Wednesday, October 27, 2021

 വിചിത്രം. പടർന്നു കയറി, ഫണമുയർത്തി കത്തിയുയർന്ന്, ചാരമായി, മാഞ്ഞുപോകുന്ന കാട്ടുതീ പോലെയാണ് ചിലത്.‌ ഇറുകെ പുണരുന്ന, വിഹ്വലമായ തീവ്രതയാണ് എഴുതാപ്പുറങ്ങൾ.

. നിശ്ശബ്ദത അഭൗമമാണ്‌.കേൾക്കാത്തതൊക്കെ ഒളിച്ചു വച്ച് ഉപാധിയില്ലാത്ത, പറയാത്ത അറിയാത്ത പ്രണയമായി പടിയിറങ്ങിപ്പോകുന്നതും അതുതന്നെ.എന്തിന്?
നോവിന്റെ മയില്പ്പീലികൊണ്ട് വൃത്തം വരയ്ക്കുന്ന യഗ്ന്യം .കടിഞ്ഞാണില്ലാത്ത കുളംമ്പടികളുടെ കാപട്യം. വെറുതെ ചില മോഹങ്ങള്. മതി...ഇത്രയും മതി.മുദ്രയില്ലാത്ത നാണയം പോലെ, കടലിടുക്കിലെ ഏകയായ മത്സ്യകന്യക പോലെ, ദിക്കറിയാത്ത സഞ്ചാരിയെപ്പോലെ,കഥയറിയാത്ത പ്രണയിനിയെപ്പോലെ.....എന്നിട്ടും മിഴികൾ ഇറുക്കിയടച്ച്

ചിറകുകൾ വീശി വീശി, ചക്രവാളം താണ്ടി, കാറ്റിനെ മയക്കിയതെങ്ങിനെ? 

മുഖചിത്രം.

ഈ ഉച്ചവെയിലില് കുട ചൂടി, കുളിരാര്ന്ന സായാന്ഹത്തിലേക്ക് ഉറ്റുനോക്കി പ്രതീക്ഷയോടെ.........നിഴലുകള് ഇളകിയാടി രൂപാന്തരം പ്രാപിക്കവേ വരച്ചെടുക്കട്ടെ ഞാന്, ഭാവം തുളുമ്പുന്ന ഒരു മുഖചിത്രം.

 ഞാനും കടലും ഇന്നലെ പലതും പറഞ്ഞു.എന്നാലും തമ്മിലെ നേർത്ത വിടവിലൂടെ കുഞ്ഞുചിപ്പിയുടെ ഒരുപാതിമാത്രം ഉപേക്ഷിച്ച് അപ്രതീക്ഷിതമായി എന്തിനായിരുന്നു ആവേഗത്തോടെയുള്ള ആ ഒഴിഞ്ഞുപോക്ക്? അപ്പോളാണ് വരണ്ടമണൽ കൊണ്ട് ഞാൻ വാതിലില്ലാത്ത ഒരു മുറി പണിതത്.ഓർമകൾ തെളിഞ്ഞു കത്താൻ, ചിരാതിൽ ഒരൊറ്റത്തിരിയിട്ടു. പ്രകാശം പരത്തുന്ന മിഴികളിൽ വിചിത്രമായ ഭാവം നിറച്ച് പിന്തിരിഞ്ഞു നിൽക്കുമ്പോൾ, നാം തികച്ചും പരിചിതരായതെങ്ങിനെ? ആഴമില്ലാത്ത പുഴയിലെ വെള്ളാരംകല്ലുകൾ പോലെയുള്ള ചിന്തകൾ പങ്കുവെക്കാൻ, ഒരു മലയുടെ തുഞ്ചത്ത് വേവലാതിയോടെ ഞാൻ.ചില ഉപാധികൾ നല്ലതാണ്, മനസ്സുടയുന്ന കാഴ്ചകൾക്കുനേരെ മുഖം മറയ്ക്കാൻ.

 മഴയ്‌ക്കൊപ്പം.

ഒപ്പം നടന്നിട്ടും എന്നോടൊന്നും മിണ്ടാതെ മഴ.വരമ്പിന്റെ രണ്ടുഭാഗത്തും കലങ്ങിയ വെള്ളം നിറഞ്ഞ കണ്ടങ്ങളിൽ ഞാറ് തലനീട്ടുന്നു.ഒരു കുഞ്ഞുതവളയെ വായിലാക്കി പുളഞ്ഞു നീങ്ങുന്ന നീർക്കോലി.കുട നിവർത്താതെ,നിറഞ്ഞു തുള്ളിയൊഴുകുന്ന പുഴയുടെ ഓരത്തെത്തി, പടവിലിരുന്നു.ഓരോ അലയും കാൽ വിരലുകളിൽ തൊട്ട് അകന്നുപോയി.ഈ പടവുകളിറങ്ങിച്ചെന്നു തിരഞ്ഞു പെറുക്കിയെടുക്കാൻ ചിലത്, അകലേക്ക് പോകും മുൻപ് നിക്ഷേപിച്ചിരുന്നു.നല്ല ഓർമ്മയുണ്ട്.വെള്ളമൊഴുകിയൊഴുകി പവിത്രമായ അതിപ്പോൾ തിളങ്ങുന്നുണ്ടാവും.ഒഴുക്കിൽ ഒരിക്കലും അത് നഷ്ടമായിട്ടുണ്ടാവില്ല.പരതിയെടുത്ത് സൂക്ഷിച്ചുവയ്ക്കാൻ പാടവഴിയിലെ നിലക്കാത്ത ഉറവമതി. ഒഴുകിയൊഴുകി നിറമുള്ള ഓർമ്മയുടെ പ്രതീകമായി,വീണ്ടും അത് തിരിച്ചെത്തും.ഒന്നിനുമല്ലാതെ വെറുതെ കാത്തിരിക്കാൻ ആരെങ്കിലും വേണം.ആ ചിന്ത മനസ്സ് നിറക്കും.....അറിയാതെ ഞാനെങ്ങിനെയാണ് ഈ വരണ്ട പുഴയുടെ നടുവിലെത്തിയത്?അതേ...ഒപ്പം നടക്കുന്ന പുഴയും മഴയും...ആഹ്ലാദം നൽകുന്ന പ്രതീക്ഷയാണ്.ഞാൻ എന്നിലേക്ക്‌ എത്തിനോക്കുന്നതും,അങ്ങിനെ.പെട്ടെന്ന് ആവേഗത്തോടെ ആർത്തുപെയ്യുന്ന മഴയിൽ ഞാൻ എന്നെ ഒളിപ്പിച്ചു.....എല്ലാം മറന്നു.

 നിരീക്ഷണം. കാഴ്ചകൾ കാണുന്നതും കഥാപാത്രമാകുന്നതും പലപ്പോഴും ഞാൻ തന്നെ.മാറ്റത്തിനായി, മുന്നിൽ ഗോചരമായ എന്തിനേയും കഥാപാത്രമാക്കാം.വിടർന്നതോ,പാതിയടഞ്ഞതോ ആയ കണ്ണുകളിലൂടെ വിസ്മയക്കാഴ്ചകൾ കണ്ട് വിങ്ങിപ്പൊട്ടുകയും, പൊട്ടിച്ചിരിക്കുകയുമാവാം.ഓരോ ഇലയും വൃക്ഷത്തിന് സ്വന്തമെന്നപോലെ,വാടിവീഴുംവരെ കാറ്റിലാടും പോലെ, ചില അവസ്ഥകൾ മനസ്സിൽ ഉറപ്പിച്ചു വയ്ക്കണം.കണ്ടെത്തിയ പുതുമകൾ മൃതസഞ്ജീവനിയാകും.മുനിഞ്ഞു വിളറിയ മനസ്സിൽ അപ്പോൾ വമ്പൻ ഘോഷയാത്ര തുടങ്ങും.നിറങ്ങൾ നൃത്തമാടും.തേച്ചുമിനുക്കിയ നിലവിളക്കിൽ നിറഞ്ഞ സ്നേഹത്തിൽ പൊൻപ്രകാശം പരത്തുന്ന കുഞ്ഞുതിരിയപ്പോൾ നിർത്താതെ വർത്തമാനം തുടങ്ങും.അപ്പോഴാണ് രൂപാന്തരത്തിന്റെ മിന്നാമിനുങ്ങുകൾ എന്റെ കണ്ണുകളിൽ കൂടുകൂട്ടുക.ഭംഗിയുള്ള എല്ലാ പൂക്കളിലും മകരന്ദമില്ല.അവയെ പൂമ്പാറ്റകൾ ചുംബിക്കാറുമില്ല.ഈ നിരീക്ഷണം വെറുതെയാവില്ല.ഞാനതിന്റെ കൂടെ ഒറ്റയ്ക്ക് പൊറുതി തുടങ്ങും.

 മഴ പറഞ്ഞത്.

ജനലടക്കരുത്, മഴ പറഞ്ഞു.
ഒരു തുള്ളിയായി പറന്നിറങ്ങി
മനസ്സ് നനക്കാം.
പേമാരിയായി പെയ്തൊഴുകാന്
വാതിലും തുറന്നു വയ്ക്കുക.
ആകാശത്തിനരികിലോളം നിറയുമ്പോള്
കുമിളകള് പുളയുമ്പോള് പറയരുത്,
ഇതൊരു നിരര്ത്ഥകമായ സങ്കല്പ്പമാണെന്ന്.
കാരണം, കാത്തിരിപ്പിന്റെ നിഴലുകള്
പൊടുന്നനെ അനുപാതം തുല്യമാക്കി
അപ്രത്യക്ഷമായിരിക്കുന്നു.
നനഞ്ഞു കുതിര്ന്ന് ആരോ നടന്നടുക്കുന്നത്
വെറും കിനാവ്‌.
പുറത്ത് കത്തുന്ന വെയിലല്ലേ?

Tuesday, October 19, 2021

 പക്ഷേ.....

പാറിവീണ ഈ കരിയിലകളിൽ
ഒളിച്ചിരിയ്ക്കാന്,
കാറ്റിനോടൊരു പിണക്കമാകാം.
തഴുതിട്ട വിലക്കുകള്
ഒറ്റ മിഴികൊണ്ട് തുറന്ന്
തനിയെ പണയം വക്കാന് ,
ഈ രാത്രിയിലെ നിലാവ് മതി.

 വനിതാദിനം.

ഒരു മഹിളയ്ക്ക്, ജീവിതകാലത്തിൽ എന്നും, സങ്കടമായാലും സന്തോഷമായാലും ഓരോ ദിവസവും വലിയ വ്യത്യാസമില്ലാതെ കടന്നു പോകുന്നു എന്നുള്ളതാണ് വാസ്തവം. അവരുടെ ആകാശം, കുളിർക്കാറ്റ്, മോഹങ്ങൾ, ഭാവനകൾ, സ്വപ്നങ്ങൾ, ചിന്തകൾ എന്തിന്... സ്വത്വം പോലും സ്വന്തമെന്ന് പറയാനാവുന്ന പരിതസ്ഥിതിയല്ല, ഈ പരിഷ്കൃതമെന്നു കരുതുന്ന സമൂഹത്തിൽ പോലും നിലനിൽക്കുന്നത്, എന്നതൊരു നഗ്നസത്യം മാത്രം.അദൃശ്യമായ, അനാവശ്യമായ ആണ് കോയ്മയുടെ വിതാനത്തിനടിയിൽ മിക്കവരും പകച്ചു നിൽക്കുന്നു.സാമ്പത്തികസ്വാതന്ത്ര്യവും, അഭിമാനവും, വ്യക്തിത്വവും അടിയറവയ്ക്കാതെ,പരസ്പരം സ്നേഹബഹുമാനത്തോടെ വർത്തിക്കുമ്പോൾ മാത്രമാണ് സ്ത്രീ പൂർണ്ണയാകുന്നത്.പ്രകൃതിയിലെ ഏറ്റവും മഹത്തായ സൃഷ്ടി സ്ത്രീയാണ്.കാരണം, അവൾക്കേ അമ്മയാകാൻ കഴിയൂ.
വനിതാദിനത്തിന്, ഏറെ പ്രസക്തിയുണ്ട് എന്ന് വിശ്വസിക്കുന്നില്ല.

