മറക്കാതെ. ഓർമ്മകൾ മാധുര്യത്തോടെയും മറ്റ് ചിലത് കലഹിച്ചും വേദനിപ്പിച്ചും മങ്ങാതെ ഒപ്പം നടക്കുന്നു, ഒരേവഴിയിലെ ഇരുചേരികൾ പോലെ.ബാല്യകൗമാരങ്ങൾ എന്തൊക്കെയാണ് സമ്മാനിച്ചത്? തിരഞ്ഞെടുപ്പ് ദുഷ്കരമാണ്. നഗരത്തെ ആകെ തണുപ്പിച്ചുകൊണ്ട്, മഞ്ഞും ചാറ്റൽ മഴയുമുണ്ട്. നനഞ്ഞ മണ്ണിന്റെ സുഗന്ധം.ചെറുനാമ്പുകൾ വിടർന്ന് എന്തൊക്കെയോ പറയാൻ ആയുന്നു.നനഞ്ഞ തൂവലുകൾ ചുരുക്കിവച്ച്, പക്ഷികൾ നിശ്ശബ്ദതയിൽ മുഴുകുന്നു.ഇന്നെന്താണ് മറക്കാനാവാത്ത ചിലതൊക്കെ വല്ലാതെ തെളിയുന്നത്.കൂട്ടുകുടുംബം പലതും പഠിപ്പിക്കുന്നു.കുറച്ച് അറിവ് വയ്ക്കുംവരെ പെറ്റമ്മയെ "ചിറ്റമ്മ"യെന്നും വലിയമ്മയെ "അമ്മ"യെന്നുമാണ് വിളിച്ചിരുന്നത്.അതിൽ ആരും അസ്വാഭാവികത കണ്ടിരുന്നില്ല, തിരുത്താൻ ശ്രമിച്ചതുമില്ല.മിതഭാഷിയും ഏറെ ശാന്തസ്വഭാവക്കാരിയുമായ പെറ്റമ്മ.ഒട്ടും വിവേചനം കാട്ടാത്ത വലിയമ്മ.വേറിട്ട രീതിയിൽ,ഉപാധിയില്ലാത്ത ത്യാഗവും സന്നദ്ധതയും സ്നേഹവും ഇടകലർത്തി അവർ ഒപ്പം നടന്നു.പുലർച്ചക്ക്,ചിറ്റമ്മ മുടങ്ങാതെ ചൊല്ലുന്ന ദൈവസ്തുതികൾ കേട്ടാണ് മിക്കവാറും ദിവസങ്ങളിൽ ഉണർന്നിരുന്നത്.ഉത്സവങ്ങൾക്കും, വിശേഷങ്ങൾക്കും വലിയമ്മയാണ് കൊണ്ട് പോകുക.ആകുലതകളില്ലാത്ത ചെറുപ്പകാലം കഴിച്ച് കൂട്ടാൻ കാരണമായതും അതുകൊണ്ടാകാം. വാർദ്ധക്യത്തിന്റെ പടിവാതിലിൽ എത്തിനിൽക്കുമ്പോൾ, ചിന്തിക്കാൻ ഒരുപാടുണ്ട്. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ് ചിന്തനീയം.മാറുന്ന കാലത്തിനൊപ്പം അനുസരണയോടെയും, ജാഗ്രതയോടെയുമുള്ള മുന്നേറ്റം, പ്രയാണം എളുപ്പവും, ആഹ്ലാദകരവുമാക്കും.വ്യറ്റിസ്‌തമായ സാഹചര്യങ്ങളിൽ കാലമല്ല, നമ്മളാണ് മാറ്റങ്ങൾക്ക് വഴിയൊരുക്കേണ്ടത്. നീണ്ടവർഷങ്ങളിലെ ജീവിതാനുഭവങ്ങൾ വിലയേറിയതാണ്. ഇന്ന് വിരുന്നുവന്ന ഈ ചിന്തകൾ സ്നേഹത്തോടെ,ഓർമ്മയായി എപ്പോഴും ഒപ്പമുള്ള രണ്ട് "അമ്മ"മാർക്കുമായി, സമർപ്പിക്കുന്നു.
No comments:
Post a Comment