Tuesday, October 19, 2021

 കഥയില്ലാതെ.

നട്ടുച്ചവെയിലും, നിലാവുംപോലെ സമാന്തരങ്ങൾ.പരസ്പരം തൊടാൻ ശ്രമിച്ച്, വിരൽത്തുമ്പുകൾ വേദനിച്ചവർ.ഒറ്റമരത്തിൽ പടരാനാവാതെ പിടിവള്ളിയില്ലാത്ത കുഞ്ഞുചെടി വെറുതെ ചിരിച്ചു.കാറ്റുവീശി ആടിയുലയുമ്പോളും പരാജയത്തെ ആവാഹി ക്കാത്തവൾ.ചുറ്റും സുസൂഷ്മം നിരീക്ഷിക്കേണ്ട പലതുണ്ട്.നിറമില്ലാത്ത കഠിനതകൾ വാശിയോടെ പെറുക്കിയെടുത്ത്, ദ്വാരമില്ലാത്ത പിരമിഡ് നിർമ്മിച്ചത്, സ്വയം തളക്കപ്പെടാതിരിക്കാൻ. ചുക്കിച്ചുളിഞ്ഞ കിടക്കവിരിയിൽ നാലഞ്ചുസങ്കടങ്ങളെ അമർത്തിവച്ച്, വെള്ളം തളിച്ചു. ചേർന്നിരിക്കട്ടെ അവ.ഓരോന്നായി പറന്നുപോയി മറ്റൊരിടത്ത്‌ ചേക്കാറാതിരിക്കാൻ ഇതാണ് ഉപായം.വിരസതയുടെ മഞ്ഞളിപ്പ് ആടിപ്പാടുമ്പോൾ,മഞ്ഞുപെയ്യണം.മഞ്ഞിൻ കണങ്ങൾ മനസ്സിൽ നിറയണം. നിറമാർന്ന ചിത്രദളങ്ങളുള്ള പൂവായി വിരിയണം. ചിറകുകൾ വീശി അകലെ പറക്കുന്ന ചിത്രശലഭത്തെ മാടിവിളിക്കണം. വിചാരങ്ങളുടെ തടവറ തുറന്നുവക്കണം.പാട്ടുംപാടി, പ്രതീക്ഷയായി പെയ്യുകയാണ് മഴ.നൂറായിരം വിത്തുകളിൽ ചിലതെങ്കിലും ഉണരും.പ്രയാണത്തിനായി തത്രപ്പെടും.ഒറ്റവേരിൽ ചുവടുറപ്പിക്കും.വെയിലേൽക്കാൻ മോഹിക്കും.ഒരിലനീട്ടി ചാഞ്ചാടും.പൂചൂടാൻ ഇത്തിരി സമയം ചോദിക്കും.കായുണ്ടകുമോ എന്ന് സന്ദേഹിക്കും.ആത്മവിശ്വാസത്തോടെ ആശ്രയംതേടും.എന്നിട്ടൊരു കുഞ്ഞിക്കഥ പറയും. എന്തിനാണ് വെറുതെ ചിരിക്കുന്നത്?ഇക്കഥയിൽ എന്നെ കാണാനേയില്ലല്ലോ.അടുത്ത കഥ ത്രസിപ്പിക്കുന്നതും, ഭ്രമനാത്മകവുമായിരിക്കും.വാതിലിന്റെ സാക്ഷ ചെറുതായിമാത്രം കുരുക്കിയിടാം.കാറ്റുമാത്രം കടന്നുവന്ന് നിലക്കാതെ നൃത്തം വയ്ക്കട്ടെ.

No comments:

Post a Comment