 കാഴ്ച. അകക്കണ്ണിലൂടെ കാണാനാകുന്ന കാഴ്ചകൾക്ക് അതിരും പരിതിയുമില്ല.പങ്കുവയ്ക്കാനാകാത്തതും,പകർന്നുനല്കാൻ കഴിയുന്നതും അതിലുൾപ്പെടുന്നു. ഗോപ്യമാക്കിവയ്ക്കാൻ ചില മായക്കാഴ്ചകളുണ്ട്.അവയെ സൂക്ഷിച്ചുവയ്ക്കാൻ മനസ്സിലൊരു അറയുണ്ട്.വിശാലമായ വാതിൽപ്പുറകാഴ്ചകളുണ്ട്.അതിൽ ചിലത് അനുവാദം കൂടാതെ,പ്രാമാണിത്വത്തോടെ ഒപ്പം നടക്കും. മറ്റുചിലത് കൊടുംങ്കാറ്റ് വീശിയാലും, മഞ്ഞു വീണാലും,മഴ പൈയ്താലും തൃണവൽക്കരിച്ചുകൊണ്ട്,മുള്ളുകളാ ൽ കുത്തി നോവിച്ചുകൊണ്ട് അനുധാവനം ചെയ്യും.പരസ്പര പൂരകങ്ങളായ ഇവ വിചിത്രമായ ചില നിർബന്ധങ്ങളുടെ വലവീശും.സ്വയം കണ്ടെത്താൻ കാഴ്ചകളുടെ അരികിലൂടെ വേഗം നടന്നപ്പോഴാണ് അപാരമായ,വിജനമായ ശൂന്യതയിൽ ആകർഷിക്കപ്പെട്ട്, വെറുംമണ്ണിൽ ഞാൻ കുനിഞ്ഞിരുന്നത്.

 നിഴലുകൾ നിറയുന്ന പടവുകളിൽ കാത്തിരിക്കവേ.......ഒരായിരം പൂക്കളുടെ സുഗന്ധം ഒളിച്ചുവച്ച ഇളംകാറ്റിൽ, എന്തിനാണ് അരൂപിയായി നൃത്തം ചെയ്തത്? ഒരിതളിൽ ഞാനൊളിച്ചതും അപ്പോൾ....

 അമ്മദിനം.

വാടാത്ത ഒരുപിടി പൂക്കൾ, അതിരാവിലെ വാതിലിൽ മുട്ടിവിളിച്ചു.Love U.... മനസ്സ് നിറഞ്ഞു...നെഞ്ചിലെന്തോ തടഞ്ഞു.വെറുതെ പുറത്തേയ്ക്ക് നോക്കി നിന്നു....ഇല്ല നേരിയ മഴച്ചാറൽ മാത്രം. ബൈക്ക് ഇരപ്പിച്ചുകൊണ്ട് ചുണ്ടിന്റെ കോണിൽ ഒളിപ്പിച്ച പുഞ്ചിരിയുമായി, പെട്ടെന്ന് വന്ന് അത്ഭുതപ്പെടുത്താറുള്ള മകനിപ്പോൾ അച്ഛനായിരിക്കുന്നു.ഓടിവന്ന് കെട്ടിപ്പിടിക്കുന്ന മകൾ അമ്മയായിരിയ്ക്കുന്നു.കാലചക്രത്തിന് കറങ്ങാതെ വയ്യ.നിർന്നിമേഷയായി നിരീക്ഷിക്കുമ്പോൾ, ഒരമ്മദിനം അനിവാര്യമോ എന്ന ചിന്ത.പകരം, മക്കൾക്കായി ഒരുക്കിവയ്ക്കുന്ന ദിനങ്ങളാകട്ടെ എന്നും ഒരമ്മയുടേത്....കാത്തിരിയ്ക്കാം, നിറഞ്ഞ വാത്സല്യത്തോടെ....അവർ വരാതിരിയ്ക്കില്ല്യ.

 മഴയാണ്.....തണുക്കാത്ത മനസ്സിൽ കാറ്റ് ചുറ്റിത്തിരിയുന്നു.നിറമില്ലാത്തൊരു മഴവില്ല് എനിയ്ക്ക് പിന്നിലൊളിക്കുന്നു. എന്നിട്ടും പാരിജാതപ്പൂവിന്റെ സുഗന്ധം വന്നെന്നെ മൂടിപ്പുതപ്പിക്കുന്നതെന്താവും? ആലിപ്പഴങ്ങൾ കൊണ്ട്, മുറ്റം നിറഞ്ഞിരിയ്ക്കുന്നു. മിണ്ടാതെ കഥ പറയാൻ ആരോ വരും, തീർച്ച.

 ഇനിയും                                                                                                                                                                                                                                                                                                                                                                  

കൂട്ടിയും കുറച്ചും വെട്ടിയും തുന്നിയും ശ്രമിച്ചിട്ടും, നിന്റെ ഉടുപ്പുകൾ ഒരിയ്ക്കലും എനിയ്ക്ക് പാകമായില്ല.അവയിലെ മടുപ്പുകളിലൊക്കെ വിഫലമായി പൂക്കൾ തുന്നി മറയ്ക്കാൻ പുതിയൊരു നിറം തേടി. അവസാനം ആ കുപ്പായം നിന്നെത്തന്നെയണിയിച്ച് തിരിഞ്ഞു നോക്കുമ്പോൾ, ഒരുനിറം നഷ്ടമായൊരു മഴവില്ലായി ഞാൻ.


 ഞാനും കടലും ഇന്നലെ പലതും പറഞ്ഞു.എന്നാലും തമ്മിലെ നേർത്ത വിടവിലൂടെ കുഞ്ഞുചിപ്പിയുടെ ഒരുപാതിമാത്രം ഉപേക്ഷിച്ച് അപ്രതീക്ഷിതമായി എന്തിനായിരുന്നു ആവേഗത്തോടെയുള്ള ആ ഒഴിഞ്ഞുപോക്ക്? അപ്പോളാണ് വരണ്ടമണൽ കൊണ്ട് ഞാൻ വാതിലില്ലാത്ത ഒരു മുറി പണിതത്.

 മനസ്സിത്തിരി മറന്ന് വയ്ക്കാൻ, ഒരൊളിഞ്ഞുനോട്ടത്തിന്റെ നിഴലുകാണാൻ, കാത്തിരിപ്പ് വേണ്ട.ഓർമകളിൽ തെളിച്ചം നിറച്ച്, ഞാനെന്നെ മറന്നത് വെറുതെ പങ്കിടാൻ. ഓടക്കുഴലിന് ഒട്ടും ഈണമില്ലാ.....

 പകുത്തെടുക്കാനൊരു പഴുതില്ലാതെ, പറഞ്ഞുവയ്ക്കാനൊരു പദമില്ലാതെ,

തോറ്റുപോയൊരു നിഴലിനൊപ്പം, ചുള്ളിക്കമ്പ്കൊണ്ട്
വെറുതെ ഞാനിന്നൊരു സ്വപ്നക്കൂടൊരുക്കി.

 ഭ്രമം.

നനയാത്ത മനസ്സിനെ, ഇല്ലാത്ത വെയിലിൽ ഉണക്കാൻ,
കണ്ണുംപൂട്ടി വരുമോ...കൂട്ടിന്‌?
ഒരു കാറ്റും മഴയും പുറത്തുണ്ട്.
എന്റെ ചുണ്ടുകൾ കാണാനേയില്ല.

 തിരുവാതിര. "ധനുമാസത്തിൽ തിരുവാതിര,ഭഗവാൻ തന്റെ തിരുനാളല്ലോ. ഭഗവതിയ്ക്ക് തിരു നോൽമ്പാണ്, അടിയങ്ങൾക്ക് പഴനോൽമ്പാണ്..."എന്ന പാട്ടും പാടി അയൽ പക്കത്തുള്ള സ്ത്രീകൾ എല്ലാവരും കൂടി പുലർച്ചെ പുഴയിൽ കുളിക്കാൻ പോകും.തുടിച്ചു കുളിക്കുകയാണ് പതിവ്.അപ്പോൾ മറ്റ് പാട്ടുകളും പാടും.മകയിരത്തിന്നാൾ രാത്രി 101 വെറ്റില മുറുക്കുന്ന ആചാരമുണ്ട്.തിരുവാതിര പുലർച്ചെ കുളികഴിഞ്ഞു വന്നാൽ പുത്തൻ വസ്ത്രങ്ങൾ ധരിച്ച്, ഇളനീർ വെള്ളത്തിൽ കൂവപ്പൊടി കലക്കിയതും ചെറുപഴവും കഴിക്കും. കാലത്ത് പ്രായഭേദമെന്യേ ഉഴിഞ്ഞാൽ ആട്ടം ഒരു ചടങ്ങാണ്. പ്രാതലിന് കൂവപ്പായസവും പുഴുക്കും.മകയിരത്തിന്നാൾ രാത്രി, കാലനും മുത്തശ്ശിയും ശിവന്റെ ഭൂതഗണങ്ങളായ ചോഴികളും കൂടി ഓരോവീട്ടിലും വന്ന് ചുവടുവച്ച് കളിക്കും.നെല്ല്, അരി, നാളികേരം,പഴം, മുണ്ട്, പൈസ ഒക്കെ കൊടുക്കും. ഉച്ചയ്ക്ക് കൈകൊട്ടിക്കളി ഉണ്ടാവും.വിവാഹം കഴിഞ്ഞ ആദ്യ തിരുവാതിര, പൂത്തതിരുവാതിര എന്ന പ്രത്യേകതയുണ്ട്. പുണർതത്തിന്നാൾ മകളെ വിവാഹം ചെയ്തയച്ച വീട്ടിലേക്ക് മുറുക്കാൻ കൊണ്ട് പോയിക്കൊടുക്കുന്ന ഏർപ്പാടും, വിരുന്ന് പോകുന്ന പതിവും ഞങ്ങളുടെ ഭാഗത്ത് ഉണ്ടായിരുന്നു.തിരുവാതിര പടിക്കലെത്തി നിൽക്കുമ്പോൾ, ഓർമകളിൽ മുഴുകാൻ എന്ത് രസമാണ്.

 ഒറ്റയ്ക്ക്.

