Tuesday, October 19, 2021

 ഗ്രാമചിന്തകൾ.

നേരം പുലർന്നിട്ടില്ല.പരിസരം പൂർണ്ണ നിശ്ശബ്ദതതയിൽ മയങ്ങിക്കിടക്കുന്നു. ചെറുകുളിരുള്ള പുലരിയിൽ, നഗരത്തിലെ ബഹുനിലക്കെട്ടിടത്തിലൊന്നിലെ വീട്ടിലാണ് ഞാൻ.പക്ഷെ നിമിഷങ്ങൾക്ക് മുൻപ് വരെ കൂട്ടുകാരുമൊത്ത് തമാശപറഞ്ഞും പൊട്ടിച്ചിരിച്ചും.....സ്വപ്നങ്ങളെ കൈവിടുന്നതെങ്ങിനെ.ഓർത്തെടുക്കാം.
മറ്റന്നാൾ തറവാട്ടിൽ വിവാഹമാണ്.എല്ലാവരും ഒത്തുകൂടുന്ന സന്തോഷാവസരം.കുട്ടികൾ എല്ലാവരും മോളിലെ തളത്തിൽ ഒന്നിച്ച് നിരന്ന് കിടക്കും. മനസ്സ് പങ്കുവെക്കലിന്റെ, കഥപറച്ചിലിന്റെ നിദ്രാവിഹീനമായ രാവുകൾക്ക് എന്തൊരു ചന്തമായിരുന്നു....കാലത്ത് പുഴയിൽ മതിയാവോളം നീന്തിത്തുടിച്ച്‌ കുളി....
തലേദിവസം തന്നെ പന്തൽപണി പൂർത്തിയായിരിക്കും.ഗ്രാമത്തിലെ കലാകാരനും, ബുദ്ധിജീവിയും, സൗമ്യനുമായ കുമാരേട്ടൻ, വർണ്ണക്കടലാസുകൾ മനോഹരമായ രൂപങ്ങളിൽ വെട്ടിയെടുത്ത്, അലങ്കാരപ്പണികൾ ചെയ്തിരിക്കും.കുട്ടികൾക്ക് ഏറെ ഇഷ്ടമായിരുന്നൂ, ആ കാഴ്ച.
നിസ്വാർത്ഥരായ ഗ്രാമവാസികൾ ചുമതലകൾ സ്വമേധയാ ഏറ്റെടുക്കുന്ന ഇത്തരം അവസരങ്ങൾ, ഒരുമയുടെ തെളിച്ചമായി പരിണമിക്കുന്നു.
ആഘോഷങ്ങളുടെ പരിസമാപ്തിയിൽ, വേർപാടിന്റെ നോവ്‌ ആവോളം ബാക്കിയാക്കി പിരിയുമ്പോൾ, ഈന്തപ്പനയുടെ ഇലകൾക്കൊണ്ടലങ്കരിച്ച പന്തലിൽ സങ്കടം ഘനീഭവിച്ചു നിറയും.സന്തോഷകരമായ ചിലദിവസങ്ങളുടെ ബാക്കിപത്രമെന്നോണം, കുട്ടികൾ വർണ്ണക്കടലാസുകൾ കീറിയെടുത്ത് പരസ്പരം സമ്മാനിക്കും.വിരഹം...അതൊരു വല്ലാത്ത നൊമ്പരമാണ്....
ഇന്ന് രീതികൾ പാടെ മാറിയിരിക്കുന്നു.പക്ഷെ, ഗ്രാമത്തിൽ ജാതിമതാതീതമായ സാഹോദര്യമുണ്ട്.എന്തിനും സന്നദ്ധരായ യുവതയുണ്ട്.അവർ സാഹചര്യങ്ങളെ ഉണർവ്വോടെയും വിവേചനത്തോടെയും നേരിടുന്നു.സായാഹ്‌നങ്ങളിൽ പുഴയോരത്തെ മൈതാനത്ത് ഒന്നിച്ച് കളികളിൽ ഏർപ്പെടുന്നു. മനോഹരമായ സൗഹൃദം പങ്കിടുന്നു.
ഇല്ലാ... എന്റെ ഗ്രാമത്തിന് മാറ്റങ്ങൾ മാറാല തീർത്തിട്ടില്ല... അവിടം ഇന്നും നന്മകളാൽ സമൃദ്ധം തന്നെ. ആ ഓർമ്മകൾ ഇടക്കിടക്ക് ചിറകുകൾ ആഞ്ഞുവീശി പറന്നുവന്ന് എന്നെ ആഞ്ഞുപുൽകുമ്പോൾ, അകലെയാണെന്ന തോന്നലിന് ഒട്ടും പ്രസക്തിയില്ല.

No comments:

Post a Comment