അപരിചിതം. "നിത്യസുന്ദര നിർവൃതിയായ് നീ, നിൽക്കുകയാണൻ ആത്മാവിൽ" ഏതാനും വർഷങ്ങളായി വന്നെത്തുന്ന പിറന്നാൾ ആശംസക്ക്,ഇക്കുറിയും മുടക്കമില്ല.ഒരുപാട് കേട്ടിട്ടുള്ള ഇഷ്ടഗാനം.വീണ്ടും വീണ്ടും കേട്ടുകൊണ്ട് വെറുതേയിരുന്നു.വേനൽമഴ തിമിർത്തു പെയ്ത ഇന്നലെ രാത്രിയിൽ ഉറങ്ങാനായില്ല.കാലത്ത് മുറ്റം നനവാർന്നു, ചെടികൾ ഉന്മേഷത്തോടെ ചെറുകാറ്റിൽ ഇളകിയാടുന്ന കാഴ്ച മനോഹരം.നോക്കി നോക്കി ശൂന്യമായ മനസ്സിൽ തുമ്പികളും പൂമ്പാറ്റകളും പാറിപ്പറക്കുന്നു.ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച്, ഒരുമാസംമുമ്പ് പടിയിറങ്ങുമ്പോൾ മനസ്സ് വിജനമായിരുന്നു.ചിലതൊക്കെ തേച്ചുമിനുക്കി മനോഹരമാക്കണം.പലതും മായ്ച്ച് കളയുകയും അനിവാര്യം.ഒളിച്ചിരിക്കുന്ന ഓർമ്മകളെ പിടിച്ചിരുത്തണം.എവിടെയൊക്കെയോ തുരുത്തുകൾ.അവയിൽ അവിടവിടെ വിരിഞ്ഞപൂക്കൾ അവശേഷിപ്പിച്ച വിത്തുകളുണ്ട്.അവയെനട്ടുവളർത്തണം. എന്നും പ്രഹേളികയായി വന്നെത്തുന്ന ആശംസകളെ വെറുതെ ഇഷ്ടപ്പെട്ടു തുടങ്ങി.ഒരിക്കലും കാണാത്ത ആ സൗഹൃദത്തിനേയും.സ്വന്തം വിലാസമില്ലാതെ ഇടവേളകളിൽ വന്നെത്തുന്ന കത്തുകളിൽ ജീവിതം നിറഞ്ഞു നിന്നു.വരികളിൽ സത്യസന്ധതയോ, ഭാഷയുടെ ഭംഗിയോ, പ്രണയമോ,സൗഹൃദമോ ഒക്കെ തിരഞ്ഞപ്പോൾ, ഊഷ്മളതയുടെ സുഗന്ധം നിറഞ്ഞു.ഒരിക്കലും മറുപടി പ്രതീക്ഷിക്കാത്ത കത്തുകളിൽ, തന്നെ നന്നായി പഠിച്ച ഒരാളുടെ നിഴൽ മറഞ്ഞിരിക്കുന്നതായി തോന്നി.പരിചയമുള്ള മുഖങ്ങൾ അരൂപിക്കു നൽകാൻ ശ്രമിച്ചു പരാജയമടഞ്ഞപ്പോൾ ആ യജ്ഞം മതിയാക്കി,മനോഹരമായ ഒരു സൗഹൃദത്തെ മനസ്സിൽ പ്രതിഷ്ഠിച്ചു. പണ്ടെങ്ങോ പാതിയെഴുതിവച്ച കഥയുടെ താളുകൾ തിരഞ്ഞെടുത്ത്, ഇതുവരെ നിരീച്ചിരുന്ന കഥാവസാനത്തെ തികച്ചും വേറിട്ട അന്ത്യത്തിലേക്ക് തിരിച്ചുവിടാൻ ഉറപ്പിച്ച് കോണിയിറങ്ങുമ്പോൾ ആരോ വാതിലിൽ മുട്ടി.തപാലിൽ ഒരു കുഞ്ഞുപാർസൽ.ആവേഗത്തോടെ തുറന്നപ്പോൾ, അധികം വിലപിടിച്ചതല്ലാത്ത രണ്ടു പേനകൾ.കറുപ്പും, നീലയും മഷി നിറച്ചവ.കൂടെ ഒരു കുറിപ്പും.കാണാമറയത്തിരുന്നു കത്തുകൾ എഴുതുന്ന ഒരാളോട് എപ്പോഴെങ്കിലും ഇഷ്ടക്കുറവ് തോന്നുമ്പോൾ, നീലമഷിയിൽ അത് കോറിയിടുക.കറുത്തമഷിയുള്ള പേന ഒരു പ്രതീകമായി, പ്രതീക്ഷയായി സൂക്ഷിക്കുക.അപ്രതീക്ഷിതമായി ചിലത് വെളിവാകുമ്പോൾ, ആ പേന കൊണ്ട് മുഖമില്ലാത്ത ഒരുചിത്രം വരക്കണം.ഏറെ രസകരമായിരിക്കും അത്. തിരഞ്ഞിട്ടും വെളിവാകാത്ത രൂപമില്ലാതെ തളിർത്ത സൗഹൃദം പടർന്നു പന്തലിച്ചു സദാ നിഴൽ വിരിച്ച് ആഹ്ലാദം നിറക്കുമ്പോൾ, മറഞ്ഞുനിന്ന് ഞാൻ പാടിയാലും ഒരിക്കലും തിരിഞ്ഞ് നോക്കരുത്.കണ്ടെത്താനാകാത്ത അരുതുകൾക്ക് വർണ്ണഭംഗിയുണ്ടാകും.വെറുതെ കാത്തിരിക്കാനുള്ള പ്രലോഭനവും. ചിന്തകൾക്ക് ചന്തമുണ്ടാവാൻ, നീലാകാശത്ത് വെറുതെ തിരയാൻ, നനഞ്ഞ മണ്ണിൽ പതുക്കെ ചവിട്ടി പുറത്തേക്കിറങ്ങി.പാടത്ത് ഒരുപിടി അർത്ഥമില്ലാത്ത മോഹങ്ങൾ നട്ട്, അവൾ വെറുതെ ചിരിച്ചു.
No comments:
Post a Comment