നിൽക്കാൻ,തിരിഞ്ഞുനോക്കാൻ, പിന്നെ ആഴമളക്കാൻ നിന്റെ സ്വപ്നങ്ങളിൽ ഞാൻ കിടന്നുറങ്ങി.ഉണങ്ങിവീണ ഇലകളിൽ ചായം പുരട്ടി ഒളിച്ചുവച്ചു. പലവട്ടം കണ്ടൊരു സ്വപ്നം പങ്കുവെക്കാൻ തിടുക്കപ്പെട്ടപ്പോൾ, പൊയ്മുഖം ധരിച്ച്‌ മുൾച്ചെടിയിൽ മുഖമമർത്തി ചിരിച്ചതെന്തിനാ.... ചിറകില്ലാത്ത മാലാഖ, കടുംനിറമുള്ള ഉടുപ്പുകൊണ്ടു മുഖംമറച്ചു....

 അറ്റത്ത്.

നേരിയ ചില്ലുകൾ ഇരുട്ടിനെ പുറത്താക്കുന്നു.
ഒരു തിരിയിട്ട മണ്ണെണ്ണ വിളക്ക് അതുകൊണ്ടാണ് ഞാൻ കെടുത്തിയതും. പാതിമുഖവും മറച്ച നിഴൽനേരെ വന്ന്‌, വെളുത്ത ഒന്നുരണ്ട് മുടിയിഴകൾ പിഴുത് കാറ്റിൽ പരത്തിയപ്പോൾ, ആഴവും പരപ്പുമുള്ള ഗർത്തത്തിനപ്പുറത്തെ മൈതാനം തിരഞ്ഞ്‌, തീരാത്ത
പടിക്കെട്ടുകൾ എണ്ണാതെ ഇറങ്ങിക്കൊണ്ടേയിരുന്നു.
പാഴക്കിനാവുകളിലൊക്കെ,
മിന്നാമിന്നുകൾ പതിഞ്ഞിരുന്നതെങ്ങിനെ?
s
t
Like
Comment
Share

 "അമ്മദിനം"

ഓർമ്മകൾ ഒപ്പം നടക്കുന്നു.കൊച്ചുദുർവാശികളെ ക്ഷമയോടെ, സൗമ്യമായി നേരിടുന്ന,സങ്കടപ്പെടുമ്പോൾ ചേർത്തുപിടിച്ച് സാന്ത്വനമേകുന്ന വാത്സല്യത്തണലിന്റെ അഭാവം, എത്ര അനാഥത്വമാണ് സൃഷ്ഠി ക്കുന്നത് .അർഹിക്കുന്ന സ്നേഹവും പരിഗണനയും തിരിച്ചുനല്കാൻ പൂർണ്ണമായി സാധ്യമായിട്ടുണ്ടാകുമോ...പക്ഷെ ഒരിക്കലും നോവുകൾ സമ്മാനിച്ചിട്ടില്ല...അമിതമായ ലാളനയും,മറക്കാനാകാത്ത ശിക്ഷാരീതികളും സ്വീകരിച്ചിരുന്നില്ല.ആവശ്യമായ സ്വാതന്ത്ര്യം നിഷേധിച്ചിട്ടുമില്ല.എല്ലാമക്കളോടും തുല്യമായ മനോഭാവം...
ദീപ്തവും, സൗമ്യവുമായ ആ മുഖം മാഞ്ഞുപോയിട്ട് വർഷങ്ങൾ കഴിഞ്ഞുപോയിരിക്കുന്നു....എന്നാലും ഒരുദിവസം പോലും ഓർക്കാതിരുന്നിട്ടില്ല....അദൃശ്യസാന്നിധ്യമായി ഒപ്പമുണ്ട്...'അമ്മ'...ശക്തിയാണ്, ആശ്രയവും

 മുള്ളുകൾ.

കൂർത്തമുനയിൽ, പച്ചച്ച എന്തോ പുരട്ടിനിരത്തിയ മുള്ളുകളെ പെറുക്കിയെടുക്കാതെ, പറന്നുപോയൊരു മനസ്സിനെ, ഞാനിനി പണയം വയ്ക്കുന്നു.ആരോ കൊത്തിയടർത്തിയ തൂവൽ വീണ്ടും മുളയ്ക്കും ....തിരിഞ്ഞു നോക്കാൻ, മങ്ങിപ്പോയ ഓരോ മിഴിയിലും ഒരു നീലക്കടലുമായി, ഇടവഴിയിൽ ഒറ്റയ്ക്ക്.....

 ഭാരതപ്പുഴയുടെ തീരത്ത് വലിയ പാടമുണ്ട്.മഴ നിലക്കാതെ പെയ്യും.പുഴ നിറഞ്ഞൊഴുകി, പാടത്തൊക്കെ വെള്ളം നിറയും.അപ്പോൾ, വരമ്പത്തുകൂടെ മുഴുവൻ നനഞ്ഞുകുളിച്ച് സ്കൂളിൽ പോയിരുന്ന ഓർമ്മയിൽ മനസ്സ് നനയുന്നു......വീണ്ടും മഴക്കാലം.....

 പകല് വളരുകയാണ്.ഓരോ പൂക്കളിലും,പുല്നാമ്പിലും അത്ഭുതങ്ങള് നമുക്കായി കരുതി വച്ച് പ്രകൃതി.സ്നേഹത്തിന്റെയും കരുതലിന്റെയും വര്ണ്ണപ്പുതപ്പ് വാരിയണിയാം. പൂന്തോട്ട നഗരം കുളിരിന്റെ പുതപ്പ് അണിഞ്ഞിരിക്കുന്നു.നനഞ്ഞ തൂവലുകള് കുടഞ്ഞും, കൊക്കുകൊണ്ട്‌ മിനുസപ്പെടുത്തിയും ഒരു കുഞ്ഞിക്കിളി എന്റെ ജാലകപ്പടിയിലിരുന്ന് പതുക്കെ മൂളുന്ന മധുര ഗാനം എനിക്കിഷ്ടമായി. ഏതാണാ രാഗം?

 നിളയുടെ തീരത്തെ, അതിമനോഹരമായ ദേശമംഗലം എന്ന ഗ്രാമം.വീട്ടിൽ നിന്ന്‌ പാടത്തേക്ക് ഇറങ്ങാനുള്ള പടിക്കെട്ടിലിരുന്ന് വളഞ്ഞൊഴുകുന്ന പുഴയിലേക്ക് നോക്കി, കാറ്റേറ്റ് കുറെ നേരമിരുന്നാൽ മനസ്സ് നിറയും.പറന്നുപോകുന്ന കിളികളുടെ കലപിലകേൾക്കാൻ എന്ത് രസമാണ്. ഇടക്ക് കുന്നിറങ്ങി ആരവത്തോടെ പെയ്തിറങ്ങുന്ന ചാറ്റൽമഴയിൽ നനയാം....... പത്തായപ്പുരയുടെ ജനലിന് പുറത്ത് പൂത്ത് നിൽക്കുന്ന പാരിജാതത്തിന്റെ സുഗന്ധം ആസ്വദിച്ച്‌, ആട്ടുകട്ടിലിൽ സ്വപ്നം കണ്ടിരിക്കാം......ഇടക്കൊക്കെ ഇങ്ങനെ പോയിവരാറുണ്ട്.ഈ ഓർമ്മകൾ പോലും എന്തൊരു ഊർജ്ജമാണ് പ്രദാനം ചെയ്യുന്നത്.

 ഗ്രാമചിന്തകൾ.

നേരം പുലർന്നിട്ടില്ല.പരിസരം പൂർണ്ണ നിശ്ശബ്ദതതയിൽ മയങ്ങിക്കിടക്കുന്നു. ചെറുകുളിരുള്ള പുലരിയിൽ, നഗരത്തിലെ ബഹുനിലക്കെട്ടിടത്തിലൊന്നിലെ വീട്ടിലാണ് ഞാൻ.പക്ഷെ നിമിഷങ്ങൾക്ക് മുൻപ് വരെ കൂട്ടുകാരുമൊത്ത് തമാശപറഞ്ഞും പൊട്ടിച്ചിരിച്ചും.....സ്വപ്നങ്ങളെ കൈവിടുന്നതെങ്ങിനെ.ഓർത്തെടുക്കാം.
മറ്റന്നാൾ തറവാട്ടിൽ വിവാഹമാണ്.എല്ലാവരും ഒത്തുകൂടുന്ന സന്തോഷാവസരം.കുട്ടികൾ എല്ലാവരും മോളിലെ തളത്തിൽ ഒന്നിച്ച് നിരന്ന് കിടക്കും. മനസ്സ് പങ്കുവെക്കലിന്റെ, കഥപറച്ചിലിന്റെ നിദ്രാവിഹീനമായ രാവുകൾക്ക് എന്തൊരു ചന്തമായിരുന്നു....കാലത്ത് പുഴയിൽ മതിയാവോളം നീന്തിത്തുടിച്ച്‌ കുളി....
തലേദിവസം തന്നെ പന്തൽപണി പൂർത്തിയായിരിക്കും.ഗ്രാമത്തിലെ കലാകാരനും, ബുദ്ധിജീവിയും, സൗമ്യനുമായ കുമാരേട്ടൻ, വർണ്ണക്കടലാസുകൾ മനോഹരമായ രൂപങ്ങളിൽ വെട്ടിയെടുത്ത്, അലങ്കാരപ്പണികൾ ചെയ്തിരിക്കും.കുട്ടികൾക്ക് ഏറെ ഇഷ്ടമായിരുന്നൂ, ആ കാഴ്ച.
നിസ്വാർത്ഥരായ ഗ്രാമവാസികൾ ചുമതലകൾ സ്വമേധയാ ഏറ്റെടുക്കുന്ന ഇത്തരം അവസരങ്ങൾ, ഒരുമയുടെ തെളിച്ചമായി പരിണമിക്കുന്നു.
ആഘോഷങ്ങളുടെ പരിസമാപ്തിയിൽ, വേർപാടിന്റെ നോവ്‌ ആവോളം ബാക്കിയാക്കി പിരിയുമ്പോൾ, ഈന്തപ്പനയുടെ ഇലകൾക്കൊണ്ടലങ്കരിച്ച പന്തലിൽ സങ്കടം ഘനീഭവിച്ചു നിറയും.സന്തോഷകരമായ ചിലദിവസങ്ങളുടെ ബാക്കിപത്രമെന്നോണം, കുട്ടികൾ വർണ്ണക്കടലാസുകൾ കീറിയെടുത്ത് പരസ്പരം സമ്മാനിക്കും.വിരഹം...അതൊരു വല്ലാത്ത നൊമ്പരമാണ്....
ഇന്ന് രീതികൾ പാടെ മാറിയിരിക്കുന്നു.പക്ഷെ, ഗ്രാമത്തിൽ ജാതിമതാതീതമായ സാഹോദര്യമുണ്ട്.എന്തിനും സന്നദ്ധരായ യുവതയുണ്ട്.അവർ സാഹചര്യങ്ങളെ ഉണർവ്വോടെയും വിവേചനത്തോടെയും നേരിടുന്നു.സായാഹ്‌നങ്ങളിൽ പുഴയോരത്തെ മൈതാനത്ത് ഒന്നിച്ച് കളികളിൽ ഏർപ്പെടുന്നു. മനോഹരമായ സൗഹൃദം പങ്കിടുന്നു.
ഇല്ലാ... എന്റെ ഗ്രാമത്തിന് മാറ്റങ്ങൾ മാറാല തീർത്തിട്ടില്ല... അവിടം ഇന്നും നന്മകളാൽ സമൃദ്ധം തന്നെ. ആ ഓർമ്മകൾ ഇടക്കിടക്ക് ചിറകുകൾ ആഞ്ഞുവീശി പറന്നുവന്ന് എന്നെ ആഞ്ഞുപുൽകുമ്പോൾ, അകലെയാണെന്ന തോന്നലിന് ഒട്ടും പ്രസക്തിയില്ല.

