Saturday, April 14, 2012

ജീവിതം

ഫാന്റസിയും ഗൃഹാതുരത്വവും സമന്വയിപ്പിച്ച  ജീവിതം തുളുമ്പി നില്‍ക്കുന്നു.  വീടിനടുത്തെ പുഴയോരത്തെ ആല്‍മരത്തിലെ ഗന്ധര്‍വ്വനുമായി ചങ്ങാത്തം കൂടി ചിലവഴിച്ച മനോഹരമായ കൌമാര ദിനങ്ങളിലേക്കെന്‍റെ മനസ്സ് ഒരു ചിത്രശലഭമായി പറന്നുപോയി.

Friday, April 13, 2012

വിഷു

ജനലിന് പുറത്തെ പൂ മരത്തിലിരുന്നു മധുരമായി പാടുകയാണൊരു പൂങ്കുയില്‍. കൊന്നപ്പുവിന്‍റെ മനോഹാരിതയും, കണിയൊരുക്കലിന്‍റെ തിരക്കും കാതങ്ങള്‍ക്കകലെ. ഇവിടെ വിഷുപക്ഷിയുടെ പാട്ടും അമ്മയുടെ അളവറ്റ വാത്സല്യരേണുക്കളുമില്ല.പൂന്തോട്ട നഗരത്തില്‍ ഏകാന്തതയെ നെഞ്ചിലടക്കി,      സങ്കടം ചാലിച്ച കളഭക്കുറി നാളെ ഞാന്‍ നെറ്റി യിലണിയുക തന്നെ ചെയ്യും.നാളെ വിഷുവാണ്..........  

Wednesday, April 11, 2012

നന്ദി.

ഏകാന്തത, പ്രണയം, നോവ്‌, കളിചിരികള്‍, വേദാന്തം, വിരഹം, ആത്മാര്‍ത്ഥത പിന്നെ ജീവന്‍റെ തുടിപ്പുകളും.....ഒക്കെ വായിച്ചു സ്വയം നഷ്ട്ടപെട്ടിരിക്കുന്നു എന്‍റെ മനസ്സ്. ഈ വര്‍ണ പുഷ്പ്പങ്ങള്‍ വിതറി ഈ സായാന്ഹം ചേതോഹരമാക്കിയതിന്........ നന്ദി.

കവിത

 കവിതയുടെ വഴികള്‍ നിര്‍വ്വചനങ്ങള്‍ക്കതീതമാണ് അല്ലെ? മനസ്സില്‍ നിറയുന്ന അക്ഷര കൂട്ടുകളെ അനുനയിപ്പിക്കുക. അവ ഭാവനകളുടെ ചായം അണിയട്ടെ. ഒളിച്ചും പതുങ്ങിയും  മിഴി നിറച്ചും, പിന്നെ ഒരു ഗുഡമന്ദസ്മിതം എടുത്തണിഞ്ഞും വിഹ്വലതയോടെ ഓരോ ചുവടിലും മൃദു ചലനങ്ങളോടെ ഇപ്പോഴും എനിക്കൊപ്പം........ 

Saturday, April 7, 2012

അവധിക്കാലം

പ്രവാസത്തിന്‍റെ നോവും നന്മകളും തല്‍ക്കാലം വാത്മീകമണിയട്ടെ. നോക്കു, പുതിയ വീടിന്‍റെ മുറ്റത്തെ പൂച്ചെടിയില്‍ ഒരു വര്‍ണശലഭം. മാവിന്‍ ചില്ലയില്‍ ഒളിച്ചിരുന്ന് പൂങ്കുയില്‍ ഈണത്തില്‍ പാടുന്നത് കേട്ടില്ലേ? വന്നണയുന്ന അവധിക്കാലം ആഹ്ലാദഭരിതമാകട്ടെ.


നിളയും ഞാനും.

ഒരു പുഴ വിടര്‍ന്നു പടര്‍ന്നു ചാഞ്ചാടി
വിതാനത്തിലലിയാന്‍ കൊതിച്ചു
മന്ദഹാസമണിഞ്ഞു നിര്‍മലയായ്
ഓളങ്ങള്‍ ഇളക്കി മന്ദാകിനിയായി
ഗമിച്ചു വിദൂര മോഹപുര്ത്തിക്കായ്.

നെഞ്ചു പിളര്‍ന്ന മഹാ നോവിനെ
തലോടി ഉണക്കാന്‍ കൈകള്‍ വിടര്‍ത്തി
അരുതെന്നു കെഞ്ചി വൃദാ യത്നിച്ചു
നിശ്ശബ്ദം കരഞ്ഞു നിസ്സഹായയായി
മൃത്യു കാത്തുകിടന്നു.

കാലം വെള്ളി കെട്ടിയ കൂന്തലില്‍
പ്രാണനെ കെട്ടിയിട്ടു
വിഷാദ കരിമഷിനീര്‍ പടര്‍ന്നൊഴുകി
പൂരക ചിത്രങ്ങള്‍ പോലെ നാം.

പങ്കു വെക്കുവാന്‍ കൊതിക്കുന്നു ഞാന്‍
നാം വേര്‍പിരിഞ്ഞ ഇന്നലെകളുടെ
നാള്‍വഴികള്‍ തന്‍ ഹര്‍ഷ നിമിഷങ്ങളെ
ദൃഡ സൌഹൃതം ഇഴതെറ്റാതെ കാത്തു വെച്ചു
പിന്നൊരുനാള്‍ ഓര്‍ത്തിരുന്നൊരു
മഴത്തുള്ളി മാല കോര്‍ക്കാനായ്‌.

ഒരു സ്വകാര്യം കാതിന്നോര്‍മ്മച്ചെപ്പിന്‍
ചെറു സുഷിരത്തില്‍ ഒളിപ്പിച്ച്
ഒരു മര്‍മര സംഗിതം
മാറ്റൊലിയായ് അലിയിച്ച്‌
മന്ദഹസിച്ചു നാം ......

ഇന്ന് വിഷാദം പേറി
സാക്ഷയിട്ട വാതായനത്തിന്‍ മുന്നില്‍
നിര്‍ന്നിമേഷരായ് നില്‍പ്പു നാം
മോഹവെളിച്ചം കൊതിച്ചു
നിലാപക്ഷികള്‍ പോല്‍.

വൃദ്ധരായ് തണല്‍ പതുക്കെ വിരിയുന്ന നിമിഷത്തിനായ്
കത്തുന്ന സൂര്യ താപത്തിന്‍ മഹാമെയ്താനത്ത്
സായുജ്യ മോഹങ്ങള്‍
നറു മൊട്ടായ് വിരിയാന്‍ കാത്തു കാത്ത്
മനസ്സിന്‍ വേപഥു മാത്രം കൂട്ടിനായ്.