Monday, January 7, 2013

മോഹ കാഴ്ചകള്‍


പൊട്ടി പൊളിഞ്ഞ ചിത്രകൂടക്കല്ലിന്റെ പുറകിലെ മാളത്തില്‍ ഈ കിടപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി. വിശപ്പും വേദനയും കാരണം ശരീരം ആകെ തളര്‍ന്നിരിക്കുന്നു.ഇന്നലെയും ഒന്ന് പുറത്തിറങ്ങാന്‍ നിഷ്ഫല ശ്രമം നടത്തി.ഈ പരിസരത്തെ അവശേഷിക്കുന്ന നാലുകെട്ടിന്റെ തെക്ക് വശത്തെ കാവാണിത്.ഏതാനും മരങ്ങളുടെ തണലില്‍ പണ്ടാരോ സ്ഥാപിച്ച ചിത്രകൂടക്കല്ലുകള്‍ പുരാവസ്തുവായി നാമാവശേഷമാകാറായിരിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ മലവെള്ളപ്പാച്ചിലിലാണ്, തികച്ചും അപരിചിതമായ ഇവിടെ എത്തിപെട്ടത്.വിശാലമായ പറമ്പിന്നതിരിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ രാത്രിയാവോളം ഒളിച്ചിരുന്നു. അവിടം അത്ര സുരക്ഷിതമല്ലെന്ന തോന്നലിനൊടുവിലാണ് ഇവിടേക്കിഴഞ്ഞു വന്നത്. ഭാഗ്യവശാല്‍ ഈ കാവില്‍ ഒരു മാളവും തരപ്പെട്ടു. ദിവസങ്ങളെടുത്തു പരിസരവുമായി ഇണങ്ങാന്‍. ഏകാന്തതയുടെ ദിവസങ്ങള്‍, മാസങ്ങളായി.
സങ്കടത്തിന്റെ ചീളുകള്‍ മനസ്സിനെ കുത്തി നോവിച്ചു കൊണ്ടിരുന്നു. നിരാശ ഹൃദയം തപിപ്പിച്ചു. ഒരുനാള്‍ നാലുകെട്ടിന്റെ ഉമ്മറത്ത്‌ വലിയ ബഹളം.ആരാണാവോ, പതുക്കെ ഒളിഞ്ഞു നോക്കി .നാലഞ്ചു പേര്‍ വിരുന്നു വന്നിരിക്കുന്നു.രണ്ടുപേര്‍ കുട്ടികളാണ്.താമസിയാതെ ആഹ്ലാദ തിമര്‍പ്പിന്റെ ആര്‍പ്പു വിളികളാല്‍ പരിസരം മുഖരിതമായി.എനിക്കും സന്തോഷം തോന്നി, തനിച്ചല്ലെന്നൊരു തോന്നലും. വിരുന്നുകാര്‍ വന്നതോടെ അടുക്കള വശത്ത് മുട്ടതോടുകള്‍ സുലഭമായി.ചിലപ്പോള്‍ നട്ടുച്ചയ്ക്ക് എല്ലാരും മയങ്ങുന്ന സമയത്ത് അത് ഭക്ഷിക്കാരുണ്ട്‌ ഞാന്‍.   രാത്രിയില്‍ അത് നടക്കില്ല. വീട്ടുകാരുടെയും,ഈ കാവിലെ ഏകദേശം പൂര്‍ണ്ണവളര്‍ച്ചയെത്തിയ ചന്ദന മരത്തിന്റെയും സംരക്ഷണത്തിനാവാം, രണ്ടു കൂറ്റന്‍ നായകളെ വളര്‍ത്തുന്നുണ്ട്. ഒരു ദിവസം ഭാഗ്യം കൊണ്ടാണ് അവയുടെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.