 മറവി.

നനഞ്ഞ, ചെറു കുളിരുള്ള പ്രഭാതം. വികൃതികാട്ടുന്ന മനസ്സിൽ പങ്കു വക്കാതെ മറഞ്ഞിരിക്കുന്നു, നനുത്ത ആർദ്രമായ ഒരോർമ്മ. അതിമനോഹരമായ മന്ദഹാസവും.

 തിലോദകം.

മഴ ചാറിക്കൊണ്ടിരിക്കുന്നു.കർക്കിടകപ്പെരുമഴ ഈ നഗരത്തിന് അന്യമാണ്.സ്വയം സംരക്ഷണത്തിന്റെ ഭാഗമായി ഓരോ വാതിലും കൊട്ടിയടക്കപ്പെട്ട വീടുകൾ...... കറുത്തിരുണ്ട മാനത്ത് തിമർത്ത് പെയ്യാൻ വെമ്പിനിൽക്കുന്ന മഴ....പുസ്തകം മാറത്തടുക്കി വേവലാതിയില്ലാതെ പതുക്കെ നടക്കുകയായിരുന്നു അവൾ.പെട്ടെന്ന് വന്നെത്തിയ മഴത്തുള്ളികൾ വന്ന് പൊതിഞ്ഞപ്പോൾ നടത്തം തീർത്തും പതുക്കെയാക്കി.വ്യത്യസ്‌തയായിരുന്നു അവൾ.നിലാവത്തും മഴയിലും വെയിലത്തും ഓരൊ ചുവടിലും നൃത്തം ചെയ്യാൻ കൊതിച്ചവൾ.വാക്കുകൾ നീന്തിത്തുടിക്കുന്ന പുഴപോലെ ഒരു മനസ്സ്....... ആരാണ് സ്വന്തം ഏകാന്തതയുടെ വാതിലിൽ മുട്ടുന്നതെന്ന് അത്ഭുതത്തോടെ, ആവേഗത്തോടെ വാതിൽ തുറന്നു. 98 വയസ്സിന്റെ പ്രഭചൊരിഞ്ഞ്,ശാന്തമായ മുഖത്ത് ഭാവങ്ങളില്ലാതെ കണ്ണുകളിൽ നോക്കി 'അമ്മ അകത്തേക്ക് കടന്നു.....കഴിഞ്ഞുപോയ 9 വർഷങ്ങളുടെ വിശേഷങ്ങൾ പങ്കിടാൻ തുലോം കുറച്ച് സമയം എന്നപോലെ.... അമ്മേ....ചുറ്റുമുള്ള ആൾക്കൂട്ടത്തിൽ തീർത്തും ഒറ്റക്കാണ് ഞാൻ.ചിന്തകൾ നിറഞ്ഞ, നാടകീയമായ സന്ദർഭങ്ങളിൽ മനസ്സ് ഒളിപ്പിച്ചുവച്ച്,അഭിനയിച്ച്, ഞാനെന്നെ എന്നോ നഷ്ടപ്പെടുത്തിയിരിക്കുന്നു.വലയിൽ സ്വയം കുരുങ്ങാൻ സന്നദ്ധയായി നിൽക്കുന്നു. ഒരുകൈകൊണ്ട് പുറം തലോടി ഒന്നും പറയാതെ 'അമ്മ കേട്ടുകൊണ്ടിരുന്നു.ഒന്നും ഓർമ്മവരുന്നില്ല.ചുറ്റും ഒന്നുമില്ല.മനസ്സിൽ വിഷാദവും സങ്കടവും സന്തോഷവും ഇഴ ചേരുന്നില്ല.ലോലമായ മനസ്സുമായി വെറുതേയിരുന്നു.കണ്ണ് തുറന്നപ്പോൾ സന്ധ്യയായിരിക്കുന്നു.സത്യവും മിഥ്യയും കൈകോർക്കുന്ന ചിലതിനെ ഉപേക്ഷിക്കാനാവില്ല.... നാളെ കർക്കിടകവാവാണ്.പ്രിയപ്പെട്ടവർ അരൂപികളായി വന്നെത്തുന്ന ദിനം.എള്ളും പൂവ്വും ചന്ദനവും കറുകയും ചെറൂളയും ഉണക്കലരിയും ഒക്കെ ഒരുക്കിവക്കണം, പിന്നെ ദാഹജലവും.... നാളെ പുലരുമ്പോൾ സ്നേഹത്തിന്റെ, തിലോദകം സങ്കടത്തോടെ സമർപ്പിക്കാൻ നാക്കില മുറിക്കാൻ, അവൾ പുറത്തേക്കിറങ്ങി.

 പിറന്നാൾ ഓർമ്മകൾ.

എന്തൊരു കാത്തിരിപ്പായിരുന്നു.....നേരത്തെ കുളത്തിലിറങ്ങി ഒരു മുങ്ങിക്കുളി.എല്ലാപിറന്നാളിനും പുതിയ ഉടുപ്പ് എന്ന ഇന്നത്തെ രീതിയൊന്നും ഇല്ല.എന്നാലും ഉള്ളതിൽ നല്ലത് തന്നെ ഇടും.പിറന്നാൾ കുട്ടിയെ അന്ന് ആരും ചീത്ത പറയില്ല.ഇത്തിരി സ്നേഹം കാണിക്കുകയും ചെയ്യും. ഒരിക്കൽ മാത്രം 8ആം ക്ലാസ്സിൽ പഠിക്കുമ്പോൾ മിഠായി കൊണ്ടുപോയത് ഓർമ്മയുണ്ട്.ഒരു നാളികേരം എന്തായാലും അന്ന് ഉടക്കണം.സാമ്പാർ, ഉപ്പേരി, പപ്പടം കാച്ചിയത്, കടുമാങ്ങ, ഇടിച്ചുപിഴിഞ്ഞ പായസം.പിറന്നാൾ കുട്ടിയുടെ ഇലമാത്രം വിലങ്ങനെ വയ്ക്കും.പിതൃക്കൾക്ക് വേണ്ടി കത്തിച്ച വിളക്കിനടുത്ത് ഇലവച്ച് വിഭവങ്ങൾ ആദ്യം വിളമ്പും. രണ്ടാമത് ഇത്തിരി ചോറുകൂടി നിശ്ചയമായും വിളമ്പും.അപ്പോൾ മതി എന്ന് പറയാൻ പാടില്ല.ആയുസ്സ് കുറയും.ഇത്തിരി വെള്ളം കുടിച്ചാൽ പിന്നെ വിളക്ക് കെടുത്താം. ഊണ് കഴിഞ്ഞാൽ ഇല വെള്ളത്തിൽ ഇടണം.മിക്കവാറും കുളത്തിൽ ആണ് ഇടുക. വ്യത്യസ്‌തമായ ദിനം തന്നെയായിരുന്നു അത്. എന്തോ മാറിയ സാഹചര്യത്തിലും, സാധാരണമായ ആ ആഘോഷത്തെ ഇന്നും ഓർമ്മയിൽ സൂക്ഷിക്കുകയും, ഇഷ്ടപ്പെടുകയും ചെയ്യുന്നു.എന്തൊക്കെയോ, തറവാട്ടിലെ ആ പാടത്തേക്കിറങ്ങുന്ന കൽപ്പടവുകളിൽ ഞാനും മറന്ന് വച്ചിട്ടുണ്ട്.ഓരോ തിരിച്ചുപോക്കിലും നെഞ്ചിലൊളിപ്പിക്കാറുണ്ട്.മറക്കാത്ത ഒരുപാട് നിനവുകൾ...അവ എന്നും എത്ര മനോഹരമാണ്..അവയെന്നും എനിക്ക് സ്വന്തം....ചിലതൊക്കെ പങ്കുവെക്കേണ്ട........അല്ലെ.

 ഉപേക്ഷിക്കപ്പെട്ട മനസ്സ് എന്തിനാണ് തത്രപ്പെടുന്നത്...ഒരു പൂപോലുമില്ലാതെ ചില്ലകൾ പടർത്തി നിൽക്കുന്ന വന്മരത്തിൻ ചുവട്ടിലെ ഒറ്റക്കല്ലിലിരുന്നു സ്വപ്നം കാണാൻ, ഏകാന്തത തന്നെ അഭിലഷണനീയം.കിളികൾപോലും മൂകരായ ഈ നട്ടുച്ചക്കും, കരിയെഴുതിയ ചുവന്നമിഴികളിൽ നനവുമായി, ഇലകൾക്കിടയിൽ മറഞ്ഞിരുന്ന് സാകൂതം നോക്കുന്ന പേരറിയാപ്പക്ഷീ...നിന്നെ എനിക്കെന്തിഷ്ടമാണെന്നോ...ഏറെ തിരഞ്ഞ് ഒരു തുള്ളി തേൻ മാത്രമുള്ള ഒരൊറ്റപ്പൂ നിനക്ക് സമ്മാനിക്കാം.എന്നും പച്ചപ്പുല്ല് വിരിച്ച് പതുപതുത്ത മെത്തയാക്കാൻ മോഹിക്കുന്ന കൂടൊരു ഭ്രമം മാത്രം. അദൃശ്യമായ വിഭജിക്കാത്ത പാതകൾ സങ്കടം പങ്കുവക്കുന്നുണ്ട്.നിന്റെ കാടുകളിൽ നിഴൽച്ചിത്രങ്ങൾ വരച്ചിടാൻ, പച്ചിലച്ചാറുമായി കാലമുണ്ട്.ഞാൻ നീ മാത്രമാണെന്ന തിരിച്ചറിവിൽ അത് കൊത്തിപ്പറന്നു പോകാൻ, ആ ചിറകുകളിൽ ഒന്നുമാത്രം കടം ചോദിക്കട്ടെ ഞാൻ.വെറുതെ...വെറുതെ മാത്രം.

 കത്ത്.

ഇന്നൊരു കത്തെഴുതാം....ഒരിക്കലും മറ്റാരും വായിക്കാൻ സാധ്യതയില്ലാത്ത ഒന്ന്. നനഞ്ഞുകുതിർന്ന മുറ്റത്തെ മണ്ണിൽ ഒരു കുഞ്ഞുചെടിക്കൊമ്പുകൊണ്ട് കുത്തിവരച്ച അക്ഷരങ്ങൾ ഒക്കെ പുതിയതാവണം.എനിക്കുമാത്രം വായിക്കാനാവുന്നത്. ചില അക്ഷരങ്ങൾ വിങ്ങിക്കരയും.ചിലത് നിസ്സംഗരായി സ്വയം മായ്ക്കാൻ തുനിയും.ചിലവ നന്നായി അണിഞ്ഞൊരുങ്ങും.വിദൂരതയിലേക്ക് കണ്ണയച്ചു വെറുതെ ചിരിക്കുന്ന ചില അക്ഷരങ്ങളിൽ എനിക്ക് പ്രതീക്ഷയുണ്ട്.അവ ചിലപ്പോൾ മനോഹരമായ ഒരു കവിതയായേക്കാം.വരികൾക്കിടയിൽ പറയാതെയെന്തോ ഒളിച്ചുവച്ച്, പകരം വെക്കാനില്ലാത്ത നാനാർത്ഥങ്ങൾ തിളങ്ങുന്ന ഒറ്റവരിക്കവിതപോലെ, മാഞ്ഞുപോയേക്കാം. എന്നാലും, അവശേഷിക്കുന്ന ശിഷ്ടത്തിൽ തിരിച്ചറിവിന്റെ ബാക്കിപത്രം പോലെ ഞാനൊരു കാവ്യം കണ്ടെടുക്കും. ഒരിക്കലും മായാത്ത കുങ്കുമപ്പൊട്ടായി,ഇത്തിരി ചുളിഞ്ഞ കവിളത്തണിയും.കണ്ണുകളെ കബളിപ്പിച്ച് അവയ്ക്കൊരിക്കലും അകന്നുപോകാനാകില്ല.ഓരോ അക്ഷരത്തിനും പലനിറങ്ങൾ.....

