Monday, July 25, 2016

പുറം കാഴ്ചകള്‍.


വലിയ ചില്ലുജാലകത്തിനു പുറത്ത് കാഴ്ച്ചകള്‍ തിരയുന്നത്, ഒരു ശീലമായിരിക്കുന്നു. ചെറിയ മഴച്ചാറലില്‍ നനഞ്ഞെത്തുന്ന കാറ്റില്‍, ഒരു കഥയായി ഞാന്‍ തന്നെ മറഞ്ഞ് പോയത് ഒരു നേരമ്പോക്കായി. പാഴ്വാക്കുകള്‍ നാലഞ്ചു ചുള്ളിക്കമ്പുകള്‍ കൊണ്ട് ഒരു കൂടാരം പണിതിരിക്കുന്നു. ഇത്തിരി നിറം കൊടുക്കാന്‍ സമ്പ്രദായത്തിന്‍റെ വേര് തിരയണം. പുറത്ത് ചുവന്നു തുടുത്ത നനഞ്ഞ മണ്ണുണ്ട്. അഗാധമായ ചിന്തകളെ നട്ടുവളര്‍ത്തണമെന്നിരിക്കെ, ഇടയിലൊരു ഗര്‍ത്തം പണിത് വിശകലനത്തിന്റെ കുരുക്കുമായി ആരോ പതിയിരിക്കുന്നു. എന്നിട്ടും മഴവില്ല് തെളിയുന്നത്, എനിക്കായി മാത്രം.

Wednesday, July 20, 2016

കറുത്ത സൂര്യന്‍.




ചിലതൊക്കെ മഴയത്ത് ഉണക്കാനിടുമ്പോഴാണ്, ബഹളമുണ്ടാക്കിക്കൊണ്ട് ഒരു സ്വപ്നം പടിയിറങ്ങിയത്. വെളുത്തകാട്ടില്‍ ഒരു കറുത്ത സൂര്യന്‍........ വെറും തോന്നലാണോ?

Sunday, July 17, 2016

അതിര്

ചാറ്റൽ മഴയിൽ മങ്ങി മങ്ങി തെളിയുന്ന നിലാവ്, വിചിത്രമായ ഭാഷ അവലംബിച്ചു ചിലതു പറയാൻ വെമ്പുന്നുണ്ട്.മിനുപ്പുള്ള ഏതോ വിചാരമാകാം അത്. ഒന്നും പറയാതെ മറയരുത്. വിശാലമായ അതിര് നിന്റേതാണ്.

ചിന്താഭരിതം.

ശീർഷകങ്ങൾക്കു അന്യമായ 
എന്തോ നിറഞ്ഞു തൂവുന്നു.
നേരിൻറെ അകത്തളങ്ങളിൽ 
വിസ്മയഭരിതമായ ഏകാന്തതയുണ്ട്.
നിസ്സംഗത വിള ക്കി മിനുക്കി,
പ്രാകൃതമായ ശില്പപാടവം 
നിശ്ചലം നിരീക്ഷിക്കാം.
കാഞ്ഞ മനസ്സിന്റെ ഉർവരത 
അതിരുകൾ ഭേദിക്കുമ്പോൾ,
ഓർമകൾ വിളർത്തിരിക്കുന്നു.
ഉച്ഛസ്ഥായിയിൽ പാടുന്ന വിഹ്വലത 
ചിലതിനെ ചുറ്റി പലായനം ചെയ്യുന്നു.
പാതിയടഞ്ഞ മിഴികളിൽ 
ഒരു വൃക്ഷം പൂത്തുലഞ്ഞു.
 
 

ഞാൻ.

വാടിയ പൂക്കൾ കൊണ്ട് അതിരിട്ടപ്പോൾ, അതിനുമപ്പുറം മെലിഞ്ഞൊഴുകുന്ന പുഴ പോലെ ഞാൻ. ഓർക്കാൻ മറന്ന അക്കങ്ങൾ തൊട്ടരികത്തും.

വിരഹം.

തിരയാതെ കണ്ടെത്തിയ 
മുഖമില്ലാത്ത വിരഹത്തിൽ,
ഈ കലമ്പുന്ന കളിപ്പാട്ടം 
മറന്നു വെക്കട്ടെ ഞാൻ.