ഞാൻ..... കാറ്റ് പിണങ്ങില്ലെങ്കിൽ എനിക്കെന്തോ പറയാനുണ്ട്. കാതിലോല ഇളക്കി, ലേശം ചുകന്ന ചുണ്ടിലെ നനവ് മായ്ച്ചു കളയില്ലെങ്കിൽ, പാതിയടച്ച മിഴിക്കോണിലെ മഴവില്ല് ഒളിച്ചുവച്ച ഒറ്റത്തുള്ളിയുണക്കാതെ ഒപ്പമുണ്ടെങ്കിൽ മാത്രം, ഒരു തുറന്ന പുസ്തകത്തിലെ മങ്ങിത്തുടങ്ങിയ അക്ഷരങ്ങൾ പോലെ ചിലത്.... പച്ചനിറം മുഴുവനും നഷ്ടമായ ഒരുമരത്തിന്റെ ചുവട്ടിൽ, വ്യത്യസ്തമായ രണ്ട് കണ്ണുകൾ ഇത്തിരി മുൻപ് വരച്ചുവച്ചു. എത്രശ്രമിച്ചിട്ടും കൃഷ്ണമണികൾ പിണങ്ങി.കാഴ്ചയുടെ മായാജാലം കവർന്നെടുക്കാതിരിക്കാൻ, ചിമ്മിനി വിളക്ക് കൊളുത്തി. വിഭ്രാന്തിയുടെ മിന്നലാട്ടം പോലെ, എന്തോ ഒഴുകിവന്നു. വിസ്മയിപ്പിച്ച് കൊണ്ടാ രണ്ട് കണ്ണുകളും, എന്റെ രണ്ടുകവിളുകളിലും ഉമ്മവച്ച് മറഞ്ഞുപോയി.... സുഷുപ്തിയിൽ സുഷിരങ്ങളുണ്ടാക്കാൻ, ആഞ്ഞുവീശി, പൊട്ടിച്ചിരിക്കരുതേ..... ഞാനിപ്പോൾ കണ്ണട ധരിച്ചിട്ടില്ല..... എന്നെയിപ്പോൾ കാണാനുമില്ല.
No comments:
Post a Comment