 ഈ പാടം എന്റെയല്ല.

ഇത്തിരിസ്ഥലം.അതിലൊക്കെ പച്ചപ്പുല്ല്.അതിന്റെ നാമ്പിലൊക്കെ വജ്രം പോലെ മഞ്ഞു തുള്ളികൾ.അവയിലൊക്കെ മഴവില്ല്.എനിയെന്താ....അതും നോക്കിയിരിക്കുന്ന ഒരു പെണ്കുട്ടി എന്ന് എഴുതിയാലോ....പച്ചപ്പിന്റെ ഇടയിലല്ലേ അവൾക്ക് തിരഞ്ഞെടുക്കാനുള്ള പലതും ഉണ്ടാവുക.അതോ,അവിടം ശൂന്യമാകുമോ. എന്നാൽ വേറെ എന്തെങ്കിലും ചിന്തിക്കാം.ഒന്നുമില്ലായ്മയ്ക്ക് ഇത്തിരി അർത്ഥവും മനോഹാരിതയും ഉണ്ടാവുമോ.ചോദ്യങ്ങൾ തന്നോട് തന്നെയാകാം.ദൂരെ തൊപ്പിക്കുടവച്ച ഒരു വൃദ്ധൻ നിർവ്വികാരനായി ഒരു പശുവിനെ തീറ്റുന്നു വേണോ.... ഏയ്...അതിന് പുതുമയില്ല. ഓരോ കഥയെഴുതാനും കാര്യമൊന്നും വേണ്ട.അതുകൊണ്ടു സ്വയം കഥയില്ലാത്ത സ്വന്തം കഥ ഓർത്തെടുക്കാം.പണ്ട് പണ്ട് എന്ന് തുടങ്ങുന്നതല്ല.ഈ കഴിഞ്ഞ ദിവസം എന്നാക്കാം.ഒരു വർത്തമാനകാല പുതുമ നന്നാവും.പക്ഷെ, മുഴുവൻ വിചാരങ്ങൾ പകർത്താനും പറ്റില്ല്യാ. ഒരാളുടെ മനസ്സ് മറ്റുചിലർ കാണാക്കയറിട്ട് അദൃശ്യമായി ചുറ്റിപ്പിടിച്ച് വെറുതെ ചിരിക്കും.പകുതിയെഴുതി നിർത്തിയാലോ....ഇല്ല...തുടരണം.മഷി തീരും വരെ...മറ്റൊരാൾ കഥയുടെ ചെപ്പ് തുറക്കാതിരിക്കും വരെ.കാരണം, ഈ എഴുതാൻ കരുതിയ കഥ ഇനിയും കാണാത്ത സ്വപ്നത്തിന്റെയാണ്.മടുപ്പില്ലാതെ കാത്തിരിക്കാൻ, ആരാണ് കൂട്ടുവരുക...ഏകാന്തത ചിലപ്പോൾ മടുപ്പുളവാക്കും.ഇന്ന് മഴ വരില്ല.നീയ്യും.

 ആകാശത്ത് ഇന്നലെ അവൾ,

നിറയെ ഊഞ്ഞാൽ വള്ളികളുള്ള
ഒരു മരം നട്ടു.
ഒന്ന്‌രണ്ടു വള്ളികളിൽ ഞാത്തിയിട്ട രഹസ്യങ്ങൾ വിൽപ്പനക്ക് വച്ചു. പൂക്കാത്തമരം തേടി, ഓർക്കാത്ത മുഖം
തേടിവരുമെന്ന പ്രതീക്ഷയിൽ,
തുഞ്ചത്തെ കൊമ്പിൽ മിഴിച്ചിരുന്നു.

 വാതിൽ.

തുറന്ന ഏതാനും വാതിലുകൾ.അടക്കുവാൻ കുറച്ച് വാതിലുകൾ.ചിലത് താഴുകൾ ഇല്ലാത്തത്.മുന്നിലൊരു നിഴലുണ്ടെന്നപോലെ, പാതിചാരിയ നിലയിൽ തിരശ്ശീല നീക്കി എന്തോ കാത്തിരിക്കുന്നു. ഒരുകരിയിലയിൽ കോറിയിട്ട വരികൾ പറന്നു പറന്നു വന്ന്‌, എന്തോ പറയുമ്പോൾ, ഭൂതകാലം അമ്പേ മറക്കണം.ഒരു തളിരില തിരഞ്ഞു വെറുതെ യിരിക്കണം.കാരണം വാതിലുകൾ ഒരിക്കലും അടയുകയില്ല.സ്വപ്നങ്ങൾക്ക് കടിഞ്ഞാണുമില്ല.എനിക്ക് നീയാകാനുമാകില്ല.നമുക്കിടയിൽ ഞാനൊരിക്കലും പാലം പണിയില്ല. നിറഞ്ഞ ചിന്തകളുമായി,പുഴക്കരയിലെ കൂടാരത്തിൽ തനിച്ചാണ് ഞാൻ.മടുപ്പിന്റെ മാലയിൽ അവസാനമായി ഒരു മരതകം കോർത്തുവച്ചു ഞാൻ.

 വെറുതെ.

ഒരുകഥമാത്രം ഏഴുതാതിരിക്കാൻ മണമുള്ള, വരകളില്ലാത്ത
ചുവന്ന പുസ്തകം നിനക്ക് സമ്മാനിക്കാം.
താളുകളിൽ അപൂർണ്ണമായി, അവ്യക്തമായി
ചിലവരകളിൽ
ഒരുരൂപം തെളിയണം. പകുത്തു നൽകാനാകാതെ, വെളിച്ചം
ഒളിച്ചുവയ്ക്കണം. പാട്ടുപാടിപ്പാടി അലയുമ്പോൾ,
ഒറ്റമണി മാത്രമുള്ള ചിലങ്ക
നിനക്കായി ഞാൻ പണിഞ്ഞിരിക്കും.
പകലുകൾ എന്നോട് പിണങ്ങുമ്പോൾ, മറ്റൊരു രാത്രിയിൽ, ആരും അറിയാതെ ഞാനൊരു സ്വപ്നം കാണും.

 ഒരുപൊട്ടുവെളിച്ചം എവിടെയാണ് ഒളിച്ചുവച്ചത്.മങ്ങിയും തെളിഞ്ഞും അതൊപ്പം നടക്കുന്നുണ്ടോ.കണ്ണുകൾ നിറയുമ്പോൾ ബാഷ്പീകരിക്കാൻ വെട്ടിത്തിളങ്ങുന്ന, ചിലപ്പോൾ മങ്ങിയ നിലാവായി ചുണ്ടുകളിലൊളിക്കുന്ന പ്രഹേളിക.ഒരുപാട് കഥകളിലൊന്നിനെ കടമെടുക്കുന്നു.ആദിയും അന്തവുമില്ലാതെ മിണ്ടാപ്പെണ്ണ്, വാതിൽചാരാതെ മയങ്ങി വീണപ്പോഴാണ്, തണുത്തുറഞ്ഞൊരു സൂര്യനുദിച്ചതും,വഴിയൊക്കെ വിജനമായതും.ഞാനപ്പോൾ വഴിയറിയാത്തൊരു കാറ്റായി.....

ഞാൻ..... കാറ്റ് പിണങ്ങില്ലെങ്കിൽ എനിക്കെന്തോ പറയാനുണ്ട്. കാതിലോല ഇളക്കി, ലേശം ചുകന്ന ചുണ്ടിലെ നനവ് മായ്ച്ചു കളയില്ലെങ്കിൽ, പാതിയടച്ച മിഴിക്കോണിലെ മഴവില്ല് ഒളിച്ചുവച്ച ഒറ്റത്തുള്ളിയുണക്കാതെ ഒപ്പമുണ്ടെങ്കിൽ മാത്രം, ഒരു തുറന്ന പുസ്തകത്തിലെ മങ്ങിത്തുടങ്ങിയ അക്ഷരങ്ങൾ പോലെ ചിലത്.... പച്ചനിറം മുഴുവനും നഷ്ടമായ ഒരുമരത്തിന്റെ ചുവട്ടിൽ, വ്യത്യസ്തമായ രണ്ട്‌ കണ്ണുകൾ ഇത്തിരി മുൻപ് വരച്ചുവച്ചു. എത്രശ്രമിച്ചിട്ടും കൃഷ്ണമണികൾ പിണങ്ങി.കാഴ്ചയുടെ മായാജാലം കവർന്നെടുക്കാതിരിക്കാൻ, ചിമ്മിനി വിളക്ക് കൊളുത്തി. വിഭ്രാന്തിയുടെ മിന്നലാട്ടം പോലെ, എന്തോ ഒഴുകിവന്നു. വിസ്മയിപ്പിച്ച് കൊണ്ടാ രണ്ട്‌ കണ്ണുകളും, എന്റെ രണ്ടുകവിളുകളിലും ഉമ്മവച്ച് മറഞ്ഞുപോയി.... സുഷുപ്തിയിൽ സുഷിരങ്ങളുണ്ടാക്കാൻ, ആഞ്ഞുവീശി, പൊട്ടിച്ചിരിക്കരുതേ..... ഞാനിപ്പോൾ കണ്ണട ധരിച്ചിട്ടില്ല..... എന്നെയിപ്പോൾ കാണാനുമില്ല. 

