പിറന്നാൾ ഓർമ്മകൾ.
എന്തൊരു കാത്തിരിപ്പായിരുന്നു.....നേരത്തെ കുളത്തിലിറങ്ങി ഒരു മുങ്ങിക്കുളി.എല്ലാപിറന്നാളിനും പുതിയ ഉടുപ്പ് എന്ന ഇന്നത്തെ രീതിയൊന്നും ഇല്ല.എന്നാലും ഉള്ളതിൽ നല്ലത് തന്നെ ഇടും.പിറന്നാൾ കുട്ടിയെ അന്ന് ആരും ചീത്ത പറയില്ല.ഇത്തിരി സ്നേഹം കാണിക്കുകയും ചെയ്യും. ഒരിക്കൽ മാത്രം 8ആം ക്ലാസ്സിൽ പഠിക്കുമ്പോൾ മിഠായി കൊണ്ടുപോയത് ഓർമ്മയുണ്ട്.ഒരു നാളികേരം എന്തായാലും അന്ന് ഉടക്കണം.സാമ്പാർ, ഉപ്പേരി, പപ്പടം കാച്ചിയത്, കടുമാങ്ങ, ഇടിച്ചുപിഴിഞ്ഞ പായസം.പിറന്നാൾ കുട്ടിയുടെ ഇലമാത്രം വിലങ്ങനെ വയ്ക്കും.പിതൃക്കൾക്ക് വേണ്ടി കത്തിച്ച വിളക്കിനടുത്ത് ഇലവച്ച് വിഭവങ്ങൾ ആദ്യം വിളമ്പും. രണ്ടാമത് ഇത്തിരി ചോറുകൂടി നിശ്ചയമായും വിളമ്പും.അപ്പോൾ മതി എന്ന് പറയാൻ പാടില്ല.ആയുസ്സ് കുറയും.ഇത്തിരി വെള്ളം കുടിച്ചാൽ പിന്നെ വിളക്ക് കെടുത്താം. ഊണ് കഴിഞ്ഞാൽ ഇല വെള്ളത്തിൽ ഇടണം.മിക്കവാറും കുളത്തിൽ ആണ് ഇടുക. വ്യത്യസ്‌തമായ ദിനം തന്നെയായിരുന്നു അത്. എന്തോ മാറിയ സാഹചര്യത്തിലും, സാധാരണമായ ആ ആഘോഷത്തെ ഇന്നും ഓർമ്മയിൽ സൂക്ഷിക്കുകയും, ഇഷ്ടപ്പെടുകയും ചെയ്യുന്നു.എന്തൊക്കെയോ, തറവാട്ടിലെ ആ പാടത്തേക്കിറങ്ങുന്ന കൽപ്പടവുകളിൽ ഞാനും മറന്ന് വച്ചിട്ടുണ്ട്.ഓരോ തിരിച്ചുപോക്കിലും നെഞ്ചിലൊളിപ്പിക്കാറുണ്ട്.മറക്കാത്ത ഒരുപാട് നിനവുകൾ...അവ എന്നും എത്ര മനോഹരമാണ്..അവയെന്നും എനിക്ക് സ്വന്തം....ചിലതൊക്കെ പങ്കുവെക്കേണ്ട........അല്ലെ.
No comments:
Post a Comment