Tuesday, November 27, 2012

ശ്രീ .വിഷ്ണു മംഗലംകുമാര്‍-- ബാംഗ്ലൂരിലെ നന്മയുടെ മുഖശ്രീ.


ചിലര്‍ കര്‍മ്മംകൊണ്ടും, തെളിഞ്ഞ വ്യക്തിത്വംകൊണ്ടും നമ്മെ മോഹിപ്പിക്കുകയും സമൂഹമനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്യും. അത്തരം ഒരു ആദരണീയമായ വ്യക്തിത്വമാണ്‌, പത്ര പ്രവര്‍ത്തനരംഗത്ത്  25 വര്‍ഷം പിന്നിട്ട, ശ്രീ.വിഷ്ണുമംഗലം കുമാര്‍....... 
വ്യക്തിക്ക് സമുഹത്തോട് ബാദ്ധ്യതയുണ്ട്, പ്രതികരിക്കാനുള്ള തന്റേടം അത്യന്താപേക്ഷിതവും.പ്രതികരണങ്ങള്‍ വസ്തുനിഷ്ഠമാകുമ്പോള്‍ ഒട്ടുമിക്ക വൈതരണികളും താണ്ടാനാകുന്നു.
ബാംഗ്ലൂരിലെ സാമുഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായ ശ്രീ.വിഷ്ണുമംഗലം കുമാറിനെ ഇവിടത്തെ മലയാളി സമൂഹം നിറഞ്ഞ മനസ്സോടെയും അത്യന്തം ആഹ്ലാദത്തോടെയും, അഭിമാനപുരസ്സരം ഇക്കഴിഞ്ഞ 18ന് ആദരിക്കുകയുണ്ടായി. സമുഹത്തിലെ വ്യത്യസ്ത പ്രതലങ്ങളില്‍  നിന്നും പങ്കുകൊണ്ടവര്‍, തങ്ങളുടെ നിഗമനങ്ങള്‍ നിറഞ്ഞ ഹൃദയത്തോടെ വരച്ചുകാട്ടി.സുസമ്മതനായ ശ്രീ.വിഷ്ണുമംഗലം കുമാറിന് ഇവിടത്തെ സമുഹം കല്പിച്ചുനല്‍കിയ സ്നേഹത്തിന്റെയും ബഹുമാന്യതയുടെയും  ബഹിര്‍സ്പുരണമായിരുന്നു ആ വിലയിരുത്തലുകള്‍. അര്‍ഹതയുള്ളവര്‍ ആദരിക്കപ്പെടുകതന്നെ വേണം. 
 
മികച്ച രചയിതാവ്, സംഘാടകന്‍,ധീരനായ മാധ്യമപ്രവര്‍ത്തകന്‍, ഒന്നാംതരം പ്രാസംഗികന്‍, കാരുണ്യ പ്രവര്‍ത്തകന്‍,കുലീന വ്യക്തിത്വം,വിശ്വസ്തനായ സ്നേഹിതന്‍ പിന്നെ ആര്‍ദ്രതയും സ്നേഹവുമുള്ള കുടുംബനാഥനും.ഇത്തരം വിശേഷണങ്ങള്‍ ശ്രീ കുമാറില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നു.
ബാംഗ്ലൂരിലെ സംഘടനകളെ തന്റെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാക്കാന്‍ വൈമനസ്യം കാട്ടാറില്ല.
അനര്‍ഗ്ഗളമായി പ്രവഹിക്കുന്ന പദവിന്യാസങ്ങള്‍ രചനാവൈഭവം പ്രകടമാക്കുന്നു.പ്രസിദ്ധീകരിക്കപ്പെട്ട രചനകള്‍ മികച്ചവയും.

വര്‍ഷങ്ങള്‍ക്കുമുന്‍പ്, ചെറുപ്പക്കാരനായ ശ്രീ. വിഷ്ണുമംഗലം കുമാറിന്റെ, ഉത്സുകതയോടെയുള്ള അഭിമുഖങ്ങള്‍ കാണാനും വായിക്കാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ആര്‍ജ്ജവത്തോടെ, കറുപ്പും വെളുപ്പും വകഞ്ഞുമാറ്റി, പിന്നെ ഏകോപിപ്പിച്ച്  വര്‍ണ്ണരാജികള്‍ ചമക്കുന്ന വൈദഗ്ദ്ധ്യം  മികച്ച പത്രപ്രവര്‍ത്തകന്റെ  കാര്യക്ഷമത വിളിച്ചോതുന്നു.
നിര്‍ഭയനായ ഈ എഴുത്തുകാരന്റെ ഇടപെടലുകള്‍, ബാംഗ്ലൂരിലെ മലയാളിസമൂഹത്തിനെ ഒട്ടൊന്നുമല്ല കൈപിടിച്ചുയര്‍ത്തിയത്.ഇപ്പോളും വിലക്കുകളെ നിഷ്ക്കരുണം തള്ളിമാറ്റി, അനീതികള്‍ക്കെതിരെ പോരാട്ടം തുടരുക എന്ന തന്റെ നിര്‍ണ്ണയത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കുമാര്‍..

കഴിഞ്ഞ 28 വര്‍ഷങ്ങളായി,ബാംഗ്ലൂരിലെ  സാംസ്കാരികമണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കുമാറിന്റെ നിഷ്കാമപ്രവര്‍ത്തനങ്ങള്‍  നിരന്തരം വീക്ഷിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു.ഈ വാക്ശരങ്ങള്‍ ഇനിയും അനീതികളെ എയ്തുവീഴ്തട്ടെ.ഇനിയും വളരുക.ആകാശമാകട്ടെ അതിര്.പ്രിയ കുമാര്‍, ഈ അക്ഷര ബോധിത്തണലില്‍ ഇനിയും ഞങ്ങളെ ചേര്‍ത്തണക്കുക. 
  
ഈ പ്രതിഭക്ക് വേദിയൊരുക്കിയ, അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന കേരളശബ്ദത്തിനും, നിശ്ശബ്ദസാന്നിദ്ധ്യവും അകമഴിഞ്ഞ പിന്തുണയുമായി, ചേര്‍ന്നുനില്‍ക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനും എന്റെ അഭിനന്ദനങ്ങള്‍.... ..
  

No comments:

Post a Comment