 "ഉദ്യാനനഗരവും ഞാനും." പുതിയ ദശകത്തിലേക്ക് കാലൂന്നുകയാണ്.പലതും മറന്ന് വക്കാനും, ചിലതിനെ ഒപ്പം നടത്താനും, ഒരുപാട് കണ്ടെത്താനുമുണ്ട്.ഏറെ വർഷങ്ങൾക്ക് മുൻപ്, നവവധുവായി ഇവിടെ വണ്ടിയിറങ്ങുമ്പോൾ, ഒട്ടും തിരക്കില്ലാത്ത നഗരവീഥിയും, പൂത്തുലഞ്ഞ തണൽ മരങ്ങളും, സുഖകരമായ കാലാവസ്ഥയുമായി, ഈ നാടെന്നെ അത്ഭുതപ്പെടുത്തി.വാഹനങ്ങളുടെ ബാഹുല്യവും ബഹുനിലക്കെട്ടിടങ്ങളും തുലോം കുറവ്.മിക്കവാറും വിജനമായ ഇടവഴികളും, നിറഞ്ഞ തടാകങ്ങളും ഒഴിഞ്ഞുകിടക്കുന്ന ഏറെ സ്ഥലങ്ങളുമായി നഗരം ശാന്തമായിരുന്നു.തദ്ദേശീയരോടൊപ്പം, പ്രവാസികളും ജീവിതം തിരയുന്ന ബദ്ധപ്പാടിലായിരുന്നു. സ്വന്തം ഭാഷ സാംസാരിക്കുന്നവരെ കണ്ടെത്തുമ്പോൾ വല്ലാതെ ഉത്സാഹഭരിതരായിരുന്നു, അന്യോന്യം. സൗഹൃദങ്ങൾക്ക് ഇഴയടുപ്പവും പാരസ്പര്യവും....ഇന്നിൽ നിന്ന് വിഭിന്നമായി, വിരലിലെണ്ണാവുന്ന സംഘടനകൾ മാത്രം.പതുക്കെ നഗരം അനിവാര്യമായ വളർച്ചയുടെ ചുവടുകൾ താണ്ടി.പ്രവാസികൾക്ക് അനുഗ്രഹമായി അനേകം ജോലി സാധ്യകളുമായി മുഖം മിനുക്കി.കച്ചവടസ്ഥാപനങ്ങളും, ബഹുനിലക്കെട്ടിടങ്ങളും,മനോഹരമായ ഉദ്യാനങ്ങളും, നിലവാരമുള്ള വിദ്യാഭ്യാ സാവസരങ്ങളും, ബാംഗ്ലൂരിനെ പ്രശസ്തമാക്കി.സമാന്തരമായി, ഈ നാടിന് കളങ്കം ചാർത്തുന്ന തിന്മകളുടെ നിഴലാട്ടവും.മാറ്റങ്ങൾ അനിവാര്യമാണ്.ജീവകാരുണ്യരംഗത്തും,സാംസ്കാരിക പ്രവർത്തനത്തിലും സംഘടനകൾ സ്തുത്യർഹമായി മുന്നേറുന്നു.തദ്ദേശീയരുടെ മഹാമനസ്കത, ഇവിടെ ജീവിതം സുരക്ഷിതവും സന്തോഷകരവുമാക്കുന്നു. നഗരവികസനത്തിനായി മുറിച്ചുമാറ്റപ്പെട്ട അനവധി വൃക്ഷങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന് നിദാനമായി എന്ന ആശങ്കയുണ്ടാക്കുന്നുണ്ട്.നഗരം നിറയുന്ന ബഹുനിലക്കെട്ടിടങ്ങളും, വറ്റിപ്പോകുകയും,നികത്തിയെടുക്കപ്പെട്ടതുമായ ജലാശയങ്ങൾ... ജലക്ഷാമം, ഉയർന്ന വാടക...എന്നാലും ഇതിനോടൊക്കെ സമരസപ്പെട്ടുകൊണ്ട്, മെട്രോനഗരത്തിലെ സൗകര്യങ്ങൾ അനുഭവിച്ച്,ജീവിതം ആസ്വദിച്ചുകൊണ്ട്, ഓരോരുത്തരും മുന്നേറുന്നു.ഈ പൂന്തോട്ടനഗരത്തെ വല്ലാതെ സ്നേഹിച്ചുകൊണ്ട് ഞാനും....നഗരത്തിന് വളരാതെ വയ്യല്ലോ.....

"ധനുമാസത്തിൽ തിരുവാതിര, ഭഗവാൻ തന്റെ തിരുനാളല്ലോ"പാട്ടുപാടി തുടിച്ചു കുളിച്ചു .കറുത്ത ചാന്തുകൊണ്ട് പൊട്ടുകുത്തി, മുക്കുറ്റി നീരുകൊണ്ടു കുറിവരച്ചു. തേച്ച് മിനുക്കിയ എഴുതിരിയിട്ട നിലവിളക്ക് സ്വർണ്ണം പോലെ തിളങ്ങുന്നു.ഇന്ന് പാതിരാപ്പൂ ചൂടി, 101 വെറ്റില മുറുക്കി, നെടുമംഗല്യത്തിനായി പ്രാർത്ഥന.രാത്രി, ആടിപ്പാടി നൃത്തം ചെയ്യാൻ വരുന്ന ചോഴികളെ കാത്തിരിക്കാം.പുലർച്ചെ കുളിച്ച് വന്ന്‌, പുത്തനുടുത്ത്, ഇളനീർ വെള്ളത്തിൽ കൂവപ്പൊടി കലക്കിയതും, ചെറുപഴവും കഴിച്ച്, ഊഞ്ഞാലാടാം.പ്രാതലിന് കൂവപ്പായസവും, പപ്പടവും, പുഴുക്കും.അതുകഴിഞ്ഞാൽ, തിരുവാതിരക്കളി. ബഹുനിലക്കെട്ടിടത്തിന്റെ ചില്ല് ജാലകത്തിലൂടെ ആതിര നിലാവ്, ഒരുപാട് പറഞ്ഞുകൊണ്ട് , എത്തിനോക്കുന്നു. പ്രായം മറന്ന്, ബാൽക്കണിയിൽ ഒരു ഊഞ്ഞാൽ കെട്ടാൻ പറ്റുമോ എന്ന് നോക്കട്ടെ....ആണ്ടറുതികൾ ആഘോഷിക്കാതെങ്ങിനെ? 

 പ്രതീക്ഷ..... നോവുകളുടെ പുഴയോരത്ത്, അലകളിൽ ഉലഞ്ഞുലഞ്ഞു, അബലയായ ഒരു കുഞ്ഞു പൂ ചിരിക്കുന്നു.കാറ്റും മഴയും വെയിലും അതിജീവിക്കാനാവില്ലെന്നുറപ്പിച്ചുതന്നെ.ഇന്നലെകളിലെ ഉപേക്ഷിക്കാനാവാത്ത ചിലതിനെ ഭാരമാവാതെ പ്രതിഷ്ഠിക്കാൻ, വഴിയമ്പലം കാണാനില്ല.നിലക്കാത്ത തിരകൾ ഓടിയണഞ്ഞു മറയുന്ന ഇടുങ്ങിയ വഴിയിൽ, ഒരണകെട്ടണം.കുഞ്ഞുകുഞ്ഞു ചിന്തകൾ വളരുന്നത് കൗതുകത്തോടെ നോക്കിയിരിക്കണം.കഥകളൊക്കെ മായ്ച്ചു കളയണം.നാളെ മനോഹരമായിരിക്കുമെന്ന് തീർത്തു പറയണം. പുലരുന്ന ഓരോ ദിനങ്ങളും മങ്ങാത്ത ചന്തം ചാർത്തുന്ന പെണ്ണാണ്, എന്നുറക്കെ പ്രഖ്യാപിക്കണം.പ്രതീക്ഷകൾ കടുത്ത നിറം പൂശി സൂക്ഷിച്ചുവയ്ക്കണം.അത് നിന്റെ മാത്രം അവകാശമാണ്.കാരണം, കാർമേഘം നിറയുന്ന ആകാശത്ത്, ഒറ്റ നക്ഷത്രം തിരയാൻ, അതുമാത്രമാണ് പോംവഴി. നാളത്തെ പൊൻപുലരിയിൽ കണ്ണുകൾ മൂടി ഞാനെന്നെ സ്വയം നന്നായി തിരിച്ചറിയും, തീർച്ച.

മറക്കാതെ. ഓർമ്മകൾ മാധുര്യത്തോടെയും മറ്റ് ചിലത് കലഹിച്ചും വേദനിപ്പിച്ചും മങ്ങാതെ ഒപ്പം നടക്കുന്നു, ഒരേവഴിയിലെ ഇരുചേരികൾ പോലെ.ബാല്യകൗമാരങ്ങൾ എന്തൊക്കെയാണ് സമ്മാനിച്ചത്? തിരഞ്ഞെടുപ്പ് ദുഷ്കരമാണ്. നഗരത്തെ ആകെ തണുപ്പിച്ചുകൊണ്ട്, മഞ്ഞും ചാറ്റൽ മഴയുമുണ്ട്. നനഞ്ഞ മണ്ണിന്റെ സുഗന്ധം.ചെറുനാമ്പുകൾ വിടർന്ന് എന്തൊക്കെയോ പറയാൻ ആയുന്നു.നനഞ്ഞ തൂവലുകൾ ചുരുക്കിവച്ച്, പക്ഷികൾ നിശ്ശബ്ദതയിൽ മുഴുകുന്നു.ഇന്നെന്താണ് മറക്കാനാവാത്ത ചിലതൊക്കെ വല്ലാതെ തെളിയുന്നത്.കൂട്ടുകുടുംബം പലതും പഠിപ്പിക്കുന്നു.കുറച്ച് അറിവ് വയ്ക്കുംവരെ പെറ്റമ്മയെ "ചിറ്റമ്മ"യെന്നും വലിയമ്മയെ "അമ്മ"യെന്നുമാണ് വിളിച്ചിരുന്നത്.അതിൽ ആരും അസ്വാഭാവികത കണ്ടിരുന്നില്ല, തിരുത്താൻ ശ്രമിച്ചതുമില്ല.മിതഭാഷിയും ഏറെ ശാന്തസ്വഭാവക്കാരിയുമായ പെറ്റമ്മ.ഒട്ടും വിവേചനം കാട്ടാത്ത വലിയമ്മ.വേറിട്ട രീതിയിൽ,ഉപാധിയില്ലാത്ത ത്യാഗവും സന്നദ്ധതയും സ്നേഹവും ഇടകലർത്തി അവർ ഒപ്പം നടന്നു.പുലർച്ചക്ക്,ചിറ്റമ്മ മുടങ്ങാതെ ചൊല്ലുന്ന ദൈവസ്തുതികൾ കേട്ടാണ് മിക്കവാറും ദിവസങ്ങളിൽ ഉണർന്നിരുന്നത്.ഉത്സവങ്ങൾക്കും, വിശേഷങ്ങൾക്കും വലിയമ്മയാണ് കൊണ്ട് പോകുക.ആകുലതകളില്ലാത്ത ചെറുപ്പകാലം കഴിച്ച് കൂട്ടാൻ കാരണമായതും അതുകൊണ്ടാകാം. വാർദ്ധക്യത്തിന്റെ പടിവാതിലിൽ എത്തിനിൽക്കുമ്പോൾ, ചിന്തിക്കാൻ ഒരുപാടുണ്ട്. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ് ചിന്തനീയം.മാറുന്ന കാലത്തിനൊപ്പം അനുസരണയോടെയും, ജാഗ്രതയോടെയുമുള്ള മുന്നേറ്റം, പ്രയാണം എളുപ്പവും, ആഹ്ലാദകരവുമാക്കും.വ്യറ്റിസ്‌തമായ സാഹചര്യങ്ങളിൽ കാലമല്ല, നമ്മളാണ് മാറ്റങ്ങൾക്ക് വഴിയൊരുക്കേണ്ടത്. നീണ്ടവർഷങ്ങളിലെ ജീവിതാനുഭവങ്ങൾ വിലയേറിയതാണ്. ഇന്ന് വിരുന്നുവന്ന ഈ ചിന്തകൾ സ്നേഹത്തോടെ,ഓർമ്മയായി എപ്പോഴും ഒപ്പമുള്ള രണ്ട് "അമ്മ"മാർക്കുമായി, സമർപ്പിക്കുന്നു. 

