കുറിച്ചാണ്.
നല്ലൊരു രുചികുട്ടു
പകര്‍ത്തിയെടുത്ത് സമ്മാനിക്കാം.
ഗുഹക്കുള്ളിലെ കിളിപച്ച പായലും
മോഹത്തിന്‍റെ ഒരു നുള്ളും,
വിരസതയുടെ പൊടി പടലങ്ങളും
കന്മദം അര കരണ്ടിയും
മുഖമില്ലാത്ത പരിഹാസവും ,
മേമ്പൊടിയായി ചെറു പുഞ്ചിരിയും.
പുളി ചേര്‍ക്കേണ്ട, മധുരവും.


Thursday, March 3, 2011

നിദ്ര

പ്രാരാബ്ധങ്ങളെ മാറാപ്പിലാക്കി 
പരിഭവങ്ങളെ തിരുത്തി 
ചിന്തകളെ അലയാനയച്ച് 
ഓര്‍മകളുടെ മധുരം നുകര്‍ന്ന് 
മുഖം മുടിയില്ലാതെ
വെയ്തരണികള്‍ താണ്ടാം.
ഓര്‍മ്മകള്‍ കനലുകളാകട്ടെ
നിദ്രയിലെ, വ്യാപ്തിയുള്ള
കാമനകള്‍ പങ്കുവക്കേണ്ട.
ഇനി എനിക്കുറങ്ങാന്‍
പായ നിവര്‍ത്താം.