മഴയ്‌ക്കൊപ്പം.
ഒപ്പം നടന്നിട്ടും എന്നോടൊന്നും മിണ്ടാതെ മഴ.വരമ്പിന്റെ രണ്ടുഭാഗത്തും കലങ്ങിയ വെള്ളം നിറഞ്ഞ കണ്ടങ്ങളിൽ ഞാറ് തലനീട്ടുന്നു.ഒരു കുഞ്ഞുതവളയെ വായിലാക്കി പുളഞ്ഞു നീങ്ങുന്ന നീർക്കോലി.കുട നിവർത്താതെ,നിറഞ്ഞു തുള്ളിയൊഴുകുന്ന പുഴയുടെ ഓരത്തെത്തി, പടവിലിരുന്നു.ഓരോ അലയും കാൽ വിരലുകളിൽ തൊട്ട് അകന്നുപോയി.ഈ പടവുകളിറങ്ങിച്ചെന്നു തിരഞ്ഞു പെറുക്കിയെടുക്കാൻ ചിലത്, അകലേക്ക് പോകും മുൻപ് നിക്ഷേപിച്ചിരുന്നു.നല്ല ഓർമ്മയുണ്ട്.വെള്ളമൊഴുകിയൊഴുകി പവിത്രമായ അതിപ്പോൾ തിളങ്ങുന്നുണ്ടാവും.ഒഴുക്കിൽ ഒരിക്കലും അത് നഷ്ടമായിട്ടുണ്ടാവില്ല.പരതിയെടുത്ത് സൂക്ഷിച്ചുവയ്ക്കാൻ പാടവഴിയിലെ നിലക്കാത്ത ഉറവമതി. ഒഴുകിയൊഴുകി നിറമുള്ള ഓർമ്മയുടെ പ്രതീകമായി,വീണ്ടും അത് തിരിച്ചെത്തും.ഒന്നിനുമല്ലാതെ വെറുതെ കാത്തിരിക്കാൻ ആരെങ്കിലും വേണം.ആ ചിന്ത മനസ്സ് നിറക്കും.....അറിയാതെ ഞാനെങ്ങിനെയാണ് ഈ വരണ്ട പുഴയുടെ നടുവിലെത്തിയത്?അതേ...ഒപ്പം നടക്കുന്ന പുഴയും മഴയും...ആഹ്ലാദം നൽകുന്ന പ്രതീക്ഷയാണ്.ഞാൻ എന്നിലേക്ക് എത്തിനോക്കുന്നതും,അങ്ങിനെ.പെട്ടെന്ന് ആവേഗത്തോടെ ആർത്തുപെയ്യുന്ന മഴയിൽ ഞാൻ എന്നെ ഒളിപ്പിച്ചു.....എല്ലാം മറന്നു.
No comments:
Post a Comment