 വ്യർത്ഥം. പുഴയെ തടഞ്ഞ് നിർത്തിയ പോലെയാണ് മനസ്സിന്ന്.ചെറിയ ചുഴികളിൽ ചുറ്റിക്കറങ്ങുന്ന ചപ്പുംചവറും വേർതിരിക്കാനൊരുങ്ങാതെ, മേഘാവൃതമായ ആകാശത്തിൽ ഇത്തിരി സ്ഥലം മാത്രം വേലികെട്ടി.മൃദുലമായ കൊച്ചുകമ്പുകൾ കൊണ്ട് കടമ്പായ പണിത് ചാരിവച്ചു.ഇനി നേരിന്റെയും നിരാകരണത്തിന്റെയും രണ്ട് ചുവരുകൾ മാത്രമുള്ള ഒരു മുറി പണിയണം.തുറന്നിട്ട ഭാഗത്ത് ഞാനെന്നെ പ്രതിഷ്ഠിക്കും.കാൽപാദങ്ങൾ മൂടുംവരെ പുഴയെ തുറന്നു വിടണം.വെള്ളാരം കല്ലുകൾ ഒഴുകിവന്നു നിറയണം.രണ്ടേരണ്ടു കല്ലുകൾ ഞാൻ പെറുക്കിയെടുക്കും. ഇന്നലെയും ഇന്നുമായി ഞാനവയെ വ്യാഖ്യാനിക്കും. നാളെയെ പ്രതീക്ഷിക്കരുത്.തീരെ നിറമില്ലാത്ത നനുത്ത മുണ്ടുകൊണ്ട് എന്നോ അതിനെ മറച്ചുവച്ചു.തളിർക്കാതെ, പൂക്കാതെ, കായ്കൾ പഴുക്കാതെ ഒറ്റപ്പെട്ട മരത്തിനെ നിർവ്വികാരമായി നോക്കി, പിന്നോക്കം നടക്കുമ്പോൾ ഞാനൊരു മഴവില്ലായി മറയും.

 നിരാശ.

ഒമ്പത് നിറങ്ങളുള്ള പ്രതിഭാസമാണ് നിരാശയെന്ന്, കുറഞ്ഞ നിരീക്ഷണത്തിലാണ് കണ്ടെത്തിയത്.ചിലനിറങ്ങൾ ഒന്നാകാതെ വിഘടിച്ചുനിൽക്കുന്നു.അവക്ക് എന്തോ അറിയിക്കാനുണ്ടത്രേ.എതിർച്ചേരികളാണെങ്കിലും,ചിലപ്പോൾ ഒറ്റനിറമായി തെളിയാറുണ്ടവ. നിറങ്ങൾ തേങ്ങിക്കരയാറുണ്ട്. പൊട്ടിച്ചിരിക്കാറുണ്ട്.മേൽക്കൂരയില്ലാത്ത വീട് പണിയാറുണ്ട്.ചുറ്റും മുള്ളുവേലി കെട്ടാറുണ്ട്.പക്ഷെ കഥകൾ എന്നോട് മാത്രമേ പറയാറുള്ളൂ.കാരണം, ഒരുപാട് അർത്ഥമില്ലാത്ത വെളിപാടുകൾ നിറങ്ങളിൽ ഒളിപ്പിച്ചുവച്ച്‌, നിരാശയെ കാത്തിരിക്കുന്ന നിഴലാണ് ഞാൻ.

 തീരത്ത്.

ഉയർന്നും താണും, വളഞ്ഞുംപുളഞ്ഞും അന്തംവിട്ടിരിക്കുന്ന തീരത്തിന്, ഉത്തരമുള്ള ഒരു ചോദ്യമുണ്ട്.അത് ചോദിക്കാൻ ജാള്യതയുണ്ട്.അരികിലൂടെ ഒഴുകിപ്പോയ അസംഖ്യം അരുതുകളെ വലയിൽ കുരുക്കാനാവാതെ, അതിരുകൾ നിർമ്മിക്കാതെ ഒഴുകുന്ന ഉറവയിൽ വിശ്വാസത്തെ നനച്ച് പിഴിയാതെ, സ്വയം മറഞ്ഞ വലിയൊരു പുഴയുടെ കഥ.നിറഞ്ഞു പടർന്നൊഴുകാൻ പ്രതലമില്ലാതെ, ഗർത്തത്തിലേക്ക് മറഞ്ഞുപോയൊരു പുഴ.അഭിനിവേശത്തോടെ ആകാശത്തെ പുണർന്നവൾ.തെളിനീരായി സ്വയം ശുദ്ധീകരിച്ചവൾ.വൈഡൂര്യം പോലെ വെട്ടി ത്തിളങ്ങിയവൾ.പച്ചപ്പിനെ മാറിലണിഞ്ഞവൾ.ആയിരം കഥകൾ ഒളിച്ചുവച്ച് കഥയില്ലാതെ പുഞ്ചിരിച്ചവൾ.ആവേഗത്തോടെ ഒഴുകി, അരുതുകളിൽ മുഖം മറച്ചവൾ. ഇവിടെ ഒരു സങ്കടപ്പുഴ ഒഴുകിയിരുന്നോ... അതോ ഒരു ഭ്രമം മാത്രമോ...എന്നിട്ടും ഞാനെങ്ങിനെയാണ് ഈ പുഴയെ തിരഞ്ഞു, മേഘത്തുണ്ടായി മറഞ്ഞത്?

വെറുതെ...... നന്നായി വെയിൽ പരന്ന് ഇത്തിരി കഴിഞ്ഞപ്പോൾ, ഞാനെന്നെ കഴുകിത്തുടച്ച പീഠത്തിൽ പിടിച്ചിരുത്തി.കാൽപ്പത്തിക്ക് ചുറ്റും കോലം വരച്ചു.കുറച്ച് പാഠങ്ങൾ ഉരുവിട്ട്, മറന്നുവച്ച നിറമില്ലാത്ത ആടയെടുത്ത് അരയിൽ ചുറ്റി. പിന്നെ ഒറ്റക്കാലിൽ,ആകാശത്തിനും ആഴിക്കുമിടയിൽ, നിലക്കാത്ത നൃത്തം തുടങ്ങി.നീലനിറം വാരിയെടുത്ത് മേലാകെ ചിത്രംവരച്ചു.കുനിഞ്ഞുനോക്കി, ഭംഗിയോടെ ഭൂമിയിൽ നക്ഷത്രങ്ങൾ വിതച്ചു. എത്ര കാത്തിരുന്നിട്ടും ചിറകുകൾ മുളക്കാതെ, ഞാനെന്നെ ഇപ്പോൾ മാച്ചുകളഞ്ഞു.

 കാഴ്ച.

ദളങ്ങളൊക്കെ പൊഴിയും എന്നുറപ്പാണ്.
വിത്തുകള് ഉറക്കം നടിക്കുകയും.
തായ് വേരിന്റെ അരികിലായി,
അകത്തേക്ക് തുറക്കുന്ന ദ്വാരമിടാം.
തന്മാത്രകള് ചേര്ത്ത് വക്കാം.
വിചാരങ്ങളെ ചാരിനിര്ത്താം.
പ്രതലത്തിലാകെ മഷിത്തണ്ട് പടര്ത്തണം.
ഇനി പുഴയിലേക്കിറങ്ങാം.
അവിടെ നിഴലുകളുടെ പ്രളയമുണ്ട്.
ഒന്നിനെങ്കിലും അധരമുണ്ടാകും.
പൂകൊണ്ട് അത് മറയ്ക്കാന് വയ്യെനിക്ക്‌.
പെരുമഴത്തുള്ളി കാത്തുവയ്ക്കാനൊരിടം വേണ്ടേ?

 പ്രണയദിനം.

പ്രണയദിനത്തിൽ
എന്നെ വരക്കാൻ, എനിക്കുമാത്രമേ കഴിയൂ.
ചുളിഞ്ഞ കൺതടവും ,
ഓജസ്സില്ലാത്ത മിഴികളും ,
കരുവാളിച്ച കവിളും വരച്ചപ്പോളാണ്, മൃദുലമായ ഇളംചുവപ്പാർന്ന ചുണ്ടുകൾ കടംവാങ്ങി, ഞാനെന്റെ മോഹം നിന്റെ നെറ്റിയിൽ പതിച്ചുവച്ചത്.

 മൗനം.

ഒരുപാട് പറയാനുള്ളപ്പോഴാണ്,മൗനം അണിഞ്ഞൊരുങ്ങി ഒപ്പം നടക്കുക.
ചുവന്ന അധരങ്ങളെ നിരാകരിച്ച്‌,
കൺപീലികളിൽ ഒളിച്ചിരിക്കുക. നിലക്കാതെ നൃത്തംചെയ്തു മോഹിപ്പിക്കുക.
സമ്മാനം മോഹിക്കാതെ, താങ്ങില്ലാതെ തളർന്നു വീഴുക. നാടവസാനിക്കുന്ന അറ്റത്താണ്,
കാറ്റും മഴയും വെയിലും തലോടാത്ത എന്റെ
ഒരൊറ്റമുറി വീട്.
ഞാനാ മുറി തുറന്നിട്ടു.
പുറത്തേക്ക് നിറഞ്ഞൊഴുകി മുറ്റത്താകെ നിറഞ്ഞ സ്വപ്നംകൊണ്ട് മൂടിപ്പുതച്ച്‌, ഏകാകിയായി.
എന്നിട്ട്, വാചാലതയോടെ തീരാത്തൊരു ഭ്രമമായി ചിറകുവീശി എന്നിൽ മാത്രമൊളിക്കുന്ന പ്രഹേളികയെ കുടിയിരുത്താൻ,
മൗനത്തിൽ ഒളിച്ചു.

 എന്തോ ഒന്ന്.

സന്ധ്യക്കും രാത്രിക്കും ഇടയിലെ എന്തോ ഒന്നിന്റെ നിഴലാട്ടം, മോഹിക്കാഞ്ഞിട്ടും എന്നെ ചുറ്റി വരിയുന്നു.മങ്ങിയ വെളിച്ചം മാത്രമുള്ള ഈറൻ സന്ധ്യയിലാണ്,മെലിഞ്ഞ അഴയിൽ ഞാനെന്നെ വിരിച്ചിട്ടത്.നേർത്ത കാറ്റിൽ പതുക്കെ ഊഞ്ഞാലാടുമ്പോൾ പകുക്കാൻ വയ്യാത്ത കുഞ്ഞുമോഹം മിഴി തുറന്നു. പച്ചപ്പിലൂടെ ഉരുണ്ടുരുണ്ട്, ദൂരെയുള്ള മലയടിവാരത്തിലെ കുഞ്ഞരുവിയിൽ കഴുകിയെടുത്ത തെളിഞ്ഞ മനസ്സിന് വിലയിടാൻ, നീ വരുമെന്ന് ഉറപ്പായിരുന്നു.കാറ്റും വെയിലുമായി, തുറിച്ച കണ്ണുകളിൽ കാപട്യം നിറച്ചും, വേഷം മാറിയും മറഞ്ഞു നിന്നിട്ടും, ഞാൻ അലസയായി വെറുതേയിരുന്നു. പാട്ടും പാടിവന്ന മഴയിൽ കുളിച്ച്, നനഞ്ഞ മനസ്സുമായി പാറിവന്ന് ഒരു കുഞ്ഞ് ഇല എന്റെ ചുണ്ടിലുരുമ്മി, നിപതിച്ചു. പിന്നിലൊളിക്കുന്ന നിഴലിന്റെ കുസൃതി, ഒറ്റക്കണ്ണിന്റെ സങ്കീര്ണ്ണതയില് മാഞ്ഞുപോയിരിക്കുന്നു.ചിലപ്പോള് ചിലത് അങ്ങിനെയാണ്.ഞാനിപ്പോൾ അറിയുന്നതും, അതുതന്നെ.

 വനിതാദിനം.

