Wednesday, December 19, 2012

ഉദ്യാനനഗരവും ഞാനും.


ഓര്‍മ്മകള്‍ നൃത്തം ചെയ്യുന്ന,പ്രവാസ ജീവിതം ഒരുപാട് വര്‍ണ്ണ ചിത്രങ്ങള്‍ വരച്ചിട്ട മനസ്സുമായി എന്റെ പ്രിയപ്പെട്ട ഉദ്യാനനഗരത്തെ കുറിച്ചെഴുതട്ടെ ഞാന്‍..
വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒരു വെളുപ്പാന്‍ കാലത്ത് തീവണ്ടി ഇറങ്ങുമ്പോള്‍, ഈ നാട് ഒരു മഹാനഗരത്തിന്റെ കടുത്ത നിറം എടുത്തണിയാതെ, മഞ്ഞു പുതച്ച് മയങ്ങി കിടന്നു .നിറയെ പൂത്തുലഞ്ഞു, നിഴല്‍ വിരിച്ചു മരങ്ങള്‍ക്കിടയിലെ, ആളൊഴിഞ്ഞ പാതയിലുടെ താമസ സ്ഥലത്തേക്കുള്ള പ്രയാണം എത്ര സംമ്മോഹനമായിരുന്നു....മിതശീതോഷ്ണാവസ്ഥ             നിലനിന്നിരുന്ന,ബഹളമില്ലാത്ത,സ്വച്ഛമായ പരിസരവും,സൌഹൃദ മനോഭാവത്തോടെ ഇടപഴകുന്ന വിശാല മനസ്കരായ തദ്ദേശിയരും ഈ നഗരത്തെ വേറിട്ടതാക്കി. യാഥാസ്ഥികവും തത്വാധിഷ്ടിതവുമായ ജീവിത രീതികള്‍ അവലംബിച്ച് വരുന്ന ഇവിടത്തുകാരുടെ മനസ്സ് പ്രവാസികള്‍ക്ക് അഭയമേകി.ആഥിത്യമര്യാദയും, സഹിഷ്ണുതയും കന്നഡികരെ വേറിട്ടു നിര്‍ത്തുന്നു.
ബംഗലുരുവിലെ നിരവധി സ്ഥാപനങ്ങള്‍ പ്രവാസികള്‍ക്ക് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഉപാധിയായി. തദ്ദേശിയരേക്കാള്‍ സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കി,വളര്‍ച്ചയുടെ പടവുകള്‍ കയറാനായതും ഈ നഗരത്തിന്റെ സൌമനസ്യം. ഒരു ചായ രണ്ടായി പകുത്തു വിളമ്പുന്ന (ബൈ ടു) വേറിട്ട കാഴ്ചയും ഈ നാടിന്റെ സ്വന്തം.അനന്യ മനോഹരങ്ങളായ ഉദ്യാനങ്ങളും, പ്രശസ്തമായ കമ്പനികളും ഈ നഗരത്തെ ആഗോള പ്രശസ്തമാക്കി.എണ്ണമില്ലാതെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വൃക്ഷങ്ങളും,വിവിധങ്ങളായ മനോഹര പുഷ്പങ്ങളും, ലതകളും എഴകിന്റെ ചാരുത നിറയ്ക്കും.പേരെടുത്ത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പഠനം മികവുറ്റതാക്കി. നഗരം വളര്‍ച്ചയുടെ പാതയില്‍ മുന്നേറി കൊണ്ടിരിക്കുന്നു. പടര്‍ന്നു കിടന്നിരുന്ന നഗരത്തിലിപ്പോള്‍ അംബരചുംബികളായ കെട്ടിടങ്ങള്‍.എങ്ങും. ജോലിസാദ്ധ്യതകള്‍ വര്‍ദ്ധിച്ചതും, നൂതന ഫാഷന്‍ വസ്ത്രങ്ങള്‍ നിറഞ്ഞ മാളുകളും, ഹാങ്ങൌട്ടുകളും യുവാക്കളുടെ ലോകം മാസ്മരികവും വര്‍ണ്ണ  ശബളവുമാക്കുന്നു.മെട്രൊ റയില്‍, നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒട്ടെങ്കിലും ശമനം നല്‍കുന്നു.   