വല്ലാതെ വിശന്നു തളര്‍ന്നൊരു രാത്രിയില്‍ വേലി പഴുതിലുടെ അപ്പുറത്തെ പറമ്പിലേക്കുള്ള പ്രയാണത്തിനിടയില്‍, രക്ഷപെടാന്‍ കഴിയും മുന്‍പ്, ഇരുചക്ര വാഹനം പുറകില്‍ കൂടി കയറിയിറങ്ങിയത്‌ പെട്ടന്നായിരുന്നു. അസഹനീയമായ വേദനയാല്‍ കുറേനേരം അനങ്ങാനായില്ല. വേദന കടിച്ചമര്‍ത്തി, എങ്ങിനെയാണ് മാളത്തില്‍ തിരിച്ചെത്തിയതെന്ന് ഒരു രൂപവുമില്ല. ശിവ, ശിവ എന്ന് ജപിച്ച്‌ ദിവസങ്ങളോളം അങ്ങിനെ....
രണ്ടും കല്‍പിച്ച്‌ വലിയൊരു പ്രയത്നത്തിനൊടുവില്‍ അടുക്കള വശത്തേക്ക് പതുക്കെ ഇഴഞ്ഞു ചെന്നു പാളി നോക്കി. പുറത്താരേയും കണ്ടില്ല. പെട്ടെന്ന് കൊട്ട തളത്തിന്റെ വാതില്‍ തുറന്ന്, മുത്തശ്ശി. പിന്നാലെ ആരോ ഉണ്ടെന്നു തോന്നി. അവരുടെ കണ്ണില്‍ പെടുക തന്നെ ചെയ്തു. ഓടി രക്ഷപെടാനുള്ള സാദ്ധ്യത വിരളമായത് കൊണ്ട് അതിനു തുനിഞ്ഞില്ല. 'അയ്യോ,ഒരു പാമ്പ്, ചാത്താ ഇങ്ങോട്ടൊന്ന് ഓടി വരൂ', മുത്തശ്ശി അലറി വിളിച്ചു.
വാല്യക്കാരന്റെ പീഡനം ഏറ്റുവാങ്ങാന്‍ മനസ്സ് സജ്ജമാക്കിയ നിമിഷത്തില്‍, അശരീരി പോലെ കേട്ടു,  'അമ്മമ്മേ, ഉപദ്രവിക്കണ്ട, നോക്കു അതിന് അപകടം പിണഞ്ഞിരിക്കുന്നു. മാണിക്യ കല്ലുകള്‍ പോലുള്ള കണ്ണുകള്‍ എത്ര ദയനീയം.' വിശ്വസിക്കാനാകാതെ തല അല്പമൊന്നു ഉയര്‍ത്തി നോക്കി. കവുങ്ങിന്‍ പുക്കുല പോലെ, അതീവ സുന്ദരിയായ ഒരു പെണ്‍കുട്ടി. ഏതാനും അടി അകലെ നിന്ന് എന്റെ കണ്ണുകളില്‍ സുക്ഷിച്ചു നോക്കി കൊണ്ട്, ഒരു മന്ദസ്മിതത്തിന്റെ  ലാഞ്ചന ചുണ്ടിലൊളിപ്പിച്ചു കൊണ്ട്.........
'പേടിക്കണ്ട ട്ടോ, പതുക്കെ തഴുകി ഈ മുറിവ് ഞാന്‍ ഉണക്കാം. നിന്റെ വിഷപ്പല്ലുകള്‍ മുല്ലപ്പൂമൊട്ടുകളാണെന്ന് വിചാരിക്കാം. വെട്ടി തിളങ്ങുന്ന ശല്‍ക്കങ്ങള്‍ എത്ര മനോഹരം. നിര്‍ന്നിമേഷമായ ഈ നോട്ടം കൊണ്ടട് നീ ഒരായിരം കാര്യങ്ങള്‍ പറയാതെ പറയുന്നുവല്ലോ. നാളെ തിരിച്ചു പോകും വരെ നമുക്ക് ചങ്ങാതിമാരാകാം. വരൂ....അവിശ്വസനീയവും, അവിസ്മരണീയവുമായ ഈ സൌഹൃദത്തിന്റെ നിമിഷങ്ങള്‍ ആരുമായും പങ്കു വെക്കില്ല ഞാന്‍..   നാളെ നീ കരയരുതേ.....'
ഒരു സ്വപ്നം പോലെ, മോഹ കമ്പളം കൊണ്ട് എന്നെ പുതപ്പിച്ച്‌, പെണ്‍കുട്ടി......നീ .....

No comments:

Post a Comment