ചില ഓർമ്മകളും ചിന്തകളുമാണ്, വനിതാദിനം വീണ്ടും വന്നണയുമ്പോൾ തെളിയുന്നത്.സ്ത്രീക്കുള്ളിൽ തീർച്ചയായും സ്വത്വത്തിന്റെ കനലെരിയുന്നുണ്ട്.എപ്പോഴെങ്കിലും അതിന് ആളിക്കത്താൻ ഒരു കാറ്റ് വഴിതെറ്റി അതിലെ വന്നണയാറുണ്ടോ.ഏറിയ പങ്കും കനൽമൂടി കെട്ടു പോകുന്ന അവസ്ഥയാണ്.ഞെട്ടലോടെ വായിച്ചുപോകുന്ന പല വാർത്തകളും ചെറുക്കാനാവുന്നതായിരുന്നില്ലേ എന്ന് സങ്കടത്തോടെയും രോഷത്തോടെയും ആലോചിച്ചിട്ടുണ്ട്.സ്വന്തം വ്യക്തിത്വവും സുരക്ഷയും ഓരോ സ്ത്രീയും സ്വയം ഉറപ്പാക്കേണ്ട ഇന്നത്തെ അവസ്ഥയിൽ, അവൾ ഉണരേണ്ടതുണ്ട്.നിസ്സഹായതയുടെ മേലാപ്പുചുറ്റി അന്ധാളിച്ചു നിൽക്കുന്ന പ്രവണതയിൽ നിന്നും ഒരു ചുവടെങ്കിലും മുന്നേറുകയെന്നതാണ് ആദ്യപടി.പണ്ട് ഗ്രാമങ്ങളിൽ എല്ലാവരും പരസ്പരം അറിയുന്നവരും ആവശ്യസമയത്ത് സ്വന്തം പ്രശ്നമെന്നപോലെ പ്രതികരിക്കുന്നതും സാധാരണമായിരുന്നു.ഇന്ന് മാറിയ സാഹചര്യത്തിൽ ആ പ്രതീക്ഷ അസ്ഥാനത്താണ്.ഇന്നും സ്ത്രീ തീർത്തും സ്വതന്ത്രയും സുരക്ഷിതയുമാണ് എന്ന് തീർത്തു പറയാൻ കഴിയില്ല.കെട്ടു പിണഞ്ഞു കിടക്കുന്ന ദുരൂഹതയാണ് ഇന്നും ഭൂരിപക്ഷം സ്ത്രീ ജീവിതങ്ങളും.അവർ വിലയിടപ്പെട്ട വസ്തുക്കളായി മറഞ്ഞുപോകുന്നു.അവരുടെ കണ്ണുകൾ അദൃശ്യമായി മറച്ചിരിക്കുന്നു.അവരുടെ കാലുകൾ പൂട്ടിയിരിക്കുന്നു.ചിന്തകളെ വിലങ്ങണിയിച്ചിരിക്കുന്നു.സ്വയം പര്യാപ്തതയുടെയും, അറിവിന്റെയും, ആത്മവിശ്വാസത്തിന്റെയും കവചമണിഞ്ഞു മുന്നേറുക. മാന്യനും മനുഷ്യത്വമുള്ളവനുമായ പുരുഷനെ ഒപ്പം കൂട്ടുക.സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണ്.അവർക്ക് വേറിട്ട് മുന്നേറാനും, നിലനിൽക്കാനും, അവശേഷിക്കുവാനുമാകില്ല.
ഒരു പ്രത്യേക ദിവസം മാത്രം വനിതാദിനമായി ആചരിക്കുന്നതിനെ അനുകൂലിക്കുന്നില്ല.ഓരോ കുടുംബവും ശക്തിയോടെ മുന്നേറട്ടെ.സ്ത്രീകൾ ആദരിക്കപ്പെടട്ടെ.അവരുടെ നിസ്വാർത്ഥസേവനം,അവർ നയിക്കുന്ന പുതുതലമുറ ഒക്കെയാണ്, മുന്നിലെ നീണ്ടവഴിയിൽ പൂ വിരിക്കുക.
ഞാൻ കണ്ട തെളിഞ്ഞ കരുത്തുറ്റ വ്യക്തിത്വമാണ് എന്റെ അമ്മ. എട്ട് മക്കളെ പ്രസവിച്ച്‌ അവരെ സമൂഹത്തിന് ദുരന്തമാകാതെ സമ്മാനിച്ച ശക്തയായ, 98 വയസ്സുവരെ അഭിനന്ദനീയമായി ജീവിച്ച അഭിവന്ദ്യയായ അമ്മ.

 സംശയം.

ജാലകത്തിനടുത്ത്,
നിരനിരയായി കെട്ടിടങ്ങള്.
ഒരരുകിലൂടെ തലനീട്ടി ഒരാല്മരം.
നൃത്തം ചെയ്യുന്ന ഇലകള്ക്കിടയിലൂടെ
നീലാകാശത്തിന്റെ തിരനോട്ടം.
അതിനുമപ്പുറത്തേയ്ക്ക്
എന്റെ മനസ്സ് കൊത്തിയെടുത്ത്,
ചിറകു തളരാതെ എങ്ങോട്ടാണ് നീ
പറന്നുപറന്നു മറഞ്ഞു പോയത്? ഇപ്പോൾ ഈ പൂന്തോട്ടത്തിൽ തീർത്തും തനിച്ചാണ് ഞാൻ.

 അപരിചിതം. "നിത്യസുന്ദര നിർവൃതിയായ് നീ, നിൽക്കുകയാണൻ ആത്മാവിൽ" ഏതാനും വർഷങ്ങളായി വന്നെത്തുന്ന പിറന്നാൾ ആശംസക്ക്,ഇക്കുറിയും മുടക്കമില്ല.ഒരുപാട് കേട്ടിട്ടുള്ള ഇഷ്ടഗാനം.വീണ്ടും വീണ്ടും കേട്ടുകൊണ്ട് വെറുതേയിരുന്നു.വേനൽമഴ തിമിർത്തു പെയ്ത ഇന്നലെ രാത്രിയിൽ ഉറങ്ങാനായില്ല.കാലത്ത് മുറ്റം നനവാർന്നു, ചെടികൾ ഉന്മേഷത്തോടെ ചെറുകാറ്റിൽ ഇളകിയാടുന്ന കാഴ്ച മനോഹരം.നോക്കി നോക്കി ശൂന്യമായ മനസ്സിൽ തുമ്പികളും പൂമ്പാറ്റകളും പാറിപ്പറക്കുന്നു.ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച്‌, ഒരുമാസംമുമ്പ് പടിയിറങ്ങുമ്പോൾ മനസ്സ് വിജനമായിരുന്നു.ചിലതൊക്കെ തേച്ചുമിനുക്കി മനോഹരമാക്കണം.പലതും മായ്ച്ച് കളയുകയും അനിവാര്യം.ഒളിച്ചിരിക്കുന്ന ഓർമ്മകളെ പിടിച്ചിരുത്തണം.എവിടെയൊക്കെയോ തുരുത്തുകൾ.അവയിൽ അവിടവിടെ വിരിഞ്ഞപൂക്കൾ അവശേഷിപ്പിച്ച വിത്തുകളുണ്ട്.അവയെനട്ടുവളർത്തണം. എന്നും പ്രഹേളികയായി വന്നെത്തുന്ന ആശംസകളെ വെറുതെ ഇഷ്ടപ്പെട്ടു തുടങ്ങി.ഒരിക്കലും കാണാത്ത ആ സൗഹൃദത്തിനേയും.സ്വന്തം വിലാസമില്ലാതെ ഇടവേളകളിൽ വന്നെത്തുന്ന കത്തുകളിൽ ജീവിതം നിറഞ്ഞു നിന്നു.വരികളിൽ സത്യസന്ധതയോ, ഭാഷയുടെ ഭംഗിയോ, പ്രണയമോ,സൗഹൃദമോ ഒക്കെ തിരഞ്ഞപ്പോൾ, ഊഷ്മളതയുടെ സുഗന്ധം നിറഞ്ഞു.ഒരിക്കലും മറുപടി പ്രതീക്ഷിക്കാത്ത കത്തുകളിൽ, തന്നെ നന്നായി പഠിച്ച ഒരാളുടെ നിഴൽ മറഞ്ഞിരിക്കുന്നതായി തോന്നി.പരിചയമുള്ള മുഖങ്ങൾ അരൂപിക്കു നൽകാൻ ശ്രമിച്ചു പരാജയമടഞ്ഞപ്പോൾ ആ യജ്ഞം മതിയാക്കി,മനോഹരമായ ഒരു സൗഹൃദത്തെ മനസ്സിൽ പ്രതിഷ്ഠിച്ചു. പണ്ടെങ്ങോ പാതിയെഴുതിവച്ച കഥയുടെ താളുകൾ തിരഞ്ഞെടുത്ത്, ഇതുവരെ നിരീച്ചിരുന്ന കഥാവസാനത്തെ തികച്ചും വേറിട്ട അന്ത്യത്തിലേക്ക് തിരിച്ചുവിടാൻ ഉറപ്പിച്ച് കോണിയിറങ്ങുമ്പോൾ ആരോ വാതിലിൽ മുട്ടി.തപാലിൽ ഒരു കുഞ്ഞുപാർസൽ.ആവേഗത്തോടെ തുറന്നപ്പോൾ, അധികം വിലപിടിച്ചതല്ലാത്ത രണ്ടു പേനകൾ.കറുപ്പും, നീലയും മഷി നിറച്ചവ.കൂടെ ഒരു കുറിപ്പും.കാണാമറയത്തിരുന്നു കത്തുകൾ എഴുതുന്ന ഒരാളോട് എപ്പോഴെങ്കിലും ഇഷ്ടക്കുറവ് തോന്നുമ്പോൾ, നീലമഷിയിൽ അത് കോറിയിടുക.കറുത്തമഷിയുള്ള പേന ഒരു പ്രതീകമായി, പ്രതീക്ഷയായി സൂക്ഷിക്കുക.അപ്രതീക്ഷിതമായി ചിലത് വെളിവാകുമ്പോൾ, ആ പേന കൊണ്ട് മുഖമില്ലാത്ത ഒരുചിത്രം വരക്കണം.ഏറെ രസകരമായിരിക്കും അത്. തിരഞ്ഞിട്ടും വെളിവാകാത്ത രൂപമില്ലാതെ തളിർത്ത സൗഹൃദം പടർന്നു പന്തലിച്ചു സദാ നിഴൽ വിരിച്ച് ആഹ്ലാദം നിറക്കുമ്പോൾ, മറഞ്ഞുനിന്ന് ഞാൻ പാടിയാലും ഒരിക്കലും തിരിഞ്ഞ് നോക്കരുത്.കണ്ടെത്താനാകാത്ത അരുതുകൾക്ക് വർണ്ണഭംഗിയുണ്ടാകും.വെറുതെ കാത്തിരിക്കാനുള്ള പ്രലോഭനവും. ചിന്തകൾക്ക് ചന്തമുണ്ടാവാൻ, നീലാകാശത്ത് വെറുതെ തിരയാൻ, നനഞ്ഞ മണ്ണിൽ പതുക്കെ ചവിട്ടി പുറത്തേക്കിറങ്ങി.പാടത്ത് ഒരുപിടി അർത്ഥമില്ലാത്ത മോഹങ്ങൾ നട്ട്, അവൾ വെറുതെ ചിരിച്ചു.