മലയാളി സംഘടനകള്‍ മികവാര്‍ന്ന രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. സാഹിത്യ, സാംസ്കാരിക,സാമുഹ്യ ചര്‍ച്ചകളും,കാരുണ്യ പ്രവര്‍ത്തനങ്ങളും സജീവമാണ്.എഴുത്തും വായനയും അന്യമാകാതെ നിര്‍വഹിക്കപ്പെടാന്‍,യശസ്സികളായ മുതിര്‍ന്ന തലമുറയുടെ ഉചിതമായ ഇടപെടലുകള്‍ ശ്രദ്ദേയമാണ്‌.... അന്യനാട്ടില്‍ മലയാളികളുടെ ഒത്തൊരുമയും ശ്ലാഘനീയം.എന്നിരുന്നാലും നന്നായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഇനിയും ഫലവത്താകാത്ത, ഏകോപനം എന്ന ആശയം ഇവിടത്തെ പ്രവാസികളുടെ ഉന്നമനത്തിന് മകുടം ചാര്‍ത്തും എന്നുറപ്പാണ്.


ഇന്നൊരു താരതമ്യ പഠനത്തിനോരുങ്ങുമ്പോള്‍ സമ്മിശ്ര വികാരങ്ങള്‍ നിറയുകയാണ് ചിന്തയില്‍...  ശാന്ത സുന്ദരമായിരുന്ന പാതകള്‍ വാഹന ബാഹുല്യത്തല്‍ വീര്‍പ്പുമുട്ടുകയാണ്.കര്‍ശനമായ ഗതാഗത നിയമങ്ങള്‍ ഏറെ കുറെ പാലിക്കപ്പെടുന്നുണ്ടെങ്കിലും അപകടങ്ങള്‍ കുറവല്ല. നിറഞ്ഞ് ഓളം തള്ളിയിരുന്ന തടാകങ്ങള്‍ നാമാവശേഷമായത്, ജല ദൌര്‍ലഭ്യത്തിനു നിദാനമായി.വിലവര്‍ദ്ധന സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്നു.വര്‍ദ്ധിച്ചു വരുന്ന ഗുണ്ടാ, തീവ്രവാദ ഭീഷണികള്‍ ഈ സുന്ദര നഗരത്തെ വിറപ്പിക്കുകയാണ്.നിരന്തരമായ പരിശ്രമങ്ങള്‍ക്കൊണ്ടും അപരിഹാര്യമായ യാത്രാപ്രശ്നം, ഇവിടത്തെ മലയാളികളെ വല്ലാത്ത വിഷമത്തില്‍ ആഴ്ത്തിയിരിക്കുന്നു. നിര്‍വ്വചനാതീതമായി മാറിപ്പോയ കാലാവസ്ഥ, പഴയ കുളിരാര്‍ന്ന ദിനരാത്രങ്ങളുടെ ഓര്‍മയില്‍ മനസ്സില്‍ നൊമ്പരം നിറക്കുന്നു. ഉയര്‍ന്ന വേതനം ഉറപ്പാക്കുന്ന ജോലി പുതുതലമുറയുടെ ജീവിതാവബോധത്തെ ഉഴുതു മറിച്ചതായി തോന്നാം.
എങ്കിലും, എല്ലാ നന്‍മതിന്മകളോടും പുന്തോട്ട നഗരം എന്നെ പുല്‍കി അണക്കുന്നു.ലാഘവമുള്ള മനസ്സും ചിന്തകളുമായി, ജീവിതം പൂര്‍ണ്ണതയോടെയും, ആഹ്ലാദഭരിതവുമായും മുന്നോട്ടുനയിക്കാനുമുള്ള വശ്യത പ്രദാനം ചെയ്യുകയും ചെയ്യുന്നു.ഭാഷാ, മതസൌഹാര്‍ദ്ദങ്ങള്‍ മനസ്സില്‍ ചൂടി, മാതൃകയായി നില്‍ക്കുന്ന ഈ മഹാനഗരത്തില്‍ കഴിച്ചു കൂട്ടിയ നിറവാര്‍ന്ന ദിനങ്ങളുടെ ഓര്‍മ എന്നെ അഭിമാനപുളകിതയാക്കുന്നു.
ഗൃഹാതുരത്വം മനസ്സിലൊളിപ്പിച്ചു, മറ്റൊരു സ്വന്തം നാടായി, ഈ ഉദ്യാനനഗരത്തെ നെഞ്ചില്‍ ചേര്‍ത്ത് വക്കട്ടെ ഞാന്‍..... നന്മയുടെയും സഹിഷ്ണുതയുടെയും മേലാപ്പ് ചൂടി നില്‍ക്കുന്ന നഗരത്തെ സ്നേഹിക്കാതെ വയ്യെനിക്ക്‌...

1 comment: