Friday, March 28, 2014

പെയ്യാത്ത മഴ.



മറവി പുതച്ച ഓര്‍മ്മകളുടെ
ദലമര്‍മ്മരങ്ങള്‍  
നിശ്ശബ്ദമായ വിലാപങ്ങളായി  
പതം പറയുമ്പോള്‍, 

വരണ്ടുണങ്ങിയ ഭൂമിയെ 
കുളിരണിയിക്കാന്‍,
വാടിക്കരിഞ്ഞ മരച്ചില്ലയെ 
തളിരണിയിക്കാന്‍,
അവിചാരിതമായി 
വന്നണയുന്ന നീലമേഘമായ്
എതസുലഭ നിമിഷത്തിലാണ് 
നീ എന്നിലൊളിച്ചത്?

വേനല്‍ മഴ തകര്‍ത്തു പെയ്യാതെ
അരക്കൊപ്പം വെള്ളത്തില്‍ ഞാന്‍......

Thursday, March 27, 2014

വേനല്‍.


അകം പൊള്ളാതിരിക്കാന്‍,
കനല് വിഴുങ്ങി,
കണ്ണടച്ച് കഥയോര്‍ത്ത്, വേനല്‍.
മഴ വരുമോ?

Wednesday, March 26, 2014

അവളുടെ യാത്ര


മാളികയുടെ നാല്‍പ്പത്തി രണ്ടാം നിലയിലെ
ചാര നിറത്തിലുള്ള ജനല്‍ പാളിയിലൂടെ
ചുവന്ന പക്ഷി വന്നു വിളിച്ചപ്പോള്‍,
ഒരു പൊട്ട് ആകാശവും
ഒരാഹ്ലാദത്തുണ്ടും മുറുകെ പിടിച്ച്
ഒഴുകിയിറങ്ങുമ്പോള്‍,
അവള്‍ക്കൊപ്പം മഴയുമുണ്ടായിരുന്നു.

Saturday, March 22, 2014

നിലാക്കാഴ്ച.




വിചാരങ്ങളും പ്രതീക്ഷകളും ചങ്ങാത്തം കൂടിയ നട്ടുച്ചക്കാണ്, തിളക്കമുള്ള അമ്പിളി ആരും കാണാതെ എന്നെ തേടി വന്നത്. പിന്നെ സൂക്ഷിച്ചു നോക്കി നോക്കി, മുറിയിലാകെ നിലാവ് നിറച്ച് ഒന്നും മിണ്ടാതെ അകന്നുപോയപ്പോഴാണ്, എന്‍റെ നീലാകാശം മേഘാവൃതമായത്. ഇപ്പോള്‍ മഴയില്‍ നനഞ്ഞ് ഞാന്‍.

Thursday, March 20, 2014

സംശയം.


ജാലകത്തിനടുത്ത് നിരനിരയായി കെട്ടിടങ്ങള്‍. ഒരരുകിലൂടെ തലനീട്ടി ഒരാല്‍മരം.നൃത്തം ചെയ്യുന്ന ഇലകള്‍ക്കിടയിലൂടെ നീലാകാശത്തിന്‍റെ തിരനോട്ടം. അതിനുമപ്പുറത്ത്‌ ഒളിച്ചുവച്ച എന്‍റെ മനസ്സ് കൊത്തിയെടുത്ത്, ചിറകു തളരാതെ എങ്ങോട്ടാണ് നീ പറന്നുപറന്നു മറഞ്ഞു പോയത്?

Sunday, March 16, 2014

എന്‍റെതു മാത്രം


വാതായനങ്ങള്‍ അടഞ്ഞു തന്നെ കിടന്നു.
ചിരാതുകള്‍ കെടുത്തി, 
 സാലഭഞ്ജികകള്‍  മൌനത്തിലും.
ഉപാധികള്‍ സ്വപ്നങ്ങള്‍ക്ക് 
അതിരുകള്‍ മിനുക്കി.
വര്‍ണ്ണങ്ങള്‍ നിറമില്ലായ്മയില്‍ 
ലയിച്ചു ചേര്‍ന്നു.
മേഘങ്ങള്‍ യാത്രയിലും.
പ്രഭാതം ഊര്‍ന്നു വീണത്‌
ഇഴപിരിച്ച സ്വപ്നങ്ങളും 
തേങ്ങലുകളുമായി.
പുനര്‍ജ്ജെനിയുടെ കവാടത്തില്‍
പ്രയാണം മറന്ന പാദുകങ്ങള്‍.
പെരും തുടി കൊട്ടി തിന്മയെ ധ്വംസിച്ച്,
ഒരു ചടുല നൃത്തം....
പിന്നെ മഹാശാന്തം.
ഈ പലായനം നേരിന്‍റെ നന്‍മ ചികയാന്‍.
അകലത്തെ അമ്പിളി
അതെന്ടേതു മാത്രം.....നിലാവും. 

Thursday, March 6, 2014

എന്തോ ഒന്ന്.



സന്ധ്യക്കും രാത്രിക്കും ഇടയിലെ ആ എന്തോ ഒന്നിന്‍റെ നിഴലാട്ടം,  മോഹിക്കാഞ്ഞിട്ടും എന്നെ ചുറ്റി വരിയുന്നു. പിന്നിലൊളിക്കുന്ന  നിഴലിന്‍റെ കുസൃതി, ഒറ്റക്കണ്ണിന്‍റെ സങ്കീര്‍ണ്ണതയില്‍ മാഞ്ഞുപോയിരിക്കുന്നു.ചിലപ്പോള്‍ ചിലത് അങ്ങിനെയാണ്.

Wednesday, March 5, 2014

മാതൃത്വം.

 ഓരോ സ്ത്രീക്കും പ്രകൃതി കനിഞ്ഞു നല്‍കിയ മഹത്തരമായ അവസ്ഥയാണ് മാതൃത്വം.അന്തര്‍ലീനമായിട്ടുള്ള ഈ ഭാവം, പ്രസവിക്കാത്ത സ്ത്രീയേയും മനസ്സ് കൊണ്ട് അമ്മയാകുവാന്‍ . പ്രാപ്തയാക്കുന്നു.ഉപമിക്കാനാകാത്ത പ്രതിഭാസമാണ് അമ്മ.ത്യാഗവും വാത്സല്യവും പിന്നെ നന്മയിലേക്കുള്ള വഴി നടത്തലും.....  വാര്‍ദ്ധക്യത്തില്‍ ഒരു തണലായി, തുണയായി ഏതു പരിതസ്ഥിതിയിലും മക്കളുടെ സാമീപ്യം അമ്മമാരും കൊതിക്കുന്നുണ്ടാകില്ലേ? ഈ തോന്നലുളവാക്കാന്‍, ഈ വായനക്ക് സാധ്യമാകട്ടെ.

Saturday, March 1, 2014

മഴ.....



ചാരിയ വാതില്‍ പതുക്കെ തുറന്ന്, രാഗാദ്രമായ സംഗീതവും, പുതുമണ്ണിന്‍റെ മണവും കുളിരുമായി വേനല്‍ മഴ എന്നെ പുണരുന്നു. അനിര്‍വചനീയമായ ആഹ്ലാദത്തില്‍ മുഴുകി ഞാനും. ചുറ്റും അനവധി പൂക്കള്‍ വിരിയും പോലെ........:)