Friday, January 29, 2010

അവളുടെ സ്വന്തം നക്ഷത്രങ്ങള്‍.

ആവര്‍ത്തന വിരസമായ മറ്റൊരു പ്രഭാതത്തിലേക്ക്‌ മിഴികള്‍ തുറന്നു. കിളികള്‍ ഉണര്‍ന്നു പാടാന്‍ തുടങ്ങിയിട്ട് ഒരുപാടായിരിക്കുന്നു.ഉറക്കച്
ചടവോടെ വാതില്‍ തുറന്ന് പുതുമയാര്‍ന്നൊരു കാഴ്ചക്കായി നിര്‍നിമേഷയായി പ്രകൃതിയിലേക്ക് കണ്ണുകള്‍ നട്ടു നിന്നു.നേര്‍ത്ത മഞ്ഞു പെയ്യുന്നു .. വിടരാന്‍ തുടങ്ങുന്ന പുമൊട്ടുകളും, ഇളം തെന്നലും മനസ്സിനൊരു അനുഭുതി പ്രദാനം ചെയ്യുന്നത് പതുക്കെ ആസ്വദിക്കാന്‍ തുടങ്ങും മുന്‍പ്, പിന്‍വിളി വന്നു, "ചായ റെഡിയായില്ലേ ഇനിയും'? ലൌകിക കെട്ടുപാടുകള്‍ വരിഞ്ഞു മുറുക്കിയ ഒരു പാവം വീട്ടമ്മക്ക്‌, ഇതില്‍പരം വ്യത്യസ്തത പുലര്‍ത്തുന്ന ഒരു പുലരിയെ വരവേല്‍ക്കാന്‍ ആവില്ല......
ഇപ്പോള്‍ മധ്യാന്ഹം കനത്തു തുടങ്ങി.നീല വിരിയിട്ട ചില്ലുജാലകം തുറന്ന്, നിറഞ്ഞ ആവേശത്തോടെ അവള്‍ സ്വപ്നം കാണാനിരുന്നു.താഴ്വാരത്ത് കൂടി വാഹനങ്ങള്‍ ചെറുതായി, ചെറുതായി പോയ്മറയുന്ന പാതയിലേക്ക് കണ്ണുകള്‍ എറിഞ്ഞു നിന്ന മോഹന മുഹുര്‍ത്തത്തില്‍, അകലെ, പച്ചച്ച മൈതാനത്തിനരുകിലെ കല്‍പടവുകള്‍ ഓടിയിറങ്ങിയ,ലോലമായ മനസ്സ്,വര്‍ണ ചിറകുകള്‍ വീശുന്നൊരു ചിത്ര ശലഭമായി......വിശാലമായ ആകാശവും, പുവണിഞ്ഞു നിന്ന പ്രകൃതിയും അവളെ മാടിവിളിച്ചു.വിചിത്രമായ, കളകൂജനങ്ങള്‍ക്കൊപ്പം നൃത്ത ചുവടുകള്‍ വക്കാന്‍, അവള്‍ക്കൊപ്പം, അരുപികളായ, ഒരുപാട് നഷ്ട സ്വപ്നങ്ങളും കൂട്ടു വന്നു. 'മറന്നുവോ' കാതരമായ ഒരു നിസ്വനം തൊട്ടു വിളിച്ചു.......
കരിയിലകളെ പതുക്കെ പതുക്കെ തട്ടിമാറ്റി ,സ്വപ്നങ്ങളും,ആഹ്ലാദവും നിറഞ്ഞ, രൂപാന്തരം പ്രാപിച്ച ഹൃദയത്തിനെ,അലസമായി അലയാന്‍ അനുവദിച്ച്, പാദസരങ്ങലണിഞ്ഞ,ചന്തമാര്‍ന്ന പാദങ്ങളെ, കളകളാരവം മുഴക്കി, പതഞ്ഞൊഴുകുന്ന, കാട്ടാറിനു ഉമ്മവക്കാന്‍,കനിഞ്ഞു നല്‍കുന്ന നിമിഷത്തില്‍,ആകുലതകള്‍,അവളുടെ മനസ്സില്‍ ഒട്ടുമില്ലായിരുന്നു.......വിഹായസ്സപ്പോള്‍ ചുവന്നു തുടുത്തു നിന്നു .........

No comments:

Post a Comment